“പിള്ളേരെ, അമ്മ ആശൂത്രിയിലേക്ക് പോയിട്ടുണ്ട്. ചിലപ്പോ അവിടെ കിടത്തിക്കാണും. രാവിലെ പോയതല്യോ”
ഉച്ചക്ക് സ്കൂളിൽ ഉപ്പുമാവില്ലാതിരുന്ന ഒരു ദിവസം, വിശന്നു പൊരിയുന്ന വയറുമായി ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അപ്പുവിന്റെ കയ്യും പിടിച്ച് വീട്ടിലെത്തിയപ്പോ വേലിക്കരികിൽ നിന്ന് വടക്കേലെ കാർത്തുച്ചേച്ചി വിളിച്ചു പറഞ്ഞു.
അതു കേട്ടതും നെഞ്ചു പിടഞ്ഞു പോയ്. അമ്മക്കെന്തുപറ്റി എന്ന ആകുലതയേക്കാൾ, വയറ്റിൽ കത്തിയാളുന്ന വിശപ്പിന്റെ തീയായിരുന്നു കണ്ണ് നിറച്ചത്.
രണ്ടു ദിവസമായി അമ്മയ്ക്ക് പനി തുടങ്ങിയിട്ട്.
ഒന്ന് ഡോക്ടറെ കാണായിരുന്നില്ലേയെന്ന് ക്ഷീണം കണ്ട് ആരെങ്കിലും ചോദിച്ചാൽ, സാരമില്ല ഇതങ്ങു മാറിക്കോളും. പിള്ളേരുടെ അച്ഛൻ വരട്ടെ എന്നൊരു ചിരിയിലൊതുങ്ങും.
അച്ഛൻ ദൂരെയെവിടെയോ പണിക്ക് പോയേക്കുന്നു എന്നറിയാം. എന്ന് വരുമെന്ന് അമ്മയ്ക്ക് വല്യ നിശ്ചയമില്ല.
അടുക്കളയിൽ കഞ്ഞിക്കലത്തിനടുത്ത് രാവിലെ കുടിച്ച് ബാക്കി വന്ന പഴങ്കഞ്ഞിയുടെ പുളിച്ച നാറ്റം തളംകെട്ടി നിന്നിരുന്നു.
വിതുമ്പി തുടങ്ങിയ അപ്പുവിന്റെ കയ്യിൽ പിടിച്ച്, തികട്ടി വരുന്ന ഏങ്ങലിനെ ഉള്ളിലൊതുക്കാൻ പാടുപെട്ടു ഞാനെന്ന മൂന്നാംക്ലാസുകാരി.
തറവാട്ടിലെ അടുക്കളയിൽ അച്ഛമ്മ പുളിശ്ശേരിക്ക് കടുക് വറുക്കുന്ന മണം വയറ്റിലൊരു സ്ഫോടനമുണർത്തി. അങ്ങോട്ട് പോയെങ്കിലോയെന്ന് ഒരു നിമിഷം ആലോചിച്ചു നിന്നെങ്കിലും, പോകാൻ മനസ്സുവന്നില്ല.
ഒന്നെത്തിനോക്കിയാൽത്തന്നെ,
‘എന്താടി പട്ടീടെ മാതിരി മണം പിടിച്ച് വന്നു നിൽക്കുന്നെ. നിന്റെ തന്ത കൊണ്ടു തന്ന മുതലൊന്നുമല്ല ഈ അടുക്കളയിൽ വേവുന്നെ. കൊതി കിട്ടിയിട്ട് ബാക്കിയുള്ളോർക്കു ഒന്നും തിന്നാൻ പറ്റാത്ത ഗതികേടാകൂലോ ഭഗവാനെ’യെന്ന അച്ഛമ്മ മുട്ടൻ പ്രാക്ക് തുടങ്ങും.
സ്കൂൾവിട്ട് വരുന്ന നേരത്താണ് തങ്കച്ചേച്ചി പശുവിനുള്ള കഞ്ഞിവെള്ളമെടുക്കാൻ വരുന്നത്. ഒരു കുപ്പി പാല് അവർ തിണ്ണയിൽ വെച്ചിട്ട് പോകും. എന്തൊരു കൊതിയായിരുന്നു ആ പാലിനോട്.
എത്ര പിടിച്ചു നിന്നാലും കൊതി കൈവിട്ട് പോകുന്ന നേരത്ത് അച്ചമ്മയുടെ അടുക്കളയിലേക്ക് ഒരോട്ടമാണ്.
