വർഷം 1990. ഡിഗ്രി കഴിഞ്ഞ പുതുമോടി. എനിക്കും സുഹൃത്തിനും ഒരു കേന്ദ്ര പൊതുമേഖലാസ്ഥാപനത്തിൽയു ഇൻറർവ്യൂവിന് ക്ഷണം കിട്ടി. ആറേഴു ദിവസമേ ഉള്ളൂ; ഡെൽഹിയിൽ എത്തുകയും വേണം.
അന്ന് ഒരൊറ്റ ട്രെയ്നാണുള്ളത് ഡെൽഹിക്ക് – കേരള എക്സ്പ്രസ്. അതിൽ റിസർവേഷനൊക്കെ പണ്ടേ ഫുള്ളാണ്.
ജോലി കിട്ടാൻ സാധ്യതയില്ലെന്നുറപ്പാണ്; പക്ഷേ, ഡെൽഹി കാണാൻ കിട്ടിയ ആദ്യ ചാൻസ്, അതും കേന്ദ്ര സർക്കാരിൻ്റെ ചെലവിൽ ഫ്രീ ആയിട്ട്, വിട്ടുകളയാനും മനസ്സുവരുന്നില്ല. അങ്ങനെ ജനറൽ കമ്പാർട്ട്മെന്റിൽ പോകാൻ തീരുമാനിച്ചു ഞങ്ങൾ.
ഞങ്ങൾ കൊല്ലം സ്റ്റേഷനിലെ ഒരു പോർട്ടറെ കണ്ടുപിടിച്ചു. പ്ലാറ്റ്ഫോമിലേക്കു വരുന്ന ട്രെയിനിൽ ചാടിക്കയറിയ പോർട്ടർ മാമൻ തോർത്തു പൊത്തി രണ്ടു സീറ്റ് കച്ചവടമുറപ്പിച്ചു.
ജനറൽ കമ്പാർട്ട്മെൻ്റ് ഒരു പാരലൽ വേൾഡ് ആണ് എപ്പോഴും – ആ യാത്രയിലും അങ്ങനെ തന്നെയായിരുന്നു: നൂറു തരം മനുഷ്യർ; നൂറു തരം ഭാഷ, ഭക്ഷണം, സ്വഭാവം ട്രെയിൻ പോകെപ്പോകെ കോച്ചിൽ തിരക്കുകൂടി. ഇടനാഴിയിൽ മാത്രമല്ല, ബാത്റൂമിലും വരെ യാത്രക്കാർ തിങ്ങി ഞെരുങ്ങി.
ഞങ്ങളുടെ കൂപ്പയിൽ, മുകളിൽ 2 സർദാർജിമാർ സ്ഥിരം ശയനം. താഴെ ആഗ്രയ്ക്കു പോകുന്ന ഒരു ചേട്ടനും ഒരു സൈനികനും. ബാക്കി ചന്തികൾ മാറി മാറി വന്നുകൊണ്ടിരുന്നു. ആഗ്രയ്ക്കു പോകുന്നയാൾക്ക് കുറെ ലഗേജുണ്ട്. ചാക്കുകെട്ടും കാർഡുബോർഡ് പെട്ടികളും – അങ്ങനെയങ്ങനെ. അയാൾക്ക് ആഗ്രയിൽ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ചെറിയ ജോലിയാണ്.
ഇരുന്നും നിന്നും, ഉറങ്ങിയും ഉറങ്ങാതെയുമുള്ള ദുരിതയാത്ര പിറ്റേന്ന് ഉച്ചയോടെ വിജയവാഡയെത്തി. അവിടെ നിന്ന് വലിയ കുറിയും പാളത്താറുമുളള ഒരാളും അയാളുടെ നാലഞ്ചാളടങ്ങുന്ന കുടുംബവും ഞങ്ങളുടെ കൂപ്പയിൽ ചന്തികൾ സ്ഥാപിച്ചു. വണ്ടി പിന്നെയും മുന്നോട്ട്.
