“എന്തോ മൊഴിയുവാനുണ്ടാകും ഈ മഴക്ക്..
ഫൗസ്യേ നീയാ പാട്ടൊന്നു പാടിയിട്ടേ.”
“ഞാൻ പാടൂല്ല, ബരാന്ന് പറഞ്ഞിട്ട് ഇത്തവണേം എന്നെ പറ്റിച്ചീലേ, ഞാൻ പാടൂലാ.
ഇടവം കഴിയാനായി. മഴ ദാ ജനാലക്കരികിലുണ്ട്, ഇക്കാന്റെ ഒപ്പരം മഴനനഞ്ഞിട്ട് എത്ര കാലമായി.”
ഓൾടെ പരിഭവങ്ങൾക്കെല്ലാം മുറ്റത്തു പെയ്യുന്ന മഴയുടെ താളമായിരുന്നു. ചിലപ്പോ ചറപറാന്ന്, ചിലപ്പോ ഒന്നുപെയ്ത് ഓടിമറയുന്ന ചാറ്റൽമഴ. ഇടയ്ക്കെപ്പോളെങ്കിലും മാത്രം പെയ്യുന്ന പെരുമഴ.
“ന്റെ മുത്തല്ലേ, പാട് ഓസിയെ…”
ഓസിയെന്ന് വിളിക്കുമ്പോൾ ഓൾക്കറിയാം ഓളെക്കാണാൻ എന്റെ ഖൽബും പിടയ്ക്കുന്നുണ്ടെന്ന്.
“മക്കൾ ഉറങ്ങിയോന്ന് നോക്കട്ടേ. ന്നിട്ട് പാടാം.” അപ്പോഴത്തെ ഓൾടെ നേർത്ത ശബ്ദത്തിന് പാട്ടിലെ വരികളേക്കാൾ പ്രണയം കിനിഞ്ഞിരിക്കും.
മഴയിൽനനഞ്ഞ് കുതിർന്നുനിൽക്കുന്ന ഒരു പൂച്ചക്കുട്ടി, അതായിരുന്നു ഓളെ ആദ്യം കണ്ടപ്പോൾ തോന്നിയത്.
“മോനേ , നൗഷോ. മഴ പെയ്താൽ കുണ്ടും കുഴിയും കാണൂല്ല. നോക്കിയും കണ്ടും ബെരണേ മോനെ.”
മേഘം കറുത്തപ്പോൾതന്നെ ഉമ്മ ഫോൺവിളിച്ചതുകൊണ്ട് പതുക്കെയാണ് വണ്ടിയോടിച്ചിരുന്നത്. ലീവിനു വന്നതിനുശേഷമുള്ള ആദ്യമഴയായതുക്കൊണ്ട് ആസ്വദിച്ച് വണ്ടിയോടിക്കാനാണ് തോന്നിയത്. അപ്പോളാണ് ഈ പൂച്ചക്കുഞ്ഞിനെ വഴിയിൽ കാണുന്നത്. ആദ്യകാഴ്ചയിൽത്തന്നെ മനസ്സിലായി ഓളും തന്നെപ്പോലെ മഴഭ്രാന്തിയാണെന്ന്.
‘പോരുന്നോ, വീട്ടിൽകൊണ്ടാക്കാം’
ആരാണെന്നോ എവിടെയാണ് വീടെന്നോ അറിയാഞ്ഞിട്ടും അടുത്തെത്തിയപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്.
ഓൾടെ കണ്ണിൽ അപരിചിതത്വത്തിൻ്റെ ഭയത്തോടൊപ്പം കുറുമ്പും കലരുന്നത് കണ്ടു. മഴത്തുള്ളികൾ ഇളംചോപ്പ് നിറമായതുപോലെ. പിന്നെപ്പിന്നെ ആ കണ്ണുകളിൽ ഇഷ്‌ക്ക് നിറയുമ്പോളുള്ള മഴത്തുള്ളികൾ നിറം മാറുന്നതുകാണാനുള്ള കൊതിയായി.
