അമ്മൂ… അമ്മൂ… ഈ പെണ്ണവിടെ എന്തെടുക്കുകയാ? ചേട്ടാ.. ഒന്നു നോക്ക്. “
സുനിതയ്ക്കു ദേഷ്യം വന്നു. ചായയുടെ കൂടെ പഴംപൊരി വേണമെന്നു പറഞ്ഞു ബഹളമുണ്ടാക്കിയ ആളാണ്.
“ചെവിയിൽ ആ കുന്ത്രാണ്ടവും വെച്ച് ഇരിക്കുകയാവും. വിളിച്ചാലും കേൾക്കില്ല”
“ആ ഫോണെടുത്തൊന്നു വിളിക്ക് ചേട്ടാ. “
അമ്മു പടികളിറങ്ങി വന്നു.
“എന്താ അച്ഛാ?”
“നിൻ്റമ്മയാ വിളിച്ചത് “
“നീയവിടെ എന്തു ചെയ്യുകയായിരുന്നു? എത്ര തവണ വിളിച്ചു. ചായ തണുത്തുപോയാൽ എന്നോടു വഴക്കിടാൻ വരികയും ചെയ്യും”
സുനിത ചായയും പഴം പൊരിയും മേശമേൽ വെച്ചു.
“എനിക്കു ബോറടിച്ചിട്ടു വയ്യമ്മാ. കുറെ നേരം പാട്ടുകേട്ടു. അതും മടുത്തു. “
പഴംപൊരി കടിച്ചു കൊണ്ട് അമ്മു പറഞ്ഞു.
“നിനക്ക് ഏതെങ്കിലുമൊക്കെ പുസ്തകമെടുത്തു വായിച്ചു കൂടേ? അലമാര നിറയെ പുസ്തകങ്ങളാണ്. എത്ര മാഗസിനുകൾ കിടക്കുന്നു. അതെങ്ങനെയാ വായന അച്ഛൻ്റെയും മോളുടെയും അടുത്തു കൂടി പോയിട്ടില്ലല്ലോ. “
“അമ്മ ഏതു നൂറ്റാണ്ടിലാ ജീവിക്കുന്നത്? ഈ പുസ്തകങ്ങളൊക്കെ വായിച്ചിട്ട് എന്തു കിട്ടാനാണ്? വെറുതെ സമയവും കളഞ്ഞ് കണ്ണും ചീത്തയാക്കാമെന്നല്ലാതെ എന്താ പ്രയോജനം?”
“ആഹാ അതു കൊള്ളാമല്ലോ. ഈ നൂറ്റാണ്ടിൽ ആരും ഒന്നും വായിക്കുന്നില്ലേ? അപ്പോൾ പുതിയതായി ഇറങ്ങുന്ന നോവലുകളും ചെറുകഥകളും കവിതകളുമൊക്കെ എന്തിനുവേണ്ടിയാണ്? ആർക്കുവേണ്ടിയാണ്?”
അമ്മുവിന് ഉത്തരം മുട്ടി. പക്ഷേ തോൽക്കാനവൾ തയ്യാറായില്ല.
” അതിനു വായിക്കേണ്ട കാര്യമൊന്നുമില്ലമ്മാ. കഥകൾ കേൾക്കാൻ എന്തെല്ലാം വഴികളുണ്ട്. സുഖമായി എവിടെയെങ്കിലും ഇരുന്നോ കിടന്നോ കേൾക്കാം. ഈ അമ്മയ്ക്ക് ഒന്നുമറിയില്ല”.
സുനിതയും വിട്ടുകൊടുത്തില്ല.
“നീയങ്ങനെ എന്നെ കൊച്ചാക്കുകയൊന്നും വേണ്ട. സ്റ്റോറിടെല്ലിംഗ് ആപ്പുകളേക്കുറിച്ചൊക്കെ എനിക്കും അറിയാം.
അങ്ങനെ കേൾക്കുന്നതിലെന്താ ഒരു സുഖം?പുസ്തകങ്ങൾ കൈയിലെടുത്ത് മനസ്സിരുത്തി വായിക്കുക തന്നെ വേണം. ഓരോ പേജും മറിക്കുമ്പോൾ കിട്ടുന്ന ഒരു സുഖവും സന്തോഷവും എത്രയാണ്! ചിലത് വീണ്ടും വീണ്ടും വായിക്കണം.
