അപ്പോൾ തന്നെ രാഹുലിൻ്റെ മറുപടി എത്തി.
“രാവിലെ കാണാം. “
സുമതി അക്കയുമായി ബോധി വീട്ടിലേയ്ക്കു മടങ്ങാൻ ആഗ്രഹിച്ചെങ്കിലും അമ്മ സമ്മതിച്ചില്ല. ടീച്ചറമ്മ മടങ്ങി വന്നിട്ടില്ല ഒറ്റയ്ക്ക് നീ പോകണ്ട. മാത്യുവിനൊപ്പം ഈ വീട്ടിൽ കഴിയുന്നത് അരോചകമായി അവൾക്കു തോന്നി. പിറ്റേ ദിവസം രാവിലെ തന്നെ ദേവി, കൂട്ടിന് സുമതിയുമായി അവിടേയ്ക്കു യാത്രയായി. ടീച്ചറമ്മയ്ക്ക് സുമതിയെ തീരെ ഇഷ്ടമല്ല. ടീച്ചറമ്മ വരുമ്പോൾ സുമതിയെ തിരികെ പറഞ്ഞയക്കാൻ അവൾ തീരുമാനിച്ചു.
അവളെ കാണാൻ പത്ത് മണിയോടെ രാഹുൽ വന്നു.
“ചേച്ചി ആരോടും പറയാതെ എവിടെ പോയിരുന്നു. എന്നെ, മാത്യുവിന്റെ വക ചോദ്യചെയ്യൽ ഉണ്ടായി. “
സുമതി അടുത്തെങ്ങുമില്ല എന്നുറപ്പു വരുത്തിയ ശേഷം ദേവി ശബ്ദം താഴ്ത്തി പറഞ്ഞു.
“ഞാൻ മൂന്നാറിൽ പോയി, ആ പഴയ ഹോട്ടലിൽ, റിസോർട്ടിൽ. സത്യം കണ്ടുപിടിക്കാതെ വയ്യ രാഹുൽ. ഞാൻ ഒരു വക്കീലായിട്ടും എനിക്ക് അതിനായിലില്ലെങ്കിൽ ?”
അവൾ തിരിഞ്ഞ് നോക്കിയതും രണ്ടു ചായ കപ്പുകളുമായി പിറകിൽ സുമതി നില്ക്കുന്നു. അവർ മടങ്ങിയെന്നു ഉറപ്പായപ്പോൾ അവൾ ബാഗിൽ നിന്നും ഒരു ഫയൽ എടുത്തു. അതിലെ ഫോട്ടോകൾ അവൾ നിരത്തി വച്ചു. അവന്റെ മുന്നിലേയ്ക്ക് അത് നീക്കി വച്ചു.
“രാഹുൽ ഇതൊക്കെ ഒന്ന് നോക്ക്, ആ രാത്രിയിലെ ആണ്. “
“ഇതൊക്കെ ചേച്ചിയ്ക്കെങ്ങനെ. “
രാഹുൽ വിശ്വസ്തനാണെങ്കിലും എല്ലാം അവനോടു തുറന്നു പറയേണ്ടതില്ലെന്നു അവൾക്കു തോന്നി. അവൾ അവനെ ആ പഴയ വീടിനു പിന്നിലെ കായലിന്റെ തീരത്തേക്ക് കൊണ്ട് പോയി. സുമതി അടുത്തെങ്ങുമില്ല എന്നുറപ്പു വരുത്തിയതിനു ശേഷമാണു അവൾ വാ തുറന്നത്.
“ഇത് ഒരു ദിവസം കൊറിയറിൽ വന്നതാണ്. ഇത് കണ്ടപ്പോൾ പോലീസിൽ അറിയിക്കാമെന്ന് കരുതിയതാണ്. “
നിധിൻ്റെ കാര്യം അവൾ മനപ്പൂർവ്വം മറച്ചു വെച്ചു.
