തമിഴ് നാട്ടിലെ നല്ലൈ പെൺറൈ പെറ്റയ് എന്ന ഒരു ഗ്രാമത്തിലെ ശേഖർ എന്നയാളുടെ മകളായ ലാവണ്യയും അതേ ഗ്രാമത്തിലെ ശിലബൈരശൻ എന്ന യുവാവും തമ്മിൽ പ്രണയത്തിലായി. ലാവണ്യയുടെ വീട്ടുകാർ നാടോടി എന്ന ജാതിയിൽ പെട്ടവരായതുകൊണ്ടും ശിലബൈരശന്റെ ജാതിയെക്കാൾ താഴ്ന്നതു ആയതുകൊണ്ടും അയാളുടെ വീട്ടുകാർ എതിർത്തു. എല്ലാ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് അവരുടെ വിവാഹം ലാവണ്യയുടെ അച്ഛനായ ശേഖർ നടത്തി കൊടുത്തു.
എന്നാൽ ജാതി കോമരം തുള്ളുന്ന ആ നാട്ടിൽ അവർ മൂന്നു പേരെയും പിന്നീട് ആരും കണ്ടിട്ടില്ല. ശേഖറിനെയും മകൾ ലാവണ്യയെയും മകളുടെ ഭർത്താവ് ശിലബൈരശനെയുമാണ് കാണാതായത്. ശേഖറിന്റെ ഭാര്യ ജീവ ശേഖർ, പോലീസിൽ പരാതി നൽകി. തന്റെ മകളുടെ ഭർത്താവിന്റെ വീട്ടുകാരാണ് അവരുടെ തിരോധനത്തിന് പിന്നിൽ എന്ന് അവർ ആരോപിച്ചു. എന്നാൽ പോലീസിന്റെ അന്വേഷണത്തിൽ ശിലബൈരശന്റെ വീട്ടുകാർക്ക് ഇതിൽ ഒരു പങ്കുമില്ലെന്നു മനസ്സിലായി. വർഷങ്ങൾ കഴിഞ്ഞു പോയി. അവരെക്കുറിച്ചു ആർക്കും ഒരറിവും കിട്ടിയില്ല.
2012 ലെ ഒരു മെയ് മാസം. തമിഴ് നാട്ടിലെ പ്രസിദ്ധമായ സീ ചാനലിലേക്ക് ഒരു ഫോൺ കാൾ വന്നു. ഒരു സതീഷ് കുമാർ ആണ് വിളിച്ചത്. ആ ചെറുപ്പക്കാരനും ഭാർഗവി എന്ന ഒരു പെൺകുട്ടിയും തമ്മിൽ പ്രണയത്തിലാണെന്നും അവരെ കല്യാണം കഴിപ്പിക്കാൻ ഭാർഗവിയുടെ വീട്ടുകാർ സമ്മതിക്കുന്നില്ല എന്നും അതിനായി അവരെ സഹായിക്കണമെന്നുമായിരുന്നു ആ ചെറുപ്പക്കാരന്റെ അപേക്ഷ. അതിനായി തമിഴ് നാട്ടിൽ വളരെ പ്രസിദ്ധമായ ” ശൊൽവതെല്ലാം ഉൺമൈ ” എന്ന പരിപാടിയിൽ അയാളെ പങ്കെടുപ്പിക്കണമെന്നും അതിന്റെ അവതാരകയായ നിർമല പെരിയസ്വാമിയോട് സംസാരിക്കണം എന്നുമായിരുന്നു അയാളുടെ ആവശ്യം. അവതാരക നിർമല പെരിയസ്വാമി രണ്ടു പേരോടും സംസാരിച്ചു.
