“ഞങ്ങൾ നാളെ കുട്ടികളെയും കൂട്ടി ഒന്ന് ഊട്ടി വരെ പോവുകയാണ്. അനിയന്‍റെ കുടുംബവും ഉണ്ട്. അപ്പുറത്തെ മരിയ വന്ന് അമ്മയ്ക്ക് കൂട്ട് കിടക്കും.”
ഉച്ചയൂണിന് ശേഷം കിടക്കുകയായിരുന്ന വിലാസിനിയുടെ മുറിയുടെ വാതിൽക്കൽ വന്ന് അത്രയും പറഞ്ഞിട്ട് ഗായത്രി പോയി.
ഇതിപ്പോൾ ആരോടാണ് പറഞ്ഞത്? തന്നോട് തന്നെ ആണോ? അതോ അപ്പുറത്ത് ആരെങ്കിലും വന്നിട്ടുണ്ടോ?
വിലാസിനി എഴുന്നേറ്റ് വാതിൽക്കലേക്ക് നോക്കി. ഇല്ല. അവൾ അവിടെ ഇല്ല. സ്വീകരണമുറിയിൽ കുട്ടികൾ ഏതോ ഒരു ഇംഗ്ലീഷ് സിനിമ കണ്ടു കൊണ്ടിരിക്കുന്നു.
“മക്കളേ…അമ്മ ഇപ്പോൾ ആരോടാ എവിടെയോ പോവുന്ന കാര്യം പറഞ്ഞത്?”
വിലാസിനി അമ്മുവിന്‍റെ അടുത്തേക്ക് ചെന്ന് ചോദിച്ചു.
“ആ… ഞാനെങ്ങും കേട്ടില്ല.”
അമ്മു ടി വി യുടെ ഒച്ച ഒന്നും കൂടി കൂട്ടിവച്ചു.
” ആ… അമ്മേ…അമ്മയുടെ പെൻഷൻ കാശ് വല്ലതും ഉണ്ടെങ്കിൽ ഇങ്ങ് എടുത്തേ… ഒരു വഴിക്ക് ഇറങ്ങുമ്പോൾ കുറച്ചു കാശ് കയ്യിൽ കരുതണ്ടേ.”
“അതിപ്പോൾ… എന്റെ കയ്യിൽ…”
വിലാസിനി മടിച്ച് നിൽക്കുന്നത് കണ്ടതും ഗായത്രിയുടെ മുഖം ഇരുണ്ടു.
“അമ്മയ്ക്ക് ഇപ്പോൾ എന്തിനാ കാശ്? അമ്മയ്ക്ക് ആവശ്യമുള്ളത് എല്ലാം വാങ്ങി തരുന്നുണ്ടല്ലോ. ഇപ്പോൾ പെട്ടെന്ന് തീരുമാനിച്ച ടൂർ ആയത് കൊണ്ട് ഒന്നും കരുതി വച്ചിട്ടില്ല. അതു കൊണ്ടല്ലേ ചോദിച്ചത്. ഇത്രയും കാലം ചോദിച്ചിട്ടില്ലല്ലോ.”
ഗായത്രിയുടെ ഭാവമാറ്റം അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു വിലാസിനി.
വിലാസിനി മുറിയിലേക്ക് നടക്കുന്നതിന്‍റെ ഇടയിൽ മെല്ലെ ഒന്ന് പറഞ്ഞു.
“ഇത്രയും കാലം എനിക്ക് നാഥൻ ഉണ്ടായിരുന്നു. അന്ന് ചോദിച്ചിട്ടുമില്ല. ”
“ആഹാ…ഇതെന്തു വർത്തമാനം ആണമ്മേ ഈ പറയുന്നത്? ഇത് വല്ലതും ആരെങ്കിലും കേട്ടാൽ ഉള്ള അവസ്ഥ ചിന്തിച്ചിട്ടുണ്ടോ? കേൾക്കുന്നവർ കരുതും അമ്മയെ ഞങ്ങൾ ഇവിടെ ഇട്ട് ദ്രോഹിക്കുകയാണ് എന്ന്.”
