സമയം രാത്രി രണ്ട് മണി കഴിഞ്ഞിരിക്കുന്നു. ഇനിയും ഉറക്കം വരാത്തതിൽ ഞാനൊരൽപ്പം പോലും ഖേദിക്കുന്നില്ല. പല രാത്രികളിലും ഉറങ്ങികിടക്കുമ്പോഴും എന്റെ ആത്മാവ് ഉറക്കം കിട്ടാതെ നിശബ്ദമായി അലറി കരഞ്ഞതും ആരുമറിഞ്ഞില്ല.
കാലമെത്രെ കടന്ന് പോയിരിക്കുന്നു. ഉറക്കമൊഴിച്ച പരീക്ഷ രാവുകൾ എന്നെ ക്ഷീണിതയാക്കിയിരുന്നില്ല. നിലാവിനെ നോക്കി വെളുപ്പ് പടരുന്നത് വരെ സ്വപ്നം കണ്ട് ഉറങ്ങാത്ത രാത്രികൾ എന്റെ കണ്ണിന് ചുറ്റും കറുപ്പ് പടർത്തിയിരുന്നില്ല. പിന്നെ എപ്പോഴാണ് ഞാനൊരു പണയവസ്തുവായി മാറിയത്.
ഉത്തരം വളരെ ലളിതവും സ്പഷ്ടവുമായിരുന്നു. എന്റെ കിടപ്പറയ്ക്ക് അവകാശി വന്നതോടെ ആകാശത്തിന്റെ മറ്റൊരു പാളി പടം പൊഴിച്ചു. ഓരോ ചിന്തയുടെയും ശ്വാസത്തിന്റെയും അറ്റം ചേർന്ന് അദ്ദേഹത്തിന്റെ ജീവിത ചര്യകൾ തുന്നിക്കെട്ടി. പിന്നീട് ഞാനൊരു ഭാണ്ഡമായി തീരാൻ ഏറെ കാല താമസമുണ്ടായിരുന്നില്ല.
കിടപ്പ് മുറിയിൽ മൂത്രമണം പരത്തി കൊണ്ട് കുഞ്ഞുങ്ങൾ ഒന്നും രണ്ടുമായി. ഇടമുറിഞ്ഞ ഉറക്കത്തിന്റെ കഷ്ണങ്ങൾ കൊണ്ട് ഞാൻ പ്രാതലും ഊണും അത്താഴവുമൊരുക്കി. പിന്നീടുള്ള ഉറക്കം സ്കൂൾ മണികൾ നിയന്ത്രിക്കാൻ തുടങ്ങി. ദിവാ സ്വപ്നങ്ങളെ നീളത്തിൽ അരിഞ്ഞു ചതച്ച തേങ്ങയും പുളിയും ചേർത്ത് അദ്ദേഹത്തിനും മക്കൾക്കും ചോറ്റു പാത്രത്തിൽ വിളമ്പി കൊടുത്തു. അവർ അത് പരാതിയില്ലാതെ ഭക്ഷിച്ചു.
മക്കൾ മുതിർന്നപ്പോൾ എന്റെ തൊലിപ്പുറത്ത് ചാലുകൾ പ്രത്യക്ഷപെട്ടു. തല മുടിയിൽ നേർത്ത അരുവികൾ ഭൂപടത്തിലെന്നത് പോലെ തെളിഞ്ഞു വന്നു. കാഴ്ച മങ്ങിയത് കൊണ്ട് ഞാനെന്ന യന്ത്രത്തിന് മന്ദത ബാധിച്ചു. ഒടുവിൽ ഞാൻ മാത്രം എന്നെ കാണുവാൻ തുടങ്ങി. നീര് വറ്റി തുടങ്ങും മുൻപ് ഒരിക്കില്ലെങ്കിലും നിലാവിന് താഴെ തനിച്ചുറങ്ങണം.
കുടുംബ സ്വത്ത് പതിച്ച് കിട്ടിയപ്പോൾ എന്നേക്കാൾ ഏറെ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചത് കൂടെയുള്ളവർക്കായിരുന്നു. മൂത്തവൻ വാഹനം വാങ്ങണമെന്ന് ആവശ്യപ്പെട്ടു. രണ്ടാമന് കിടപ്പ് മുറി വിപുലീകരിക്കണമെന്ന ആവശ്യമായിരുന്നു ഏറെയും. അദ്ദേഹത്തിന് പണം സുരക്ഷിതമായി ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കണം എന്നും കർശനമായി ഉത്തരവിട്ടു. എന്റെ ചിത്രം പതിച്ച നോട്ടുകൾ കണ്ണിറുക്കി എന്നെ നോക്കി പരിഹസിച്ചു ചിരിച്ചു. എല്ലാവരോടുമായി ഞാനൊരുത്തരം അന്നാദ്യമായി ഉച്ചത്തിൽ പറഞ്ഞു.