പത്രം മാത്രം വായിക്കുന്ന നിൻ്റച്ഛനും ഒന്നും വായിക്കാത്ത നിനക്കും ഇതൊന്നും പറഞ്ഞാൽ തലയിൽ കയറില്ല. “
“നീ കുഞ്ഞുണ്ണി മാഷിൻ്റെ കവിത കേട്ടിട്ടില്ലേ?
വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും”
“ഓ… അമ്മ വലിയൊരു വായനക്കാരി. ഞാൻ വളഞ്ഞോളാം” അമ്മു ചുണ്ടുകോട്ടി കളിയാക്കി.
“അമ്മയിപ്പോൾ എന്തൊക്കെയോ എഴുതാനും തുടങ്ങിയിട്ടുണ്ട് കേട്ടോ മോളേ എപ്പോഴാണ് വലിയ എഴുത്തുകാരിയാവുന്നതെന്നറിയില്ല ” അച്ഛൻ്റെ വക.
രണ്ടു പേരേയും കടുപ്പിച്ചൊന്നു നോക്കി സുനിത അടുക്കളയിലേക്കു നടന്നു. ജോലികളൊക്കെ വേഗം തീർത്തിട്ടു വേണം പുതിയ ബ്ലോഗെഴുതാൻ.
ചപ്പാത്തിയ്ക്കു മാവു കുഴയ്ക്കുമ്പോൾ അവൾ മനസ്സുകൊണ്ട് തൻ്റെ കുട്ടിക്കാലത്തേക്കു പോയി.
എത്ര ജോലിത്തിരക്കായാലും എപ്പോഴെങ്കിലും സമയം കണ്ടെത്തി മാതൃഭൂമി ആഴ്ചപ്പതിപ്പു വായിക്കുന്ന അമ്മയാണ് ആദ്യം ഓർമ്മയിലെത്തിയത്. അമ്മ വായിച്ചു കഴിഞ്ഞ ആഴ്ചപ്പതിപ്പുകൾ മറിച്ചു നോക്കി “ചെറിയ മനുഷ്യരും വലിയ ലോകവും “കണ്ടു. പിന്നെപ്പിന്നെ കുട്ടേട്ടനും ബാലപംക്തിയുമായി കൂട്ടായി.
കുറച്ചു കൂടി മുതിർന്നപ്പോൾ കഥകൾ വായിക്കാൻ തുടങ്ങി. ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് “മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ” തുടർക്കഥയായി വന്നത്. ദാസനും ചന്ദ്രിയും ദാമുവും കുഞ്ഞിച്ചിരുതയും ഷണ്ഡൻസായ്‌വുമെല്ലാം മനസ്സിലാഴത്തിൽ പതിഞ്ഞു. എം. മുകുന്ദൻ എന്ന എഴുത്തുകാരനെ ആദ്യമായി പരിചയപ്പെട്ടത് അതിലൂടെയാണ്. വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ ഒട്ടുമിക്ക നോവലുകളും ചെറുകഥകളുമൊക്കെ തപ്പിപ്പിടിച്ചു. മുടി വളർത്തി നടക്കുന്നവരെ കാണുമ്പോൾ കൂട്ടം തെറ്റി മേയുന്നവരിലെ പ്രകാശനായി സങ്കല്പിച്ചു. സീതയും ദൈവത്തിൻ്റെ വികൃതികളും കലാകൗമുദിയിൽ നിന്നാണു വായിച്ചത്. ആവിലായിലെ സൂര്യോദയം, കേശവൻ്റെ വിലാപങ്ങൾ… തുടങ്ങി നൃത്തം ചെയ്യുന്ന കുടകൾ വരെ വായിച്ചു.
സ്ക്കൂളിലെ ലൈബ്രറിയുടെ ചാർജ് അച്ഛനായിരുന്നു. സ്കൂളടച്ചാൽ അണ്ണനുമൊത്ത് സ്ക്കൂളിൽ പോയി വലിയൊരു പുസ്തകക്കെട്ടും താങ്ങിയാണു വന്നിരുന്നത്.
