പാതി വെന്ത ഹൃദയം വാനിറ്റി ബാഗു പോലെ ചുമന്നാണ് ജെസി അന്ന് ഓഫീസിലെത്തിയത്.
സിബ് തുറന്ന് ബാഗിൽ നിന്നും താക്കോലെടുത്തു നൽകുമ്പോൾ വാച്ച്മാൻ രാവുണ്ണി ജെസിയെ നോക്കി പുഞ്ചിരിച്ചു. ജെസി ചിരിച്ചില്ല. ചിരി സ്വാഭാവികമായ വികാരമാണെന്നും അത് മറന്നു പോയെന്നും ഓർത്താൽ വ്യസനം വരും. പകരം ഇന്നലെകളിലേക്ക് തിരിഞ്ഞ് മറ്റൊന്നാണ് പറഞ്ഞത്.
“ചേട്ടൻ പറഞ്ഞതോർമ്മയുണ്ട്. ഞങ്ങൾ നോക്കിയെങ്കിലും അയാളുടെ നമ്പർ കിട്ടിയില്ല. ഹെഡോഫീസിലുണ്ടോന്ന് നോക്കാം. എന്താണയാളുടെ പേര്…?”
“വത്സൻ..” കുനിഞ്ഞ് താഴിൻ്റെ പഴുതിലൂടെ താക്കോലിടുന്നതിനിടെ രാവുണ്ണിയുടെ ശബ്ദമിടറി .
“എന്തായാലും അയാളെ കിട്ടാതെ നിവൃത്തിയില്ല. ഇതു പൊക്കി എൻ്റെ കയ്യുടെ ഓരം പോയി.”
രാവിലെ ഷട്ടറു പൊക്കാൻ രാവുണ്ണിയെ സഹായിക്കുന്നത് ജെസിയാണ്. ആ സ്നേഹം ചേട്ടന് ജെസിയോടുമുണ്ട്. മനസിനകത്തെ രാവിലെയുള്ള വേലിയേറ്റത്തെ ശമിപ്പിക്കാൻ വിജയേട്ടൻ്റെ കടുപ്പത്തിലുള്ള ചായക്കാവുമെന്ന് ജെസിയെ പഠിപ്പിച്ചത് രാവുണ്ണിയാണ്. ഇന്നതൊരു ശീലമായി മാറി.
ഓഫീസിലേക്ക് കയറിയാൽ രാവുണ്ണിക്ക് ചെയ്യാൻ ചില പണികളുണ്ട്. ജനലുകൾ തുറക്കണം. ലൈറ്റും ഫാനും ഇടണം.
ജനറേറ്റർ പുറത്തിറക്കി വക്കണം. മാനേജർ ജെസിക്ക് ചായ കൊണ്ടുവരണം. ഇതെല്ലാം അയാൾ എന്നും ചെയ്യുന്ന പണികളാണ്. ആരുടേയും ആജ്ഞക്കനുസരിച്ച് ചെയ്തു പോരുന്നതൊന്നുമല്ല. ഈ ഓഫീസ് തുടങ്ങിയ കാലം മുതൽ ആരൊക്കെയോ ചെയ്തു പോരുന്നത് തുടരുന്നു എന്നു മാത്രം. പക്ഷേ, അലിവുള്ള ഒരു ഹൃദയമുണ്ടെങ്കിൽ ഹൃദയം ഹൃദയത്തെ തൊടുമെന്ന് കേട്ടിട്ടുണ്ട്. ജെസി തൻ്റെ മൺമറഞ്ഞ പിതാവിനെ പോലെ രാവുണ്ണിയെ കാണാൻ തുടങ്ങിയത് അതുകൊണ്ടാണ്. മേശക്കഭിമുഖമായി നിന്ന രാവുണ്ണിക്കു മുന്നിൽ വെന്തുരുകിയ ഹൃദയത്തെ ജെസി ഇറക്കി വച്ചു.