അപ്പോഴാണ് അവതാരകക്ക് മനസ്സിലായത് ഭാർഗവിക്കു പ്രായം പതിനേഴു കഴിഞ്ഞതേ ഉള്ളൂ. നിയമപരമായി സതീഷ് കുമാറിന് ഭാർഗവിയെ വിവാഹം കഴിക്കാൻ സാധിക്കില്ല. രണ്ടുപേരുടെയും അച്ഛനമ്മമാരോടു നിർമല പെരിയസ്വാമി സീ ടിവിയിലേക്ക് വരാൻ അഭ്യർത്ഥിച്ചു.. ഭാർഗവിക്കു പ്രായപൂർത്തി ആകാത്തതിനാൽ വീട്ടുകാരോടൊപ്പം വിടാനും ആയിരുന്നു അവതാരകയുടെ ഉദ്ദേശം. അതിനായി ഭാർഗവിയോട് സംസാരിച്ചു സമ്മതിപ്പിക്കാനായിരുന്നു അവരുടെ ശ്രമം.
പക്ഷെ വീട്ടുകാരോടൊപ്പം പോകില്ലെന്ന് അവൾ ശഠിച്ചു. അതിനു ഭാർഗവി പറഞ്ഞ കാര്യങ്ങളാണ് അവതാരികയെ ഞെട്ടിച്ചത്. ഭാർഗവി പറഞ്ഞത് അവളുടെ അച്ഛൻ മുരുകൻ ചെറുപ്പം മുതലേ അവളെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും അത് അമ്മയോട് പരാതിപ്പെട്ടപ്പോൾ അത് തടഞ്ഞില്ലെന്നു മാത്രമല്ല. ഈ പീഡന വിവരം പുറത്തു പറയരുത് എന്ന് താക്കീതും നൽകി. അച്ഛന്റെ അനിയനോടും, അമ്മൂമ്മയോടും പരാതി പറഞ്ഞെങ്കിലും അവരും അച്ഛനെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. അതോടെ ഭാർഗവി പ്ലസ് ടു കഴിയുന്നത് വരെ അവിടെ പിടിച്ചു നിന്നു. അതിനിടയിൽ സന്തോഷ് കുമാറുമായി പ്രണയത്തിലാകുകയും ചെയ്തു. അമ്മക്ക് ഇതിനെ പറ്റി അറിയാമായിരുന്നെങ്കിലും അവർ മൗനം പാലിച്ചു.
അച്ഛൻ ഇത് അറിഞ്ഞതോടെ വീട്ടിലാകെ പ്രശ്നമായി. ഭാർഗവിയെ കഴുത്തിൽ കത്തി വച്ചു ഇതിൽ നിന്നു പിന്മാറാൻ ഭീഷണിപ്പെടുത്തി. 32 കാരനായ ഒരാളെ കൊണ്ടു അവളെ വിവാഹം കഴിപ്പിക്കാനും അയാൾ നിശ്ചയിച്ചു. അങ്ങിനെയാണ് പ്ലസ് ടു കഴിഞ്ഞതോടെ അവൾ സന്തോഷിനൊപ്പം ഒളിച്ചോടിയത്. എന്നാൽ അച്ഛന്റെ ഈ പീഡനകഥ വെറും നുണയാണെന്നും അവളുടെ അച്ഛനും അമ്മയും വാദിച്ചു. കാമുകനോപ്പം പോകാനുള്ള ഒരു തന്ത്രമാണെന്നും അവർ പറഞ്ഞപ്പോൾ അവതാരികക്കും അതു സത്യമാണെന്ന് തോന്നി. എന്നാൽ പിന്നീട് ഭാർഗവി പറഞ്ഞ കാര്യങ്ങൾ അവതാരികയെ മാത്രമല്ല സീ ടീവി യുടെ അണിയറ പ്രവർത്തകരെയും ഈ പരിപാടി സംപ്രേക്ഷണം ചെയ്തപ്പോൾ മൊത്തം തമിഴ്നാടും ഞെട്ടി. ഭാർഗവി പറഞ്ഞത് ഞാൻ വീട്ടിലേക്കു പോയാൽ അവൾ കൊല്ലപ്പെടുമെന്നും. അവളുടെ അച്ഛൻ മുരുകൻ അതിനു മടിക്കില്ലെന്നും അയാൾ മുൻപും മൂന്നു കൊലപാതകങ്ങൾ ചെയ്തിട്ടുണ്ടെന്നും അവൾ വ്യക്തമാക്കി. അത് അപ്പാടെ അയാൾ നിഷേധിച്ചുവെങ്കിലും, ഭാർഗവി ആ കൊല്ലപ്പെട്ടവരുടെ പേരുകൾ വ്യക്തമായി പറഞ്ഞപ്പോൾ അവർക്കു വിശ്വസിക്കാതിരിക്കാൻ പറ്റിയില്ല. മുരുകന്റെ കൂട്ടുകാരനും ഫർണിചർ ബിസിനസിൽ പങ്കാളിയുമായ ശേഖർ എന്നായാളും അയാളുടെ മകൾ ലാവണ്യയും, ലാവണ്യയുടെ ഭർത്താവ് ശിലബൈരശനുമാണ് കൊല്ലപ്പെട്ടത് എന്നും അവൾ വ്യക്തമാക്കി.