അല്ലെങ്കിലും പാമ്പിന്‍റെ ചെവിയാണ് ഗായത്രിക്ക്. എത്ര പതുക്കെ പറഞ്ഞാലും അവൾ കേൾക്കും. പഴ്സിന്‍റെ ഉള്ളിൽ നിന്നും അയ്യായിരം രൂപ എണ്ണി എടുക്കുമ്പോൾ വിലാസിനി ചിന്തിച്ചു. അപ്പോഴും സ്വീകരണമുറിയിൽ ഗായത്രി ഉറഞ്ഞു തുള്ളുന്നത് അവർ കേൾക്കുന്നുണ്ടായിരുന്നു. ഉണ്ണിയുടെ അച്ഛൻ ഉണ്ടായിരുന്ന അത്രയും കാലം പതുങ്ങി ഇരുന്നവൾ ഇപ്പോൾ പത്തി വിടർത്തി ആടുന്നത് വിലാസിനിയെ അതിശയിപ്പിച്ചു.
“ഒന്ന് നിർത്ത് ഗായത്രി. അച്ഛൻ പോയതോടെ അമ്മയ്ക്ക് മാറ്റങ്ങൾ ഉണ്ട്. എന്നും പറഞ്ഞ് കൊണ്ട് പോയി കളയാന്‍ പറ്റുമോ? നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്. നമ്മൾ അല്ലേ അമ്മയ്ക്ക് ഇനി ഉള്ളൂ.”
ഉണ്ണി ഗായത്രിയെ സമാധാനിപ്പിക്കാൻ പറഞ്ഞത് ആണോ അതോ ശരിക്കും തന്നിൽ മാറ്റങ്ങൾ ഉണ്ടോ? വിലാസിനി അദ്ദേഹം മരിച്ചപ്പോൾ തൊട്ടുള്ള കാര്യങ്ങൾ വിശകലനം ചെയ്യാൻ തുടങ്ങുമ്പോഴാണ് ഗായത്രിയുടെ വാക്കുകൾ കൂരമ്പ് പോലെ നെഞ്ചിൽ തറച്ചത്.
“നമ്മൾ മാത്രം ഉള്ളൂ എന്ന് പറയുന്നത് എങ്ങനെ ശരിയാവും? അപ്പോൾ നിങ്ങളുടെ ചേച്ചിക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ല എന്നാണോ?”
ആ ചോദ്യത്തിന് ഉണ്ണി എന്തുത്തരം നൽകി എന്ന് എനിക്കറിയില്ല. ഒന്നും കേട്ടില്ല എന്നതാണ് സത്യം. പൂരപ്പറമ്പിൽ വെടിക്കെട്ടിന് ചെവിയടയുന്നത് പോലെ എന്‍റെ ചെവിയും അടഞ്ഞു പോയിരുന്നു. ഹൃദയം നിശ്ചലമായത് പോലെ. മസ്തിഷ്കം പ്രവർത്തനരഹിതമായ പോലെ. എന്‍റെ ചുറ്റിനും എന്തു സംഭവിക്കുന്നു എന്ന് പോലും ഞാൻ അറിഞ്ഞില്ല. എങ്ങും അന്ധകാരവും നിശബ്ദതയും. ശൂന്യം.
അമ്മേ…
ദൂരെ എങ്ങോ നിന്നുമൊരു അമ്മേ എന്ന വിളി കാതില്‍ വന്നണഞ്ഞു.
അല്ല.
ഉണ്ണി അല്ല.
ഒരു പെൺകുഞ്ഞിന്‍റെ വിളിയാണ്.
ശ്രീക്കുട്ടി…
അതെ…
ശ്രീക്കുട്ടി തന്നെ…
എന്നും അകലെ നിന്നേ സ്നേഹിച്ചിട്ടുള്ളൂ…
എന്നും…
ഉണ്ണിയുടെ അച്ഛന് മുന്നിൽ താലികെട്ടാനായി തല കുനിച്ചപ്പോൾ അറിഞ്ഞിരുന്നില്ല തന്‍റെ കൈകുഞ്ഞിനെ സ്വീകരിക്കാൻ അദ്ദേഹം തയ്യാറല്ല എന്ന്.
