നിന്നിൽ ഞാൻ എന്നെയും
എന്നിൽ നീ നിന്നെയും
കാണുവാനായി നാം
ശീലിച്ചിടുന്നേരം
ഞാനില്ല, നീയില്ല,
പിന്നെയീ ലോകത്ത്
നമ്മൾ മാത്രം.
പങ്കുവച്ചീടണം നമ്മൾ പരസ്പരം
അന്യമായൊന്നില്ല എന്ന സത്യം.
പലതരം നിറമാണതെങ്കിലും
അവയെല്ലാം,
ധവള വർണ്ണത്തിൻ നിറഭേദങ്ങൾ
വില്ലനില്ലാതെ നായകനുമില്ല
അസുരനില്ലാതെ സുരനുമില്ല
രാത്രിയില്ലാതെ പകലുമില്ല
ഇരുട്ടിനെ കൂടാതെ വെളിച്ചമില്ല
സ്തീത്വമില്ലാതില്ല പൌരുഷവും
എല്ലാം പരസ്പര പൂരകങ്ങൾ
ഒന്നുമറ്റൊന്നോടു ചേർന്നു നിൽപൂ..
നാനാത്വ മെന്നതിൽ ഏകത്വവും
ഏകത്വ മെന്നതിൽ നാനാത്വവും
പരസ്പര പൂരകമായി ഭവിക്കുകിൽ
സ്വർഗ്ഗമീ ഭൂമിയിൽ തന്നെ, സത്യം.
ഭൂമിയിൽ കാണുന്ന സർവ്വതിന്നും
ഏക നിറമായിരുന്നിതെങ്കിൽ
അവിടെ വസിപ്പതു നരക തുല്ല്യം.
നിന്നിൽ ഞാൻ എന്നെയും
എന്നിൽ നീ നിന്നെയും
കാണുവാനായി നാം ശീലിച്ചിടുന്നേരം
ഞാനില്ല, നീയില്ല,
പിന്നെയീ ലോകത്ത്
നമ്മൾ മാത്രം.
ഷീജിത്ത്- പിണറായി


2 Comments
സൂപ്പർ
കവിത വായിച്ച് അഭിപ്രായം അറിയിച്ചതിന് നന്ദി, സ്നേഹം