സഞ്ജീവ് വളരെ ആകാംഷയോടെ ഫോൺ അറ്റൻഡ് ചെയ്തു. മറുവശത്തു നിന്നും പറയുന്നത് വളരെ ഗൗരവത്തോടെയാണ് അയാൾ കേട്ടു കൊണ്ടിരുന്നത്. ഏകദേശം അഞ്ചാറു മിനിറ്റ് അയാള് ഫോണിൽ സംസാരിച്ചു കാണും, അതിനിടയിൽ അയാൾ അസ്വസ്ഥനാകുന്നത് അവർ ശ്രദ്ധിച്ചു.
“സ്റ്റേഷനിൽ നിന്നാണ് ഫോൺ വന്നത്. നാഷണൽ ചാനലിൽ നിധിന്റെ മിസ്സിംഗ് വാർത്ത ഫ്ലാഷ് ന്യൂസ് ആയി എഴുതി കാണിക്കുന്നുവെന്ന്…. “
“എന്താണ് സർ? ആ വാർത്ത. “
“ദുബായ് പോലീസ് ആ ബിൽഡിംഗ് സീൽ ചെയ്തു കഴിഞ്ഞു. അവർ ഡ്രോൺ ഉപയോഗിച്ച് ആ കെട്ടിടത്തിന്റെ നാലു വശവും അരിച്ചു പെറുക്കി, കെട്ടിടത്തിന് മുകളിൽ കയറി ചാടാനുള്ള സാധ്യതയും അവർ സംശയിക്കുന്നു. പക്ഷേ കെട്ടിടത്തിനുള്ളിലും പുറത്തും നിധിനെ അവർക്ക് കണ്ടെത്താനായില്ല. പക്ഷെ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഫോൺ ലൊക്കേഷൻ ഇപ്പോഴും ആ കെട്ടിടത്തിനുള്ളിൽ തന്നെയാണ്. എന്തൊക്കെയോ നിഗൂഢതകൾ നിധിന്റെ തിരോധനത്തിലുണ്ടെന്ന് ചാനലുകൾ പറയുന്നു. നിധിനോട് ഇത്രമാത്രം ശത്രുത ആർക്കാണ്?”
അനുപമ നെടുവീർപ്പിട്ടു.
“എന്തൊരു വിധിയാണ് ദേവിയുടേത്? അവളുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയുമായി. പാവം ദേവി. “
“ഞാൻ ഇറങ്ങുന്നു. ദേവിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഉടനെ എന്നെ വിളിക്കുക, ഏത് സമയത്തും വിളിക്കാം. “
സഞ്ജീവ് പോയപ്പോൾ രാഹുലും അനുപമയും ദേവിയുടെ മുറിയിലേയ്ക്കു നടന്നു. അവൾ മരുന്നിന്റെ മയക്കത്തിലായിരുന്നു.
അനുപമയും രാഹുലും ഡോക്ടറെ പോയി കണ്ടു. അവളുടെ മാനസികമായ ചികിത്സയുടെ ഹിസ്റ്ററി അനുപമ ഡോക്ടറോട് വിശദീകരിച്ചിരുന്നു.
“സൂക്ഷിക്കണം, ദേവിയുടെ ഈ അവസ്ഥയിൽ മരുന്നുകൾ സൂക്ഷിച്ചു ഉപയോഗിക്കണം., ഉപയോഗിക്കാതിരുന്നാൽ മാനസികമായ പ്രശ്നങ്ങൾ നിലനിൽക്കുകയും, കുഞ്ഞിന്റെ വളർച്ചയെ ബാധിക്കുകയും ചെയ്യും. ഇതൊരു റിസ്ക് നിറഞ്ഞ ഗർഭമാണ്. “
ദേവി ഉണർന്നപ്പോൾ നിധിനെ അവൾ തിരക്കി കൊണ്ടിരുന്നു.
“ആരെയോ കണ്ട് പേടിച്ചു നിധിൻ ഒളിച്ചിരിക്കുകയാകും ദേവി, നിധിൻ മടങ്ങി വരും. “
അനുപമ അവളെ ആശ്വസിപ്പിച്ചു.
“നിധിൻ അത്ര ഭീരുവല്ല. “
വൈകിട്ട് അശോകദാസും അജ്മലും ആശുപത്രിയിലേയ്ക്ക് വന്നു. രാഹുലിന്റെ അടുത്ത് അജ്മൽ വന്നിരുന്നു.