കൊതികിട്ടാതിരിക്കാൻ തിളപ്പിച്ചിറക്കിവെക്കുന്ന പാലിൽ നിന്ന് രണ്ടു സ്പൂൺ അടുപ്പിലേക്കൊഴിച്ചു കളഞ്ഞ് അച്ഛമ്മ പാത്രം മൂടിവെക്കും. എന്നിട്ടൊരു ചോദ്യമുണ്ട് ചുണ്ട് കോട്ടിക്കൊണ്ട്, ‘എന്ത്യേ പോന്നേ….’
(അമ്മവീട്ടിൽ ചെല്ലുമ്പോൾ വലിയൊരു മൊന്ത നിറയെ കാച്ചിക്കുറുക്കിയ പാല് തന്ന് എത്രയോ വട്ടം അമ്മമ്മ ആ സങ്കടത്തെ ഇല്ലാതാക്കിയിട്ടുണ്ട്.)
സ്വന്തം മകനായ അച്ഛനോടില്ലാത്ത സ്നേഹം അച്ഛന്റെ മക്കളായ ഞങ്ങളോടുണ്ടാകുമോ അവർക്ക്.
അമ്മ ഇടയ്ക്കിടെ കണ്ണീരോടെ അയവിറക്കുന്ന ഓരോർമ്മയുണ്ടായിരുന്നു, ഗർഭിണിയായിരിക്കെ വിശപ്പ് സഹിക്കാൻ കഴിയാതെ വടക്കേലെ കാർത്തു ചേച്ചി പശുവിനു കലക്കി വെച്ച കാടിവെള്ളം കോരിക്കുടിച്ചത്. ക്രൂരമനസ്സായിരുന്നു അച്ഛമ്മക്ക്.
ഒരു ഭാര്യയും അമ്മയുമൊക്കെ ആയതിനു ശേഷം, ഓരോ വട്ടവും അമ്മയത് പറഞ്ഞു കേൾക്കുമ്പോൾ നെഞ്ചു പൊള്ളിപ്പോയിട്ടുണ്ട്.
അച്ഛമ്മയുടെ പോര് സഹിക്കാൻ പറ്റാതെ വന്നപ്പോൾ അച്ചച്ഛൻ പറമ്പിന്റെ ഒരു മൂലയിലെ കാട് വെട്ടിത്തെളിച്ച് ഒറ്റക്കൊരു ദിവസംകൊണ്ട് തനിയെ ഒരു കുടിൽ കെട്ടി അച്ഛനോടും അമ്മയോടും അവിടെപ്പോയി താമസിക്കാൻ പറഞ്ഞത്രേ.
നമുക്ക് അമ്മേടെ അടുത്തേക്ക് പോയാലോ എന്ന ചോദ്യത്തിന് അപ്പു ഉത്സാഹത്തോടെ തലയാട്ടി.
സ്കൂളിനടുത്തുതന്നെയായിരുന്നു ഹോസ്പിറ്റലും. ഇതുവരെയും തനിയെ അങ്ങോട്ടൊന്നും പോയിട്ടില്ല. വിശപ്പിന്റെ വിളി കാലുകൾക്കും മനസ്സിനും ഊർജ്ജമായി. അമ്മക്കേ ആ വിശപ്പ് കെടുത്താനാകൂ എന്ന തിരിച്ചറിവായിരുന്നു ആ ഊർജ്ജത്തിനടിസ്ഥാനം.
ആശുപത്രി വാർഡിൽ അമ്മയെ തിരഞ്ഞു നടക്കുമ്പോൾ എന്തിനെന്നറിയാതെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായി വന്നു ചേർന്ന ഇത്തിരി നേരത്തെ അനാഥത്വം അത്രയേറെ വേദനയുളവാക്കുന്ന ഒന്നായിരുന്നു.
അതിലും വലിയ അനാഥത്വം പേറി മിഴിനിറച്ചു കിടക്കുകയായിരുന്നു അമ്മ. അടുത്ത ബെഡിലെ ചേച്ചി സഹതാപം തോന്നി വാങ്ങികൊടുത്ത പൊതിച്ചോറിൽനിന്ന് ഒരു വറ്റുപോലും കഴിക്കാതെ.
ഞങ്ങളെ കണ്ടതും ആ പൊതി അമ്മ ഞങ്ങൾക്കു മുന്നിൽ തുറന്നുവെച്ചു.
വിഭവസമൃദ്ധമായിരുന്നു ആ ഊണ്.
വയറും മനസ്സും ഒരുപോലെ നിറഞ്ഞിറങ്ങുമ്പോഴും അമ്മയുടെ അസുഖം മനസ്സിനെ നോവിച്ചില്ല. അമ്മയെന്നും ഇവിടെത്തന്നെ കിടന്നോട്ടെ എന്ന ചിന്തയായിരുന്നു.