“രാവുണ്ണിയേട്ടൻ എനിക്ക് മൂവ്വായിരം രൂപ രാവിലെ തന്നെ തരപ്പെടുത്തി തരണം. ഇവിടെയുള്ളവരോട് ചോദിക്കേണ്ടെന്ന് വച്ചാണ്. പത്തുപൈസ വാങ്ങിയാൽ അവർ പിന്നെ തലയിൽ കയറും. മോളുടെ അഡ്മിഷന് ലാസറേട്ടൻ്റെ കയ്യീന്ന് മൂന്ന് ലക്ഷം രൂപ പലിശക്കാ വാങ്ങിയത്. ഇന്നാ പലിശ കൊടുക്കേണ്ട ഡേറ്റ്. ലാസറേട്ടൻ രാവിലെ തന്നെ വരും. പത്തിൻ്റെ കാശ് എൻ്റെ കയ്യിലില്ല. രാവിലെ ഇതും പറഞ്ഞാ വഴക്കുണ്ടായത്..!’’
ലാസറേട്ടനെ കുറിച്ചോർത്തപ്പോൾ ജെസ്സി പലതുമോർത്തു പോയി.
“ഇന്നും വഴക്കുണ്ടായോ..?” ആ ചോദ്യത്തിൽ എല്ലാം ഉണ്ട്. ഇന്നലേയും മിനിഞ്ഞാന്നും അതിൻ്റെ പിറ്റേന്നും ഉണ്ടായി. ഇന്നും ഉണ്ടായോ എന്നു ചോദിക്കും പോലെ.
“ഇല്ലാണ്ടാ..”
“അപ്പൊ അറപ്പും മാറീട്ടില്ല.?” അറപ്പ് നേരത്തേ തുടങ്ങിയതാണെന്നറിയാം.
“ ചേട്ടനെന്താ. എൻ്റെ മുറീലേക്ക് കാലെടുത്ത് വച്ചിട്ട് വർഷം രണ്ട് കഴിഞ്ഞു.!”
“കഷ്ടം..!!” രാവുണ്ണി ചായ വാങ്ങാനായി തിരിഞ്ഞു.
എകൗണ്ടൻ്റ് സരസമ്മയും ക്ലാർക്കുമാരായ നിഷയും പ്രസീതയും ഷാജനും ഗ്ലാസ് വാതില് തുറന്നു വന്നു. അവർ ഡൈനിംഗ് ഹാളിലേ ക്ക് പോയി. നിഷയും പ്രസീതയും ജെസിയെ നോക്കി പുഞ്ചിരിച്ചു.
നന്നേ ചെറിയ മുറിയാണ് ഡൈനിംഗ് ഹാൾ. പ്രസീത ബാഗ് തുറന്ന് കണ്ണാടിയും ചീപ്പു മെടുത്തു. നിഷ ലിപ്സ്റ്റിക്കും. സരസമ്മ ഉലഞ്ഞ സാരിയുടെ ഞൊറി നേരെയാക്കി. പ്രസീത സരസമ്മയോട് പറഞ്ഞു.
“എന്തു മാത്രം മുടിയുണ്ടായിരുന്നതാ. എല്ലാം പോയി.”
“മുടി വച്ചൂടെ..?” നിഷ ചോദിച്ചു.
“ഞാനത് അന്വേഷിച്ചു. പത്ത് പതിനഞ്ച് രൂപ വേണം.”
“ഒന്ന് കെയർ ചെയ്താൽ മതി. കുളിക്കുമ്പോഴെല്ലാം. എല്ലാവരും ഇതാ ചെയ്യുന്നത്.” നിഷക്കെല്ലാം അറിയാം.
“ജെസി മാഡത്തെ നോക്ക്യേ. അവർക്കിതിലൊന്നും ഒരു ശ്രദ്ധയില്ല.
പറയുമ്പൊ നമ്മേക്കാളൊക്കെ സുന്ദരി അവരാ. പക്ഷേ, അതുപോലെയൊന്നുമല്ല നടപ്പ്.” പ്രസീത തനി നാട്ടുമ്പുറത്തുകാരിയാണ്. എന്നും സീരിയലു കാണുന്നവൾ. ജോലി കഴിഞ്ഞു വന്നാൽ അടുത്ത വീടുകളിൽ പോയി മറ്റുള്ളവരുടെ കുറ്റവും കുറവും പറയുന്നവൾ.
സരസമ്മ ഇടയിൽ കയറി.
“എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നു. അയാളുമായി നല്ല ചേർച്ചയിലല്ല എന്നാ കേട്ടത്. എല്ലാം ആ കിളവനറിയാം. അയാളൊട്ട് പറയൂല്ല്യ.”