“രാഹുൽ ബ്രോ, ഞാൻ തൽക്കാലം കട അടച്ചിടുകയാണ്. സ്റ്റാഫിനെയൊക്കെ പറഞ്ഞു വിട്ടു. ഈ ഒരു അവസ്ഥയിൽ എനിക്കും അശോകേട്ടനും അവിടെ ജോലി ചെയ്യാൻ വയ്യ. എല്ലായിടത്തും നിധിന്റെ ഓർമ്മകളാണ്. “
“എനിക്കറിയാം, ദേവിയുടെ അവസ്ഥ അതിലും കഷ്ടമാണ്. അൻവർ ഇക്ക എന്താണ് പറയുന്നത്, എന്തെങ്കിലും വിവരം കിട്ടിയോ. “
“എല്ലായിടത്തും പോലീസ് അന്വേഷിക്കുന്നുണ്ട്. നിധിൻ വാഷ്റൂമിൽ പോയ സമയത്ത് രണ്ടു പേര് പുറത്തു നിന്നും റെസ്റ്റോറന്റിൽ വന്നിരുന്നു. അവർ വെറും അഞ്ചു നിമിഷങ്ങൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അവർ പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി പോകുകയും ചെയ്തു. പോലീസ് പറയുന്നത്, അവർ കഴിക്കാനായി കയറിയതല്ലായെന്നാണ്. അവരുടെ ഉദ്ദേശം വേറെ എന്തോ ആയിരുന്നുവെന്ന് വ്യക്തം. അവരാണ് പോലീസിന്റെ പ്രൈം സസ്പെക്ട്സ്. അവരെ ഉടനെ കണ്ടെത്താനാകും. അതിലൊരാൾക്കു ഇന്ത്യൻ ലുക്കും മറ്റൊരാൾക്ക് ആഫ്രിക്കൻ ലുക്കുമാണ്. അവരെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. “
പാതിരാത്രിയിൽ ഉറങ്ങി കിടന്ന രാഹുലിന്റെ ഫോണിലേക്കു ഒരു കാൾ വന്നു. അജ്മലിന്റെ കാൾ ആയിരുന്നു അത്. രാഹുൽ പെട്ടെന്ന് തന്നെ അനുപമയെയും പ്രണവിനെയും വിളിച്ചു.
“ഞാൻ നാളെ രാവിലെ അജ്മലിനൊപ്പം ദുബായിലേക്ക് പോകുന്നു. നിധിനെക്കുറിച്ച് പൊലീസിന് എന്തോ വിവരം കിട്ടിയിട്ടുണ്ട്. അടുത്ത ആരെങ്കിലും അവിടെ ഉണ്ടാകുന്നത് നല്ലതാണല്ലോ, ദേവിച്ചേച്ചിയുടെ ഈ അവസ്ഥയിൽ. അനുചേച്ചി എപ്പോഴും കൂടെയുണ്ടാകണം. “.
“നിധിന് ഒന്നും സംഭവിക്കില്ല രാഹുൽ. എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ അറിയിക്കണം, എനിക്കവിടെ ധാരാളം സുഹൃത്തുക്കളുണ്ട്. “
പ്രണവ് രാഹുലിനെ അറിയിച്ചു.
എയർ പോർട്ടിൽ, രാഹുലിനെയും അജ്മലിനെയും കൂട്ടി കൊണ്ട് പോകാൻ അൻവർ വന്നിരുന്നു. അൻവറിന്റെ വീട് ഒരു മരണവീട് പോലെ കാണപ്പെട്ടു. കുട്ടികൾ പോലും ആരോടും മിണ്ടാനോ ആഹാരം കഴിക്കാനോ തയാറായില്ല. നിധിൻ താമസിച്ച മുറിയിലാണ്, രാഹുൽ ഫ്രഷായത്. മുറിയിൽ നിധിന്റെ സാധനങ്ങൾ പാക്ക് ചെയ്തു വച്ചിരിക്കുന്ന ബാഗ് കണ്ടപ്പോൾ രാഹുലിന് സങ്കടമായി.
ഭക്ഷണം കഴിച്ചിട്ട് അൻവർ അവരെയും കൂട്ടി പോലീസ് സ്റ്റേഷനിലേയ്ക്ക് പോയി. കുറെ നേരം കാത്തിരുന്ന ശേഷമാണു അവർക്കു അന്വേഷണ ഉദ്യോഗസ്ഥനെ കാണാനായത്. നിധിന്റെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാത്തിരുന്ന പോലെയാണ് ഉദ്യോഗസ്ഥൻ സംസാരിച്ചത്.