ഓൾടെ പിന്നാലെ സാവധാനത്തിൽ വണ്ടിയോടിച്ചുപോകുമ്പോൾ ഓളെ പിറകിലിരുത്തി മഴനനയുന്ന അതേ അനുഭൂതിയായിരുന്നു മനസ്സിന്. തട്ടത്തിനിടയിലൂടെ തന്നിലേക്ക് നീളുന്ന മിഴികളിൽ എന്തായിരുന്നു ഭാവമെന്നറിയാൻ മനസ്സ് വെമ്പിയെങ്കിലും ഓളെ കൂടുതൽ ബേജാറാക്കേണ്ടെന്ന് മനസ്സ് പറഞ്ഞു.
“ഉമ്മാ, ഞാനിന്ന് മഴയത്ത് നനഞ്ഞുകുതിർന്നുനിൽക്കണൊരു പൂച്ചക്കുഞ്ഞിനെ കണ്ട്. ഓളെയെനിക്ക് പെരുത്തിഷ്ട്ടായി.”
പിന്നെ ഉമ്മക്കായിരുന്നു മരുമോളെക്കാണാൻ പൂതി.
നിക്കാഹിൻ്റന്ന് മഴ പെയ്യണേന്ന് പ്രാർത്ഥിച്ച ലോകത്തെ ഓരേയൊരു വ്യക്തി താനായിരിക്കും. അത്രയ്ക്കും മൊഹബത്തായിരുന്നു മഴയോട്.
ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ വീഴുന്ന മഴത്തുള്ളികളെ ഭൂമിയെ ചുംബിക്കാനനുവദിക്കാതെ കൈക്കുള്ളിലാക്കി ഓൾടെ മുഖത്തേക്ക് വീശുമ്പോൾ ഓൾടെ മുഖം ചോക്കുന്നതും മൊഹബ്ബത്താൽ കണ്ണുകൾ കൂമ്പുന്നതുംകാണാൻ പ്രത്യേക ചേലാണ്. ഓർമ്മകൾ കണ്ണുകളിൽ തൂങ്ങിത്തുടങ്ങിയപ്പോൾ അതിൻ്റെ കനം കുറയ്ക്കാനെന്നോണം ഒരുതുള്ളി കണ്ണീർ മിഴിയോരങ്ങളിലൂടെ താഴേക്കു കുതിച്ചു.
നൗഷാദ് എഴുന്നേറ്റ് ജനലിന്റെ കർട്ടൻ നീക്കി മനസ്സിനെ മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടാനായി പുറത്തേക്ക് നോക്കിനിന്നു. നിരനിരായി ഒഴുകുന്ന വണ്ടികൾ അവന്റെ കണ്ണുകൾക്ക് ഒലിച്ചുവരുന്ന മലവെള്ളപ്പാച്ചിലായി തോന്നി, പെട്ടെന്നുതന്നെ അവൻ കർട്ടൻ വലിച്ചടച്ച് കണ്ണുകൾപൂട്ടി ചുമരിൽ ചാരിനിന്നു. ചളിയിൽ പുരണ്ട നീണ്ടൊരു കൈ ടീവിയിലെ ചാനലുകൾക്കിടയിൽ നിന്ന് അവന്റെനേരേ നീണ്ടുവന്നു, അതിൻ്റെ മോതിരവിരലിൽ ഒരു ചെമന്ന ഹൃദയം തുടിക്കുന്നു.
“ഓസീ…..”
അവൻ തിരിഞ്ഞോടാൻ തുനിഞ്ഞു. തല ശക്തമായിത്തന്നെ ചുമരിലിടിച്ചു. നൈറ്റിയിൽ കൈ അമർത്തിപ്പിടിക്കുമ്പോളും അവനോർത്തു.
‘ഓൾടെയാ കൈ ആരെയാവും പ്രതീക്ഷിച്ചിണ്ടാവാ..’
“നൗഷാദേ, നീ ഭക്ഷണം കഴിക്കുന്നില്ലേ?”