“ദേ..കിളവൻ ചായയുമായി വന്നൂലോ..”പ്രസീത ഗ്ലാസ് വിൻ്റോയിലൂടെ രാവുണ്ണി വരുന്നത് കണ്ടു.
“അവര് നല്ല കൂട്ടാ..” നിഷ ബാത്ത് റൂമിലേക്ക് കയറുന്നതിനിടെ പറഞ്ഞു.
“എന്ത് കൂട്ട്…?”പ്രസീത വിടുന്നില്ല. അവർക്കെല്ലാം അറിയണം. അറിഞ്ഞാൽ മാത്രം പോരാ. അറിഞ്ഞതിനെ അവരുടെ ഭാഷ്യത്തോടെ ചേർത്തു വിളക്കണം.
“ അച്ഛനും മോളും.” സരസമ്മയാണ് പറഞ്ഞത്. സരസമ്മക്ക് കുറച്ചൊക്കെ അവരെക്കുറിച്ച് അറിയാം.
“ഉവ്വ..! ഒരച്ഛനും മോളും..!”
പ്രസീതക്കതിഷ്ടായില്ല. ആരും പരസ്പരം സ്നേഹിക്കുന്നതും അവർക്കിഷ്ടമല്ല. നിഷ ബാത്ത്റൂമിൽ നിന്നുമിറങ്ങി വന്നു.
“എനിക്കിന്ന് കുറച്ച് നേരത്തേ പോണം. മാഡത്തോട് പറയട്ടെ.”
കുപ്പി തുറന്ന് ഒരു കവിൾ വെള്ളം കുടിച്ച് നിഷ ജെസിയുടെ അടുത്തേക്ക് നടന്നു. പ്രസീത സരസമ്മയെ അർത്ഥം വച്ച് നോക്കി. സരസമ്മ ഒന്നമർത്തി മൂളി.
ഷാജൻ കമ്പ്യൂട്ടർ ഓണാക്കി കഴിഞ്ഞിരുന്നു. എന്നും വരുന്ന ലോട്ടറി വിൽപനക്കാരൻ മജീദ് ഷാജന് മുന്നിലുണ്ട്. ഷാജനു നേരെ അയാൾ കയ്യിലിരുന്ന ലോട്ടറി മുഴുവൻ നീട്ടി.
“ഇന്നലെ ഒരക്കത്തിനാണ് പോയത്.” ഷാജൻ പറഞ്ഞു. “അഞ്ഞൂറ്റി എട്ടിനു പകരം അഞ്ഞൂറ്റി ഏഴായിരുന്നു ഞാനെടുത്തത്. ആ വിഷമം ഇതുവരെ മാറീട്ടില്ല.”
ഷാജൻ്റെ വാക്കുകൾ ജെസി കേട്ടു. കൈപ്പിടിയിൽ നിന്നും ഭാഗ്യം വഴുതി പോയവരുടെ വിഷമം അനുഭവസ്ഥർക്കല്ലേ അറിയൂ. എന്നിട്ടും മൂന്നാലു ടിക്കറ്റുകൾ ഷാജൻ എടുത്തു. അതൊക്കെ കണ്ടു നിന്ന രാവുണ്ണി ജെസിയോടു പറഞ്ഞു.
“ചെക്കൻ്റെ കാശെല്ലാം ഇങ്ങനെയാണ് പോണത്.’’ ഒഴിഞ്ഞ ചായഗ്ലാസെടുത്ത് അയാൾ തിരിഞ്ഞു. “ലാസറെത്തുന്നതിന് മുൻപ് വരാം. ഒന്നും ഒത്തില്ലെങ്കിൽ ഇതങ്ങു വക്കാം.” തിരിഞ്ഞു നിന്ന് മോതിര വിരലുയർത്തി ജെസിയെ സമാധാനിപ്പിച്ച ശേഷം രാവുണ്ണി വീണ്ടും നടന്നു.
“ചേച്ചീ..” നിഷ ജെസിയുടെ അടുത്തെത്തി. സരസമ്മയും പ്രസീതയും അവരുടെ ഇരിപ്പിടങ്ങളിൽ വന്നിരുന്നു. പ്രസീത ക്യാബിനുള്ളിലെ കൃഷ്ണൻ്റെ ചിത്രത്തിനു മുന്നിൽ ചന്ദനതിരി തെളിച്ച് തൊഴുതു.
