അപ്രതീക്ഷിതമായി ലഭിച്ച ട്രാൻസ്ഫർ ഓർഡർ മനസ്സാൽ അംഗീകരിച്ചു കൈപ്പറ്റിയെങ്കിലും, പുതിയ സ്ഥലത്തെ താമസമൊക്കെ ശരിയാക്കിയെങ്കിലും എന്നെ അലട്ടിക്കൊണ്ടിരുന്നത് ഇനിയുള്ള ഇടത്തിൽ നിന്ന് വന്നേക്കാവുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകേണ്ടത് എങ്ങനെ എന്നതാണ്.
നേരെ വില്ലേജ് ഓഫീസറുടെ മുറിയിലേക്ക്… ശാന്തവദനനായിരുന്ന ഓഫിസർ അറ്റൻഡൻസ് രജിസ്റ്റർ എടുത്ത് നീട്ടിയിട്ട് ഒപ്പിട്ടുകൊള്ളുവാൻ പറഞ്ഞു. പിന്നീടുള്ള സംസാരം സജിനോട് ആയതിനാൽ എനിക്ക് തെല്ലൊരു ആശ്വാസം തോന്നി. വൈകുന്നേരം കൂട്ടികൊണ്ട് പോകാൻ വരാമെന്നു പറഞ്ഞു സജിൻ ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ എന്നിലുണ്ടായിരുന്ന ധൈര്യത്തിന്റെ ഒരംശം ചോർന്നുപോയതുപോലെ. ഇനി അപരിചിതരായ ആളുകൾ പരിചിതരാകുവാൻ ഞാൻ എന്തൊക്കെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടി വരും. വലിയ ആ മുറിയുടെ ഒത്ത നടുവിലൊരു മേശയും കസേരയും എനിക്കായി കാത്തു കിടപ്പുണ്ടായിരുന്നു. മേശവലിപ്പ് അടയ്ക്കാൻ പരുവത്തിൽ ആയിരുന്നില്ല. അതിനുള്ളിൽ അടപ്പില്ലാത്ത ഒരു പേനയും എന്തൊക്കെയോ കണക്കുകൾ എഴുതിത്തീർന്ന ഒരു നോട്ട്പാഡും കിടക്കുന്നുണ്ടായിരുന്നു. മേശപ്പുറത്തു ഇനിയും തീർപ്പാകാത്ത കുറെ ജീവിതകഥകളുടെ ഫയലുകൾ…
ഇപ്പോൾ തുടങ്ങും പരിചയപ്പെടൽ ചടങ്ങ്…
”നിങ്ങളുടെ സ്വന്തം നാടെവിടെയാണ്? ”
ആദ്യത്തെ ചോദ്യാസ്ത്രം വന്നത് ആ വലിയ റൂമിന്റെ തെക്കേ മൂലയിൽ നിന്നാണ്. അത് ലത ചേച്ചി ആയിരുന്നു. ആ ചോദ്യത്തിന്റെ ബാക്കി ആയി കുറെയധികം ചോദ്യങ്ങൾ… ഒടുവിൽ ആ ചോദ്യവും എത്തി…
”മക്കൾ?”
”ഉടൻ ഉണ്ടാവും ” എന്ന് ചുരുങ്ങിയ വാക്കിൽ ഞാൻ മറുപടി നൽകി.
”പ്രഗ്നൻറ് ആണോ?”ഉള്ളം അല്പമൊന്നു പതറിയെങ്കിലും, ഇനി വന്നേക്കാവുന്ന ചോദ്യങ്ങളെയോർത്തു ഞാൻ പറഞ്ഞു “അതെ “.
”എത്ര ആയി?”
”ഏഴ് മാസം”
അടുത്ത നിമിഷം എന്റെ അടിവയറ്റിലേക്ക് വന്ന നോട്ടങ്ങൾ… ആലിയ കട്ട് കുർത്തിയും ബെല്ലി ഫാറ്റും ചേർന്ന് എനിക്ക് ഒരു ഗർഭവതിയുടെ ഭംഗി നൽകിയതിനാൽ കൂടുതൽ ചോദ്യങ്ങൾ ഒഴിവായി… എന്നാൽ, നിർത്താതെ വന്നു, കുറെയധികം ഉപദേശങ്ങൾ. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ഞാൻ ധരിച്ചിരുന്നത് A ലൈൻ കുർത്തി, അനാർക്കലി, ആലിയ തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്ന ടോപ്പുകൾ ആയിരുന്നു. ആർക്കും ഒരു സംശയവും തോന്നിയില്ല. ബോഡി ഷേപ്പിൽ ഞാൻ തയ്‌പ്പിച്ച ഭംഗിയുള്ള ചുരിദാറുകൾ അലമാരയുടെ താഴത്തെ അറയിൽ വിശ്രമം ആരംഭിച്ചു.