മൂന്നാലുതവണ പറഞ്ഞിട്ടും താൻ അനുസരിക്കാത്തതുകൊണ്ടാവും അരുണിന്റെ ഒച്ച കനത്തിട്ടുണ്ട്. റൂംമേറ്റ് എന്നതിനെക്കാളും കൂടപ്പിറപ്പിൻ്റെ സ്ഥാനമാണ് അരുണിന്. കഴിഞ്ഞ ഒരു കൊല്ലമായി തന്റെ എല്ലാ കാര്യങ്ങളിലുമുള്ള അവൻ്റെ ശ്രദ്ധ, ആ സ്നേഹം അതിനൊന്നും പകരംവെക്കാൻ വേറെയൊന്നുമില്ല.
അവനുവേണ്ടി തിന്നെന്നുവരുത്തി കൈ കഴുകുമ്പോൾ ടീവിയിൽ ന്യൂസ് കേൾക്കുന്നുണ്ടായിരുന്നു. ‘കേരളത്തിന്റെ വടക്ക് ഭാഗത്ത് മഴ ശക്തമായിട്ടുണ്ട്, പുഴയോരത്തും മലയോരത്തും താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതുണ്ട്….’
ഉള്ളിലപ്പോൾ ഒരു കൊടിവാൾ മിന്നി. മഴയെന്ന് കേൾക്കുമ്പോളുള്ള കുളിരിപ്പോൾ ഇല്ലാണ്ടായിരിക്കുന്നു. ഒരുതരം മരവിപ്പ്!
നിക്കാഹുകഴിഞ്ഞ് ആ പത്തുകൊല്ലവും ഓരോ പുതുമഴയും ഓള് വീഡിയോകാൾ വിളിച്ച് കാണിച്ചുതരും. അന്നേരം മൂന്ന് മക്കളുടെ ഉമ്മയാണെന്നുപോലും ഓള് മറക്കും. ഒരു കിലുക്കാംപെട്ടി. മഴക്കാലംവന്നാൽ ഓളുടെ സംസാരത്തിനും ചിരിക്കുമൊക്കെ ചിണുങ്ങുന്ന താളമാണ്. ചിങ്ങത്തിലെ മഴപോലെ..!
“ഇക്കാ മ്മടെ മലയിൽനിന്ന് മഴ വരുന്നത് കാണാൻ എന്തൊരു ചേലാ! അത്രക്കും ചേല്ള്ള മറ്റൊന്നെ ഞാൻ കണ്ടിട്ടുള്ളൂ, ഇക്ക വരുന്ന വിമാനം. അത് ആകാശത്തുന്ന് താഴേക്ക് വരുമ്പോ ന്റെ ഉള്ളിലൊരു പെരുമഴ പെയ്യും.”
തന്നോടുള്ള സ്നേഹത്തിൻ്റെ കുളിരുമാത്രമായിരുന്നു ആ വാക്കുകളിൽ.
കഴിഞ്ഞ കൊല്ലം മഴയുടെ രൂപംമാറുന്നത് അപ്പപ്പോൾ ന്യൂസിലൂടെ അറിഞ്ഞിരുന്നു.
ഉപ്പാക്കും ഉമ്മാക്കും പ്രായക്കൂടുതലായതിനാൽ അവരെ ഓർത്തായിരുന്നു പേടി.
ഓളുടെ വർത്താനത്തിലും ആ പേടിയുണ്ടായിരുന്നു.
“ഇക്കാ, മഴ നിർത്താണ്ടെ പെയ്യാ, എന്തോ ഒരു പേടി ഉള്ളിൽ ഓടികളിക്കുന്നിക്കാ.. ”
“ഏയ്യ്! ജ്ജ് പേടിക്കേണ്ടാ, മഴ നമ്മളെ ചതിക്കില്ല ”
ഓളെ സമാധാനിപ്പിക്കാനായി പറഞ്ഞതാണെങ്കിലും അതൊരു പ്രതീക്ഷമാത്രമായിരുന്നു, ജീവനുതുല്യം സ്നേഹിക്കുന്ന പ്രണയിനി ചതിക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു.
