വീണ്ടും 33 വർഷങ്ങൾക്കുശേഷം ഞങ്ങൾ പത്താം ക്ലാസിലെ കൂട്ടുകാർ ഒന്നിക്കുന്നു. അതേ സ്കൂളിൽ, അതേ വീണ്ടും ഒരു ഒത്തുചേരൽ, ഏകദേശം 6 ഡിവിഷനിൽ ആയി 240 പേർ, വീണ്ടും ഒരുമിച്ചു കൂടുന്നു. മാത്രമല്ല അന്ന് ഞങ്ങളെ പഠിപ്പിച്ച ഗുരുക്കന്മാരെ കൂടി ആദരിക്കുന്നു. അങ്ങനെ കാത്തു കാത്തിരുന്ന ആ ദിവസം വന്നെത്തി. ഡിസംബർ 22 ഞായറാഴ്ച…
സ്കൂൾ മുറ്റത്തേക്ക് കാൽ വെച്ചപ്പോൾ തന്നെ മനസ്സിനും ശരീരത്തിനും ഒരു കുളിർമ തോന്നി. തന്റെ വിദ്യാലയത്തിന് ഒരു മാറ്റവുമില്ല പക്ഷേ താൻ മാറിയിരിക്കുന്നു അന്നത്തെ 15 കാരിയിൽ നിന്ന് 48 കാരിയിലേക്ക്. ആദ്യമായി തൻറെ കണ്ണുകൾ എത്തിയത് ഹെഡ്മാസ്റ്ററിന്റെ റൂമിലേക്ക് അത് അടച്ചിട്ടിരിക്കുന്നു. സ്കൂൾ അങ്കണത്തിനു മുൻപിൽ ആയി ബിജു അച്ഛനും രാജീവും ഒക്കെ നിന്നിരുന്നു അവരോട് കുശലം പറഞ്ഞു നടന്നപ്പോൾ ദേ വരുന്നു. ശ്രീജിത്ത്, ആനന്ദ ശിവരാജ്, സാജു, ഷൈൻ, എന്നിങ്ങനെ പോകുന്നു. അവർക്ക് ഹസ്തദാനംകൊടുത്തു തിരിഞ്ഞപ്പോൾ ശ്രീജിത്തിന്റെയും സാജുവിന്റെയും കമന്റ് അല്ല നീ ഇപ്പോഴാണോ എത്തുന്നത്
‘പോടാ പറഞ്ഞ സമയം ആയിട്ടില്ല’ എന്ന് ഞാൻ.
അതിന് മറുപടി എന്നോണം എല്ലാവരുടെയും കൂട്ടച്ചിരി.
‘ഒരു മാറ്റവും ഇല്ല അവൾക്ക്…’ എന്ന് അവർ പറയുന്നത് കേട്ടു.
അതിനിടയിൽ താൻ മെല്ലെ സ്കൂളിന് അകത്തേക്ക് നടന്നു. നെല്ലിമരം, കണിക്കൊന്ന, എല്ലാവരും പഴയപോലെ. പക്ഷേ എൻറെ ക്ലാസിനു മുൻപിൽ നിന്നിരുന്ന മഞ്ഞ കോളാമ്പി മാത്രമില്ല… നഷ്ടബോധം തോന്നി തൻറെ 10 എ ക്ലാസ് അതുപോലെ തന്നെ. അവിടെ സെക്കൻഡ് ബെഞ്ചിൽ അറ്റത്ത് ജനൽ അരികെ ആയിരുന്നു തൻറെ സ്ഥാനം. അവിടെ ഇരുന്നാൽ പുറത്തെ എല്ലാ കാഴ്ചകളും കാണാം, അവിടെ ഇരുന്ന് താൻ എന്നും H. M ന്റെ മുറിയിലേക്ക് നോക്കുമായിരുന്നു, തൻറെ പ്രിയപ്പെട്ട അല്ല എന്നെ ഒരുപാട് ഇഷ്ടപ്പെട്ട ആനി ടീച്ചറെ കാണാൻ തന്നെ. ഒരുപാട് സ്നേഹിച്ച അധ്യാപകരിൽ ഒന്നാമത് ആയിരുന്നു ആനി ടീച്ചർ, തൻറെ കെമിസ്ട്രി അധ്യാപിക. രണ്ടാം സ്ഥാനം തന്റെ ജീവശാസ്ത്രം അധ്യാപികയായ രാജമ്മ ടീച്ചർക്ക് ആയിരുന്നു. തലയിൽ ചെമ്പകപ്പൂ ചൂടി കൈയ്യിൽ തനിക്കായി ചെമ്പകപ്പൂ കരുതുന്ന ചിരിയിൽ സ്നേഹം നിറച്ച തൻറെ രാജമ്മ ടീച്ചർ. ടീച്ചർ ക്ലാസ്സിൽ വരുമ്പോൾ ചെമ്പകപ്പൂവിൻ്റെ മണമാണ്, ടീച്ചർ വന്നാൽ മെല്ലെ താൻ അടുത്തു കൂടും