തകഴിയും കേശവദേവും കാരൂരും ബഷീറും ഉറൂബും നന്തനാരും മുട്ടത്തുവർക്കിയും പൊറ്റക്കാടുമൊക്കെ “എന്നെ വായിക്കൂ” എന്നു പറഞ്ഞ് ആ പുസ്തകങ്ങൾക്കിടയിൽ നിന്നും മാടി വിളിച്ചു കൊണ്ടിരുന്നു.
ആരെയും നിരാശരാക്കാതെ ഊണും ഉറക്കവും കളഞ്ഞ് അവയെല്ലാം വായിച്ചു തീർത്തു സംതൃപ്തിയടഞ്ഞു.
എസ്. കെ പൊറ്റക്കാടിൻ്റെ പുസ്തകങ്ങൾ പലതും ഇന്നും മനസ്സിൽ നിന്നു മായാതെ നിൽക്കുന്നു. അദ്ദേഹത്തിൻ്റെ യാത്രാവിവരണങ്ങൾ വായിച്ച് ആ സ്ഥലങ്ങളിലൊക്കെ മനസ്സുകൊണ്ടു യാത്ര ചെയ്തു. കാപ്പിരികളുടെ നാട്ടിൽ വായിച്ചപ്പോൾ ഇങ്ങനെയൊക്കെയുള്ള നാടും മനുഷ്യരുമുണ്ടോയെന്ന് അത്ഭുതം കൂറി.
ബാലി ദ്വീപും ഒരു ദേശത്തിൻ്റെ കഥയും മനസ്സിൽ അതിശയങ്ങൾ നിറച്ചു.
കഴിഞ്ഞ വർഷം ബാലി കാണാൻ പോയതും കേരളത്തിലെ പുരാതന സംസ്കാരം നിറഞ്ഞുനിൽക്കുന്ന ആ നാടും അവളുടെ ഓർമ്മകളിൽ നിറഞ്ഞു.
ബഷീറിൻ്റ “വിശ്വവിഖ്യാതമായ മൂക്ക് “എന്ന കഥ മലയാളം പാഠപുസ്തകത്തിൽ പഠിച്ച ശേഷമാണ് അദ്ദേഹത്തിൻ്റെ കൂടുതൽ പുസ്തകങ്ങൾ കണ്ടു പിടിച്ചു വായിച്ചത്. ജീവിതം യൗവന തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായ സമയത്തു തന്നെയാണ് പ്രേമലേഖനം കൈകളിലെത്തിയത്. അദ്ദേഹത്തിൻ്റെ സമ്പൂർണ്ണകൃതികൾ വാങ്ങി വായിച്ചു വായിച്ച് ബേപ്പൂർ സുൽത്താൻ്റെ കടുത്ത ആരാധികയായി മാറി.
കൈയിൽ കിട്ടുന്നതെന്നും വായിച്ചിരുന്ന കൗമാരത്തിൽ കുറ്റാന്വേഷണ നോവലുകളുടെ രാജാവായിരുന്ന കോട്ടയം പുഷ്പനാഥായിരുന്നു ഇഷ്ടപ്പെട്ടൊരെഴുത്തുകാരൻ. അദ്ദേഹത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് രണ്ടുമൂന്നു കൊച്ചു കഥകളെഴുതുകയും ചെയ്തു. പഠിത്തം മാത്രം മതിയെന്ന അമ്മയുടെ ഉഗ്രശാസനയുടെ മുന്നിൽ അതെല്ലാം കത്തിച്ചാമ്പലായി.
ബാല്യകാലസ്മരണ കളിലൂടെയാണ് മാധവിക്കുട്ടിയിലേക്കെത്തിയത്. പതിനഞ്ചോ പതിനാറോ വയസ്സുള്ള ഒരു പെൺകുട്ടിയുടെ വിഹ്വലതകളും ചിന്തകളും സ്വന്തം പോലെയാണ് അന്നു തോന്നിയത്. കുറച്ചു ഫാൻ്റസി നിറഞ്ഞതെന്നു താൻ കരുതുന്ന ‘എൻ്റെ കഥ’യേക്കാളും ഇഷ്ടമായത് ചെറുകഥകളും ഓർമ്മക്കുറിപ്പുകളുമാണ്.