“ഇക്കാ, കറന്റ് പോയിട്ട് കൊറേ നേരായി, ഇനി ഇപ്പളൊന്നും വരുംന്ന് തോന്ന്ണില്ല, മെസ്സേജ് കണ്ടില്ലേങ്കി പേടിക്ക്യണ്ടാട്ടോ.”
“ഇക്കാ ങ്ങള് കൂടെണ്ടെങ്കിൽ എന്തിനും ഏതിനും ഇനിക്കൊരു ധൈര്യാണ്. ങ്ങളെ കാണാൻ പൂതിയാവാ.. ”
ഉള്ളിലെ പെരുമഴപ്പെയ്ത്തിലും അവളയച്ച അവസാന മെസ്സേജ് കണ്ണുകലങ്ങാതെ അവൻ നോക്കിനിന്നു.
എപ്പോളാണ് എല്ലാം മാറിമറിഞ്ഞത്. മഴ കനത്തപ്പോൾ ഉപ്പാക്ക് വലിവുള്ളതിനാൽ ബുദ്ധിമുട്ടാവരുതെന്ന് കരുതി ഉമ്മാനേം ഉപ്പാനേം നജീബിൻ്റടുത്തേക്കയക്കാൻ താൻതന്നെയാണ് ഓളോടു പറഞ്ഞത്. അപ്പോളും മഴക്കു പിന്നിൽ വലിയൊരു ദുരന്തം ഒളിപ്പിച്ചിരുന്നെന്നറിഞ്ഞില്ല. തനിക്കുമുമ്പ് ഓള് പോകുമെന്ന് ഒരിക്കൽപോലും ചിന്തിച്ചിട്ടില്ലാത്തതിനാലാവും ഓളുടെ കാര്യത്തിലൊട്ടും ബേജാറില്ലായിരുന്നു.
പക്ഷേ…
കാടിനുള്ളിലെ മഴ എന്നും കാണാൻകൊതിച്ചവളെ കാടും മഴയും ഒന്നിച്ചുവന്ന് കൂ ടെക്കൊണ്ടുപോയി.
എല്ലാം നിമിഷങ്ങൾകൊണ്ടായിരുന്നു. ഒരു പ്രദേശത്തെതന്നെ മഴ, ചളിക്കടിയിലാക്കി ചരിത്രത്തിൻ്റെ ഭൂപടത്തിൽ അടയാളപ്പെടുത്തി. ഓളുടെ പ്രാർത്ഥനകൊണ്ടാവാം മക്കൾ രക്ഷപ്പെട്ടത്. അല്ലെങ്കിൽ ഓളെ വിശ്വസിച്ച മക്കളെ ഓള് രക്ഷപ്പെടുത്തി. ഓളെക്കൊണ്ട് കഴിയുംപോലെ വേറെ പതിനൊന്നു പേരെയും. എന്നാൽ എല്ലാരെയും രക്ഷിച്ച ഓളെ രക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ല. ചളിക്കുണ്ടിൽനിന്ന് നീണ്ടുവന്ന കൈ പ്രതീക്ഷിച്ചത് എന്നെയായിരിക്കും, എന്നെമാത്രമായിരിക്കും അവൻ്റെയുള്ള് നീറിപ്പുകഞ്ഞു.
‘ഓസീ, ഇതാ വീണ്ടുമൊരു. പെരുമഴക്കാലം.
നീയില്ലാത്ത, നിന്റെ പരിഭവങ്ങളില്ലാത്ത ഒരു മഴക്കാലം…
ഓസീ, അത് ഉള്ളിലിങ്ങനെ തോരാതെ പെയ്തുപെയ്ത് എന്റെയും മക്കളുടേം കണ്ണുകൾ നിറച്ചൊഴുകി ഞങ്ങളെ കണ്ണുപൊട്ടരാക്കിയിരിക്കുന്നു, അതോണ്ടാവും ഞങ്ങൾക്കിപ്പോ മഴയെ പേടിയില്ലാത്തത്, മഴയോട് മൊഹബ്ബത്തും..!”
#എന്റെരചന
#മഴ
.