” നിനക്ക് സത്യമങ്ങ് പറഞ്ഞാൽ പോരായിരുന്നോ? എന്തിനാണീ ആവശ്യമില്ലാത്ത വേഷം കെട്ടലൊക്കെ? “
” എനിക്കപ്പോൾ അങ്ങനെ പറയുവാനാണ് തോന്നിയത്? പറഞ്ഞത് പൂർണമായും അസത്യമൊന്നുമല്ലല്ലോ? ഞാൻ അമ്മയാകാൻ തയ്യാറെടുക്കുകയല്ലേ സജിൻ?”
”ഒരു തർക്കത്തിന് ഞാൻ ഇല്ല. സമൂഹത്തെ പേടിച്ചു എത്ര കാലം നമ്മൾ ജീവിക്കും? വീ ഷുഡ് ബീ ജനുവിൻ ഇൻ ദ സൊസൈറ്റി. ഇല്ലങ്കിൽ ആണ് കൂടുതൽ കുഴപ്പം. “
”സോറി സജിൻ. പുതിയൊരു സ്ഥലത്ത് അപരിചിതരായ ആളുകളോട് ആദ്യ ദിവസം തന്നെ എല്ലാം തുറന്നു പറയുവാൻ എനിക്ക് ധൈര്യം വന്നില്ല. “
”ഇറ്റ്സ് ഒക്കെ. ഇനി ശ്രദ്ധിച്ചാൽ മതി. “
ആ സംസാരം അന്ന് അങ്ങനെ അവസാനിച്ചുവെങ്കിലും വരും ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചിന്ത എന്നെ അലട്ടികൊണ്ടിരുന്നു. ഓഫീസിലെ തിരക്കിനിടയിൽ രണ്ടാഴ്ച നീങ്ങിക്കിട്ടി.
ഒന്നിച്ചിരുന്ന കുറച്ചു ഫയലുകൾ… അവ നോക്കിത്തീർത്തിട്ട് കഴിക്കാമെന്നു കരുതി ഇരുന്ന് സമയം 2. 10 ആയത് അറിഞ്ഞില്ല.
” ആഹാരം കഴിക്ക് മോളേ, ഒന്നല്ല.. രണ്ടു പേരാണെന്നു ഓർമ്മ വേണം ”
ലതേച്ചിയുടെ സ്നേഹോപദേശം കേട്ടപ്പോൾ നെഞ്ചിലൊരു ആളല്… നിങ്ങൾക്കതിനെ കുറ്റബോധം എന്ന് വേണമെങ്കിൽ വിളിക്കാം. എന്നാലും ധൈര്യം വീണ്ടെടുത്ത് ഞാൻ ആ സത്യം പറഞ്ഞു.
” ചേച്ചി… ഞാൻ പ്രഗ്നൻറ് അല്ല “
”പിന്നെ!…”
ചേച്ചിയുടെ ആ “പിന്നെ ” വില്ലേജോഫീസും കടന്ന് അപ്പുറത്തെ ചായക്കട വരെ എത്തിയെന്നു തോന്നുന്നു. ഞെട്ടലിൽ നിന്ന് തിരിച്ചു വന്ന ചേച്ചി :- ” പിന്നെന്തിനാണ് അങ്ങനൊക്കെ പറഞ്ഞത്? ഇങ്ങിനുള്ള കാര്യങ്ങളിൽ തമാശക്ക് പോലും നുണ പറയരുത് “
അപ്പോഴേക്കും തൊട്ടടുത്ത കസേരയിൽ നിന്നും ശ്രീലത അവിടെത്തിയിരുന്നു.
” ഞാൻ അമ്മയാകാൻ പോകുന്നു എന്നത് സത്യമാണ് ചേച്ചി. പക്ഷേ പ്രെഗ്നന്റ് അല്ല “.
എനിക്ക് എന്തെങ്കിലും മാനസികപ്രശ്നം ഉണ്ടോ എന്ന് തോന്നിയിട്ട് ആകണം, അവർ രണ്ടാളും പരസ്പരം ഒന്ന് നോക്കി… പെട്ടെന്ന് എന്തോ ഓർത്തെടുത്തതുപോലെ ശ്രീലത ചോദിച്ചു.