പിറ്റേ ദിവസം ഉപ്പുമാവിന് കാത്തു നിൽക്കാതെ നേരെ ഹോസ്പിറ്റലിലേക്ക് ഓരോട്ടമായിരുന്നു.
അന്നും ഒത്തിരി കറികൾകൂട്ടി പൊതിച്ചോറുണ്ടു.
മുതിർന്നപ്പോൾ ആ അറിവില്ലായ്മയുടെ നിഷ്കളങ്കതയോർത്തു എത്രയോ വട്ടം ഊറിച്ചിരിച്ചിരിക്കുന്നു.
ഒരു ദിവസം ഉച്ചക്ക്, ജോണി സാറിന്റെ ക്ലാസ്സിലേക്ക് അച്ഛൻ കയറി വന്നു. മക്കളെ കുറച്ചു നേരം എന്റെകൂടെയൊന്നു പുറത്തേക്കു വിടുമോ എന്ന ആവശ്യവുമായി.
അന്ന് എന്തൊരു സന്തോഷമായിരുന്നു. അച്ഛൻ കൈ പിടിച്ച് കൂട്ടിക്കൊണ്ട് പോയത് സുബ്രൻ ചേട്ടന്റെ ഹോട്ടലിലേക്കായിരുന്നു
“മക്കള് എന്താന്ന് വെച്ചാ വാങ്ങി തിന്നോ.”
അച്ഛൻ തണുത്ത വിരലുകൾ കൊണ്ട് നിറുകയിൽ തഴുകി.
“ബാലാ ഞാനറിഞ്ഞില്ലട്ടാ സുമതി ആശുപത്രിയിൽ കിടക്കുന്ന കാര്യം. ഈ പിള്ളേർക്കു ഇവിടെ വന്ന് വല്ലതും കഴിച്ചൂടായിരുന്നോ. ആ പെണ്ണിന് വാർഡിൽ കിടക്കുന്നവരെല്ലാം കൂടി പിരിവിട്ടാത്രേ ഉച്ചയൂണ് മേടിച്ചു കൊടുത്തിരുന്നത്. അറിഞ്ഞെങ്കിൽ ഞാനത് സമ്മതിക്കില്ലായിരുന്നുട്ടോ.”
സുബ്രൻ ചേട്ടൻ അത് പറയുമ്പോൾ അച്ഛന്റെ കണ്ണുകൾ നിറയുന്നതും മുണ്ടിന്റെ അറ്റം കൊണ്ട് അച്ഛൻ മുഖം അമർത്തി തുടക്കുന്നതും കണ്ടു.
“ഞാൻ ഒരു പോക്ക് പോയാൽ ഇങ്ങനെ അല്ലെ ചേട്ടാ കേറി വരുന്നത്. പാലം പണിയുന്നിടത്താ ഇപ്പോ പണി. ഇവിടുത്തെ വിശേഷം അറിയുന്നത് അവള് കത്തയക്കുമ്പോഴാ. ഒരാഴ്ചയായി കത്തുമില്ല ഇവിടുത്തെ ഒരു വിവരവുമില്ലാന്നായപ്പോ ഓടി വന്നതല്ലേ.”
“ഈ പിള്ളേർ പറഞ്ഞെങ്കിൽ ഞാൻ എഴുതി അയച്ചേനെ.”
“നീയെന്താടി ഇങ്ങോട്ടൊന്നു വരാഞ്ഞത്?”
സുബ്രൻ ചേട്ടൻ വരുത്തിക്കൂട്ടിയ ദേഷ്യത്തോടെ എന്റെ നേരെ കയ്യോങ്ങി.
ഞാനാ ദേഷ്യത്തെ ഒരു പുഞ്ചിരിയിൽ തളച്ചു.
വീടിന്റെ തൊട്ടപ്പുറത്തെ പറമ്പ് സുബ്രൻചേട്ടന്റെയായിരുന്നു. അന്നൊക്കെ പറമ്പിൽ വാഴക്കും തെങ്ങിനും തടമെടുക്കാനും പച്ചക്കറികളുടെ കള പറിക്കാനും പണിക്കാരുള്ള ദിവസം സുബ്രൻചേട്ടൻ ഹോട്ടലിൽനിന്നും ഒരുപാട് ചായയും പലഹാരങ്ങളും കൊണ്ടു വരും. അതിലൊരു പങ്ക് ഞങ്ങൾക്കുള്ളതായിരുന്നു സ്നേഹത്തിന്റെ അടയാളപ്പെടുത്തലുകൾ പോലെ.
രാവിലെ പറമ്പ് കിളക്കുന്ന ഒച്ച കേട്ട് ഉണർന്നു വരുന്ന ദിവസം ആഹ്ലാദത്തിന്റെതായിരുന്നു. വയറു നിറയെ പീടികപ്പലഹാരങ്ങൾ തിന്നാം.