ഇത് കേട്ടു ഒന്നമ്പരന്നുവെങ്കിലും സീ ടീവി പ്രവർത്തകർ പോലീസിനോട് പറയാതെ ഇതിനെ പറ്റി അന്വേഷിക്കാൻ അവരുടെ രണ്ടു സംഘങ്ങളെ പറഞ്ഞയച്ചു. ഈ മൂന്നുപേരുടെ തീരോധാനം സത്യമാണെന്നു അവർ കണ്ടെത്തി. അതോടെ ഭാർഗവി പറഞ്ഞതിൽ സത്യമുണ്ടെന്നു അവർക്കു മനസ്സിലായി. എന്നാൽ എക്സുളുസീവ് ആയി കിട്ടിയ കാര്യം അവർ പോലീസിനെ അറിയിച്ചില്ല. ഭാർഗവിയുടെ എപ്പിസോഡ് ആറു ഭാഗങ്ങളായി അവർ ടെലികാസ്റ് ചെയ്തു. കൊലപാതക ആരോപണം പല പ്രാവശ്യം മുരുകൻ എതിർത്തെങ്കിലും അവസാനം അയാൾ മകൾ സന്തോഷ്കുമാറിനെ വിവാഹം കഴിക്കട്ടെ എന്ന നിലപാടിലേക്ക് പെട്ടെന്ന് മാറുകയും. സന്തോഷ്കുമാറിനെ ആശ്ലേഷിച്ചു സ്റ്റുഡിയോ വിട്ടു പുറത്തേക്കിറങ്ങി. എന്നാൽ അയാളുടെ ഭാര്യ തൊഴുകൈകളോടെ ഈ എപ്പിസോഡ് പ്രക്ഷേപണം ചെയ്യരുത് എന്ന് അവതാരകയോട് അഭ്യർത്ഥിച്ചു.
പിന്നീട് മുരുകനും രാജേശ്വരിയും ഒളിവിൽ പോയെങ്കിലും പോലീസ് സ്വമേധയാ കേസെടുത്തു അന്വേഷണം ആരംഭിച്ചു. മുരുകൻ സിം മാറ്റിയെങ്കിലും അതേ ഫോണിൽ തന്നെയാണ് പുതിയ സിം ഇട്ടതു. അത് പോലീസുകാരുടെ പണി എളുപ്പമാക്കി. സീ ടീവി യിലേക്ക് എന്ന് പറഞ്ഞു വന്ന ടീം പോലീസുകാർ തന്നെയായിരുന്നു എന്ന് മുരുകന് മനസ്സിലായത് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു. അതിനു മുൻപ് തന്നെ ഭാർഗവി പറഞ്ഞ മൂടിയ പൊട്ടകിണറ്റിൽ ജെ സി ബി ഉപയോഗിച്ചു പോലീസ് മൂന്നു തലയോട്ടികളും കുറെയേറെ എല്ലുകളും ലഭിച്ചിരുന്നു. അവയുടെയെല്ലാം ഡി എൻ എ പരിശോധനയിൽ അത് കാണാതായ മൂന്നുപേരുടെയും ആണെന്ന് കണ്ടെത്തി. എല്ലാ തെളിവുകളോടും കൂടെ മുരുകനെ അറസ്റ്റ് ചെയ്തപ്പോൾ മുരുകൻ എല്ലാം തുറന്നു പറഞ്ഞു.