“എനിക്കിന്ന് അല്പം നേരത്തേ പോണം. ചേട്ടൻ്റെ ഫ്രണ്ടിൻ്റെ കുട്ടിയുടെ പിറന്നാളാണ്. അഞ്ചു മണിക്കാണ് കേക്ക് മുറിക്കാനുള്ള മുഹൂർത്തം കിട്ടിയിട്ടുള്ളത്.” നിഷ പറഞ്ഞു.
ജെസി അവിശ്വസനീയതയോടെ നിഷയെ നോക്കി. “കേക്ക് മുറിക്കാനും മുഹൂർത്തമോ..?” ജെസി ചോദിച്ചു പോയി. “ഉവ്വ് ചേച്ചി. ഇപ്പൊ ഇങ്ങനെയൊക്കെയുണ്ട്.” പുതിയ മാറ്റത്തെ നിഷ ജെസിക്ക് പരിചയപ്പെടുത്തി. “സരസമ്മേ.. ഇതു കേട്ടോ..?” ജെസിക്ക് പുതിയ മാറ്റത്തെ ഉൾക്കൊള്ളുവാൻ പ്രയാസമായി.
“എന്താ ജെസി?”സരസമ്മ ജെസിയുടെ നേരെ തിരിഞ്ഞു.
“ നിഷ പറയുന്നത് കേട്ടോ…?”
“എന്താ…?”
“പിറന്നാളാഘോഷത്തിന് കേക്ക് മുറിക്കുന്നതിനൊക്കെ മുഹുർത്തം നോക്കി തുടങ്ങിയെന്ന്…”
“ജെസിക്കറിയാഞ്ഞിട്ടാ. ഇതൊക്കെ ഇപ്പൊ പതിവാ.”സരസമ്മ അതത്ര കാര്യമാക്കിയില്ല. ഭാണ്ഡക്കെട്ടുമായി ഒരാൾ അകത്തേക്ക് കയറുന്നത് കണ്ട് അവർ സംസാരം നിറുത്തി.
അയാൾ കെട്ട് താഴെ ഇറക്കി വച്ച് ജെസിയോട് ചോദിച്ചു. “ആരാ മാനേജർ..?”
“പറഞ്ഞോളൂ..” ജെസി പറഞ്ഞു.
“ ബെഡ് ഷീറ്റ് കൊണ്ടുവന്നിട്ടുണ്ട്. കിങ് സൈസ്. ഓഫർ പാക്കാണ്. ഒന്നു കാണിച്ചോട്ടെ.”
ജെസി സരസമ്മയെ നോക്കി. അവർ പ്രസീതയെ വിളിച്ച് “ദേ ബെഡ് ഷീറ്റ് വന്നിട്ടുണ്ടെന്ന്..” പറയുന്നത് കണ്ടു.
ജെസി അയാളോട് അവർക്കരികിലേക്ക് പോയ്ക്കോളാൻ പറഞ്ഞു. അയാളുടെ ചിരിച്ചുകൊണ്ടുള്ള വള്ളുവനാടൻ സംസാര ശൈലി ആർക്കും ഇഷ്ടപ്പെടും. അങ്ങേയറ്റം ഭവ്യതയോടെ പുഞ്ചിരിച്ചു നിൽക്കുന്ന ഒരാളോട് എങ്ങനെ വേണ്ടെന്ന് പറയും. അയാൾ ജെസിയെ താണു വണങ്ങി അവർക്കരികിലേക്ക് നടന്നു. കൗണ്ടറിനു പുറകിൽ നാലു പേരും നിരയായി നിൽക്കുന്നുണ്ട്. ഇവിടെ ഇത് സർവ്വ സാധാരണമാണ്. ഇവരിവിടേക്ക് ഉടുത്തൊരുങ്ങി വരുന്നതു തന്നെ ഇതൊക്കെ മനസിൽ കണ്ടാണെന്ന് തോന്നും. ജെസി അവരിൽ നിന്നും മുഖം തിരിച്ചു.
“ ചെറ്റിശേരിയിൽ ആരെങ്കിലും പോയവരുണ്ടോ…?” അയാൾ പരിചയപ്പെടാനെന്നോണം ചോദിച്ചു.