രക്തബന്ധത്തേക്കാൾ സ്നേഹബന്ധങ്ങൾക്ക് വലിയവില കൊടുത്തിരുന്ന ഒരാളായിരുന്നു സുബ്രൻ ചേട്ടൻ.
ഒരിക്കൽ വിശന്നു വലഞ്ഞ്, അമ്മ തന്ന മുഷിഞ്ഞയൊരു രണ്ടു രൂപ നോട്ടുമായി കടയിൽ കയറി ഗോതമ്പട വാങ്ങി. പൊതികെട്ടി തന്നത് കടയിലെ ജോലിക്കാരനായിരുന്നു. അതുമായ് പോരാനിറങ്ങുമ്പോഴാണ് അയാൾ പിന്നിൽ നിന്ന് വിളിച്ചത്.
“കൊച്ചേ.. ഈ നോട്ട് എടുക്കില്ല. ആ പൊതി ഇവിടെ വെച്ചേക്ക്.
അയാൾ അതു വാങ്ങി ചില്ലലമാരയിലേക്ക് കുടഞ്ഞിട്ട് മുഷിഞ്ഞ നോട്ട് തിരികെ കയ്യിൽ തന്നു.
അമ്മയുടെ കയ്യിൽ വേറെ നോട്ടില്ല എന്നറിയാവുന്ന കൊണ്ട് വിമ്മിക്കരഞ്ഞു പോയ്.. അതുകൊണ്ടൊന്നും അയാളുടെ മനസ്സലിഞ്ഞില്ല.
കരഞ്ഞുകൊണ്ടിറങ്ങിപ്പോകുന്ന എന്നെ കണ്ടുകൊണ്ടാണ് സുബ്രൻ ചേട്ടൻ കടയിലേക്ക് കയറി വരുന്നത്. കരച്ചിലിന്റെ കാരണം ചോദിച്ചെങ്കിലും ഒന്നും മിണ്ടാതെ ഇറങ്ങിയൊരോട്ടമായിരുന്നു.
ഏങ്ങിക്കരഞ്ഞു വീട്ടിലെത്തുമ്പോ ചേട്ടനുണ്ട് ഉമ്മറത്തിരിക്കുന്നു. അമ്മ ഉമ്മറത്തെ ബെഞ്ചിൽ കൊണ്ടു വെച്ച പ്ലേറ്റിൽ എണ്ണം നോക്കാതെ വാരിയെടുത്തു കൊണ്ടു വന്ന ഗോതമ്പടയും വേറെയെന്തൊക്കെയോ പലഹാരങ്ങളും.
‘നീയെന്താടി വിളിച്ചിട്ട് നിൽക്കാതെ ഓടിക്കളഞ്ഞേ’ എന്ന ചോദ്യത്തിനു മറുപടി പറയാൻ കഴിയുന്നുണ്ടായിരുന്നില്ല. ഏങ്ങലടികൾ മാത്രം ഇടവിട്ട് പുറത്തേക്കു വന്നു.
കരയണ്ട. ഇത് കഴിക്ക്.
സുബ്രൻച്ചേട്ടൻ ഒരു വടയെടുത്തു കയ്യിൽ പിടിപ്പിച്ചു.
കണ്ണീരുപ്പിൽ കുഴഞ്ഞു പോയെങ്കിലും എന്തൊരു രുചിയായിരുന്നു ആ വടക്ക്. ഒരു തരിപൊലും ബാക്കി വെക്കാതെ ഞാനതു മുഴുവൻ നുള്ളിപ്പറിച്ചു തിന്നു.
വിശപ്പുകൊണ്ട് വലഞ്ഞു നിൽക്കുന്ന ഒരുവനുനേരെ നീട്ടപ്പെടുന്ന അന്നം അമൃതാണെന്ന പാഠം പഠിച്ചത് അന്നാണ്. ജീവനൂതിയുണർത്തുന്ന അമൃത്.
സിന്ധു അപ്പുക്കുട്ടൻ 🌹🥰❤️


4 Comments
ഉള്ളിൽ ഒരു നീറ്റൽ അനുഭവപ്പെടുന്ന എഴുത്ത്. എത് പറയണമെന്നറിയില്ല- എല്ലാ നൻമകളും ഉണ്ടാവട്ടെ- 🙏❤️
ഹൃദയത്തെ തൊട്ടുണർത്തുന്ന രചന
നന്നായി എഴുതി ❤️❤️
കണ്ണീരോടെയല്ലാതെ എങ്ങനെ വായിക്കും?
നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ
സ്നേഹം സിന്ധൂ❤️❤️❤️