വിശേഷങ്ങൾ ചോദിച്ച് എന്നെ നന്നായി മനസ്സിലാക്കിയിരുന്ന ടീച്ചർ ചെല്ലുമ്പോൾ തന്നെ എൻറെ കവിളിൽ നുള്ളിയിട്ട് പേഴ്സിൽ നിന്ന് ചെമ്പകപ്പൂ എടുത്തുതരും. അപ്പോൾ ക്ലാസിലെ മറ്റു കുട്ടികൾ കുശുമ്പോടെ എന്നെ നോക്കും. ഞാൻ ഗമയിൽ എന്റെ സ്ഥാനത്തേക്ക് പോയി ഇരിക്കും പിന്നെയും ഒരുപാട് പേർ ആരാധികമരായി ഉണ്ടായിരുന്നു എനിക്ക് സുധ ടീച്ചറും, സെലീന ടീച്ചറും, അങ്ങനെ പോകുന്നു ആ നിര…
‘ഡി’ എന്നുള്ള സുബുവിന്റെ വിളി ഞെട്ടിച്ചു കളഞ്ഞു. ‘പരിപാടി തുടങ്ങാറായി ഇവിടെ എന്ത് ആലോചിച്ച് നിൽക്കുകയാണ്.’
‘ദേ വരുന്നു..’ സമയം വാച്ചിൽ 9 30 അധ്യാപകർ ഒക്കെ എത്തി. അവതാരികയായി താനും രംഗത്തെത്തി. ശ്രീതയുടെ പ്രാർത്ഥനയും ഹിരണിന്റെ സ്വാഗതവും ശ്രീജിത്തിന്റെ അധ്യക്ഷ പ്രസംഗവും അനന്തൻ മാഷിൻറെ ഉദ്ഘാടനവും അധ്യാപകരുടെ ആശംസ പ്രസംഗങ്ങളും ഒക്കെയായി പരിപാടി കളറായി. തനിക്ക് സ്റ്റേജിൽ കട്ട സപ്പോർട്ട് ആയി ഗിരീഷും സാജുവും ഉണ്ടായിരുന്നു. അങ്ങനെ പരിപാടികളൊക്കെ കഴിഞ്ഞ് വിദ്യാർത്ഥികളുടെ സ്വയം പരിചയപ്പെടുത്തൽ നടക്കുമ്പോൾ ആണ് താനൊന്ന് സ്റ്റേജിൽ നിന്ന് പുറത്തിറങ്ങിയത്. ഓരോ സുഹൃത്തുക്കളെയും ഞാൻ നോക്കി കണ്ടു എന്തൊക്കെ മാറ്റങ്ങളാണ്, ഒട്ടും തിരിച്ചറിയാൻ വയ്യാത്ത വിധം പലരും മാറിയിരിക്കുന്നു. എന്നെ കണ്ടപ്പോഴേക്കും പലരും എൻറെ അടുത്തോട്ട് ഓടിയെത്തി. പ്രിയയും രേഷ്മയും ഒക്കെ ഏതെല്ലാം തരത്തിലാണ് അവരൊക്കെ എന്നെ ഓർത്തിരിക്കുന്നത്. ഞാൻ ഇട്ടിരുന്ന ഡ്രസ്സിന്റെ രൂപത്തിൽ, ഞാൻ പാടിയ കവിതയുടെ വരികളിൽ, ഞാൻ അവതരിപ്പിച്ച നാടോടി നൃത്തത്തിന്റെ രൂപത്തിൽ, അങ്ങനെ അങ്ങനെ എത്രയെത്ര കാര്യങ്ങൾ… പരിപാടിക്ക് എത്താതിരുന്ന പ്രവാസികളായ വിദ്യക്കും സബീബിനും ജിഗേഷിനു മൊക്കെ ലൈവ് ആയി പരിപാടി കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. തൻറെ ക്ലാസ്സായ 10 A കാർ എല്ലാവരും തന്നെ എത്തിയിരുന്നു. അതിനിടെ എൻറെ പ്രിയ സുഹൃത്തായ കിഷോറിൻ്റെയും ഹാരിസെന്റേയും ശാന്ത ടീച്ചറുടെയും അഭാവം എന്നെ കുറച്ചു വേദനിപ്പിച്ചു
സ്വയം പരിചയപ്പെടുത്തുന്നതിനായി എൻറെ ക്ലാസിലെ ജോളി രംഗത്തെത്തി. അവൻ പറഞ്ഞു തുടങ്ങി, വർഷങ്ങൾക്ക് മുമ്പ് ഒരു കെമിസ്ട്രി ക്ലാസ് ആണ് രംഗം. കെമിസ്ട്രി അധ്യാപികയും സ്കൂൾ ഹെഡ്മിസ്ട്രസുമായ ആനി ടീച്ചർ ക്ലാസിലെത്തി.