“ഞാൻ പേയിട്ടുണ്ട്.” ഷാജൻ പറഞ്ഞു.
“ചെറ്റിശ്ശേരിയിലെ സാരിയും മുണ്ടും പ്രശസ്തമാണ്. അതുപോലെ തന്നെയാണ് ബെഡ് ഷീറ്റും. ഡബ്ബിൾ കോട്ട് കട്ടില് രണ്ടെണ്ണം ഒന്നിച്ചിട്ടാൽ വിരിക്കാൻ പാകത്തിനുള്ള കിങ് സൈസ് ഷീറ്റാണ് കൊണ്ടുവന്നിട്ടുള്ളത്. അത് ഓഫർ പാക്കാണ്. രണ്ടെണ്ണം ഒന്നിച്ചെടുക്കണം. അഞ്ഞൂറ് രൂപയേ ഉള്ളൂ.” അയാൾ കച്ചവടതന്ത്രം ആദ്യം വെളിപ്പെടുത്തി.
“ശരി. കാണട്ടെ.” സരസമ്മ പറഞ്ഞു.
“എല്ലാവരും വിവാഹിതരാണല്ലോ അല്ലേ..?” രഹസ്യം ചോദിക്കും മട്ടിൽ അയാൾ പതിയെ ചോദിച്ചു.
“അതേ…”പ്രസീതയും നിഷയും ചേർന്ന് വള്ളുവനാടൻ ശൈലിയിൽ തന്നെ നീട്ടിയാണ് അതിന് മറുപടി പറഞ്ഞത്. അതുകേട്ട് അയാൾ ചിരിച്ചു. കൂടെ അവരും. “അങ്ങനെയെങ്കിൽ രണ്ടെണ്ണം വീതം എടുക്കാം.” അതും പറഞ്ഞ് കൊണ്ടുവന്ന വലിയ ഭാണ്ഡക്കെട്ട് അയാൾ അഴിക്കാൻ തുടങ്ങി.
ചിലങ്ക കിലുങ്ങും പോലെയാണ് രണ്ടു പേരുടേയും ചിരിയും വർത്തമാനവുമെന്ന് മുൻപും ജെസിക്ക് തോന്നിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് രണ്ടു പേരുടേയും വിവാഹം കഴിഞ്ഞതെന്നേ തോന്നൂ. ഭർത്താക്കൻമാരെ പറ്റി പറയുന്നത് കേട്ടാൽ ഇവറ്റകൾക്കൊരു നാണവും മാനവുമില്ലേന്ന് തോന്നി പോകും. പലപ്പോഴും ചൂളി പോകുന്നത് താനാണ്.
“ഒന്നു വരാമോ …” അയാൾ ഷാജനെ നോക്കി കൊണ്ട് പറഞ്ഞു. “ഒരാൾ കൂടി പിടിച്ചാലേ നേരാം വണ്ണം കാണാൻ പറ്റൂ.”
രണ്ടു പേരും ചേർന്ന് ബെഡ്ഷീറ്റ് വിടർത്തി പിടിച്ചു. “കണ്ടോ രണ്ട് ഡബിൾ കോട്ട് കട്ടിലിനെ പൂർണ്ണമായും കവർ ചെയ്യും.” അയാൾ പറഞ്ഞു.
“സ്കൈ ബ്ലൂ ഉണ്ടോ.. മനു ചേട്ടന് ആ കളർ നല്ല ഇഷ്ടമാണ്.”പ്രസീത ചോദിച്ചു.
“വയലറ്റ് ഉണ്ടോ. ചേട്ടന് വയലറ്റാണ് ഇഷ്ടം..” നിഷയും തൻ്റെ സെലക്ഷൻ അറിയിച്ചു. “സ്നേഹം കൂടുമ്പൊ എന്നെ വയലറ്റെന്നാ ചേട്ടൻ വിളിക്ക..” നിഷ ശബ്ദം താഴ്ത്തി പ്രസീതയോട് പറഞ്ഞു.
“എപ്പഴാ സ്നേഹം കൂടാ…?”പ്രസീത നിഷയോട് കുസൃതി ചോദ്യമെറിഞ്ഞു. ആ ചോദ്യത്തിന് കൂടുതൽ രഹസ്യ സ്വഭാവം ഉള്ളതുകൊണ്ടാവാം അവരുടെ ചിരി മറ്റാരും കേട്ടില്ല.