”ഓ, കുട്ടിയെ ദത്തെടുക്കാൻ പോകുകയാണോ?”
”അല്ല”
”പിന്നെ? “
”സറോഗസി ആണ് “
ഞാൻ പറഞ്ഞതിനെ അതിന്റെതായ അർത്ഥത്തിൽ ഉൾക്കൊള്ളുവാൻ സാധിക്കാത്തതുകൊണ്ടോ, എന്നോടുള്ള സഹതാപം കൊണ്ടോ പിന്നീടങ്ങോട്ട് സംസാരമൊന്നും ഉണ്ടായില്ല.
”ആർക്കാണ് കുഴപ്പം?”
” സറോഗസി ചെയ്യുന്നത് പെണ്ണുങ്ങൾക്ക് കുഴപ്പം ഉള്ളപ്പോഴാ ”
” ഇതൊക്കെ ശരിയാകുമോ? എന്ത് പറഞ്ഞാലും കുഞ്ഞിനെ ചുമക്കുന്ന പെണ്ണിന്റെ സ്വഭാവം കുറച്ചെങ്കിലും കിട്ടാതിരിക്കുമോ?”
”അയാളുടെ വീട്ടുകാർ ഇതിനൊക്കെ സമ്മതിച്ചോ”?
എന്നോടൊന്നും ചോദിച്ചില്ലെങ്കിലും ഈ ചോദ്യങ്ങൾ കൂടെയുള്ളവർ പരസ്പരം ചോദിക്കുന്നതും പറയുന്നതും ഞാൻ പലപ്പോഴായി കേട്ടു. അവരുടെ സംശയം ശരി ആകുമോ. സറോഗേറ്റ് മദറിന്റെ സ്വഭാവങ്ങൾ എന്റെ കുഞ്ഞിനും കിട്ടുമോ എന്ന് ഞാൻ ഭയന്നു. ജനറ്റിക് കൗൺസിലർ പറഞ്ഞതനുസരിച്ചു അങ്ങനെ ഒരിക്കലും സംഭവിക്കില്ല, ന്നാലും. നാളെ എന്റെ കുഞ്ഞു വളരുമ്പോൾ അവനെ/ അവളെ പത്തുമാസം ചുമന്ന അമ്മയെ തേടി പോകുമോ… ഓരോന്ന് ഓർക്കുമ്പോൾ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ…
വിദ്യാസമ്പന്നയായ ഞാൻ എന്തിനാണ് ഇങ്ങനെ ഓവർതിങ്ക് ചെയ്യുന്നതെന്ന് സജിൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്. ഇതൊന്നുമല്ലാതെ ഞാൻ എന്തിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. പ്രസവിക്കാൻ കഴിയാത്ത സ്ത്രീജന്മങ്ങൾ സമൂഹത്തിന്റെ വിവിധങ്ങളായ കാഴ്ചപ്പാടുകളെ, മുൻവിധികളെ, ചോദ്യശരങ്ങളെ… എങ്ങിനെ നേരിടണമെന്ന് ഒരു പുസ്തകത്തിലും ഞാൻ പഠിച്ചിട്ടില്ല.
എന്റെ ചിന്തകളിൽ നിന്ന് രക്ഷപെടുവാൻ ഒന്ന് പുറത്തിറങ്ങി കുറച്ചു നടന്നപ്പോൾ കന്യാമാതാവിന്റെ ഗ്രോട്ടോ കണ്ടു. മാതാവിന്റെ കയ്യിൽ സുരക്ഷിതനായിരിക്കുന്ന ഉണ്ണിയേശു എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടോ?
രാവിലെ വിളിച്ചപ്പോൾ X ( സറോഗേറ്റ് അമ്മയുടെ പേര് വെളിപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല) ഇഡലിയും സാമ്പാറും കഴിച്ചശേഷം പാട്ട് കേട്ട് വിശ്രമിക്കുകയാണ് എന്നാണ് പറഞ്ഞത്. കുറച്ചു കഴിയുമ്പോൾ ഓറഞ്ച് ജ്യൂസ് കഴിക്കുമെന്നും.