പിന്നെപ്പോഴാണ് എം ടി യെ കണ്ടെത്തിയതെന്നോർമ്മയില്ല. വായിച്ചു തുടങ്ങിയപ്പോൾ എം. ടി വാസുദേവൻ നായർ എന്ന അതികായൻ്റെ കൃതികളിലേക്കാഴ്ന്നിറങ്ങാൻ ഒരു താമസവുമുണ്ടായില്ല.
കാലത്തിലെ സേതുവിലും നാലു കെട്ടിലെ അപ്പുണ്ണിയിലും അസുരവിത്തിലെ കുഞ്ഞോപ്പോളിലും തുടങ്ങി രണ്ടാമൂഴത്തിലെ ഭീമനിലെത്തിനിൽക്കുമ്പോൾ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിലൊരാളായി എം. ടി മാറുകയായിരുന്നു. എം. ടിയുടെ തിരക്കഥകളും നിരവധി ചെറുകഥകളും എന്നും മനസ്സിൽ നൊമ്പരമുണർത്തുന്നവയായിരുന്നു.
“അമ്മാ… ചപ്പാത്തി ഞാൻ പരത്താം”
അമ്മുവിൻ്റെ വിളി കേട്ടാണ് സുനിത ഓർമ്മകളിൽ നിന്നു ഞെട്ടിയുണർന്നത്.
“അമ്മയിവിടെ എന്തു സ്വപ്നം കാണുകയാ?
“ആഹാ… കറിവെച്ച കോഴീൻ്റെ മണം “
അവൾ പാത്രത്തിൻ്റെ മൂടി തുറന്നു നോക്കി.
” ഇന്നു ഞാൻ മൂന്നു ചപ്പാത്തി തിന്നും “
ചപ്പാത്തിയും കറിയും കഴിച്ച് പാത്രങ്ങൾ കഴുകി വെച്ച് അടുക്കളയും വൃത്തിയാക്കി സുനിത ഹാളിൽ വന്നിരുന്നു. ചേട്ടൻ ടിവിയിലെ വാർത്താ ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്. മോൾ മുറിയിലേക്കു പോയിക്കഴിഞ്ഞു.
സുനിത വീണ്ടും ഓർമ്മകളിലേക്കൂർന്നിറങ്ങി.
ഓ… മലയാറ്റൂർ രാമകൃഷ്ണനെ മറന്നുപോയതെ ന്തേ. യക്ഷിയിൽ ഭാര്യ രാഗിണി യക്ഷിയാണെന്നു ചിന്തിച്ച് അവളെ കൊല്ലാനായി ഉറുമ്പുകളെ ഹോമിക്കുന്ന ശ്രീനി സാർ പേടിപ്പെടുത്തുന്ന ഒരോർമ്മയായി ഇന്നും മനസ്സിലുണ്ട്. വേരുകളും യന്ത്രവും എത്രയോ പ്രാവശ്യം വായിച്ചിരിക്കുന്നു. സ്വന്തം വേരുകളറ്റു പോകാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന വേരുകളിലെ രഘുവും മകൻ നഷ്ടപ്പെട്ട വേദനയിൽ വെന്തുരുകുന്ന, യന്ത്രത്തിലെ ജയിംസും ആനിയും ഓർമ്മകളിൽ നിന്നൊരിക്കലും മായുകയില്ല.
ഖസാക്കിൻ്റെ കഥാകാരനായ ഓ. വി വിജയനും മരുന്നിലൂടെയും സ്മാരക ശിലകളിലൂടെയും കൂട്ടു കൂടിയ പുനത്തിൽ കുഞ്ഞബ്ദുള്ളയും മരണം ദുർബലം, ഭിക്ഷാം ദേഹി, അരുണ തുടങ്ങിയവയിലൂടെ കെ. സുരേന്ദ്രനും ഓർമ്മപ്പുസ്തകത്തിലെ പ്രിയമുള്ള സാഹിത്യകാരന്മാരായി മാറി.
അഗ്നിസാക്ഷിയും സീത മുതൽ സത്യവതി വരെയും പിന്നെ മാണിക്കൻ പോലുള്ള ചെറുകഥകളുമാണ് ലളിതാംബിക അന്തർജ്ജനം എന്ന എഴുത്തുകാരിയ്ക്ക് മനസ്സിൻ്റെ മുൻനിരയിൽത്തന്നെ സ്ഥാനം നൽകിയത്.
