കല്യാണം കഴിഞ്ഞ നാൾ തൊട്ട് അവൾക്കു പറയാൻ ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ഡൽഹിയിലേക്ക് ഒരു പിക്നിക് പോവണം താജ്മഹൽ കാണണം. എന്റെ കൈകളിൽ കൈകൾ കോർത്തു പിടിച്ചു നടന്നു കൊണ്ട് താജ്മഹലിന്റെ ഭംഗി ആസ്വദിക്കണം. എന്റെ തോളിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് ഒരുപാട് നേരം താജ്മഹലിലേക്ക് നോക്കിയിരിക്കണം. അങ്ങിനെയങ്ങിനെ എന്തൊക്കെയോ ഭ്രാന്തുകൾ…!! വല്ലാത്ത ഒരു ഭാവത്തോടെ അവൾ ആ സ്വപ്നത്തെ കുറിച്ച് വാ തോരാതെ പറഞ്ഞു കൊണ്ടേയിരിക്കും.
വിവാഹം കഴിഞ്ഞ സമയത്തെ അവധി രണ്ടു മാസമുള്ളത് പെട്ടെന്ന് ഒന്നായി കുറഞ്ഞു കമ്പനി തിരിച്ചു വിളിച്ചപ്പോൾ അവളുടെ ആഗ്രഹം അടുത്ത ലീവിലേക്ക് മാറ്റി വെയ്ക്കപ്പെട്ടു. അടുത്ത തവണത്തെ ലീവിന് അച്ഛന്റെ അസുഖകൂടുതൽ അവളുടെ ആഗ്രഹത്തിന് വിലങ്ങുതടിയായി. അതിനടുത്ത തവണ കുഞ്ഞു ചെറുതെന്ന കാരണം. അങ്ങനെ ഓരോ തവണ ഓരോരോ കാരണങ്ങളാൽ അവളുടെ ആഗ്രഹം ഒരു നടക്കാത്ത സ്വപ്നമായി മാറി.
മക്കൾ വലുതാവുന്നതിനനുസരിച്ച് അവരുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും പിറകെയുള്ള ഓട്ടത്തിൽ അവളും അവളുടെ ആ സ്വപ്നം മറന്നു തുടങ്ങിയെന്നു തോന്നിയിരുന്നു.
അമ്പതാം വയസ്സിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരമാവാൻ തീരുമാനിച്ചപ്പോൾ, നാട്ടിലെത്തി ആ ആഴ്ച തന്നെ അവളുടെ നടക്കാതെ പോയ താജ്മഹൽ എന്ന സ്വപ്നം എന്തു തടസ്സമുണ്ടായാലും നടത്തണമെന്ന ദൃഢനിശ്ചയം എടുത്തിരുന്നു. എന്നാൽ, എന്റെ മടങ്ങി വരവിനു കാത്തു നിൽക്കാതെ, പെട്ടെന്നൊരു നാൾ, അവളെന്നെന്നേക്കുമായി മടങ്ങി.
അവളില്ലായ്മയെ അംഗീകരിക്കാൻ മനസ്സു പാകപ്പെടുത്തുമ്പോഴും അവളുടെ നടക്കാതെ പോയ, അവളേറെ ആഗ്രഹിച്ചിരുന്ന ആ ഒരേ ഒരു മോഹം അതെന്നുള്ളിൽ ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായി സ്ഥിരപ്പെട്ടു കഴിഞ്ഞിരുന്നു.
✍️ Sajna.VP

2 Comments
Good
❤️❤️🥰🥰