നാട്ടുവഴിയിലെ കാറ്റുമൂളണ പാട്ടുകേട്ടില്ലേ
നല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേ
കൊതിയൂറി നിന്നില്ലേ…
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് എൻ്റെ സ്വന്തം നാട്ടിലേക്ക് ഓടിയെത്തും. ഒരു പാട് വർഷങ്ങൾക്കു ശേഷം ഞാൻ എൻ്റെ സ്വന്തം നാട്ടുവഴികളിലൂടെ….
സ്വന്തം നാട് എല്ലാവർക്കും ഒരുപാട് പ്രിയപ്പെട്ടതാണ്. സ്വന്തം ശ്വാസം പോലെ വിലപ്പെട്ടതും , ഞാനെന്നും പഴമയെ ഇഷ്ടപ്പെടുന്ന ഒരു പഴഞ്ചൻ ചിന്താഗതി ക്കാരിയാണ്. ആ പഴമയിൽ ജീവിക്കാനാണ് ഇഷ്ടം. മഴയെ സ്നേഹിക്കുന്ന ഇടിവാളിനെ പേടിച്ച് അച്ഛമ്മയെ കെട്ടിപ്പിടിച്ച് കണ്ണടച്ച് ഇരിക്കുന്ന, അല്ലെങ്കിൽ അച്ഛമ്മേടെ കട്ടിലിൽ കയറി കണ്ണടച്ച് ഇരുന്ന് അർജുന പത്ത് ജപിക്കുന്ന ആ പത്ത് വയസ്സ്കാരി. അവളിൽ നിന്ന് ഒരു പടി പോലും നീങ്ങാൻ എനിക്കു കഴിഞ്ഞിട്ടില്ല. കാരണം ഇന്നും ഇടിവാളിനോടുള്ള എൻ്റെ പേടി മാത്രം മതി ഇതൊക്കെ മനസ്സിലാക്കാൻ.
കാവും കുളങ്ങളും മാവും പ്ലാവും ആനപ്പനയും ലാങ്കിയും പേരയും ആത്തയും കോൽ പുളിയും കുടംപുളിയും, എന്നു വേണ്ട എല്ലാ മരങ്ങളും തറവാടിൻ്റെ പരിസരത്ത് ഉണ്ടായിരുന്നു. ഇതു കൂടാതെ കീഴ് ചെത്തിയും. രാത്രികാലങ്ങളിൽ ഒക്കെ കീഴ് ചെത്തിയുടെ ഗന്ധവും. കീഴ് ചെത്തിനെ അറിയില്ലേ ? നല്ല അച്ഛന് പൂജയ്ക്കും മാല കെട്ടാനും എടുക്കുന്ന ഒരു പൂവ്( നല്ല അച്ഛൻ – ശിവൻ). ശിവക്ഷേത്രങ്ങളിൽ മാത്രമാണ് ഈ പൂവ് പൂജയ്ക്ക് എടുക്കുക. മേടമാസം വെള്ളിടി വെട്ടുന്ന മാസം ആണെന്നാണ് അച്ഛമ്മ പറയാറ്. അതിന് കാരണമുണ്ട്. പാമ്പുകൾ മുട്ടയിടാനായി പുറ്റുകളിൽ ഇരിക്കുമത്ര. ഇടിവാൾ പുറ്റ് അടച്ച് വെട്ടി അവയെ നശിപ്പിച്ചു കളയും. ഇടിവെട്ടേറ്റ് പാമ്പും മുട്ടയും നശിച്ചു പോകും. പാമ്പുകളുടെ വംശത്തെ കുറയ്ക്കാൻ പ്രകൃതി ചെയ്യുന്ന ഒരു കാര്യമായിട്ടാണ് അച്ഛമ്മ പറയാറ്. തറവാട്ടിലെ ചില സ്ഥലങ്ങളിൽ ഇടിവാൾ താഴെത്തു വന്നു വെട്ടും, അപ്പോ പറയും അവിടെ നിധി ഉണ്ടെന്ന്. ഞങ്ങളുടെ കാവിൽ പത്ത് ചിത്ര കൂടകല്ലുകൾ ഉണ്ട്. ഒരിക്കൽ രാത്രിയിൽ ഇടിവാൾ കഴിഞ്ഞ് രാവിലെ ചെന്നു നോക്കുമ്പോൾ ചിത്രകൂട കല്ലിൽ ചുറ്റി പിണഞ്ഞു തല ഉയർത്തി ഒരുത്തൻ. ഓടി അച്ഛമ്മേടെ അടുത്തേക്ക്, അച്ഛമ്മ വന്നു നോക്കിയപ്പോഴാ അറിഞ്ഞത് തലേ ദിവസത്തെ ഇടി വാളേറ്റ് ചത്തു ഇരിക്കുന്നതാണെന്ന്. മേട പത്തിനാണ് അവിടത്തെ നാഗൂറ് കുടുംബാംഗങ്ങളെക്കെ ഒത്തു കൂടി ഇന്നും അത് ഗംഭീര പരിപാടിയാണ്.