ലാവണ്യയുടെ വിവാഹത്തിന് ശേഷം അവർക്കു താമസിക്കാൻ ഒരു വാടക വീട് എടുത്തുകൊടുക്കാനാണ് ശേഖർ മുരുകനെ സമീപിച്ചിരുന്നു. അപ്പോഴാണ് അവർക്കു തന്റെ വീട്ടിൽ താമസിക്കാമെന്നു മുരുകൻ പറഞ്ഞതും ലാവണ്യയും ഭർത്താവും അവിടെ താമസം തുടങ്ങിയതും. അവർക്കു ജീവിക്കാനായി കുറച്ചു സ്വർണവും പൈസയും ശേഖർ ലാവണ്യക്ക് കൊടുക്കുകയും ചെയ്തിരുന്നു. ഈ പെണ്ണിലും പൊന്നിലും കണ്ണ് വച്ച മുരുകൻ എന്നും ശിലബൈരശനുമായി മദ്യപാനം നടത്തുകയും അയാൾ മദ്യത്തിന് അടിമയാകുകയും ചെയ്തു. അപ്പോഴേക്കും ശിലബൈരശന് ലാവണ്യയോടുള്ള ഇഷ്ടവും കുറഞ്ഞു. ലാവണ്യയെ പ്രാപിക്കാൻ നോക്കിയ മുരുകനെ അവൾ എതിർക്കുകയും മുരുകനും ശിലബൈരശനും ചേർന്ന് അവളെ ശ്വാസം മുട്ടിച്ചു കൊല്ലുകയുമായിരുന്നു. ശവം അടുത്തുള്ള പൊട്ടകിണറ്റിൽ കെട്ടി താഴ്ത്തുകയും ചെയ്തു.
പിന്നീട് മുരുകൻ ഈ കാര്യങ്ങൾ തന്റെ അനിയനോടും മറ്റൊരു സുഹൃത്തിനോടും പങ്കു വയ്ക്കുകയും ചെയ്തു. ആയിടക്കാണ് മകളുടെ സുഖ വിവരം തേടി ശേഖർ മുരുകന്റെ വീട്ടിൽ എത്തുന്നത്. മകളും ഭർത്താവും പുറത്തു പോയി എന്ന് പറഞ്ഞ മുരുകൻ ശേഖറിനെ കുടിക്കാനായികൊണ്ടുപോയി. മദ്യത്തിൽ വിഷം ചേർത്തു അയാളെയും കൊന്നു കിണറ്റിൽ താഴ്ത്തി. ലാവണ്യയുടെ സ്വർണവും പണവും പങ്കിട്ടു എടുക്കാമെന്ന് പറഞ്ഞു മുരുകന്റെ അനിയനെയും, സുഹൃത്തിനെയും പ്രലോഭിപ്പിച്ചു അവരെയും ഇതിൽ പങ്കാളികളാക്കി. എന്നാൽ ശിലബൈരശൻ എന്നെങ്കിലും ഇത് പുറത്തു പറയുമെന്ന ഭീതിയിൽ അയാളെയും കൊന്നു അതേ കിണറിൽ താഴ്ത്തി. എന്നിട്ട് ആ കിണർ പൂർണ്ണമായും മൂടി.