“വയലറ്റും സ്കൈ ബ്ലൂവുമെല്ലാം ഉണ്ട്..” അയാൾ ഭാണ്ഡക്കെട്ട് തിരയാൻ തുടങ്ങി. ഇളം വയലറ്റിൽ വെളുത്ത പൂക്കൾ പ്രിൻ്റ് ചെയ്തതും, സ്കൈ ബ്ലൂവിൽ ദീർഘചതുരത്തിൽ ഡിസൈൻ ചെയ്ത മറ്റൊന്നും അയാൾ പുറത്തെടുത്ത് ഷാജനെക്കൊണ്ട് നിവർത്തി കാണിച്ചു. “ഇഷ്ടപ്പെട്ടോ…?” ചെറുപുഞ്ചിരിയോടെ അയാൾ അവരോട് ചോദിച്ചു. രണ്ടു പേർക്കും അതിഷ്ടപ്പെട്ടു. അതിനിടയിൽ ഷാജനും, സരസമ്മയും ഓരോന്ന് വാങ്ങി. രണ്ട് കസ്റ്റമറും കൂടി വാങ്ങിയപ്പോൾ അയാൾക്ക് ആറെണ്ണത്തിൻ്റെ വില്പന കിട്ടി. സരസമ്മ ജെസിയോട് പറഞ്ഞു.
“ജെസി. ഇനി നീ മാത്രേ വാങ്ങാനുള്ളൂ. ബെഡ് ഷീറ്റല്ലേ. തോമാസ് വഴക്കൊന്നും പറയില്ല..”
“അതെ. മഴക്കാലമൊക്കെയല്ലേ. കണ്ടറിഞ്ഞ് ഭാര്യ വാങ്ങിയതിൽ ഭർത്താവിന് മതിപ്പേ ഉണ്ടാകൂ… അല്ലേ നിഷേ…?” പ്രസീത അതേറ്റു പിടിച്ചു. തവിട്ടു നിറത്തിലുള്ള ഒരെണ്ണമെടുത്ത് ഷാജൻ ജെസിയുടെ മേശക്കു മുൻപിൽ കൊണ്ടു വരികയും ചെയ്തു. ഷാജൻ പറഞ്ഞു.
“ഇതു നല്ലതാണ് മാഡം. ഈ ഡിസൈനും നല്ലതാണ്.” അത് കാണാനായി മൂന്നു പേരും മേശക്കു ചുറ്റും വന്നു. അവരുടെ പിന്നിൽ വശ്യമാർന്ന ചിരിയോടെ അയാളും.
ഇങ്ങനെയൊരു സാഹചര്യം ജെസി തീരെ പ്രതീക്ഷിച്ചില്ല. ഷാജനങ്ങനെ ചെയ്യുമെന്ന് മറ്റുള്ളവരും കരുതിയില്ല.
നിഷ ബെഡ്ഷീറ്റെടുത്ത് മറിച്ചു നോക്കിക്കൊണ്ട് ജെസിയോട് ചോദിച്ചു. “തോമാസേട്ടന് എത് കളറാണിഷ്ടം?”
“ ഏ…” ജെസി കേൾക്കാത്തതുപോലെ അഭിനയിച്ചു. പിന്നെ നിഷയെ നോക്കി മുഖത്തൊരു ചിരി വരുത്തി. “എനിക്കൊന്നും വേണ്ട ഷാജാ..” നിഷയുടെ ചോദ്യത്തിന് മറുപടി പറയാതെ മനപൂർവ്വം ഒഴിഞ്ഞു മാറി. എന്നാൽ പ്രസീത വിട്ടില്ല. “ഇത് പറ.. തോമാസേട്ടന് ഏത് കളറാ ഇഷ്ടം..?”
“അങ്ങ് പറയ് ജെസി..’’ സരസമ്മയും ഏറ്റുപിടിച്ചതോടെ ഇനി രക്ഷയില്ലെന്നായി.
“ബ്ലാക്ക് ..!” ഒടുവിൽ ജെസി പറഞ്ഞു.