” ഈ പണം കൊണ്ട് ഞാനെന്റെ നഷ്ടപ്പെട്ട ഉറക്കത്തെ തിരിച്ച് വാങ്ങുവാൻ പോകുകയാണ്. ഇതെന്റെ മാത്രം പണമാണ് ”
അന്നുമുതൽ കുടുംബമെന്ന വലിയ വൃക്ഷത്തിന്റെ കീഴെ ഞാൻ തനിച്ച് നിൽപ്പ് തുടങ്ങി. വിഡ്ഢിത്തം സംസാരിക്കുന്ന ഭാര്യ അദ്ദേഹത്തിന്റെ പരിഹാസ അമ്പുകളുടെ അഗ്രത്തിൽ പുരട്ടാനുള്ള വിഷമായി മാറി. പ്രായോഗിക ബുദ്ധി നശിച്ച അമ്മയെ നോക്കി മക്കളും അനിഷ്ടം പ്രകടിപ്പിച്ചു തുടങ്ങിയപ്പോൾ, എന്റെ മുന്നിലെ തുരുമ്പ് പിടിച്ച കോട്ട വാതിൽ പതിയെ തുറക്കാൻ തുടങ്ങി.
ആ വാതിലിന്റെ വിടവിലൂടെ ആരോടും യാത്ര പറയാതെ നിലാവുള്ള മറ്റൊരു രാത്രിയിൽ വിശാലമായ ഭൂപരപ്പിലേക്ക് ചുവടുകൾ വച്ചു. ഇനിയുള്ള കാലം ആരുടേയും നുഴഞ്ഞു കയറ്റമില്ലാത്ത ഒറ്റ മരത്തിലേക്ക് ചേക്കേറുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. മുൻപ് തീരുമാനിച്ചുറപ്പിച്ച ഒരൊറ്റ മുറി കെട്ടിടത്തിലേക്ക് ഞാൻ താമസം മാറി.
ഇവിടം ചിന്തകളാൽ സുരക്ഷിതമാണ്. ഒരൽപ്പം പഴക്കമുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലെ കോണിലുള്ള ഒരു വാസസ്ഥലം മര്യാദയുള്ള വിലയ്ക്ക് വാങ്ങി.ഒരു കിടപ്പ് മുറിയും അടുക്കളയും വലിയ വ്യാസത്തിലുള്ള ഹാളും ബാൽകണിയും ഉണ്ടായിരുന്നു. എന്റെ മൂന്നാനേരത്തിനുള്ള ഭക്ഷണത്തിനും ചിലവിനുമായി ഒരു ഉപാധി നിർമ്മിക്കുന്നതിന്റെ ഭാഗമായി വ്യാസമുള്ള ഹാളിനെ രണ്ടായി ഭാഗിച്ചു. മറുപാതി വാടകയ്ക്ക് കൊടുത്താനായി കെട്ടിടയുടമ തന്നെ ഒരാളെ തരപ്പെടുത്തി തന്നു. നിറം മങ്ങിയ കോവണി പടിയുടെ താഴെ മധ്യവയസ്ക്കനായ ഒരു കാവൽക്കാരൻ ഇരിപ്പുണ്ട്. അയാളുടെ കൊമ്പൻ മീശയും ഉയരവും മുഴക്കമുള്ള ശബ്ദവും എന്നിൽ സുരക്ഷിത ബോധമുണ്ടാക്കി. മുകളിലും താഴെയുമായി മറ്റു കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പകൽ വെളിച്ചത്തിൽ ഞാനവരെ ആരെയും കാണാറുണ്ടായിരുന്നില്ല. അവർ ആരും തന്നെ മറ്റുവള്ളവരെ പരസ്പ്പരം കാണാനും ആഗ്രഹിക്കുന്നില്ല എന്നതും ഞാൻ മനസിലാക്കി. രാത്രികൾ സജീവമായിരുന്നു. കെട്ടിടത്തിനു താഴെ ഇരുട്ട് വീഴുമ്പോൾ പല കച്ചവടക്കാർ രംഗ പ്രവേശനം ചെയ്യും. ഈ നാട്ടിലുള്ള വർ രാത്രി ഏറിയ പങ്കും അത്താഴം കഴിക്കുന്നത് അവിടെ നിന്നാണ്. മൊരിഞ്ഞ റൊട്ടിയുടെയും ഉള്ളിയുടെയും ഗന്ധം ഇരുട്ട് വീഴുമ്പോൾ അവിടെമാകെ പരക്കും. രാത്രി കാഴ്ചകൾ എന്നിൽ വിരസതയുണ്ടാക്കിയില്ല. ഒരു കപ്പ് ചൂട് ചായയുമായി ഞാൻ ആ കാഴ്ചകളിൽ ലയിച്ചിരിക്കുമായിരുന്നു.