കെ. ബി. ശ്രീദേവിയുടെ യഞ്ജം മനസ്സിനുള്ളിൽത്തന്നെ അനീതിയെക്കെതിരെയുള്ളൊരു യഞ്ജം തുടങ്ങി വെച്ചു.
വായനയ്ക്ക് എന്നും പ്രചോദനമായിരുന്ന പി. വത്സലയെ മറക്കുന്നതെങ്ങനെ? നെല്ലും കൂമൻ കൊല്ലിയും ആഗ്നേയവും ഇന്നും ഹൃദയത്തോടു ചേർത്തു വച്ചിട്ടുണ്ട്.
സ്വന്തം നാട്ടുകാരിയായ ചന്ദ്രകല എസ് കമ്മത്തിൻ്റെ ‘കുങ്കുമപ്പൊട്ടഴിഞ്ഞു എന്ന ആത്മാംശമുള്ള കുറിപ്പാണ് ആദ്യം വായിച്ചത്. പിന്നെ രുഗ്മ, സപത്നി ഭിക്ഷ, മിഥില തുടങ്ങി ഒട്ടുമിക്കവയും വായിക്കാനും ടീച്ചറിനെ നേരിൽ കാണാനും കഴിഞ്ഞു.
മീരാ സാധുവാണ് കെ. ആർ മീരയിലേക്കെത്തിച്ചത്. സൂര്യനെ അണിഞ്ഞ ഒരു സ്ത്രീയിലെ ജെസബെൽ എത്ര
രാത്രികളിലെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുന്നു. അതുപോലെ തന്നെ ആരാച്ചാരും.
ബംഗാളി നോവലുകൾ എന്നും ഹൃദയം ത്രസിപ്പിക്കുന്നവയായിരുന്നു. താരാശങ്കർ ബാനർജിയുടെ ഗണദേവത, ബിമൽ മിത്രയുടെ ചരിത്രത്തിൽ ഇല്ലാത്തവർ, മണിശങ്കർ മുഖർജിയുടെ സീമാബദ്ധ, സാവിത്രി റായുടെ പത്മ -മേഘന, ദ്രൗപദി, ആശാപൂർണ്ണ ദേവിയുടെ പ്രഥമ പ്രതിശ്രുതി, സുവർണ്ണ ലത, ബകുളിൻ്റെ കഥ തുടങ്ങിയ നോവലുകളിലൂടെ ബംഗാളി സാഹിത്യത്തിലെ അതികായരും ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരായിത്തീർന്നു.
തൻ്റെ വായനയെ മുന്നോട്ടു നയിക്കുന്ന പ്രിയ എഴുത്തുകാരേക്കുറിച്ച് പറയാൻ തുടങ്ങിയാൽ അതിങ്ങനെ നീണ്ടു നീണ്ടുപോകുമെന്ന് സുനിതയ്ക്കു മനസ്സിലായി. എങ്കിലും തൻ്റെ ഓർമ്മച്ചെപ്പിനടപ്പിടാൻ അവൾക്കു മനസ്സു വന്നില്ല.
വായനാ വഴികളിൽ ഒപ്പം കൂട്ടിയവർ ഇനിയുമെത്രയോ പേർ. ചെറുകഥകളിലൂടെ മനസ്സിൻ്റെ ആഴങ്ങളിലേക്കാഴ്ന്നിറങ്ങിയ ടി. പത്മനാഭൻ, എൻ. മോഹനൻ, അഷിത, മുണ്ടൂർ കൃഷ്ണൻകുട്ടി, വൈശാഖൻ അഷ്ടമൂർത്തി, ഗീതാ ഹിരണ്യൻ ഇ. ഹരികുമാർ, ശിഹാബുദീൻ പൊയ്ത്തുംകടവ്, ബാലകൃഷ്ണൻ മങ്ങാട്, ടി. വി. കൊച്ചുബാവ, രഘുനാഥ് പാലേരി…
പുതു തലമുറക്കാരായ ജി. ആർ ഇന്ദുഗോപൻ, മനോജ് ജാതവേദര്, സുസ്മേഷ് ചന്ദ്രോത്ത്, പ്രിയ എ. എസ്, സിതാര. എസ്, കെ. രേഖ… എത്ര എഴുതിയാലും തീരാത്ത പോലെ നീണ്ടു പോകുന്ന പേരുകൾ.