” സജിൻ, മൊബൈലിൽ പാട്ട് കേൾക്കുന്നത് കുറക്കാൻ ഞാൻ അവരോട് പറയട്ടെ? അത് ആൾക്ക് ഇഷ്ടപ്പെടാതെ വരുമോ? മൊബൈലിലെ റേഡിയേഷനുകൾ നമ്മുടെ കുഞ്ഞിന്റെ വളർച്ചയെ ബാധിക്കില്ലേ?” അത്താഴത്തിനുള്ള ചപ്പാത്തി പരത്തുന്നതിനിടയിലാണ് ഞാൻ അത് ചോദിച്ചത്.
”അതിനൊക്കെയുള്ള നിർദേശങ്ങൾ ഡോക്ടർ കൊടുത്തിട്ടുണ്ടാവും. നീ സമാധാനം ആയിട്ടിരിക്ക്. അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യട്ടെ. ബാക്കി ദൈവം നോക്കിക്കോളും”. എന്നെ ചേർത്ത് പിടിച്ചു സജിൻ അത് പറഞ്ഞപ്പോൾ എന്റെ ആധിക്ക് അല്പം ശമനം ആയി.
പിറ്റേന്ന് ഒപ്പിടുന്നതിനിടയിൽ ഞാൻ ചോദിച്ചു “എനിക്ക് മറ്റേണിറ്റി ലീവ് ലഭിക്കുമോ സർ? “
അല്പം ആലോചിച്ച ശേഷം അദ്ദേഹം പറഞ്ഞു
” പ്രസവാവധിയല്ലേ? അത് അഖിലയ്ക്ക്… സർവീസ് ചട്ടങ്ങളിൽ എന്തെങ്കിലും പറയുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. ഇങ്ങിനൊരു കാര്യം എന്റെ അറിവിൽ ആദ്യമായിട്ടാണ്. തന്നെയുമല്ല, അടുത്ത കാലത്ത് ചില നിയമഭേദഗതികളൊക്കെ നടന്നിട്ടുമുണ്ടല്ലോ…
”ഡെലിവറിക്ക് ശേഷം കിട്ടിയാലും മതി സർ. “
എന്റെ കുഞ്ഞിന്റെ പരിചരണത്തിനു ഏതെങ്കിലും രീതിയിലുള്ള അവധി ഞാൻ എടുക്കും എന്ന് തീരുമാനിച്ചു പുറത്തിറങ്ങിയപ്പോഴേക്കും സജിന്റെ കാൾ വന്നു. “X” നു പെട്ടെന്ന് പെയിൻ വന്നുവെന്നും ഡെലിവറിക്കു കയറ്റിയെന്നും അവരുടെ ഭർത്താവ് സജിനെ വിളിച്ചറിയിച്ചു. സജിനും അങ്ങോട്ട് പുറപ്പെടുന്നു… “ഞാനും വരുന്നു ” ന്ന് പറഞ്ഞു കാൾ കട്ട് ചെയ്ത് മേലധികാരിയോട് അനുവാദം വാങ്ങി അപ്പോൾ തന്നെ ഞാനും ഇറങ്ങി.
അങ്ങിനെ ആ ദിവസം വന്നു… ഞങ്ങൾക്ക് ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു. ദീർഘ നാളായി മനസ്സിൽ അലയടിച്ചുകൊണ്ടിരുന്ന സങ്കടക്കടൽ ശാന്തമാകുവാൻ പോകുന്നു. ഞാനും അമ്മയാകുവാൻ പോകുന്നു… എനിക്കറിയാവുന്ന ഈശ്വരന്മാരെ എല്ലാം വിളിച്ചപേക്ഷിച്ചുകൊണ്ടാണ് ഞാൻ പോകുന്നത്. ആശുപത്രിയിൽ എന്റെ അമ്മയും സജിന്റെ അമ്മയും ഞാൻ എത്തുന്നതിനു മുൻപേ എത്തിയിരുന്നു. സജിനോടൊപ്പം ഞാനും ആ പ്രസവമുറിക്ക് സമീപം അത്യധികം ആകാംക്ഷയോടെ, പ്രാർത്ഥനയോടെ കാത്തിരുന്നു. നഴ്സിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ ഏറ്റു വാങ്ങിയത് സജിനാണ്. അവളെ, എന്റെ മകളെ എന്റെ കയ്യിൽ എടുത്ത നിമിഷം എനിക്ക് ഉണ്ടായ അനുഭവം വിവരിക്കുവാൻ സാധിക്കുന്നതല്ല. കൈകൾ വിറക്കുന്നുണ്ടായുന്നു, കണ്ണുകൾ നിറഞ്ഞിരുന്നു.