ടീച്ചർ ക്ലാസിലേക്ക് വന്നതും കുട്ടികൾ എഴുന്നേറ്റുനിന്നു.
സിറ്റ് ഡൗൺ ഒന്നും പറഞ്ഞ് ടീച്ചർ ബോർഡിന് അടുത്തേക്ക് നീങ്ങി ലെഫ്റ്റ് ഹാൻഡും കൊണ്ട് എഴുതിത്തുടങ്ങി
Combustion reaction
CH +O2——->
ടീച്ചർ ആൺകുട്ടികളോട് ആയി ചോദിച്ചു തുടങ്ങി CH +O2——-> പറയൂ ബോയ്സ് എല്ലാവരും മിണ്ടാതെ എഴുന്നേറ്റു നിൽക്കുന്നു ആരും മിണ്ടുന്നില്ല പഠിപ്പിയായ ഗബ്രിയും, ബീനിഷും, ഹാരിസനും ആരും..
ടീച്ചർ ചോദിച്ചു ആർക്കും അറിയില്ലേ? ദേഷ്യം വന്ന ടീച്ചറുടെ നോട്ടം പെൺകുട്ടികളുടെ വശത്തേക്കായി, നോട്ടം അവളിൽ തങ്ങിനിന്നു. എടി കൊച്ചേ നീ പറയു ഞാൻ H2O എന്ന് Answer പറഞ്ഞു, വീണ്ടും ആൺകുട്ടികളെ പിണങ്ങാനായി തുടങ്ങിയ ടീച്ചറോട് ആയി ജിയോ വിളിച്ചുപറഞ്ഞു, ടീച്ചറെ ഞങ്ങൾക്കൊക്കെ ഉത്തരം അറിയാം പക്ഷേ വായിൽ വറുത്ത പുളിങ്കുരു ആണ്, ടീച്ചർ ഞെട്ടിപ്പോയി. “പുളിങ്കുരുവോ”
‘എടാ നിനക്കൊക്കെ നാണമായില്ലേ പുളിങ്കുരു തിന്നാൻ, എല്ലാവരും പോയി തുപ്പി കളയു.’