44 Comments
ഒന്നിപ്പിച്ചതും മഴ ….. വേർപെടുത്തിയതും മഴ …… നിർവ്വചനാതീതം മഴപ്പെയ്ത്തുകൾ …… ഹൃദയസ്പർശിയായ കഥ👍❤️
സ്നേഹം മിനി ❤️❤️
ജീവിതവും മഴയും പലർക്കും പല തരത്തിൽ ആണെന്ന്
😍
സത്യം..
ചോർന്നൊലിക്കുന്ന വീട്ടിലിരുന്നു ഒരാൾക്ക് എങ്ങനെ മഴയെ പ്രണയിക്കാൻ കഴിയും
👌👍🙏💯
Thankyou ❤️
മഴയോട് ഇഷടവും പ്രണയവും അവസാനം വല്ലാത്ത് ദേഷ്യവും തോന്നി- കണ്ണുനിരയാതെ വായിച്ചുതീർക്കാൻ കഴിയില്ല. കുറേപ്പേരെ രക്ഷപ്പെടാൻ സഹായിച്ച് അവസാനം ജീവൻ പൊലിഞ്ഞ സ്ത്രീയുടെ വാർത്ത മുമ്പ് വായിച്ചത് ഓർമ്മയിൽ വന്നു. നന്നായി എഴുതി- 👌❤️
ഒരുപാട് നന്ദി, സ്നേഹം 😍❤️
നന്ദേച്ചി.. മഴയോടുള്ള പ്രണയവും, പേടിയും രണ്ടും മനസ് നിറക്കുന്ന രൂപത്തിലെഴുതി. മഴയോട് ചേച്ചിക്കുള്ള ഇഷ്ടവും വരികളിൽ കാണാം. നല്ല ഭാഷ, ഭൂതവും വാർത്തമാനാവുമെല്ലാം ഒഴുക്കിൽ അങ്ങ് പറഞ്ഞു. ❤️❤️❤️
മഴ എന്റെ കാമുകനാ 😄
ആ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാ സാബീ, ഓരോ മഴക്കാലത്തും ഞാൻ അത് കേൾക്കും.
സ്നേഹം ഡിയർ ❤️
മഴയെ ജീവനായി കണ്ടവളെ മറ്റാർക്കും കൊടുക്കാതെ മഴ തന്നെ കൊണ്ടു പോയി.. വല്ലാതെ നൊമ്പരപ്പെടുത്തിയല്ലോ ചേച്ചി.. 😥
നല്ലെഴുത്ത്… ചേച്ചി സൂപ്പർ 👌👌
സ്നേഹം സജ്‌നാ, മഴ കൊണ്ടുപോയ കുറച്ചുപേരെ ഓർത്തപ്പോൾ വന്ന എഴുത്ത്.
സ്നേഹം ❤️
നന്നായിട്ടുണ്ട് 👌.
Thankyou 😍❤️
ആ ഹാ എന്താ വരികൾ shybi 👌👌👌
സുനന്ദ, മനോഹരമായ, ഇമ്പമാർന്ന, നോവുണർത്തിയ കഥ. വാർത്തമാനവും ഭൂതവും നല്ല കൈയടക്കത്തോടെ കൈകാര്യം ചെയ്തു. പെരുത്തിഷ്ടായി. സുനന്ദയുടെ മറ്റൊരു മഴക്കഥ മായാതെ കിടപ്പുണ്ട്. ആശംസകൾ 🥰🥰
സ്നേഹം ചേച്ചി ഈ വാക്കുകൾക്ക്..
മഴനാരുകൾ
സൂപ്പർ 👌🤩 ആയിട്ട് ഉണ്ട്
സ്നേഹം sayara ❤️❤️
സ്നേഹം ഈ പ്രോത്സാഹനത്തിന് 😍
നന്ദേച്ചീ… എഴുത്തിന്റെ magic കൊണ്ട് ഹൃദയം ആർദ്രമാവുന്നു ❤️❤️❤️
സ്നേഹം സിൽവി, എല്ലാം നിങ്ങളുടെയൊക്കെ പ്രോത്സാഹനം കാരണം.. ❤️
👌👌❤️
👌👌
സ്നേഹം ശ്രീജ ❤️
Thanks നീതു ❤️
സുനന്ദ…. ♥️
വളരെ നന്നായിരിക്കുന്നു കഥ 👌🏻😍🤝🤝കവർ ഫോട്ടോയിൽ കാണുമ്പോലെ ഓസിക്ക് എന്റെ മനസ്സിൽ അനുസിത്താരയുടെ മുഖം തന്നെ ആയിരുന്നു. കാടിനുള്ളിലെ മഴ കാണാൻ മോഹിച്ചവൾ. നൊമ്പരപ്പെടുത്തുന്ന കഥ.