അവളെ അന്നുതന്നെ “X” ന്റെ അടുത്ത് നിന്ന് മാറ്റണമെന്നും ഇല്ലെങ്കിൽ അവർക്ക് കുഞ്ഞുമായി വൈകാരിക അടുപ്പം ഉണ്ടാകുവാൻ ഇടയുണ്ടെന്നും അമ്മ പറഞ്ഞതനുസരിച്ചു അന്നുതന്നെ അവളെ നിയോനേറ്റൽ റൂമിലേക്ക് മാറ്റി. ഞാൻ പുറത്തു കാത്തിരുന്നു… അപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്. ആരുമറിയാതെ എന്റെ കുഞ്ഞിനായി ഞാൻ കരുതിവച്ച കുഞ്ഞുടുപ്പുകൾ. ആൺകുഞ്ഞിനും പെൺകുഞ്ഞിനുമായി ആറ് ജോഡി ഉടുപ്പുകൾ. കുറച്ചു കളിപ്പാട്ടങ്ങൾ… മുൻപൊരിക്കൽ ഇതിനെപ്പറ്റി പറഞ്ഞപ്പോൾ അമ്മ പറഞ്ഞത് കുഞ്ഞുങ്ങൾ ജനിക്കുന്നത് മുൻപ് ഒന്നും വാങ്ങിവെക്കരുത് എന്നാണ്. പണ്ട് മുതലേ കാർന്നോന്മാർ അങ്ങിനെ പറയാറുണ്ട് പോലും. എന്നാൽ എത്രയോ മുൻപേ ഞാൻ സ്വപ്നം കണ്ടതാണ് ആ കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും.
നാല് ദിവസം ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു. അപ്പോഴെല്ലാം അവൾക്ക് “X” ന്റെ മുലപ്പാൽ പിഴിഞ്ഞ് നൽകുകയാണ് ചെയ്തത്. എന്നാൽ വീട്ടിൽ എത്തിയപ്പോൾ, അവൾ പാലിന് വേണ്ടി കരയുമ്പോൾ, കൃത്രിമ പാൽ നൽകുമ്പോൾ എല്ലാം എന്റെ മനസ് തേങ്ങുന്നുണ്ടായിരുന്നു… എന്റെ സങ്കടം കണ്ടിട്ടെന്നോണം
അമ്മ പറഞ്ഞു “ഇവൾക്ക് ഒരു കുറവും ഉണ്ടാവുകയില്ല. ദൈവം അനുഗ്രഹിച്ച മകളാണ്”.
അതെ. ഇവൾ എന്റെ മകൾ. പത്തുമാസം ചുമന്നതിന്റെയും നൊന്തുപ്രസവിച്ചതിന്റെയും മുലയൂട്ടിയത്തിന്റെയും കണക്കു നിരത്താതെ ഞങ്ങൾ വളർത്തുവാൻ പോകുന്ന എന്റെ മകൾ


18 Comments
നന്നായി എഴുതി.
Super maria!
Congratulations 👏
Nice one❤️
വളരെ നല്ല കഥ. കുഞ്ഞിനെ സ്നേഹിക്കാൻ പ്രസവിക്കാത്ത അമ്മക്കും കഴിയുമെന്നു പറഞ്ഞ കഥ.
👌👏
നല്ല തീം 👍
Both emotional and informative theme. Surrogacy is not a sin, but a good option to have a child.
Congratulations
Nice story
എനിക്കുo ഒത്തിരി ഇഷ്ടം ആയി നല്ല കഥ ❤️🥰😘👌
The best of what u have written till date. The emotions of mom remain etched in the hearts of a reader. Something that makes us think about the real thoughts within her, her uncertainity in speaking truth, uneasiness in the new place, the thinker in her,the doubts that hold her though she is aware about reality. How a simple reassurance by her partner can be real comfort.The remarks of not to buy clothes before the baby’s birth. Her anxiety..grief when she feeds milk..The concern and care to take maternity leave.
Above all her courage in saying the truth to the public and trying to convey that she too can be a real mom ..afterall love and affection are not just about the bodily connections. But something beyond…
Excellent maria miss. It is truly inspirational for all woman. A new insight
Superb 💗
May this be an inspiration to every mother waiting for a baby…..
നല്ല കഥ. ❤️🌹👌
പ്രസവിച്ചില്ലെങ്കിലും ആ അമ്മയ്ക്ക്സ്വന്തം കുഞ്ഞിനെ കിട്ടിയല്ലോ❤️
❤️
👏
Congratulations nice story 👏
സൂപ്പർ മരിയ 👏👏👏
Superb 💗