നാലു കൊല്ലം ആളുകളെ പറ്റിക്കാൻ മുരുകനും കൂട്ടാളികൾക്കും കഴിഞ്ഞെങ്കിലും ആ ടോക്ക് ഷോ യിൽ എല്ലാ സത്യങ്ങളും പുറത്തു വന്നു. സീ ടീവി ക്കെതിരെയും ഒത്തിരി വിമർശനങ്ങൾ വന്നു. പോലീസിൽ അറിയിക്കാതെ പ്രതികൾക്ക് രക്ഷപെടാനും, തെളിവുകൾ നശിപ്പിക്കാനും അവർ ആത്മഹത്യ ചെയ്യാനും വരെ ആ ഗ്യാപ് ഇടവരുത്തിയേനെ. എന്നാൽ 2020 ൽ മുരുകന് മൂന്നു ജീവപര്യന്തവും, അനിയന് ഒരു ജീവ പര്യന്തവും വിധിച്ചു. സുഹൃത്ത് വിചാരണവേളയിൽ മരണപെട്ടിരുന്നു. മുരുകന്റെ ഭാര്യയെ വെറുതെ വിട്ടു. പഠിക്കാൻ മിടുക്കിയായിരുന്ന ഭാർഗവി പ്ലസ് ടു വിൽ 1200 ൽ 1016 മാർക്കൊടെ വിജയിച്ചു എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലിയായി സന്തോഷ്കുമാറിനെ തന്നെ വിവാഹം കഴിച്ചു ഇപ്പോൾ സുഖമായി ജീവിക്കുന്നു.
എത്ര പഴുതുകള് ഇല്ലാതെ ഒരു കുറ്റം നടന്നാലും. കാലം അത് തെളിയിക്കുക തന്നെ ചെയ്യും എന്നുള്ളതിന് ഒരുദാഹരണമായിരുന്നു ഈ കേസ്. ടോക്ക് ഷോ തെളിയിച്ച ഒരു കൊലപാതക പരമ്പര.
ചിത്രത്തിന് കടപ്പാട് : dailymail.co.uk


17 Comments
അതേ, സത്യങ്ങൾ പലപ്പോഴും കെട്ടുകഥകളേക്കാൾ വിചിത്രമായിരിക്കും. എത്ര മറച്ചു വെച്ചാലും ഒരു നാളതു മറ നീക്കി പുറത്തുവരും..
എത്ര മൂടി വച്ചാലും സത്യത്തിന് പുറത്തുവരാൻ ഒരു കാരണമുണ്ടാകും…….നന്നായെഴുതി👍🌹
ഓരോ വാർത്തകൾ വായിക്കുമ്പോഴും ഇതിനേക്കാൾ ഞെട്ടിക്കുന്നത് വേറെയില്ല എന്ന് കരുതുമ്പോഴും പുതിയ വാർത്തകൾ പിന്നേയും അമ്പരപ്പെടുത്തുന്നു.
കുട്ടാന്വേഷണ പരമ്പര കണ്ട ഒരു feel💗👌🥰
വിശ്വസിക്കാൻ പറ്റാത്ത പോലെ, എന്തെല്ലാമാണ് നടക്കുന്നത്
❤️🙏
👍
🙏❤️
😯👌👌
❤️🙏
സിനിമാക്കഥ പോലെ തോന്നിയ real story.
👌👏
❤️🙏
കാലം എല്ലാം തെളിയിക്കും
❤️🙏
🔥👍
❤️🙏
ദുരഭിമാനക്കൊല എന്നതിൻ്റെ മറവിൽ എന്തെല്ലാം നടക്കുന്നു. അത്ഭുതപ്പെട്ടിട്ടു കാര്യമില്ലല്ലോ. സിനിമയിൽ മാത്രം കണ്ടിട്ടുള്ള സീരിയൽ കൊലപാതകങ്ങൾ യഥാർത്ഥ ജീവിതത്തിലും എത്ര എളുപ്പത്തിലാണ് നടത്തുന്നത്
നല്ല അവതരണം❤️👌🌹