“പിന്നെ എന്താ അങ്ങനെ ചെയ്യാതിരുന്നത്. “
“എനിക്കിപ്പോൾ പോലീസിനെ പോലും വിശ്വാസമില്ല. അവർ ഒക്കെ മാത്യുവും അയാളുടെ മക്കളും പറയുന്നത് മാത്രമേ അനുസരിക്കൂ. ഈ ഫോട്ടോസ് ഏതെങ്കിലും ദൃക്‌സാക്ഷികൾ എടുത്തതാവില്ലേ. “
“പോലീസിൽ അറിയിക്കാതെ നമ്മളിപ്പോൾ എന്ത് ചെയ്യും ചേച്ചി. “
“രാഹുൽ ഇതെനിക്ക് സ്വന്തം നിലയിൽ അന്വേഷിക്കണം, ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവ് വഴി. “
“മുബൈയിലൊക്കെ അങ്ങനെയുണ്ടന്ന് കേട്ടിട്ടുണ്ട്. അത്രയ്ക്ക് കാര്യക്ഷമതയുള്ളവർ കേരളത്തിലുണ്ടോ?. നമുക്ക് അന്വേഷിക്കാം ചേച്ചി. “
രാഹുൽ മടങ്ങിയതും ദേവി ഓഫീസിൽ പോയി. എല്ലാവരും അവളുടെ യാത്രയെക്കുറിച്ച് അന്വേഷിച്ചു. എല്ലാവരും അറിഞ്ഞിരിക്കുന്നു. എല്ലാത്തിനും കാരണം മാത്യൂ ആണ്. അമ്മയെന്തിനാണ് അയാൾക്കിത്ര സ്വാതന്ത്ര്യം കൊടുത്തിരിക്കുന്നത്.
വൈകിട്ട് രാഹുൽ വിളിച്ചു. ഉടൻ കാണണമെന്ന്, കാറുമെടുത്ത് അവൻ പറഞ്ഞ പാലത്തിന്റെ കീഴിൽ ചെന്നു. അവിടെ അവനോടൊപ്പം നാലരയടി മാത്രം ഉയരമുള്ള ഒരു മനുഷ്യനെ കണ്ടു. സർക്കസിലെ കോമാളിയുടെ മുഖച്ഛായ തോന്നിക്കുന്ന ഒരാൾ.
“ചേച്ചീ ഇദ്ദേഹമാണ് മൂസ ഇബ്രാഹിം. ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. ഫോട്ടോകൾ കൈമാറിയിട്ടുണ്ട്. “
“സീക്രട്ട് ലൈൻസ്, കൊൽക്കത്തയിൽ നിന്നാണ്. നാഷണൽ ലെവൽ കേസുകളാണ് കൂടുതൽ കൈകാര്യം ചെയ്യുന്നത്. സൗത്ത് ഇന്ത്യയിൽ കേസുകൾ കുറവാണ്. ഒരാഴ്ചത്തെ സമയം തരണം. ഞാൻ വിളിക്കാം. “
അയാൾ രാഹുലിന് കൈ കൊടുത്ത് തിരിഞ്ഞ് നടന്നു പോയി.
“എന്താണ് അയാൾ പറഞ്ഞത്. അയാളുടെ നമ്പർ വാങ്ങിയോ. “
“നമ്പറും അഡ്രസ്സും ഒന്നുമില്ല. ഒരു ഈമെയിൽ അഡ്രസ് മാത്രം. മുൻകൂറായി പതിനായിരം രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് കൊടുത്തു. “
മടങ്ങി വീട്ടിലെത്തിയത് മുതൽ സുമതി പിറകെ തന്നെയുണ്ട്. അവർക്ക് ദേവി എവിടെ പോയെന്ന് അറിയണം. അമ്മയെ വിളിച്ചു അറിയിക്കാനാണ്.
“പാലത്തിനരികിൽ നടക്കാൻ പോയി, അവിടെ വച്ച് രാഹുലിനെ കണ്ടു, സംസാരിച്ച് നിന്ന് സമയം പോയതറിഞ്ഞില്ല. “
തൽക്കാലം രക്ഷപ്പെട്ടു.
രാത്രിയിൽ ഉറങ്ങാൻ വൈകി. അവളുടെ ജനലരികിൽ ചെറിയ ശബ്ദങ്ങൾ കേട്ടു. വാതിൽ തുറന്ന് നോക്കാൻ പേടിയാണ്. സുമതിയെ വിളിച്ചാൽ, അവർ അപ്പോൾ തന്നെ അമ്മയെ വിളിച്ചറിയിക്കും പിന്നെ ഉള്ള സ്വാതന്ത്ര്യം കൂടി നഷ്ടപ്പെടും.
ജനൽ തുറന്ന് ടോർച്ച് തെളിച്ചു ചുറ്റുപാടും വീക്ഷിച്ചു. ഇരുട്ടിൽ പതുങ്ങി നിന്ന ആളെ മനസ്സിലായി, നിധിൻ.
“ഇവനെന്താണ് ഈ നേരത്ത്?”
അവൻ ജനലരികിലേയ്ക്ക് നീങ്ങി നിന്നു.