അതിലേറെ രസകരമായ മറ്റൊരു കഥ, എൻ്റെ അച്ഛമ്മയുടെ അമ്മയോട് ഇതിലൊരു നാഗത്താന് കലശലായ പ്രണയം. മുത്തിയമ്മയുടെ ചെറുപ്പക്കാലത്ത് സന്ധ്യ സമയങ്ങളിൽ കുളിച്ച് മുടിയൊക്കെ അഴിച്ചിട്ട് ഈറനോടെ ഉമ്മറത്ത് നാമം ജപിക്കാൻ ഇരിക്കും. നാഗത്താൻ കാവിൽ വന്ന് പുള്ളിക്കാരിയെ നോക്കി നിൽക്കുമായിരുന്നു എന്ന്. ഇതിനൊക്കെ തറവാട്ടിലെ പഴയ തലമുറ സാക്ഷികളാണ്.
പലരും ഇതു കണ്ടിട്ടുണ്ട്. പിന്നിട് ഞങ്ങൾ പിൻ തലമുറക്കാരും പ്രണയത്തിന് പാത്രിഭൂതരായിട്ടുണ്ട്. ഒരിക്കൽ അപ്പച്ചിക്ക് തലവേദന കലശൽ. മരുന്നു കഴിച്ചിട്ട് മാറുന്നില്ല. പത്താമുദയത്തിന് നൂറും പാലും കൊടുക്കാൻ വന്ന തിരുമേനി, അപ്പച്ചിയെ വിളിച്ച് തലവേദനയുടെ കാര്യം ചോദിച്ചു. പരിഹാരവും നിർദേശിച്ചു. തിരുമേനി പറഞ്ഞത് ദൃഷ്ടി ഉണ്ടെന്നാണ്. പക്ഷെ നമുക്കറിയാല്ലോ നാഗത്തിൻ്റെ മോഹം ആണെന്ന്. അങ്ങനെ കാവിനു ചുറ്റും മറച്ചു, കാണാതിരിക്കാൻ.
തറവാട്ടിൽ കുറച്ചു പേർക്ക് നാഗങ്ങളെ മാറ്റണം എന്നൊരു തീരുമാനം വന്നു. കാവിൽ നിന്ന് നാഗത്താൻമാരെ എടുത്തു ക്കൊണ്ട് പോയി. കാവിൽ നിന്നിരുന്ന ഒതളങ്ങ മരവും മറ്റു മരങ്ങളും ഒരു ഇല പോലും കളയാതേ കുഴിച്ച് മൂടി. രണ്ടു ദിവസം കഴിഞ്ഞില്ല അപ്പൂപ്പൻ വീണ് കാലൊടിഞ്ഞു. വല്യട്ടേൻ്റെ മകന് ഒരു കിഡ്നി complaint. ഒത്തിരി വിഷയങ്ങൾ. അപ്പൂപ്പന് കാര്യം മനസ്സിലായി, നാഗങ്ങളെ തിരിച്ച് പുനപ്രതിഷ്ഠിച്ചു. എല്ലാ ആയില്യത്തിനും ഓരോ വീട്ടുകാർ വിളക്ക് വയ്ക്കണം. പക്ഷെ അപ്പൂപ്പനും വല്യേട്ടൻ്റെ മകനും തിരിച്ച് വന്നില്ല. അതോടെ തറവാട്ടിലെ ചർച്ച അവസാനിച്ചു.
ഞാൻ കാണുന്ന മറ്റൊരു പ്രത്യേകത നാഗ ബന്ധം ഉള്ളവരൊക്കെ ചെന്നുപ്പെടുന്നതും അത്തരം നാഗബന്ധം ഉള്ള വീടുകളായിരിക്കും. എൻ്റെ അനുഭവം പറഞ്ഞതാണ്. ഞാൻ ഒരു കൂട്ടം വിശ്വാസികളുടെ കൂട്ടത്തിൽ നിന്നാണ് വന്നത്. പക്ഷെ ചെന്നു പെട്ടതൊ കൂറെ അവിശ്വാസികളുടെ കൂട്ടത്തിൽ. ഒരു പാട് സഹനങ്ങൾ അവഹേളനങ്ങൾ, കളിയാക്കലുകൾ , വെളുപ്പിന് കുളിക്കുന്നതു പോലും തെറ്റാണെന്ന് കണ്ടു പിടിച്ചവർ , അനാവശ്യങ്ങൾ പറഞ്ഞ് പിൻതിരിപ്പിക്കാൻ ശ്രമിച്ചു അവിടെ എത്തിയപ്പോഴെക്കെ ഒരു പാട് ഉപദ്രവിച്ചു. പക്ഷെ അതിനവർക്ക് കിട്ടിയത് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ.
കാക്ക കുറേ നേരം ഒരു പ്രത്യേക രീതിയിൽ കരഞ്ഞാൽ, പൂച്ച ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കിയാൽ, ഇവയെ ഒക്കെ കല്ലെടുത്ത് ഓടിച്ചു വിടുന്നവർ. തച്ചൻ കോഴി കരഞ്ഞാൽ, മരണം സംഭവിക്കും എന്ന് വിശ്വസിക്കുന്നവർ. ചിലർ പറയും അന്ധവിശ്വാസം ഞാൻ ഇതെല്ലാം വിശ്വസിക്കുന്നു. അച്ഛമ്മ മരിച്ചിട്ട് ഒത്തിരി വർഷങ്ങളായി. ഇന്നും ഞങ്ങൾ അച്ഛമ്മയുടെ ആണ്ടു ബലി ഇടുന്നു. ചടങ്ങിന് കുറച്ചു ദിവസം മുൻപ് ഞങ്ങൾ എല്ലാവരും അച്ഛന്മയെ സ്വപ്നം കാണുന്നു. ആർക്കും വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം. അത് നിങ്ങൾക്ക് വിട്ടു തന്നിരിക്കുന്നു
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.

