അലസമായി ഒരൊന്നൊർത്ത് കിടക്കുമ്പോൾ ജനാലയിലെ വെള്ള ലിനെൻ കർട്ടനുകൾ പറത്തികൊണ്ടെന്റെ അനുവാദത്തിനു കാത്തു നിൽക്കാതെ മുറിയിലേക്ക് കടന്നുവന്ന കാറ്റുമെന്റെ അലസതയുടെ ആക്കം കൂട്ടി. നഗരത്തിന്റെ തിരക്കുകൾ വിളിച്ചോതി വാഹനങ്ങളുടെ ഒച്ചയും ഹോണും ഇടയ്ക്കിടെ കേട്ടുക്കൊണ്ടിരുന്നു.
കടലിനടുത്തുള്ള റൂമായത് കൊണ്ട് നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്..
ഇന്നത്തെ ദിവസം അലസത നിറഞ്ഞതായതുകൊണ്ടാവാം ഞാൻ പതിവ് നടത്തവും ഒഴിവാക്കി.
ഇവിടെ തണുപ്പ് തുടങ്ങിയതിൽ പിന്നെ എനിക്ക് നടത്തം ഒരു ഹരമാണ്. കഫ്റ്റീരിയ നടത്തുന്ന സേവിയറേട്ടന്റെ കൈയ്യിൽ നിന്നൊരു ചായയും വാങ്ങി കോർണിഷ് സൈഡിലെക്കൊരു നടത്തം, പിന്നെ പാർക്കിലെ ആളൊഴിഞ്ഞ ഒരു ബെഞ്ചിൽ ഇടം പിടിച്ച് വെറുതെ കടലിലേക്ക് നോക്കി തണുത്ത കാറ്റും കൊണ്ടിരിക്കും…ഓരോ നേരവും ഓരോ ഭ്രാന്തുകൾ!!
നേരെ മുന്നിലെ ഷെൽഫിലെ റാക്കിൽ നിരത്തി വച്ച പ്രിയപുസ്തകങ്ങളിലൂടെ കണ്ണുകൾ പാഞ്ഞു.ചിലപ്പോഴെങ്കിലും ഈ മടുപ്പിക്കുന്ന എകാന്തതയിൽ നിന്നുള്ള മോചനമാണെനിക്ക് ന്റെ പുസ്‌തകങ്ങൾ.അതിലെ ഒരൊ വരികളും എന്നോട് സംസാരിക്കും. ഞാൻ കാണാത്ത കേൾക്കാത്ത അറിയാത്ത ലോകത്തിലേക്കെന്നെ കൈപിടിച്ച് നടത്തിക്കും.
ഏകാന്തതയെ പ്രണയിച്ചു ജീവിക്കുമ്പോ ഇടയ്ക്കൊക്കെ ഒരു മടി പിടിക്കാറുണ്ട്. ആ നേരങ്ങളിൽ അലസമായി കിടക്കാറാണ് കൂടുതലും കൂട്ടിന് എന്നും കേൾക്കാറുള്ള ഗസലുകളും …
“മടിയേറാൻ സഹായിക്കുന്ന പോലെ ചില ഗസലുകൾ..”
ചിലപ്പൊഴൊക്കെ ഇവിടെ നിന്നോടി പൊകാൻ തൊന്നിയിട്ടുണ്ട്.. ഈ തിരക്കും മടുപ്പിക്കുന്ന ഏകാന്തതയും ഇടയ്ക്കിടെ എന്നെ അസ്വസ്‌ഥമാക്കാറുണ്ട്.
വീടും അമ്പലവും അമ്മയുടെ മണവും അച്ഛന്റെ ശാസനയും അമ്മമ്മയുടെ കഥകളും ഒക്കെ ഈ തിരക്കുകൾ കാരണം എവിടെയോ എനിക്ക് നഷ്ടപെട്ടു. അതൊക്കെ ഓർക്കുമ്പോഴാണ് ഓടി അവരുടെ അടുക്കലേക്കു പോകണം എന്ന് തോന്നാറ്.
