എന്റെ ജാലകങ്ങൾക്ക്
അഴികളില്ലായിരുന്നു,
എപ്പോൾ വേണമെങ്കിലും
പുറത്തു കടക്കാൻ തക്ക
വിസ്തൃതിയും അവയ്ക്കുണ്ടായിരുന്നു.
പതിവായെന്നും ഞാൻ
അതിലൂടെ പുറത്തേയ്ക്ക് നോക്കും
കാണാവുന്നിടത്തോളം
കണ്ടു നിൽക്കും, ഒടുവിൽ
ജാലകവിരിപ്പുകൾ
ഭംഗിയായി നേരെയാക്കി
ഒന്ന് നിശ്വസിച്ച് പിൻതിരിയും,
കാരണം എനിക്കറിയാം
ജാലകത്തിനു വെളിയിൽ
ജീവനില്ലായെന്ന് (?)
പുറമേ നിന്ന് ആര് വന്നു
വിളിച്ചാലും കേൾക്കാൻ
പറ്റാത്തവണ്ണം
ഞാനാ പാളികൾ
കൊട്ടിയടയ്ക്കും,
കാരണം എനിയ്ക്കറിയാം
അവിടെ ഒരു ജീവിതമില്ലെന്നും(?)
വാസയോഗ്യമല്ലാത്ത
പുറമിടങ്ങളിൽ പാർക്കുന്നവരെ
ഓർത്ത് ഞാൻ വ്യസനിയ്ക്കും,
എന്നും ഒരു മെഴുതിരി
അവർക്കായ് എന്റെ
നാലുചുവരുകൾക്കുള്ളിൽ
കത്തിച്ചുവയ്ക്കും,
കതകില്ലാത്ത എന്റെ
കുടുസ്സുമുറിയെ പുച്ഛിക്കുന്നവരെ
തള്ളിയകറ്റും, അവർ പറഞ്ഞേക്കാം
ഈ ജാലകവും എന്റെ സങ്കല്പമാണെന്ന്
ആയ്ക്കോട്ടെ, അവർക്കറിയില്ലല്ലോ
എപ്പോൾ വേണമെങ്കിലും
പുറത്തു കടക്കാൻ തക്ക
വിശാലവും ദൃഢവുമാണ്
അവയെന്ന്…


1 Comment
❤️👌🌹