എന്നുടെ തെറ്റുകളോട്
വിട പറയുന്നു ഞാൻ
കാലത്തിൻ ഇരുണ്ട കോലായിൽ
നിർന്നിമേഷയായി
ഞാൻ നിൽക്കുമ്പോൾ,
നിന്റെ ചിന്തകൾ ജീർണിച്ചവയെന്നു
കരുതി ഞാനെതിർത്തതും
എന്നുടെ സ്വാർത്ഥ ചിന്തകൾ കൊണ്ടൊരു
കൂടാരം കെട്ടാനൊരുങ്ങിയതും
നീ പറഞ്ഞ തിരുത്തലുകൾ
ചേർക്കാതിരുന്നതും
എന്നുടെ തെറ്റായിരുന്നു..
ഉള്ളിലെ തേങ്ങലുകൾ ശ്വാസം കിട്ടാതെയലഞ്ഞപ്പോഴും
എന്നിലെ ഞാനില്ലാതാവുമെന്ന്
ഭയന്നപ്പോഴും
കൊച്ചു കൊച്ചു കള്ളങ്ങൾ കൊണ്ടു
നിന്നെ കൊതിപ്പിച്ചതും,
മനസ്സിലെ മായാത്ത ചിത്രങ്ങൾ
മാറാല കെട്ടാൻ തുടങ്ങിയ-
തൊളിപ്പിച്ചതും
കടമിഴി കോണിലെ
വെള്ളത്തുള്ളികൾ
മിഴിനീരല്ലെന്നു
നിന്നോടു കള്ളം പറഞ്ഞതും
എന്നുടെ തെറ്റായിരുന്നു.
ഞാനൊറ്റക്ക് ഉണർന്നിരിക്കുന്ന
ഇരുണ്ട യാമങ്ങളിൽ
ദിനങ്ങളോരോന്നായി വിടചൊല്ലി
പടിയിറങ്ങുന്ന നേരം
കൂടോഴിഞ്ഞ കിനാക്കളിൽ
തിരികെ എത്താൻ
കൊതിപ്പൂ ഞാൻ..
കണ്ണീർക്കഥ പറഞ്ഞ
രാത്രികളോട് വിട
പറയുന്നു ഞാൻ..
എന്നുടെ തെറ്റുകളോട്
വിട പറയുന്നു ഞാൻ..
——-
ജമിനി കെ രാജ്