“ഓർമ്മകൾ കൊത്തിവലിക്കുന്നത് കൊണ്ടാവാം ഞാൻ അവർക്കാർക്കും പിടികൊടുക്കാതെ ഇന്നും ഇങ്ങനെ ഒറ്റയ്ക്ക്..”
“ഓർമ്മകളെ സ്വാഗതം കണ്ണുനീർ കാത്തു നിൽക്കുന്നു…”
പ്രിയപ്പെട്ട ദേവാ,
പൊയ്പോയ കാലത്തിന്റെ ചുവരുകളിൽ
നീ കോറിയിട്ട കവിതകൾ വായിച്ചെന്റെ
ഹൃദയം വരണ്ടിരിക്കുന്നു,മനസ്സിന്റെ ഭാരത്താൽ, വേദനയാൽ, നിന്നോടുള്ള പ്രണയത്താൽ, മോഹത്താൽ രക്തം വറ്റി വിണ്ടുകീറിയ ഹൃദയത്തിൽ നിന്റെ കവിതകൾ
വീണ്ടും മുറിവുകൾ തീർത്തു രസിക്കുന്നു…
എന്തൊക്കെയോ ഡയറിയിൽ കുത്തിക്കുറിച്ച് ഞാൻ വീണ്ടും കണ്ണുകൾ ഇറുകിയടച്ച് കിടക്കയിലേക്ക് അമർന്നു കിടന്നു.
ഒരു സിനിമ കണക്കെ നോവുന്ന ഓർമ്മകൾ എന്റെ കണ്ണിൻ മുന്നിൽ നിറഞ്ഞു നിന്നു.
ദേവൻ – അതൊരു സ്വപ്നമായിരുന്നോ..?
എഴുതാൻ കൊതിച്ച കവിതയായിരുന്നോ,
പറയാതെ പോയ പ്രണയത്തിന്റെ നോവായിരുന്നോ അറിയില്ല…
യക്ഷിയമ്മയും ഗന്ധർവ്വനും നാഗത്താനും വാഴുന്ന പഴയകോവിലകത്തിന്റെ നാലുചുവരുകൾക്കുള്ളിൽ നിന്നെന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച, സ്വർണ്ണകൂട്ടിൽ നിന്നുമാ സ്വപ്നച്ചിറകിലേറി പറക്കാൻ പഠിപ്പിച്ച “എന്റെ പ്രണയം”.
എന്റെ പ്രണയസംഗീതത്തിലെ രാഗമായിരുന്നു അവൻ “ന്റെ ദേവൻ”
വിറയാർന്ന ചുണ്ടുകളോടെ വായിച്ചു തുടങ്ങി ന്റെ ഉള്ളിൽ ഞാൻ കോറിയിട്ട എന്റെ പ്രണയ കവിതകൾ. ആ നിമിഷം ന്റെ ഉള്ള് കരയിൽ പിടിച്ചിട്ട മീനിനെ പൊലെ ശ്വാസം കിട്ടാതെ പിടഞ്ഞു. കണ്ണിൻ മുന്നിൽ വർഷങ്ങൾക്ക് മുൻപുള്ള ഞാൻ തെളിഞ്ഞു വന്നു.
കാച്ചെണ്ണ മണവും തുളസിക്കതിരും അമ്മമ്മ പറഞ്ഞു തന്ന കഥകളും നെഞ്ചിലേറ്റി സ്വപ്നങ്ങളിലൂടെ പാറി പറന്നു നടന്ന ഒരു പാവം എന്നെ ഞാൻ കണ്ടു. എന്റെ ഉള്ളിലെ പ്രണയത്തെ ഞാൻ ഓർത്തെടുത്തു. അതൊരു വജ്രം പോലെ എന്റെ ഉള്ളിലിരുന്നു തിളങ്ങി..