അങ്ങനെയും ഉണ്ടല്ലേ.. ❤️
സ്നേഹം സുജാത ❤️❤️
മലയിൽ നിന്നും ഓടി വരുന്ന മഴയോടു മൊഹബത്തു കൂടിയ ഓസിയെ മഴയെടുത്ത കഥ അതിമനോഹരമായി എഴുതി. എഴുത്തിന്റെ മികവ്, വേദനയുടെ നീറ്റൽ വായനക്ക് ശേഷവും മനസ്സിൽ തങ്ങി നിൽക്കുന്നു.
സ്നേഹം ജോയ്സ്, ജോയ്സിന്റെ ഭാവനകൾ ചലിക്കുന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
സ്നേഹം സ്നേഹം സ്നേഹം ഡിയർ ❤️
❤️❤️❤️❤️ നന്ദേച്ചീ , ഇതെവിടെ ഒളിപ്പിച്ച് വച്ചിരിക്കുവാർന്നു 👌👌👌
ഒളിപ്പിച്ചതല്ല, shybi ന്നൊരു കൂട്ടുകാരിയുണ്ട് എനിക്ക് ഓൾ കട്ടോണ്ട് പോയി… 😂😂
കുറേ നാളുകൾക്ക് ശേഷം കുട്ടിയുടെ കഥ വായിക്കാൻ കിട്ടിയതിൽ സന്തോഷം.touching story. എഴുത്ത് നന്നായിട്ടുണ്ട്.. മുണ്ടക്കയം ചൂരൽമല ഉരുൾപൊട്ടൽ ഓർമ്മ വന്നു.. ഇനിയും പുതിയ കഥകളുമായി ഇതുവഴി വരില്ലേ
സ്നേഹം നീതി, മുണ്ടക്കയം തന്നെയായിരുന്നു എഴുതുമ്പോൾ മനസ്സിൽ.
കൊച്ചു കള്ളി കണ്ടുപിടിച്ചല്ലോ 😄😄😄😄
ഇഷ്ടം – ഈ രചന
സ്നേഹം ഡോക്ടറേ ❤️
ഇഷ്ടം – ഈ രചന
നന്ദേച്ചി ഇവരെയൊക്കെ നേരിട്ട് കണ്ടപോലെ💕💕
എഴുത്ത് നന്നായിട്ടുണ്ട്.. 👌
Thankyou anju ❤️
സ്നേഹം സെജി ❤️❤️
രണ്ട് പേരെ പ്രണയിപ്പിച്ച് ഒരുമിപ്പിച്ച മഴ തന്നെ അവരിലൊരാളെ വേർപ്പെടുത്തികൊണ്ട് പോകുമ്പോൾ , അത് വരെ പ്രണയമഴയുടെ ഭംഗി കണ്ട് നിന്ന നമ്മളും കണ്ണീർമഴയിൽ വിതുമ്പി പോകുന്ന കഥ 👌👌
ആ ഹാ എന്താ വരികൾ 👌👌👌
പ്രണയവും കുളിരും ഇടകലർന്ന മഴ അവസാനം എത്ര കണ്ണുകളിലും മനസ്സുകളിലുമാണ് തോരാപ്പെയ്ത്തായി മാറിയത്. നൊമ്പരപ്പെടുത്തുന്ന കഥ
നന്നായിരിക്കുന്നു നന്ദ❤️👌🌹
സ്നേഹം സുമ ഈ വായനക്കും പ്രോത്സാഹനത്തിനും ❤️❤️