വരിവരിയായി പോയി, എല്ലാവരും തുപ്പി. തിരിച്ചു വരുന്ന വഴി ടീച്ചറിന്റെ വക ഒരു ചൂരൽ പ്രയോഗവും അതിനുശേഷം ക്ലാസിനോട് ആയി ടീച്ചർ ചോദിച്ചു ആരാണ് ഈ പുളിങ്കുരു കൊണ്ടുവന്നത്? ക്ലാസ്സിൽ വലിയ നിശബ്ദത ഒരു മുട്ടുസൂചി വീണാൽ കേൾക്കാം, ഒടുവിൽ നമ്മുടെ സെജി എഴുന്നേറ്റു നിന്നു. ‘ഞാനാ ടീച്ചറെ ഇവർക്ക് പുളിങ്കുരു കൊടുത്തത്, എന്നെ തല്ലിക്കോളൂ’ എന്ന് പറഞ്ഞ് കൈനീട്ടിയ ഇവളോട് ടീച്ചറുടെ ഒരു ചോദ്യം, ‘എൻറെ കൊച്ചേ നീ അല്ലാതെ ഈ മണ്ടൻ മാർക്ക് ആരു പുളിങ്കുരു കൊടുക്കും.’ അതിനുശേഷം വടിയെടുത്ത് അവളുടെ കയ്യിൽ കൊടുത്ത് ഇങ്ങനെ ഒരു പറിച്ചിലും. കൊച്ച് ഈ വടി കൊണ്ടുപോയി എൻറെ മേശപ്പുറത്ത് വെച്ചേക്ക് അതായിരുന്നു ആനിയമ്മ സാർ എല്ലാ കുട്ടികളോടും വളരെ ഇഷ്ടമായിരുന്നു. പക്ഷേ ഇവളോട് ഒരു പ്രത്യേകതയായിരുന്നു ടീച്ചർക്ക്. ഇത് കേട്ടതും തനിക്ക് സങ്കടമായി ഓടിച്ചെന്ന് ആ മൈക്ക് വാങ്ങി താൻ പറഞ്ഞു തുടങ്ങി, വെള്ളയും, ക്രീം കളറും സാരിയെടുത്ത് ആഭരണങ്ങളൊന്നു അണിയാതെ വരുന്ന വെളുത്ത പൊക്കം കുറഞ്ഞ സുന്ദരിയായ ആനി ടീച്ചർ, എന്തൊരു ഭംഗിയായിരുന്നു ടീച്ചറിന്റെ ചിരി കാണാൻ, യൂത്ത് ഫെസ്റ്റിവലിൽ ഒക്കെ തൻറെ ഐറ്റം കാണാൻ വേണ്ടി മാത്രം ടീച്ചർ സ്റ്റേജിന് മുൻപിൽ എത്തും, അതുകഴിഞ്ഞാൽ ഉടനെ തിരിച്ചുപോകും.
തങ്കപ്പൻ ചേട്ടൻ കൊമ്പൻ മീശയും ചന്ദനക്കുറിയും തൊടുന്ന സ്കൂളിലെ പ്യൂൺ, പുള്ളിക്കാരൻ പറയാറുണ്ട് കൊച്ചേ നിൻ്റെ പരിപാടി കാണാൻ മാത്രമേ ആനിയമ്മ സാർ സ്റ്റേജിന് അടുത്തേക്ക് വരാറുള്ളൂ എന്തോ കൊച്ചിനെ വലിയ ഇഷ്ടമാണ് പുള്ളിക്കാരിക്ക്. അപ്പോഴൊക്കെ താൻ ആലോചിക്കും ഈ മാക്കാച്ചി പോലെ ഇരിക്കുന്ന എന്നെയോ ? ക്രിസ്മസ് പരീക്ഷ തുടങ്ങുന്നതിനു മുൻപ് ടീച്ചർ ലീവിൽ ആയി. എൻറെ കെമിസ്ട്രി പേപ്പർ നോക്കിയത് വേറെ ഒരു ടീച്ചർ ആയിരുന്നു അവർ എന്നോടുള്ള വൈരാഗ്യം മുഴുവനും ആ പേപ്പറിൽ തീർത്തു. എന്നും 45 മാർക്ക് കിട്ടുന്ന എനിക്ക് ആ തവണ 19 ആ പേപ്പറുമായി ആ ടീച്ചറിന്റെ ക്ലാസിലും സ്റ്റാഫ് റൂമിലും ഒക്കെ ഞാൻ കേറി ഇറങ്ങി ഒരു പക്ഷേ ഫലവും ഉണ്ടായില്ല. അങ്ങനെ ആനി ടീച്ചറിനു പകരം മറ്റൊരു ടീച്ചർ ഞങ്ങളെ കെമിസ്ട്രി പഠിപ്പിച്ചു തുടങ്ങി. സ്കൂൾ ആനിവേഴ്സറി അടുത്ത സമയം, ഒരു പതിനൊന്നു മണി ആയി കാണും, തങ്കപ്പൻ ചേട്ടൻ ക്ലാസിലേക്ക് വന്നു എൻറെ ടീച്ചറോട് എന്തോ പറഞ്ഞു ടീച്ചർ എൻറെ നേരെ നോക്കിയിട്ട് ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു ഞാൻ തങ്കപ്പൻ ചേട്ടൻറെ കൂടെ ഓഫീസിലേക്ക് നടന്നു കൊച്ചേ ആനിയമ്മ സാർ വന്നിട്ടുണ്ട് കുട്ടിയെ കാണണമെന്നു പറഞ്ഞു, ടീച്ചർ H. M ൻറെ Chair ൽ ഇരിക്കുന്നു, എൻറെ നേരെ നോക്കിട്ട് ഇരിക്കാൻ പറഞ്ഞു, ഞാൻ ഇരിക്കാതെ ടീച്ചറുടെ അടുത്തേക്ക് ചെന്നു.