അവർ പോലീസ് സ്റ്റേഷനകത്തു തടവിൽ കിടന്നിരുന്ന രണ്ടു പേരെ കാണിച്ചു.
“നിങ്ങൾക്ക് ഇവരെ അറിയാമോ? “
ആ പോലീസ് ഉദ്യോഗസ്ഥൻ ഇംഗ്ലീഷിൽ ചോദിച്ചു.
“ഇല്ല സർ. “
“അറിയാൻ വഴിയില്ല, ഇതിലൊരാൾ ഗോവക്കാരനാണ്, മറ്റെയാൾ ഒരു നൈജീരിയക്കാരൻ. ദുബായ് പോലീസിന്റെ ഹിറ്റ് ലിസ്റ്റിൽ ഉള്ള മയക്കുമരുന്ന് കച്ചവടക്കാരാണിവർ. ഇവർ എങ്ങനെയാണു ഈ കേസിൽ പെട്ടതെന്ന് മനസിലാകുന്നില്ല. നിങ്ങളുടെ സുഹൃത്തിനു എന്തായിരുന്നു പണി? അയാൾക്കെങ്ങനെയാണ് ഇത്രയും ശത്രുക്കൾ. അയാളെ ഇല്ലാതാകാൻ ഒരു
കൊട്ടേഷൻ ദുബായിൽ വന്നു കൊടുക്കാൻ, ഞങ്ങൾക്ക് അത് മനസിലായിട്ടില്ല. ഡാർക്ക് വെബ് വഴിയാണ് ഒരു ഇന്ത്യക്കാരൻ ഇവർക്ക് കൊട്ടേഷൻ കൊടുത്തിരിക്കുന്നത്. “
“നിധിന് ആരോടും ശത്രുത ഉണ്ടായിരുന്നില്ല. ഇവരെയൊന്നും നിധിന് പരിചയമുണ്ടാകാൻ ഒരു സാധ്യതയുമില്ല. നിധിന് എന്താണ് സംഭവിച്ചത്? നിധിനിപ്പോൾ എവിടെയാണ്. “
പോലിസിന്റെ അകമ്പടിയോടെ അവർ മൂന്നുപേരെയും ആ റൂഫ് റെസ്റ്റോറന്റിൽ കൊണ്ട് ചെന്നു. അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം അവരും ആ ക്രൈം സീനിലേയ്ക്ക് പ്രവേശിപ്പിക്കപ്പെട്ടു.
“ഞങ്ങൾ കിച്ചൻ, ഡൈനിങ്ങ് ഏരിയ എന്നിവിടങ്ങളിലൊക്കെ പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. ആ കെട്ടിടത്തിന്റെ കോൾഡ് സ്റ്റോറേജ് റൂമിൽ ഞങ്ങൾ കയറി. പല തരത്തിലുള്ള ഇറച്ചിയും മത്സ്യങ്ങളും വളരെ വൃത്തിയായി സൂക്ഷിച്ചിരുന്ന ഫ്രീസറുകളിൽ പരതിയെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം. “
” പരിശോധന കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഒരു ഫ്രീസറിങ്ങിന്റെ മൂലയിൽ ചുറ്റി പിടിച്ചിരുന്ന ചില തുണിയുടെ നാരുകൾ ഒരു ഓഫീസറുടെ ശ്രദ്ധയിൽ പെട്ടു. വെള്ളയും പച്ചയും നിറമുള്ള കോട്ടൺ നാരുകൾ. ക്യാമറയിൽ ഞങ്ങൾ കണ്ട, നിധിൻ ധരിച്ചിരുന്ന കടും പച്ചയും വെള്ളയും നിറമുള്ള കോട്ടൺ ചെക്ക് ഷർട്ടിന്റെ പരുത്തി നാരുകൾ. “