അതവർക്ക് പിടിച്ചില്ല. “അത് തോമാസേട്ടൻ്റെ ചോയ്സാകില്ല. മാഡത്തിൻ്റേതാകും..!” അവർ തിരിച്ചു നടന്നു. കുത്താമ്പുള്ളിക്കാരൻ ചെറുചിരിയോടെ മേശപ്പുറത്തുനിന്നും ബെഡ് ഷീറ്റെടുത്തു. അയാൾ ക്ഷമാപണത്തോടെ പറഞ്ഞു.
“ഒരാൾകൂടി വരികയാണെങ്കിൽ നിങ്ങൾക്ക് രണ്ട് പേർക്കും ചേർന്ന് എടുക്കാം. മുറിച്ച് തരാം. അപ്പോൾ ഇരുനൂറ്റമ്പത് രൂപേ ആകുള്ളൂ..”
“വേണ്ട. വീട്ടിൽ ധാരാളമുണ്ട്. അത് കൊണ്ടാണ്..” ജെസി ആളെ ധരിപ്പിച്ചു. രണ്ട് മുറികളിലാണ് രണ്ട് കട്ടിലുകളുള്ളതെന്ന് ഇയാളെ എങ്ങനെ പറഞ്ഞു മനസിലാക്കും? തോമാസിന് ഇഷ്ടമുള്ള കളറേതാണെന്ന് സത്യമായിട്ടും ഇപ്പോഴെനിക്ക് അറിയില്ല. ബ്ലാക്ക് എൻ്റെ പ്രിയപ്പെട്ട നിറമാണ്.
ചിറ്റിശ്ശേരിക്കാരൻ ഭാണ്ഡക്കെട്ടുമായി പോകുന്നതിനു മുൻപ് ഒന്നുകൂടി ജെസിയെ നോക്കി ചിരിച്ചു. നല്ല കച്ചവടം നടക്കാൻ നിമിത്തമായത് ജെസിയാണല്ലോ. ആരുടേയോ ചുമ പുറത്തു കേട്ടു. നല്ല പരിചയമുള്ള ശബ്ദം. ജെസ്സി ഓർത്തു. അത് പലിശക്കാരൻ ലാസറേട്ടനല്ലേ? എഴുന്നേറ്റ് ചെന്ന് നോക്കി. ഇല്ല.. ആരുമില്ല. തോന്നിയതായിരിക്കും. അയാളുടെ വരവ് ഓർത്തിരുത്താൽ പിന്നെ ആരെ കണ്ടാലും അയാളാണന്നേതോന്നൂ. ഇതിനിടക്കല്ലേ ബെഡ് ഷീറ്റും കിങ്ങ്സൈസും വയലറ്റ് പൂക്കളും…!
അമിതമായി ഇരയെ വിഴുങ്ങിയ പാമ്പ് ഇരയുടെ ശരീരശകലങ്ങളെ വായിലൂടെ പുറത്തേക്ക് തള്ളും പോലെ, ജെസ്സിയുടെ അടിവയറ്റിൽ നിന്നും പുറപ്പെട്ട ഒരു നെടുവീർപ്പ് ഉയർന്നുയർന്ന് അന്നനാളവും കടന്ന് വായിലൂടെ പുറത്ത് വന്ന് ‘ഹാവൂ രക്ഷപ്പെട്ടു’ എന്ന് ജെസിയെ നോക്കി പറയുകയും ചെയ്തു.
ലാസറേട്ടൻ്റെ വരവും പ്രതീക്ഷിച്ച് ജെസി കസേരയിലേക്ക് തന്നെ മടങ്ങി.
ബിജു
മേലു പുരത്ത്
വെള്ളാംകല്ലൂർ പി.ഒ
തൃശൂർ ജില്ല
പിൻ. 680662
ഫോൺ: 9497248510
ഇമെയിൽ: bijumelupurath1973@gmail.com


5 Comments
നല്ല കഥ 👍
നന്നായി എഴുതി. ജെസ്സിയെപ്പോലെ എത്രയോ പേർ. ലാസറേട്ടനെ പ്രതിരോധിക്കാൻ അവൾക്കൊരു ജോലിയെങ്കിലുമുണ്ടല്ലോ? അതുപോലുമില്ലാതെ ഭാരം താങ്ങി പറക്കുന്ന എത്രയോ പേർ..
Thanks shiju
നല്ല കഥ👌🌹
Thanks…