നാളേറെ കഴിഞ്ഞപ്പോൾ നഗരത്തിലെ തിരക്കുകൾ എന്നിൽ നേരിയ ആവർത്തന വിരസതയുണ്ടാക്കി. ചില ഓർമ്മകൾ അതിഥികളായി വന്നു തുടങ്ങി. ഞാനിപ്പോൾ ഒറ്റ മരത്തിലെ കുരങ്ങാനായി മാറി കഴിഞ്ഞിരിക്കുന്നു. ഒരു മനുഷ്യജീവിയുടെ തടസ്സമില്ലാത്ത ഹൃദയമിടിപ്പ് കേൾക്കാൻ ആഗ്രഹം തോന്നി.
ഇപ്പോൾ സമയം രാത്രി രണ്ട് മണി കഴിഞ്ഞു. ഞാനൊരു കള്ളനെ പോലെ പതിയെ ഹാളിലെ ഭാഗം വച്ച ചുവരിൽ ചെവിയമർത്തി പിടിച്ച് ഹൃദയമിടിപ്പ് കേൾക്കാൻ പതിഞ്ഞിരുന്നു. പതിവ് പോലെ കറങ്ങുന്ന ഫാനിന്റെ ശബ്ദം മാത്രം കേൾക്കാനുണ്ടായിരുന്നുള്ളൂ. ആരോ സമാധാനപൂർവ്വം ഉറങ്ങുന്നുണ്ട് എന്ന് മാത്രമറിയാം.
ബാങ്കിൽ ജോലി ചെയ്യുന്ന ഒരു ക്ലാർക്കാണ് അവിടെ താമസിക്കുന്നത്. വിവാഹിതാണ് അദ്ദേഹം. അടുത്ത ആഴ്ച ഭാര്യയെ കൊണ്ട് വരുമെന്ന് പറഞ്ഞിരുന്നു. പിന്നീട് അയാളെ ഞാൻ കണ്ടിരുന്നില്ല. വാടക പൈസ മുടങ്ങാതെ എല്ലാ മാസവും തന്ന് പുഞ്ചിരിച്ചു കൊണ്ട് അയാൾ പോകും. ഒരിക്കൽ പോലും ഞാൻ അയാളെ അകത്തേക്ക് ക്ഷണിച്ചിരുന്നില്ല. നര ബാധിച്ചെങ്കിലും ഞാനൊരു സ്ത്രീയായത് കൊണ്ട് എല്ലാ മനുഷ്യരെയും മഞ്ഞ കണ്ണുകളാൽ മാത്രമേ എനിക്ക് കാണുവാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ അയാളുടെ
ഭാര്യയെ കാണാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. കണക്ക് പ്രകാരം ഇന്ന് രാത്രി അവരെത്തും എന്ന് ശക്തമായി വിശ്വസിച്ചു.
മനുഷ്യർ ആരും വരാത്ത എന്റെ വാസ സ്ഥലം ഞാൻ അടുക്കി പെറുക്കി വച്ചു. എന്റെ കൈകൾക്ക് വല്ലാത്ത അലസത ബാധിച്ചിരിക്കുന്നു. പക്ഷെ ഞാൻ മനപ്പൂർവ്വം ഒരു ആതിഥേയയായി മാറുകയായിരുന്നു. രാത്രി പത്തു മണിയായപ്പോൾ അപ്പുറത്തെ മുറിയിലെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ ഓടി ചുമരിനോട് ചേർന്നിരുന്നു. നേരിയ ഒരു സ്ത്രീ ശബ്ദം കേൾക്കാമായിരുന്നു. അതയാളുടെ ഭാര്യ തന്നെയായിരിക്കും. അവരുടെ ഭാണ്ഡമിറക്കി വയ്ക്കുന്ന ശബ്ദം തെളിമയോടെ കേട്ടു. ദീർഘ ദൂരം യാത്ര ചെയ്തു വന്നതിന്റെ ആലസ്യം കാണുമായിരിക്കും. ഞാനെത്രെ മ്ലേച്ചത്തരമാണ് കാണിച്ചു കൂട്ടുന്നതെന്ന് പിന്നീടാണ് ഓർത്തത്. അവരുടെ സ്വകാര്യ നിമിഷങ്ങളിലേക്ക് ചെവി ചേർത്തിരിക്കുന്ന ഞാനെത്ര വിഡ്ഢിയാണ്. എന്റെ മക്കൾ പറയാറുള്ളത് പോലെ പ്രായോഗിക ബുദ്ധിയില്ലാത്ത ഒരുവൾ. ഞാൻ തിരികെ ബാൽകണിയിലേക്ക് നടന്നു. നഗര കാഴ്ചയിലേക്ക് കണ്ണും നട്ടിരിപ്പായി. പുറം ലോകം കണ്ടിട്ട് കാലം കുറെയായി കഴിഞ്ഞിരിക്കുന്നു.