സ്കൂളിലെ മാഷ് സമ്മാനിച്ച കുട്ടിയല്ലേ അത്. ഈ സമ്മാനം തന്നിട്ട് അദ്ദേഹം പോവുകയും ചെയ്തു. വടക്ക് ഏതോ ഒരു ദേശത്തേക്ക്… അദ്ദേഹത്തെ അന്വേഷിച്ചു പോയ അമ്മാവൻ തിരികെ വന്നത് അദ്ദേഹത്തിന്‍റെ വിവാഹ സദ്യ ഉണ്ടിട്ടാണ്.
അദ്ദേഹം പുതിയൊരു ജീവിതത്തിലേക്ക് കടന്നപ്പോൾ താൻ മാത്രം എല്ലാ അപമാനവും വേദനയും സഹിച്ച് ഇവിടെ തന്നെ ജീവിച്ചു. ശ്രീക്കുട്ടിക്ക് ജന്മം നൽകി. ചെറിയമ്മയുടെ കൂട്ടുകാരി വഴി വന്ന ബന്ധമായിരുന്നു ഉണ്ണിയുടെ അച്ഛന്റേത്. അദ്ദേഹം എന്‍റെ ശ്രീക്കുട്ടിയെ കൂടി ഏറ്റെടുക്കാൻ തയ്യാറായി എന്ന് എല്ലാവരും തെറ്റിധരിപ്പിക്കുകയും ചെയ്തു.
പക്ഷെ ചടങ്ങുകൾക്ക് ശേഷം വള്ളത്തിൽ കയറിയപ്പോൾ മാത്രമാണ് താന്‍ കാര്യങ്ങള്‍ മനസിലാക്കിയത്. ശ്രീക്കുട്ടിയെ എടുക്കാൻ കൈ നീട്ടുമ്പോൾ അമ്മയുടെ കയ്യിൽ നിന്നും അവളെ വാങ്ങിയ അനുജൻ ദൂരേക്ക് പോവുന്നത് കണ്ട് തരിച്ചിരുന്നു പോയി. വള്ളം നീങ്ങി തുടങ്ങിയപ്പോൾ പോലും എന്താണ് സംഭവിച്ചത് എന്ന് പൂര്മണമായും മനസിലായില്ല. വൈകുന്നേരം മറുവീടിന് അവളെ കൂട്ടാതെ വന്നപ്പോൾ എനിക്ക് മനസിലായി എന്നെന്നേക്കുമായി എനിക്ക് അവളെ നഷ്ടമായി എന്ന്.
ഉണ്ണിയുടെ അച്ഛൻ എന്നെ സ്നേഹിച്ചു. ഒരിക്കൽ പോലും എന്നെ കുത്തി നോവിച്ചിട്ടില്ല. എന്‍റെ ഭൂതകാലം ചിക്കി ചികഞ്ഞിട്ടുമില്ല. അതായത് അദ്ദേഹത്തെ സംബന്ധിച്ച് ശ്രീക്കുട്ടിയും ഇല്ല.
ഒരിക്കൽ… ഒരിക്കൽ മാത്രം അദ്ദേഹത്തോട് ഞാൻ അപേക്ഷിച്ചു… എന്‍റെ കുഞ്ഞിന് വേണ്ടി…
പക്ഷെ എന്‍റെ കണ്ണുനീർ കണ്ടില്ല എന്നദ്ദേഹം നടിച്ചു. അന്നാദ്യമായും. അവസാനമായും. അന്ന് മാത്രമേ ഞാൻ ചോദിച്ചിട്ടുള്ളൂ.
അവൾ എന്‍റെ കണ്മുന്നിൽ തന്നെ വളർന്നു. പക്ഷെ ഒരിക്കൽ പോലും അവൾ എന്നെ അമ്മേ എന്ന് വിളിച്ചില്ല. എന്‍റെ അമ്മ ആയിരുന്നു അവളുടെയും അമ്മ. എന്‍റെ അച്ഛൻ അവളുടെയും അച്ഛൻ.
തന്‍റെ ഒരു നോട്ടത്തിൽ പോലും മാതൃത്വത്തിന്‍റെ വാത്സല്യം അവളിലേക്ക് ചൊരിയാതേ ഇരിക്കാൻ ഞാനും ശ്രദ്ധിച്ചു. ഒരു പക്ഷെ അവളുടെ അമ്മേ എന്ന ഒരു വിളിയിൽ ഞാൻ ഉണ്ണിയുടെ അച്ഛനെ മറക്കുമോ എന്ന് ഞാൻ ഭയന്നിരിക്കാം.
പക്ഷെ നമ്മൾ മറന്നാലും നമുക്ക് ചുറ്റിനും ഉള്ളവർ മറക്കില്ലല്ലോ. മുറിവുകൾ കുത്തി പഴുപ്പ് എടുക്കുന്നത് പോലെ അവർ അവളുടെ മുന്നിൽ വച്ച് പറഞ്ഞു… വടക്കൂന്ന് വന്ന് ഒരു കുട്ടിയെ പിഴപ്പിച്ചു കടന്നു കളഞ്ഞ ഒരു സ്കൂൾ മാഷിന്‍റെ കഥ. അവളുടെ അച്ഛന്‍റെ കഥ. ഞാൻ അവളുടെ അമ്മയാണ് എന്ന സത്യം.
ഋതുഭേദങ്ങൾക്കൊപ്പം ജീവിതവും മാറിക്കൊണ്ടേയിരുന്നു. ഓണത്തിന് എല്ലാവർക്കുമുള്ള ഓണത്തിന് വീട്ടിലേക്ക് ചെന്നപ്പോൾ പൂമുഖത്ത് തന്നെ അവൾ നിൽപ്പുണ്ടായിരുന്നു. തന്നെ കാത്തെന്ന പോലെ.
എന്നെ കണ്ടതും ആ കണ്ണുകൾ നിറഞ്ഞു. ഭയത്തോടെ ഉണ്ണിയുടെ അച്ഛനെ ഒന്നു നോക്കിയതിനു ശേഷം അവൾ അകത്തേക്ക് നടന്നു.
എല്ലാവർക്കുമുള്ള ഓണക്കോടി ഉണ്ണിയെ കൊണ്ട് കൊടുപ്പിക്കുമ്പോൾ അവൾക്ക് എടുത്ത ധാവണിയും കൊടുത്തു.
സാരി മതിയായിരുന്നു. അവൾ വളർന്നു. അടുത്തുള്ള പാരലൽ കോളേജിൽ പഠിപ്പിക്കാൻ പോവുന്നുണ്ട് എന്ന് പറയുന്നത് കേട്ടു.
അപ്പോഴാണ് തനിക്ക് നേരെ നീളുന്ന സാരി കണ്ണിൽ പെടുന്നത്. നിറഞ്ഞു വന്ന കണ്ണുകൾ ഒപ്പി ഞാൻ തല ഉയർത്തി നോക്കി.
“എന്‍റെ ശമ്പളത്തിൽ നിന്നും മാറ്റി വച്ച പൈസയിൽ നിന്നും വാങ്ങിയതാണ്. അമ്മയ്ക്ക് ഒരു സാരി. ”
പതിഞ്ഞ ശബ്ദത്തിൽ അവൾ അത് പറഞ്ഞപ്പോൾ വിറയ്ക്കുന്ന കൈകൾ ഞാൻ അവൾക്ക് നേരെ നീട്ടി.
എന്‍റെ സാരി കയ്യിൽ വച്ചു തന്നിട്ട് അവൾ ഉണ്ണിയുടെ അച്ഛന്‍റെ നേർക്ക് തിരിഞ്ഞു. അദ്ദേഹത്തിനുള്ള മുണ്ടും ഷർട്ടും നീട്ടിയപ്പോൾ അദ്ദേഹം അത് വാങ്ങി. വിശ്വസിക്കാൻ കഴിയാതെ നോക്കിയ ഞാൻ കണ്ടത് അതുമായി വീടിന് മുന്നിലുള്ള പുഴക്കരയിലേക്ക് നടക്കുന്ന അദ്ദേഹത്തെയാണ്. കയ്യിലുള്ള തുണികൾ പുഴയിൽ വലിച്ചെറിയുന്നത് കണ്ട് ഞാൻ ആകെ മരവിച്ചു പോയി.