“ദേവീ, എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്, “
കയ്യിലിരുന്ന ഫയൽ അവളുടെ നേരെ നീട്ടി.
“ഇത് ഇനി എൻ്റെ കയ്യിലിരുന്നാൽ അപകടമാണ്. ഇവിടെ അധികം നിൽക്കുന്നതും ആപത്താണ്. “
“നിൽക്കൂ, ഞാൻ പിന്നിലെ വാതിൽ തുറക്കാം. “
സുമതി ഹാളിൽ കിടന്നാണ് ഉറങ്ങാറുള്ളത്. ചെറിയ ശബ്ദം കേട്ടാൽ അവർ ഉണരുകയും ചെയ്യും. അവരുടെ കണ്ണ് വെട്ടിച്ച് നിധിനെ ഉള്ളിൽ കയറ്റുന്നത് റിസ്കാണ്. ഒരു പക്ഷേ അവർ കണ്ട് പിടിച്ചാൽ… ഭർത്താവ് മരണപ്പെട്ടിട്ട് മാസങ്ങൾ പിന്നിട്ടപ്പോൾ, ഏതോ ഒരുത്തനെ പാതിരാത്രിയിൽ വീട്ടിൽ വിളിച്ച് കയറ്റിയിരിക്കുന്നു. അങ്ങനെ മാത്രമേ എല്ലാവരും കരുതുകയുള്ളൂ. എല്ലാവരുടേയും കണ്ണിൽ ഗുരുതരമായ കുറ്റം.
ബെഡ് റൂം വാതിൽ തുറക്കാൻ തുടങ്ങിയ ദേവി പിന്തിരിഞ്ഞു.
“സെർവൻ്റ്, റൂമിൻ്റെ എതിർവശത്തുള്ള ഹാളിൽ കിടക്കുന്നുണ്ട്. അവർ ഉണർന്നാൽ.. അവർക്ക് ചാരപ്പണിയുണ്ട്. നമ്മുടെ സംസാരം പോലും ചിലപ്പോൾ ചെവിയോർക്കും. “
നിധിൻ തൻ്റെ ബാഗിൽ നിന്നും ഒരു സ്പ്രേയർ പുറത്തെടുത്തു. അത് ദേവിയുടെ നേരെ നീട്ടി.
“മുഖത്ത് ഒരു തുണി കൊണ്ട് മറയ്ക്കൂ. അവർ ഉണർന്നാലും പെട്ടെന്ന് ആളെ മനസിലാകില്ല. മൂക്ക് പൊത്തി പിടിയ്ക്കണം. ഇരുട്ടത്ത് തപ്പി ചെന്ന് ഇത് അവരുടെ മുഖത്ത് സ്പ്രേ ചെയ്യൂ. നാലഞ്ച് മണിക്കൂർ ഉറങ്ങി കൊള്ളും. “
അവൾ അവിശ്വാസത്തോടെ ഇരുട്ടിൽ തിളങ്ങുന്ന അവൻ്റെ കണ്ണുകളിൽ നോക്കി.
“ഇത് നിധിന് എന്തിനാണ്. “
“ഞാൻ എല്ലാം പറയാം. “
അവൾ മെല്ലെ മുറിയുടെ വാതിൽ തുറന്ന്, ഇരുട്ടിൽ തപ്പി തടഞ്ഞ് സുമതിയുടെ മുന്നിലെത്തി. അവരുടെ നേർത്ത കൂർക്കം വലി കേട്ടു. ഉറക്കമാണോ? അതോ അഭിനയമാണോ. ഒരു നിമിഷം അവരെ തന്നെ ശ്രദ്ധിച്ചു നോക്കി നിന്ന ശേഷം അവൾ സ്പ്രേയർ അവരുടെ മുഖത്തേക്ക് നീട്ടി പിടിച്ചു. ഒന്ന്, രണ്ട്, മൂന്ന്.. അവൾ സ്പ്രേ ചെയ്തിട്ട് ദൂരേയ്ക്ക് മാറി നിന്നു.
അവർ ഉണർന്നില്ല, അവൾ പിറകു വശത്തെ വാതിൽ തുറന്നു. കാത്ത് നിന്നത് പോലെ നിധിൻ അവളെ തള്ളി മാറ്റി, അകത്ത് കയറി വാതിലടച്ചു. ആ സമയത്ത് അവൻ്റെ ഹൃദയമിടിപ്പ് അവൾക്ക് കേൾക്കാമായിരുന്നു.