ഇങ്ങോട്ട് താമസം മാറിയതിനു ശേഷം ഒന്നോ രണ്ടോ തവണ തിടുക്കത്തിൽ പുറത്തു പോയി വന്നു എന്നതല്ലാതെ ഈ നഗരവുമായി എനിക്ക് യാതൊരു ബന്ധവും ഇല്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ ക്ലാർക്കിന്റെ സ്കൂട്ടർ സ്റ്റാർട്ട് ആക്കുന്നതിന്റെ ശബ്ദം കേട്ടു. ഈ വൈകിയ വേളയിൽ എന്തായാലും ഭാര്യയെ കൊണ്ട് പോകാൻ സാധ്യതയില്ല. ആദർശങ്ങൾ മറന്ന് കൊണ്ട് ഞാൻ വീണ്ടും ചുവരിൽ ചെവി ചേർത്ത് ഇരിപ്പായി. കുളി കഴിഞ്ഞ് തല തോർത്തുന്ന ശബ്ദം കേൾക്കാം. നീളമുള്ള ഇടതൂർന്ന മുടിയുള്ളവളാണെന്ന് തോന്നുന്നു. അത് തോർത്തി അവസാനിപ്പിക്കാനും കുടയാനും സമയം കുറച്ചെടുത്തിരിക്കുന്നു. ഒരു കസേര വലിച്ചിടുന്ന ശബ്ദം കേൾക്കുന്നുണ്ട്. ചെറിയ വ്യാസമുള്ള ആ മുറിയിൽ ഒരു കട്ടിലിനും കസേരക്കും ചെറിയ അടുക്കളയ്ക്കും മാത്രമേ ഇടമുള്ളൂ. കുളി മുറി നന്നേ ചെറുതാണ്. രണ്ടാൾക്കും കഷ്ടിച്ച് ജീവിക്കാം. ഭാര്യ ഏറെ കാലം ഇവിടെ തുടരാൻ സാധ്യതയില്ല. പുതപ്പും കിടക്ക വിരിയും കുടയുന്ന ശബ്ദം കേൾക്കാനുണ്ട്. ഭർത്താവിനെ കാത്ത് നിൽക്കാതെ ഉറങ്ങാനുള്ള തയ്യാറെടുപ്പായിരിക്കും. പേടി ഉള്ളത് കൊണ്ട് വിളക്ക് അണക്കാൻ സാധ്യതയില്ല. കുറച്ചും കൂടി ചെവി ചേർത്ത് അമർത്തി പിടിച്ചാൽ എനിക്കവരുടെ ഹൃദയമിടിപ്പ് കേൾക്കാനാവും. ഞാൻ ശ്വാസം വലിച്ചു പിടിച്ച് കൊണ്ട് ശ്രദ്ധിച്ചു. തികഞ്ഞ നിശബ്ദത…പെട്ടെന്നായിരുന്നു ചെവി തുളയും പാകത്തിന് ഒരു ദീർഘ ശ്വാസത്തിന്റെ സ്വരം കേട്ടത്. പിന്നീട് ആ ശ്വാസം വിങ്ങി കരയുന്ന ശബ്ദമായി മാറി. പോകെ പോകെ നിർത്താതെ കരയുകയും മൂക്ക് പിഴിയുകയും ചെയ്യുന്നത് കേട്ടു. എന്റെ ചിത്തം മലിനമായി തീർന്നിരിക്കുന്നു. സ്വസ്ഥത തേടി എത്തിയ ഞാനിതാ ഒരു നിഴലിനെ കൂട്ട് പിടിച്ച് വ്യസനിച്ചിരിക്കുന്നു. ഞാൻ തിരികെ കട്ടിലിൽ പോയി കിടന്നു. സമയം രണ്ട് മണിയായി. എനിക്കിപ്പോഴും ഉറക്കം വരുന്നില്ല. എന്തിനായിരിക്കും ആ സ്ത്രീ കരഞ്ഞിട്ടുണ്ടാകുക എന്നതായിരുന്നു ചിന്ത. അവരെ നാളെ രാവിലെ നേരിൽ പോയി കാണാൻ വല്ലാതെ ആഗ്രഹിക്കുന്ന എന്റെ മനസിനെ പിടിച്ച് നിർത്താൻ ഏറെ പാട് പെട്ടു.