പ്രിയ. എ. എസിൻ്റെ ‘മൃൺമയം’ എന്ന കഥ വന്ന മാതൃഭ്രമി ആഴ്ചപ്പതിപ്പ് അവളെടുത്തു മറിച്ചു നോക്കി. ഒറ്റപ്പെട്ടുവെന്നു വെറുതെയെങ്കിലും തോന്നിയാൽ വായിക്കാൻ കൈയെത്തും ദൂരത്തു സൂക്ഷിക്കുന്നവയിലൊന്നാണത്.
“പത്തുമണിയായല്ലോ സുനീ ഇന്ന് ഉറക്കമൊന്നുമില്ലേ?”
മിക്കവാറും ഈ സമയത്താണ് അവൾ കിടക്കാറ്.
“ദാ കിടക്കാൻ പോവുകയാചേട്ടാ “
സുനിത തൻ്റെ തിളങ്ങുന്ന ഓർമ്മയിൽ തെളിഞ്ഞ വയെല്ലാം എഴുതി. ഒന്നു വായിച്ചു നോക്കിയപ്പോൾ അവൾക്ക് വല്ലായ്മ തോന്നി.
താനെന്താണ് എഴുതിക്കൂട്ടിയിരിക്കുന്നത്?
ഏറ്റവും പ്രിയപ്പെട്ട എഴുത്താളിനേക്കുറിച്ചെഴുതാനല്ലേ പറഞ്ഞിരിക്കുന്നത്.
പ്രിയപ്പെട്ടവരേ നിങ്ങളിൽ നിന്നൊരാളെ മാത്രം ഞാനെങ്ങനെ തിരഞ്ഞെടുക്കും?
എൻ്റെ ജീവിതത്തിൻ്റെ പല പല ഘട്ടങ്ങളിൽ… എൻ്റെ വായനയെ… എൻ്റെ മനസ്സിനെ… സ്വപ്നങ്ങളെ… ഏതെങ്കിലുമൊക്കെ രീതിയിൽ സ്വാധീനിച്ചവരാണ് നിങ്ങളെല്ലാം. എൻ്റെ ഹൃദയത്തിൽ സ്ഥിരമായി ഇടം പിടിച്ചവരാണ് നിങ്ങളെല്ലാം.
എനിക്കേറ്റവും പ്രിയപ്പെട്ടവർ…
#എൻ്റെരചന#കൂട്ടക്ഷരങ്ങൾ


12 Comments
ഒരാളെ മാത്രം എങ്ങനെ തിരഞ്ഞെടുക്കും അല്ലേ?. എങ്കിലും ഒരു വിധം പ്രിയപ്പെട്ടവരെയെല്ലാം ഉൾപ്പെടുത്തിയ മനോഹരമായ ബ്ലോഗ് 👌🥰
സന്തോഷം നന്ദി❤️🙏
മലയാളത്തിലെ ഒട്ടുമിക്ക സാഹിത്യകാരെയും കൃതികളെയും ഓർമ്മിപ്പിച്ചു കൊണ്ട് ഒഴുകി നീങ്ങിയ എഴുത്ത് ഹൃദ്യമായി.
❤
ഒരു പാടു സന്തോഷം ജോയ്സ് –
വലിയ എഴുത്തുകാരുടെയിടയിൽ ഒരു ചെറിയ ഉദ്യമം അത്രേയുള്ളു.❤️🌹
മനോഹരം ❤️
Excellent writeup
ശരിയാണ് ഒരാളെ മാത്രമായി എങ്ങനെ പറയും,
വളരെ നന്ദി, സ്നേഹം❤️🙏
❤️❤️👌👍
സ്നേഹം, നന്ദി❤️🙏
എഴുത്താൾപ്പുരാണവും
ടീച്ചറേ കൊതിപ്പിച്ചുകളഞ്ഞല്ലോ… എഴുത്തും എഴുത്താൾപുരണവും 👌👌❤️❤️
സന്തോഷം സിൽവി❤️എഴുതുന്നില്ലെന്നു കരുതിയിരുന്നതാണ്. ഒരു പാടുപേരെ വിട്ടുകളഞ്ഞു.