ഉള്ളിൽ നിറഞ്ഞ ഭയം ഉള്ളിൽ ഒതുക്കി ഞാനാ കോളേജിന്റെ പടിക്കെട്ടുകൾ കയറി. നാട്ടിൻപുറത്തെ ചുറ്റുപാടുകളിൽ നിന്ന് നാഗരികതയിലേക്ക് വന്നപ്പോൾ ഉണ്ടായ പരിഭ്രമം എന്റെ കണ്ണുകളിൽ തെളിഞ്ഞു നിന്നു.
അച്ഛന്റെ കൈപിടിച്ചാ ഓഫീസിന്റെ വരാന്തയിൽ നിന്നപ്പോൾ ചുറ്റും നടക്കുന്നതൊക്കെയും ഒരു മായക്കാഴ്ചയായി തോന്നിയിരുന്നു.
അന്നാദ്യമായി അവനെ ഞാൻ കണ്ടു;
മീശ കടിച്ച് , താടി രോമങ്ങൾ തടവി ഒതുക്കി എന്നേ അടിമുടി നോക്കി ഒന്ന് ചുമച്ചവൻ ഉള്ളിലേക്കെവിടെയോ നടന്നകന്നു…
പിന്നെയറിഞ്ഞു അയാളാണ് കോളേജ് യൂണിയൻ ചെയർമാനെന്ന്, കോളേജിലെ പ്രധാനിയെന്ന്, എഴുത്തുകാരനെന്ന്…
എന്നുമുതലാ കണ്ണുകൾ എനിക്ക് പ്രിയപ്പെട്ടതായി, അറിയില്ല..
ഒരുപക്ഷേ ആ കണ്ണുകൾ എന്നെ ശ്രദ്ധിച്ചു തുടങ്ങിയ നേരം മുതലാകാം…
കണ്ണുകൾ കൊണ്ട് സംസാരിച്ചിരുന്ന ഞങ്ങൾക്ക് പരസ്പരം ഇഷ്ടമെന്ന് അറിയാമായിരുന്നുവെങ്കിലും ഉള്ളിൽ ഒതുക്കി കൊണ്ടു നടന്നു.
ഇന്നും ഓർക്കുന്നു ഒരിക്കൽ അവനെന്റെ കൈയിൽ മുറുകെ പിടിച്ചു, അന്നു ഞാൻ കണ്ണ് നിറച്ചവനെ നോക്കി; അന്നവൻ മൗനമായി നടന്നകന്നു…
“നിന്റെ കണ്ണുനീർ എന്റെ നെഞ്ച് പൊളിക്കുമെന്ന് അവൻ പിന്നെ കവിതയായി എഴുതി..”
ബാലാ നിനക്കയാളെ ഇഷ്ടമല്ലേയെന്നുള്ള കൂട്ടുകാരുടെ ചോദ്യത്തിന് എനിക്ക് അറിയില്ല എന്ന് മാത്രം ഞാൻ ഉത്തരം നൽകി.
എന്റെ പ്രണയം, ന്റെ മാത്രം സൗകര്യത ആയിരുന്നു..
ഞങ്ങൾ ഞങ്ങൾക്കു വേണ്ടി കവിതകൾ എഴുതി.
പ്രണയ കുറിപ്പുകൾ പലതും കവിതകളായി, കണ്ണുകൾ കൊണ്ട് കഥകൾ പറഞ്ഞു, ഒരിക്കലും മനസ്സ് തുറക്കാതെ ഞങ്ങൾ മൗനമായി പ്രണയിച്ചു.
“ഇന്നും പ്രണയിക്കുന്നു മൗനമായി തന്നെ..”
നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ പ്രണയത്തിന്റെ ആദ്യ ചുംബനം..
പ്രണയത്തിന്റെ നെറുകയിൽ സർവപ്രതീക്ഷകളും ചില്ലുപാത്രം പോലെ തകർന്നു നൽകുന്ന ആദ്യ ചുംബനത്തിന്റെ മരവിപ്പ്…
ഞാൻ അനുഭവിച്ചിട്ടുണ്ട്…!!