“ഞങ്ങൾ വീണ്ടും ഫ്രീസറുകൾ മുഴുവൻ അരിച്ചു പെറുക്കി. അടുക്കളയിലേയ്ക്ക് വീണ്ടു കടന്നു. എല്ലാവരും പുറത്ത് പോയിട്ടും അടുക്കളയിൽ പതുങ്ങി നിന്ന പാകിസ്ഥാനിയായ പാചകക്കാരനെ ഓർമ്മ വന്നു. അയാളെ കൂട്ടി കൊണ്ട് വന്ന് വീണ്ടും ചോദ്യം ചെയ്തു. അയാളാണ് അവിടത്തെ തന്തുർ അടുപ്പ് കൈകാര്യം ചെയ്യുന്നത്. അവൻ ഒന്നും അറിയില്ലായെന്ന് പറഞ്ഞു. ഞങ്ങളവനെ നിരപരാധി എന്ന് കരുതി പറഞ്ഞ് വിട്ടതാണ്. അവൻ്റെ കൂട്ടുകാരനെ ചോദ്യം ചെയ്തപ്പോൾ അറിഞ്ഞത് അടുത്ത മാസം അവൻ്റെ കല്യാണമാണെന്നാണ്. “
“രണ്ട് പേരുടേയും അക്കൗണ്ട് പരിശോധിച്ചപ്പോൾ, മൂന്ന് ദിവസത്തിന് മുമ്പ് ധാരാളം പണം അക്കൗണ്ടിൽ വന്ന് ചേർന്നിരുന്നു. വീണ്ടും ചോദ്യം ചെയ്തു. ആ നൈജീരിയക്കാരൻ നിധിനെ വാഷ് റൂമിൽ നിന്നും കോൾഡ് സ്റ്റോറേജിൽ കയറ്റി, കഴുത്തിൽ കയറിട്ട് കുരുക്കി. പിടിവലിയിൽ ഷർട്ട് കീറി, ഫൈബറുകൾ സ്ക്രൂവിൽ കുരുങ്ങി. അതാണ് തെളിവായത്. ഫോൺ അവർ ഡസ്റ്റ് ബിന്നിൻ്റെ പിന്നിലിട്ടു. അങ്ങനെയാണ് ലോക്കേഷൻ ഇവിടെ തന്നെ കാണിച്ചത്. “
“നിങ്ങളുടെ നാട്ടിൽ നിന്നാണ് ശത്രു എല്ലാം പ്ലാൻ ചെയ്തിരിക്കുന്നത്. ഗോവക്കാരൻ്റെ അക്കൗണ്ടിൽ ഇന്ത്യൻ മണി ഇരുപത്തിയഞ്ച് ലക്ഷം വീണു. അവൻമാർ പാകിസ്താനികൾക്ക് ആറുലക്ഷം രൂപയ്ക്ക് മറുകൊട്ടേഷൻ കൊടുത്തതാണ്. “
“ഞങ്ങൾ അപ്പോൾ തന്നെ ഇന്ത്യൻ എംബസ്സിയിൽ ബന്ധപ്പെട്ടു. കേരളപോലീസുമായി സംസാരിച്ചു. ഡാർക്ക് വെബ് ആയത് കൊണ്ട് ഐപി അഡ്രസ്സ് കണ്ട് പിടിക്കാൻ പാടാണ്, ഒടുവിൽ ഒരു ചൈനക്കാരൻ ഹാക്കർ വഴി ഐപി അഡ്രസ്സ് കണ്ടെത്തി. കേരളത്തിലെ ഒരു ജയിലിൽ നിന്നാണ് കൊട്ടേഷൻ കൊടുത്തിട്ടുള്ളത്. ആ മൊബൈൽ കേരളത്തിലെ ഒരു കുപ്രസിദ്ധ മോഷ്ടാവിൻ്റേതാണ്. അയാൾ കഴിഞ്ഞ മാസം ജയിലിൽ തൂങ്ങി മരിച്ചിരുന്നു. “
പോലീസുകാരോടൊപ്പം അടുക്കളയിലേക്ക് പോകുമ്പോൾ രാഹുൽ അജ്മലിന്റെ തോളിൽ ചാരി. താനിപ്പോൾ താഴെ വീഴുമെന്ന് അജ്മലിന് തോന്നി.
അന്വേഷണ ഉദ്യോഗസ്ഥർ തന്തൂർ അടുപ്പിലേക്ക് എത്തി നോക്കി. രാഹുലിനോടും അജ്മലിനോടും എത്തി നോക്കാൻ ആവശ്യപ്പെട്ടു. നിർബന്ധം കൂടിയപ്പോൾ രാഹുൽ എത്തി നോക്കി. മോഹാലസ്യപ്പെട്ട് വീണ രാഹുലിനെ അൻവർ പിന്നിൽ നിന്ന് താങ്ങി.
അജ്മൽ തല തിരിച്ചു. കത്തി കരിഞ്ഞ ഒരു രൂപം ഭയാനകമായ രീതിയിൽ ആ അടുപ്പിൽ കിടന്നിരുന്നു.
“ഇത് ഞങ്ങളുടെ നിധിനല്ല. “
അജ്മൽ പൊട്ടിക്കരഞ്ഞു.
(തുടരും…… )
✍️✍️നിഷ പിള്ള