പിറ്റേ ദിവസം രാവിലെ ഞാൻ ചുവരിനോട് ചേർന്നിരിപ്പായി. ഒരു കപ്പ് ചായ മുഴുവൻ കുടിച്ച് കഴിഞ്ഞിട്ടും എനിക്കവിടെ നിന്ന് എഴുന്നേൽക്കാൻ തോന്നിയില്ല. ഇന്നലെ രാത്രി മുഴുവൻ കരഞ്ഞിരുന്ന സ്ത്രീ ഇത് വരെയായും എഴുനേറ്റതായി തോന്നുന്നില്ല. ആ മുറിയിൽ അവർ മാത്രം തനിച്ചാണെന്ന് മനസിലായി. ഭാര്യയെ ഭർത്താവ് സ്വാന്തനിപ്പിച്ച് കാണുമായിരിക്കും. അതിന്റെ സമാധാനത്തിൽ ഉറങ്ങിയിട്ടുണ്ടാവും. കുറച്ച് കഴിഞ്ഞപ്പോൾ കസേര വലിച്ചിടുന്ന ശബ്ദം കേട്ടു. ബാഗിന്റെ വലിപ്പ് കാര്യമായി വലിച്ചു തുറക്കുന്നുണ്ട്. നീളത്തിലുള്ള എന്തോ ഒന്ന് വലിച്ചെടുക്കുന്നു. സാരി ആകാൻ ആണ് സാധ്യത. എന്തായാലും ഗ്രാമവാസിയാണെന്ന് ഉറപ്പായി. വീണ്ടും കസേര തിടുക്കത്തിൽ അനങ്ങുന്നു. ചെറിയ മുറിയിലെ വാസം ഒരു പക്ഷെ അവരെ ശ്വാസം മുട്ടിക്കുന്നുണ്ടാകും. വീണ്ടും കസേരയുടെ അനക്കം തുടർച്ചയായി കേൾക്കുന്നുണ്ട്. അത് പൊക്കിയെടുത്തു മറ്റെന്തിന്റെയോ മുകളിൽ കയറ്റുന്നു. പെട്ടെന്ന് ഫാനിന്റെ ശബ്ദവും നിലച്ചു. എന്റെ മനസ്സ് തെറ്റായ ദിശയിൽ സഞ്ചരിക്കാൻ ആരംഭിച്ചു.
ഇവർ എന്തിനാണ് കട്ടിലിന്റെ മുകളിൽ കസേര കയറ്റി വച്ചത്? ഫാൻ എന്തിനാണ് നിർത്തി വച്ചത്? എന്തെങ്കിലും അവിവേകം കാണിക്കാൻ ആകുമോ? മനസ്സ് നിർത്താതെ പിടഞ്ഞു തുടങ്ങി. ഒരു പുതപ്പ് പോലെ വല്ലാത്തൊരു ഭാഗം എന്നെ പുതഞ്ഞു. ഞാൻ കിടപ്പ് മുറിയിലേക്ക് പാഞ്ഞു ചെന്ന് കിടന്നു തലവഴി പുതപ്പിട്ടു മൂടി. വിവരം ക്ലാർക്കിനെ വിളിച്ചു പറഞ്ഞാലോ എന്ന് പല കുറി തോന്നി. ഇത്രെയും വിശദമായി കാര്യങ്ങൾ ഞാൻ എങ്ങനെ അറിഞ്ഞു എന്ന ചോദ്യത്തിന് മുന്നിൽ ഞാൻ മോശപ്പെട്ടവൾ ആയി മാറിയേക്കും. താഴെയുള്ള കാവൽക്കാരനെ വിവരം അറിയിച്ചാലോ എന്നും ആലോചിച്ചു. ധൈര്യം സംഭരിച്ചു കൊണ്ട് വീണ്ടും ചുവരിനോട് ചെവി ചേർത്തു വച്ച് ശ്രദ്ധച്ചിരുന്നു. ഭാരപ്പെട്ടെതെന്തോ ഫാനിൽ തൂങ്ങി ആടുന്നത് പോലെ തോന്നുന്നു. ഒരു മിന്നൽ പിളർപ്പ് കാലിലൂടെ തുളഞ്ഞു കയറി. വാതിൽ തുറന്ന് കാവൽക്കാരനെ തേടി കോവണിപ്പടികൾ തിടുക്കത്തിൽ ഇറങ്ങി. അവിടെ അയാളുടെ കസേര കഴിഞ്ഞിരിക്കുന്നു. പരിഭ്രാന്തയായി തിരിച്ച് ഞാനെന്റെ കിടപ്പ് മുറി ലക്ഷ്യമാക്കി ഓടി ഒരു പുതപ്പിനുള്ളിൽ വിറച്ചിരുന്നു. പുതപ്പിന് പുറത്ത് നിന്ന് എന്റെ മക്കളെന്നെ വിളിക്കുന്നതായി തോന്നി. എനിക്കവരെ വാൽസ്യത്തോടെ കെട്ടിപ്പിടിച്ചിരിക്കാൻ കൊതി തോന്നി. എന്റെ അദ്ദേഹം എന്നെ തട്ടി വിളിക്കുന്നുണ്ട്. അവർ മൂവരും പുതപ്പിൽ നിന്ന് പുറത്ത് വരാൻ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു. ഞാൻ ആശ്വാസത്തോടെ പുതപ്പ് മാറ്റിയപ്പോൾ അവിടെ ആരുമുണ്ടായിരുന്നില്ല. എന്റെ ചെവിയിൽ മാറ്റാരോ താമസിക്കുന്നതായി തോന്നി. ഞാൻ ഒറ്റപ്പെട്ടിരിക്കുന്നു. എനിക്ക് വേരുകൾ മുളച്ച് സ്ഥാനചലനം നഷ്ടപ്പെട്ടിരിക്കുന്നു. അനക്കമില്ലാതെ കട്ടിൽ അള്ളി പിടിച്ച് ഇരുന്നുറങ്ങി. ക്ലോക്കിലെ പന്ത്രണ്ട് മണി മുഴങ്ങിയപ്പോൾ ഉറക്കം ഉണർന്നു. ഞാൻ പതിയെ വിറക്കുന്ന കാലുകളാൽ വീണ്ടും ചുവർ തേടി പോയി. വീണ്ടും ചെവി അമർത്തി പിടിച്ച് ശ്രദ്ധിച്ചു. മറ്റു ശബ്ദങ്ങൾ ഒന്നും കേൾക്കാനില്ല. ഇതെല്ലാം എന്റെ വെറും തോന്നൽ ആയിരിക്കുമെന്ന വിശ്വാസത്തിൽ ധൈര്യം സംഭരിച്ചു കൊണ്ട് ഒരു തീരുമാനമെടുത്തു. അപ്പുറത്തെ മുറിയിലെ ഡ്യൂപ്ലിക്കേറ്റ് താക്കോലെടുത്തു മുറി തുറക്കാൻ തീരുമാനിച്ചു. രേഖാ പ്രകാരം ഞാൻ തന്നെയാണല്ലോ ഉടമസ്ഥൻ. വാതിൽ തുറന്ന് പുറത്തിറങ്ങി. വിറക്കുന്നു കൈകൾ കൊണ്ട് താക്കോൽ ഇട്ട് തിരിച്ചു. ചെറുതായൊന്നു തള്ളിയപ്പോഴേക്കും വാതിൽ തുറന്നു.
ഈ നട്ടുച്ച വെയിലത്തും ആ മുറിക്കകം പൂർണ അന്തകാരമായിരുന്നു. പതുക്കെ ലൈറ്റ് ഇട്ടു. അവിടെ ആരും തന്നെയുണ്ടായിരുന്നില്ല. കസേര യഥാസ്ഥാനത്ത് തന്നെ ഇരിപ്പുണ്ട്.കുളിമുറിയുടെ വാതിൽ കുറച്ച് തുറന്നു കിടപ്പുണ്ട്. പൈപ്പിൽ നിന്ന് ചെറുതായി വെള്ളം വാർന്നു പോകുന്ന ശബ്ദം കേൾക്കുന്നുണ്ട്. പതിയെ കുളിമുറിയുടെ വാതിൽ തുറന്നപ്പോൾ ഒരു തടസ്സം തോന്നി. ഒന്ന് അമർത്തി തള്ളിയപ്പോൾ എന്റെ ശരീരത്തിലെ അവസാനം രോമകൂപങ്ങൾ പോലും വിറച്ചു പോയി.
തറയിൽ നീളൻ മുടിയുള്ള ഒരു വൃദ്ധ തലയടിച്ച് രക്തം വാർനൊലിച്ചു കിടക്കുന്നു. ചുറ്റും കട്ട പിടിച്ച രക്തത്തിന്റെ ദുർഗന്ധം. ജീവന്റെ അവസാനകണിക പോലും ബാക്കി വയ്ക്കാതെ എല്ലാം വെള്ളത്തിൽ ഒലിച്ചു പോയിരിക്കുന്നു. ഭയം കൊണ്ട് തളർന്ന കാലുകൾ കൊണ്ട് സർവ്വ ശക്തിയുമെടുത്തു ഞാൻ തിരിച്ചു നടന്നു വാതിൽ വിറക്കുന്ന കൈകൾ കൊണ്ട് അടക്കാൻ തുടങ്ങിയപ്പോൾ ആണ് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.