കണ്ണട ഊരി കയ്യിൽ പിടിച്ച് എൻറെ മുഖത്തേക്ക് നോക്കി,
എന്താ കൊച്ചെ പ്രശ്നം? മാർക്ക് തന്നില്ല എന്നോ ‘നീ കരഞ്ഞ് എന്നോ,
എന്താ സംഭവിച്ചത് “
അതു ടീച്ചറെ…
നീ പറയണ്ട ശാന്ത ടീച്ചറും, രമണി ടീച്ചറും ഒക്കെ പറഞ്ഞു ഞാൻ അറിഞ്ഞു
സെക്കൻഡ് ടേമിലെ മാർക്ക് കൊണ്ട് ഒരു കാര്യവുമില്ല, നീ നന്നായി പഠിക്കുക പഠിച്ച് വലിയ നിലയിൽ എത്തണം, വലിയ ആളായിട്ട് സ്കൂളിലേക്ക് വരണം ഞങ്ങളെ ഒക്കെ കാണാൻ, ഒരുപക്ഷേ ഞങ്ങൾ ഒന്നും അന്ന് ഉണ്ടാവില്ല ധൈര്യമായി ഇരിക്ക് കൊച്ചേ ദൈവം എന്നും നിൻറെ കൂടെയുണ്ടാകും… എൻറെ പ്രാർത്ഥനയും… ടീച്ചർ തങ്കപ്പൻ ചേട്ടനെ വിളിച്ചു പറഞ്ഞു ദേ തങ്കപ്പ എൻറെ ബാഗ് ഒന്ന് എടുത്തേ, അതിൽ ഒരു സമ്മാനമുണ്ട്, ടീച്ചർ ബാഗ് തുറന്ന് ഒരു പുസ്തകവും, ഒരു പാക്കറ്റ് മിഠായിയും തൻറെ നേരെ നീട്ടി, തന്റെ പ്രിയപ്പെട്ട നാരങ്ങാ മിഠായി… വേളാങ്കണ്ണിയിൽ പോയപ്പോൾ കൊച്ചിനായി വാങ്ങിയതാണ്
തങ്കപ്പൻ ചേട്ടൻ കണ്ണുമിഴിച്ച് ഈ രംഗം നോക്കി നിന്നു, പുസ്തകവുമായി പുറത്തിറങ്ങിയ തന്നെ വിജയൻ സാറ് ആർക്കോ പരിചയപ്പെടുത്തി സാർ ഇതാണ് ആനി ടീച്ചർ പറഞ്ഞ കുട്ടി, ആ മനുഷ്യൻ അത്ഭുതത്തോടെ എന്നെ നോക്കി, എന്നിട്ട് പറഞ്ഞു ആനി പറയാറുണ്ട് മിടുക്കിയാണെന്ന്..
സത്യം പറഞ്ഞാൽ ആ മനുഷ്യൻറെ അത്ഭുതം കണ്ടപ്പോൾ തനിക്ക് ഒന്നു മനസ്സിലായി ഇത്രയും സുന്ദരിയായ എൻറെ ഭാര്യക്ക് എങ്ങനെ ഈ മാക്കാച്ചി പെൺകൊച്ച് പ്രിയപ്പെട്ടതായി
എൻറെ പ്രിയപ്പെട്ട ആനി ടീച്ചർ തന്ന അനുഗ്രഹം വെറുതെആയില്ല അന്നത്തെപ്പോലെ ഈ 33 വർഷങ്ങൾക്ക് ശേഷവും ആ ഓഡിറ്റോറിയത്തിൽ ഒരു നക്ഷത്രമായി തിളങ്ങാൻ ഞാൻ എത്തി ഒരു അവതാരികയായി ഇതു പറഞ്ഞു താൻ പൊട്ടിക്കരഞ്ഞു പോയി ഒരു സങ്കടം മാത്രം ബാക്കി ഇതു കാണാൻ തൻറെ പ്രിയ ആനിയമ്മ സാർ ഇല്ലല്ലോ…


1 Comment
😥