വെള്ള പുതച്ച് തണുത്തു മരവിച്ച അവന്റെ നെറ്റിയിൽ ഞാനെന്റെ ചുണ്ടുകൾ അമർത്തുമ്പോൾ പതിയെ ഞാൻ ഞാനല്ലാതാവുകയായിരുന്നു…
അവന്റെ ശരീരത്തിലെ തണുപ്പെന്നിലേക്ക് പടർന്നു.
ആ നെഞ്ചിലേക്ക് തലചായ്ച്ചിരിക്കാൻ ഞാൻ ഒരുപാട് കൊതിച്ചിരുന്നു…
”ന്റെ ദേവാ”ന്ന് വിളിക്കുമ്പോൾ എനിക്ക് കൈവിട്ടു പോയത് ഞങ്ങൾ ആരുമറിയാതെ കണ്ട ഞങ്ങളുടെ സ്വപ്നങ്ങളായിരുന്നു, ഞങ്ങൾ മാത്രമറിഞ്ഞ ഞങ്ങളുടെ പ്രണയമായിരുന്നു…
മരണം അത്രമേൽ മനോഹരമായിരിക്കും അതായിരിക്കും ഒരു വാക്ക് പോലും കേൾക്കാൻ നിൽക്കാതെ അവനങ്ങ് പോയത്.
പറയാതെ അറിയാതെ പോയ പ്രണയത്തിനാഴം കൂടുമല്ലോ..
ദേവാ,
അങ്ങ് ദൂരെ ഇതുപോലെ ഒരു ലോകമുണ്ടെങ്കിൽ പറയാതെ മാറ്റിവച്ച സ്നേഹം മുഴുവൻ നിന്നിൽ നിറച്ച് എനിക്കു നിന്റെ പെണ്ണാകണം…
ഇന്നും എന്നിലെ ഓർമ്മകൾക്കു നിനക്ക് ഞാൻ തന്ന ആദ്യ ചുംബനത്തിന്റെ മരവിപ്പാണ്…
നഷ്ടങ്ങളുടെ മരവിപ്പ്…
എന്തിനെന്നെറിയാതെ,എങ്ങനെയെന്നറിയാതെ എത്രയെന്നറിയാതെ പ്രണയിക്കുന്നതും
ഒരു സുഖാ…
ഉള്ളിലെ കടലാഴമുള്ള ആ പ്രണയത്തിനുടനീളം മൗനമായിരുന്നതു കൊണ്ടാവാം അത്രമേൽ ആഴത്തിൽ പടർന്നത് അതാവും ദേവന്റെ ബാലയായി ഇന്നുമിങ്ങനെ ഒറ്റയ്ക്ക്…
വീണ്ടും ഞാനെഴുതി
“ഓർമ്മകളെ സ്വാഗതം കണ്ണുനീർ കാത്തു നിൽക്കുന്നു…”
©️സേതു🦋
#എന്റെരചന


5 Comments
മനോഹരം. ഉള്ളിലെവിടെയോ ഒരു നോവ് പടർത്തി…
കവിത പോലെ മനോഹരം ❤️
മനോഹരമായ എഴുത്ത്.
പ്രണയം എത്ര മനോഹരമാണെന്ന് ചില പ്രണയകുറിപ്പുകൾ വായിച്ചാൽ മതിയാവും.
ചിലരുടെ ജീവനെ നിലനിർത്തുന്നത് ഇത്തരം പ്രണയങ്ങളുടെ ഓർമ്മയിലാണ്.
സ്നേഹം സേതു ❤️
നോവു പടർത്തിയ രചന. എഴുത്തിൽ കഥയുടെ ഫീൽ നന്നായി വന്നിട്ടുണ്ട്.👍
പ്രണയ നൊമ്പരങ്ങൾ അസ്സലായി❤️👌🌹