അവൾ എനിക്ക് തന്ന സാരി തിണ്ണയിൽ വച്ചിട്ട് കരച്ചിലടക്കി ഉണ്ണിയോടൊപ്പം ഇറങ്ങിയപ്പോഴും ഉണ്ണിയുടെ അച്ഛൻ പുഴവക്കിൽ തന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കുംഭഭരണിക്ക് തൊഴാൻ വന്നപ്പോൾ ഞാനറിഞ്ഞു അവളുടെ കല്യാണം കഴിഞ്ഞുവെന്ന്.
മനസ്സ് കൊണ്ട് അവളെ അനുഗ്രഹിച്ച് അവളുടെ നന്മക്കായി പ്രാർത്ഥിച്ചു.
അതല്ലാതെ ഒന്നും തന്നെ ചെയ്യാനുള്ള കഴിവോ ധൈര്യമോ ഇല്ലാതെ പോയി.
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
“അച്ഛമ്മേ…പോസ്റ്മാൻ വന്നിട്ടുണ്ട്. പെൻഷൻ തരാൻ അച്ഛമ്മയെ വിളിക്കുന്നു.” അമ്മു കുലുക്കി വിളിച്ചപ്പോഴാണ് വിലാസിനി ചിന്തകളിൽ നിന്നും ഉണർന്നത്.
കണ്ണുകൾ പുകയുന്നു. കയ്യിലിരുന്ന പൈസ പൊതിഞ്ഞു വച്ചിരുന്ന പേപ്പർ കഷ്ണം കുതിർന്നിരിക്കുന്നു. ബാത്റൂമിൽ കയറി മൂക്കും ചീറ്റി മുഖം കഴുകി ഇറങ്ങി വിറയ്ക്കുന്ന കാൽവയ്പ്പുകളോടെ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ഉണ്ണിയും ഉണ്ടായിരുന്നു അവിടെ. ഒപ്പം ഒരു സ്ത്രീയും. കലങ്ങിയ കണ്ണുകളാൽ നോക്കിയത് കൊണ്ടാവും ആളെ പിടികിട്ടിയില്ല.
” എന്താണ് വിലാസിനിയമ്മേ? എത്ര സമയമായി ഞാൻ വന്നിട്ട്. ദാ, ഇവിടെ ഒപ്പ് ഇട്ടോളൂ.”
പോസ്റ്റുമാൻ പെൻഷൻ കാശ് കയ്യിൽ തന്നിട്ട് ഒപ്പിടാനുള്ള സ്ഥലം കാണിച്ചു തന്നു.
“ഉറങ്ങിപ്പോയി മോനേ. വയസ്സായില്ലേ. പലവിധ മരുന്നുകളും ഉള്ളതല്ലേ.”
ഇടറുന്ന ശബ്ദത്താൽ എങ്ങനെ ഒക്കെയോ അത്രയും പറഞ്ഞൊപ്പിച്ചു.
ഇത്തിരി വെള്ളം കുടിക്കാൻ കിട്ടിയെങ്കിൽ നല്ലതായിരുന്നു. പക്ഷെ ആരോടെങ്കിലും ചോദിക്കാൻ പേടി. ഈ നിൽക്കുന്ന സ്ത്രീയുടെ മുന്നിൽ വച്ച് ഗായത്രി എന്തെങ്കിലും പറഞ്ഞാൽ…
“അമ്മേ…”
ആ വിളി…
ശ്രീക്കുട്ടി…
വിലാസിനി കണ്ണുകൾ തിരുമ്മി ഉണ്ണിയുടെ അടുത്ത് നിൽക്കുന്ന സ്ത്രീയെ തന്നെ നോക്കി.
എന്‍റെ മോള്…ശ്രീക്കുട്ടി…
“എന്താ കുട്ടി ഇവിടെ?”
അവളോട് സ്നേഹത്തോടെ… അധികാരത്തോടെ സംസാരിക്കാൻ മറന്നിരിക്കുന്നു. അല്ലെങ്കിലും അതിനുള്ള അവകാശം നിഷേധിക്കപ്പെട്ടവൾ അല്ലേ താൻ. എങ്ങനെ സ്നേഹത്തോടെ വിളിക്കും?