നാഗ്പൂരൊക്കെ കഴിഞ്ഞതോടെ കോച്ചിൽ ഞങ്ങൾ എട്ടു പത്ത് “മദ്രാസി”കൾ മാത്രം! ബാക്കി മുഴുവൻ ഹിന്ദിക്കാർ. അങ്ങനെ നോർത്തും സൗത്തും സമാധാനപൂർണമായ സഹവർത്തിത്വത്തിൽ മരുവുമ്പോഴാണ് അതു സംഭവിച്ചത്,
രണ്ടു പോലീസുകാർ കോച്ചിൽ ചെക്കിംഗിനുകയറി. ആഗ്രക്കാരൻ്റെ കൈയിൽ വല്യചാക്ക് കെട്ടു കണ്ടതോടെ, ലഗേജ് എല്ലാം തുറക്കണം എന്നായി പൊലീസ്. അയാൾക്കാണേൽ മടി. പല തവണ പറഞ്ഞിട്ടും അയാൾ ഓരോ ഒഴിവുകഴിവു പറയുന്നു.
ഒടുക്കം “ഖോലോ” എന്ന് പോലീസുകാരുടെ അലർച്ച. ആഗ്രക്കാരൻ മടിച്ചുമടിച്ച് പെട്ടികൾ ഓരോന്നായി തുറന്നു. അവസാനത്തെ പെട്ടി തുറന്നപ്പോൾ ഏറ്റവും മുകളിൽ ഒരു ചക്ക!
“നികൽനാ…” – പോലീസ് വീണ്ടും. ചക്ക പുറത്തേക്ക്.
ചക്കയ്ക്കു താഴെ ഒരു ന്യൂസ് പേപ്പർ പൊതി, ഭംഗിയായി കെട്ടി വരിഞ്ഞത്. “നികൽനാ” വീണ്ടും. നികലാതെ ആഗ്രക്കാരൻ. ദേഷ്യം വന്ന പൊലീസുകാരൻ അത് വലിച്ചെടുത്തു കെട്ടഴിച്ച് തുറക്കുന്നു. പൊതിയിലെ സാധനം ചറപറ താഴെ വീഴുന്നു. നല്ല ചീഞ്ഞ ഉണക്കമീൻ്റെ നാറ്റം അവിടെ മൊത്തം പരക്കുന്നു!
പോലീസുകാരൻ ഷോക്കടിച്ച പോലെ പൊതി താഴെയിട്ടു.
“ബാപ് രേ എന്നു പറഞ്ഞു കൊണ്ട് പാളത്താറുകാരനും കുടുംബവും ചാടിയെഴുന്നേറ്റു.
ചുറ്റും തെറി വിളി: “സാലേ മദ്രാസി.. ” തുടങ്ങിയ മധുരപദങ്ങൾ മീൻനാറ്റത്തിനൊപ്പം പറന്നു നടന്നു. ഒരു നിമിഷം കൊണ്ട് കോച്ച് നോർത്തിൻഡ്യയും സൗത്തിൻഡ്യയും ആയി പിരിഞ്ഞു!
ആഗ്രക്കാരനെ കൈയേറ്റം ചെയ്യാൻ വന്നവരെ സർദാർജിയും സൈനികനും തടഞ്ഞു. അതിനിടയിൽ ആഗ്രക്കാരൻ സംഗതിയെല്ലാം പൊതിഞ്ഞെടുത്ത് പുറത്തെറിഞ്ഞു.. നാറ്റം മാത്രം ബാക്കിയായി!
അപ്പോഴേക്കും പാളത്താറുകാരനും കുടുംബവും മാത്രമല്ല, കൂപ്പയിൽ ബാക്കിയിരുന്നവരും സ്ഥലം കാലിയാക്കി. ഒപ്പം പൊലീസുകാരും. തെറി വിളിയും പിറുപിറുപ്പും പിന്നെയും തുടർന്നു.
എന്നാലെന്താ!
പിന്നെ ഡെൽഹി വരെ ഞങ്ങൾ അഞ്ച പേർ സ്വസ്ഥമായി ഉറങ്ങിയും സംസാരിച്ചും സവാരി നടത്തി.
ഉണക്കമീൻ കി ജയ്!


3 Comments
രസകരം. 👌
😄
👌👌
നമ്മുടെ ഉണക്ക മീൻ കൊണ്ട് ഇങ്ങനെയും പ്രയോജനമുണ്ടല്ലോ…… രസകരം.