കുളി മുറിയിൽ ചോര വാർന്നൊലിച്ചു മരിച്ചു കിടന്ന വൃദ്ധ തനിയെ എഴുന്നേറ്റു കുനിഞ്ഞു കൊണ്ട് ബക്കറ്റിൽ നിന്ന് വെള്ളമെടുത്തു നീളൻ മുടി കഴുകുന്നു. അനക്കമറ്റ് ഞാൻ ആ കാഴ്ച നോക്കി നിന്നപ്പോൾ ആ രൂപമെന്നെ തല ചരിച്ചു പിടിച്ച് നോക്കി കൊണ്ട് ചിരിച്ചു. അപ്പോഴേക്കും ഒരലർച്ചയോടെ ഞാൻ മോഹലസ്യപ്പെട്ടു വീണുകഴിഞ്ഞിരുന്നു.
പിന്നീട് ബോധം തിരിച്ചു വന്നപ്പോൾ ഞാൻ ആശുപത്രി കട്ടിലിലായിരുന്നു. തൊട്ടടുത്ത് ഡോക്ടറും നഴ്സും കാവൽക്കാരനും ഉണ്ട്. ഞാൻ ഭയത്തോടെ ചോദിച്ചു.
” എനിക്ക് എന്താ പറ്റിയത്? ”
ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു.
” പേടിക്കാൻ ഒന്നും ഇല്ല. ചെറിയ ഒരു പാനിക്ക് അറ്റാക്ക് ആയിരുന്നു. രക്ത സമ്മർദ്ദം പെട്ടെന്ന് കൂടി. അത് കൊണ്ട് ബോധം കെട്ടു വീണു. വീഴ്ചയുടെ ആഘാതത്തിൽ ചെറിയ പരിക്കുകൾ ഉണ്ട്. കുറച്ചു കഴിയുമ്പോൾ സുഖപ്പെടും ”
ഞാൻ തലയാട്ടി കൊണ്ട് കാവൽക്കാരനെ നോക്കി. അയാൾ സംസാരിച്ച് തുടങ്ങി.
“മാഡത്തിന്റെ ശബ്ദം കേട്ട് ഞാൻ ഓടി വന്നു നോക്കിയപ്പോൾ വീണ് കിടക്കുന്നത് കണ്ട്. പെട്ടെന്ന് ആംബുലൻസ് വിളിച്ചു ഇവിടെ എത്തിച്ചു. വീട്ടുകാരെ വിളിച്ചു പറഞ്ഞിട്ടുണ്ട്. അവർ ഉടനെ എത്തും”
ആശങ്കയോടെ ഞാൻ ചോദിച്ചു.
” അവർ ഇവിടെ വരെയെത്താൻ രണ്ട് ദിവസം പിടിക്കും. പിന്നെ എങ്ങനെയാണ് അവർ ഉടനെ എത്തും എന്ന് പറയുന്നത്? ”
കാവൽക്കാരൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
” മൂന്നു ദിവസമായി മാഡം ഈ കിടപ്പ് തുടങ്ങിട്ട്. വീട്ടിലുള്ളവരുടെ സംഭവ ദിവസം രാത്രിയാണ് വിവരം അറിയിച്ചത്. മൂത്ത മകൻ രാവിലെ എത്തിയിട്ടുണ്ട്. മരുന്ന് വാങ്ങാൻ പുറത്ത് പോയിരിക്കയാണ് . ബാക്കിയുള്ളവർ ഉടനെ എത്തും ”
ഒരു പദപ്രശ്നം കേട്ടത് പോലെ ഞാൻ തരിച്ചിരുന്നു. ഭയത്തോടെ കാവൽക്കാരനോട് ചോദിച്ചു.
” ആ വാടകക്ക് നിൽക്കുന്ന ക്ലാർക്ക് വിവരങ്ങൾ അറിഞ്ഞോ? ”
” ഇല്ല ”
അത്ഭുതത്തോടെ വീണ്ടും ചോദിച്ചു.
” ഇപ്പോഴും അയാൾ അറിഞ്ഞില്ലേ? നിങ്ങൾ ആരും അറിയിച്ചില്ലേ? ”
കാവൽക്കാരൻ മറുപടി പറഞ്ഞു.