“ഞാൻ അമ്മയെ കൊണ്ടു പോവാൻ വന്നതാണ്.”
അപ്പോഴേക്കും ഗായത്രി വിലാസിനിയുടെ വസ്ത്രങ്ങളും മരുന്നും എല്ലാമടങ്ങിയ പെട്ടിയുമായി മുറ്റത്തേക്ക് വന്നു. അത് അവിടെ വച്ചിട്ട് അവൾ അകത്തേക്ക് കയറി. ഇത് കണ്ട വിലാസിനി ഒന്നും മനസിലാവാതെ ഉണ്ണിയെയും ശ്രീക്കുട്ടിയെയും മാറി മാറി നോക്കി.
“അമ്മ ഇപ്പോൾ ചേച്ചിയുടെ ഒപ്പം ചെല്ല്. ഞാൻ ഊട്ടിയിൽ നിന്നും വന്നിട്ട് അമ്മയെ വിളിക്കാൻ വരാം. ഇനി എങ്കിലും അമ്മ ഇടക്ക് ചേച്ചിയെ സ്നേഹിക്ക്. അച്ഛൻ ഉണ്ടായിരുന്നപ്പോൾ കഴിയാത്തത് അല്ലേ… ”
ഉണ്ണി വിലാസിനിയുടെ മുഖത്ത് നോക്കാതെ പറയുമ്പോഴേക്കും ശ്രീക്കുട്ടി വിലാസിനിയുടെ പെട്ടി കയ്യിൽ എടുത്തിരുന്നു.
“ഇനി മേലാൽ അമ്മയെ അന്വേഷിച്ച് നീ അങ്ങോട്ടേയ്ക്ക് വന്നു പോവരുത്. ഉണ്ണിയുടെ അച്ഛൻ പോയതിൽ പിന്നെ അമ്മ അനുഭവിക്കുന്നത് ഞാൻ കേട്ടിരുന്നു. പക്ഷെ ഇന്ന് ഗായത്രി എന്നെ വിളിച്ചു പറഞ്ഞത് അതിരു വിട്ടു പോയി. സുമംഗലി ആയി മരിക്കാൻ സാധിച്ചില്ലെങ്കിൽ ഏതൊരു സ്ത്രീയുടെയും ഗതി ഇതു തന്നെ ആയിരിക്കും. നാഥനില്ലായ്മ എന്ന ശാപം ഇനിയും പേറി എന്‍റെ അമ്മ ജീവിക്കില്ല. അതായത് നിന്‍റെ ഒപ്പം ഇനി അമ്മ ജീവിക്കില്ല എന്ന്… ഞാൻ നോക്കും എന്‍റെ അമ്മയെ. എനിക്ക് ഭാരമല്ല എന്‍റെ അമ്മ.”
“ചേച്ചി…”
“എന്ത് ചേച്ചി? നീ എന്താ പറഞ്ഞത്? അച്ഛൻ നിഷേധിച്ച സ്നേഹം ഇനി എങ്കിലും എനിക്ക് തരാനോ? നിന്നെ പോറ്റി വളർത്തിയ അച്ഛനെയാണ് നീ പറഞ്ഞത്. എന്നെ പഠിപ്പിച്ചത് എല്ലാം ആ മനുഷ്യനാണ് ടാ. എന്നെ കെട്ടിച്ചു വിട്ടതും ആ മനുഷ്യൻ തന്നെയാണ്. പക്ഷെ നാട്ടുകാരുടെ മുന്നിൽ എന്നെ അംഗീകരിക്കാൻ മാത്രം അദ്ദേഹത്തിന് കഴിഞ്ഞില്ല. അമ്മയോടുള്ള സ്നേഹത്തിന്‍റെയും എന്നോടുള്ള കടമയുടെയും നാട്ടുകാരുടെ പരിഹാസത്തിന്‍റെ ഇടയിലും കുഴങ്ങിയ ആ മനുഷ്യനെയാണ് നീ ഈ പറഞ്ഞത്.”