ദേവി അവനെയും കൂട്ടി കൊണ്ട് ഹാളിലൂടെ, സുമതിയെ മറി കടന്ന് മുറിയിലേയ്ക്ക് നടന്നു.
അവൻ പിറകിലെ ബാക്ക് പാക്ക് ഊരി താഴെ വച്ചു. കട്ടിലിൽ ഇരുന്ന് കൊണ്ട് മേശപ്പുറത്ത് വച്ചിരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചു.
“ഞാൻ അവരുടെ നിരീക്ഷണത്തിലായിരുന്നു. ഞാൻ അവരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട് വന്നതാണ്. “
“ആരുടെ. ?”
“ആരോണിൻ്റെ, ഞങ്ങളുടെ മുതലാളിയുടെ. എന്നെയവർ സ്റ്റോർ റൂമിൽ പൂട്ടിയിടാൻ നോക്കി. തലനാരിയ്ക്കാണ് ഞാൻ രക്ഷപ്പെട്ടത്. “
“അതെങ്ങനെ. “
“ഇന്നലെ രാവിലെ കോട്ടയത്ത് നിന്നും മടങ്ങിയെത്തിയത് മുതൽ എനിക്കെന്തോ പന്തികേട് തോന്നിയിരുന്നു. രാവിലെ മുതലാളി മടങ്ങിയെത്തിയ വിവരം ഞാൻ അറിഞ്ഞു. ഞാൻ ആദ്യം ചെയ്ത് മണ്ടത്തരം അയാളുടെ ഫോട്ടോ എടുത്തതാണ്. അതെൻ്റെ ഹോബിയാണെന്ന് അവിടെ എല്ലാവർക്കും അറിയാം. രണ്ടാമത് ഡ്യൂട്ടി കഴിഞ്ഞ സമയം ഞാൻ ഹോട്ടലിന് പിന്നിലുള്ള റിസോർട്ടും തടയണയും സന്ദർശിച്ചു. അതും ഞാൻ ഫോട്ടോയെടുത്തു. ഈവനിംഗ് റസ്റ്റോറന്റിൽ വച്ച് ഷെഫായ വിജയ് ആണ് പറഞ്ഞത് മുതലാളിയ്ക്കൊപ്പം മാനേജർ വന്ന് അന്ന് രാത്രിയിലെ വിഷ്യൽസ് ചെക്ക് ചെയ്തു ഹാർഡ് ഡിസ്ക് കൊണ്ട് പോയെന്ന്. “
“എന്തിനായിരിക്കും. “
“ദേവിയുടെ വിഷ്യൽസ്. ദേവി വന്നതിന്റെ കാരണം, ആരൊക്കെ ദേവിയെ സഹായിച്ചു. ആരൊക്കെയുമായി ദേവി ബന്ധപ്പെട്ടു എന്ന വിവരങ്ങൾ ശേഖരിയ്ക്കാൻ. ഞാൻ രാത്രിയിൽ ടെക്നിക്കൽ റൂമിൽ കയറിയത് അവർ കണ്ടെത്തിയിരുന്നു. എൻ്റെ മണ്ടത്തരം, ഞാൻ സ്റ്റോറിൽ കയറിയപ്പോൾ ആ മാനേജർ പൂട്ടിയിട്ടു. “
“എങ്ങനെ രക്ഷപ്പെട്ടു. ?”
“ഞാൻ പെട്ടു എന്ന് കരുതിയതാണ്. പൂളിലെ മരണങ്ങൾ അന്വേഷിക്കാൻ ആ സമയത്ത് പോലീസ് വന്നിരുന്നു. ആ സമയത്ത് എൻ്റെ ഭാഗ്യത്തിന് റൂം ബോയ്സ് രണ്ട് പേർ ബെഡ് ഷീറ്റും പില്ലോയും എടുക്കാൻ അവിടെ വന്നു. അവരുടെ കണ്ണ് വെട്ടിച്ച് ഞാൻ ഇറങ്ങിയോടി. റൂമിൽ നിന്ന് ബാഗുമെടുത്ത്, പാരപ്പെറ്റിലൂടെ ചാടിയിറങ്ങി റോഡിലെത്തി, ആദ്യം കിട്ടിയ ജീപ്പിൽ കയറി രക്ഷപ്പെടുകയായിരുന്നു. പിന്നെ പല പല വണ്ടികൾ മാറി കയറി. ഒടുവിൽ ഞാനിവിടെയെത്തി. “
(തുടരും… )
✍️✍️നിഷ പിള്ള