“അയാൾ നാല് ദിവസം മുൻപ് രാത്രി നാട്ടിലേക്ക് പെട്ടെന്ന് പോയതാണ്. അയാളുടെ അമ്മ കുളിമുറിയിൽ വഴുതി വീണ് തലയടിച്ച് മരണപ്പെട്ടു. കർമ്മങ്ങൾ ഒന്നും കഴിഞ്ഞിട്ടില്ല. അടുത്ത ആഴ്ച വരുമായിരിക്കും. മാഡം ആരുമായും വലിയ പരിചയം ഒന്നും പുലർത്താത്തത് കൊണ്ട് മാഡത്തിന്റെ ഈ ആശുപത്രി വിവരം വിളിച്ച് പറയേണ്ട ആവശ്യമില്ലെന്ന് തോന്നി ”
ഒരു മുടൽ മഞ്ഞ് തനിക്ക് ചുറ്റും വ്യാപ്പിക്കുന്നതായി തോന്നി. അപ്പോഴേക്കും പുറകിൽ നിന്ന് എന്റെ മൂത്ത മകൻ എന്നെ വിളിച്ചു. ഞാനവനെ കെട്ടിപിടിച്ച് ഉറക്കെ കരഞ്ഞു. അവനെന്നോട് പറഞ്ഞു.
” അമ്മ തിരിച്ചു വരണം. സ്വസ്ഥത വേണമെന്ന് തോന്നുമ്പോൾ ഇടക്ക് ഇവിടെ വന്ന് നിൽക്കാം. വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. അച്ഛനും അനിയനും ഉടനെയെത്തും. അവർ എത്തിയാൽ നമുക്ക് തിരികെ പോകാം”
എല്ലാം കേട്ട് യാന്ത്രികമായി തലയാട്ടി. അവൻ വീണ്ടും ചോദിച്ചു.
” ഫ്ലാറ്റിൽ നിന്ന് അമ്മയുടെ എന്തെങ്കിലും എടുക്കാനുണ്ടോ? ”
കുറച്ചു നേരം ജനലൂടെ പുറത്തേക്ക് നോക്കികൊണ്ട് അലസമായി ഞാൻ അവനോട് പറഞ്ഞു.
“ഉണ്ട്…എന്റെ ചായ കപ്പ്. വേറെയൊന്നും വേണ്ട ”
ക്ഷീണിതയായി ഞാൻ ഉറക്കത്തിലേക്ക് ചാഞ്ഞു. നഷ്ടപ്പെട്ട ഉറക്കത്തിന്റെ ആത്മാവ് ഇപ്പോഴും ഗതി കിട്ടാതെ അലയുകയാണ്.
#എന്റെരചന


13 Comments
ജീവനുള്ള എഴുത്ത്
ഗംഭീര എഴുത്ത് 👌
😲😲 ഹോ ! മനുഷ്യൻ്റെ ശ്വാസം നിലച്ച് പോയി 👌👌😍😍❤️❤️
പതിവ് പോലെ മനോഹരം. ഭ്രമാത്മകമായ അന്തരീക്ഷം സൃഷ്ടിച്ചു കഥകൾ പിടിച്ചിരുത്തി വായിപ്പിക്കാൻ സപ്നയുടെ കഴിവ് അപാരം തന്നെ.
നല്ലെഴുത്ത്. ഓർമ്മകളും ക്ലാർക്കിന്റെ അമ്മയുടെ ആത്മാവും കൂട്ടിപ്പിണഞ്ഞ് കഥയായപ്പോൾ നന്നായി ആസ്വദിച്ചു.
👌👏
ബാൽക്കണിയിൽ ഇരുന്ന് ചായ കുടിച്ചു കൊണ്ട് നഗരത്തിന്റെ തിരക്കുകൾ വീക്ഷിക്കുന്നത് ഞാൻ തന്നെയെന്ന് തോന്നി.. ലയിച്ചിരുന്ന് വായിക്കുന്ന എഴുത്ത്
Good writing 👍
പിടിച്ചിരുത്തി വായിപ്പിക്കുന്ന നല്ലെഴുത്ത്. അഭിനന്ദനങ്ങൾ❤️🌹👌
പ്രേതത്തെ വിട്ടൊരു കഥയില്ലാല്ലേ?
കഥയ്ക്ക് ഒഴുക്കുണ്ട്..👌👌
എന്തൊരെഴുത്ത് 👌🏼 ഏതോ അത്ഭുത ലോകത്തിൽ പെട്ടതുപോലെ. ആ ബാത്റൂമിലെ സീൻ വല്ലാതെ പേടിപ്പിച്ചു. പഴയ എഴുത്തിന്റെ ശൈലിയിലേക്ക് തിരിച്ചു വന്നതിൽ അഭിനന്ദനങ്ങൾ ❤️
എന്റെ തമ്പുരാനേ..
ഇനി ഇതിൽ നിന്നിറങ്ങി വരാൻ ഞാൻ എത്ര കാലം കാത്തിരിക്കേണ്ടി വരും..
തീവ്രം ന്ന് പറഞ്ഞാൽ പോരാ.. അതി തീവ്രം..🫂🫂
വായിച്ചതിൽ സന്തോഷം. തുടർന്നും അഭിപ്രായങ്ങൾ എഴുതുമല്ലോ. ❤️🧞♂️
നല്ലെഴുത്ത് 👍