ശ്രീക്കുട്ടി പറയുന്നത് കേട്ട് ഞെട്ടി നിൽക്കുകയായിരുന്നു വിലാസിനിയും ഉണ്ണിയും. ഗായത്രിയും ഇതെല്ലാം കേട്ട് അമ്പരന്ന് വാതിൽക്കൽ നിന്നു.
“ഇത്രയും കാലം കിട്ടാത്ത അമ്മയുടെ സ്നേഹം നിന്‍റെ ടൂറിന്‍റെ ഒരാഴ്ച പോര എനിക്ക്. അച്ഛന്‍റെ കരുതൽ അനുഭവിച്ചത് പോലെ അമ്മയുടെ സ്നേഹം ഇനിയുള്ള കാലം മുഴുവൻ എനിക്ക് അനുഭവിക്കണം. ഭാര്യയുടെ സാരിത്തുമ്പിൽ തൂങ്ങി നടക്കുന്ന നിന്‍റെ അടുത്തേയ്ക്ക് ഇനി നരകിക്കാനായിട്ട് ഞാൻ അമ്മയെ വിടില്ല. ”
ശ്രീക്കുട്ടി വിലാസിനിയുടെ കയ്യിൽ പിടിച്ചിട്ട് കാറിന്‍റെ അടുത്തേക്ക് നടന്നു.
” വാ അമ്മേ. ”
വിലാസിനി കാറിൽ കയറി ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ശ്രീക്കുട്ടിയുടെ ഫോണിൽ ഒരു മെസ്സേജ് വന്നു.
Mission Success…
ഉണ്ണിയുടെ മെസ്സേജ് കണ്ട ശ്രീക്കുട്ടിയുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി തെളിഞ്ഞു.
ഗായത്രിയുടെ നാവിൽ നിന്നും വീണ വാക്കുകളിൽ നിന്നും ഉണ്ണി ഉറപ്പിച്ചു ഇനി അമ്മയ്ക്ക് അവൾ സ്വസ്ഥത നൽകില്ലായെന്ന്. മരണക്കിടക്കയിൽ അച്ഛൻ പറഞ്ഞത് അനുസരിച്ചിട്ട് ശ്രീക്കുട്ടിയെ വിളിച്ച് അവൻ എല്ലാം പറഞ്ഞതും ഒരു നിമിഷം കളയാതെ അമ്മയെ കൂട്ടാനായി അവൾ എത്തി. വരുന്ന വഴി കാറിൽ ഇരുന്ന് പ്ലാൻ ചെയ്ത പ്രകാരം എല്ലാം തുറന്നു പറഞ്ഞ് അമ്മയെ കൂട്ടി ഇറങ്ങുമ്പോൾ അറിയാമായിരുന്നു ഉണ്ണിയുടെ അച്ഛന്‍റെ രഹസ്യവും വാർദ്ധക്യത്തിലെ കൂടുമാറ്റവും അമ്മയെ തളർത്തുമെന്ന്.
കാറിൽ പുറത്തെ കാഴ്ചകൾ നോക്കി ഇരിക്കുന്ന വിലാസിനിയെ ശ്രീക്കുട്ടി നോക്കി. ശ്രീക്കുട്ടി അമ്മയുടെ ചുളിവ് വീണ കൈകൾ എടുത്ത് തന്‍റെ നെഞ്ചോട് ചേർക്കുമ്പോൾ മണ്ണിനടിയില്‍ മഴ കാത്ത് കിടക്കുന്ന വിത്തിനെ പോലെ താന്‍ കൊതിച്ച ഈ സ്നേഹസ്പര്‍ശം ഇനിയെന്നും കൂടെയുണ്ടാവണേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു ഗായത്രി.
#എന്‍റെ രചന #മണ്ണിടിയില്‍ മഴ കാത്ത് കിടക്കുന്ന വിത്തുകളെ പോലെ ചിലര്‍


3 Comments
നല്ല കഥ, നല്ലെഴുത്ത്.👍❤
ഹൃദ്യം രചന👍❤️
ഇഷ്ട്ടായി ഈ എഴുത്ത് 👍