യാത്രകൾ എന്നും എനിക്ക് പ്രിയപ്പെട്ടതാണ് അതെത്ര ചെറിയ ദൂരമാണെങ്കിലും ആ ഇഷ്ടമെന്നും യാത്രാ വിവരണങ്ങളോടുമുണ്ട്. ലേബർ ഇന്ത്യ ഞാൻ വാങ്ങിയിരുന്നത് തന്നെ ആദ്യത്തെ പേജിലെ സഞ്ചാരം വായിക്കാൻ വേണ്ടി ആയിരുന്നു.
എസ്. കെ. പൊറ്റക്കാടിന്റെ ഒട്ടുമിക്ക സഞ്ചാര കൃതികളും തേടി പിടിച്ചു വായിച്ചിരുന്നു. അറിയാത്ത നാടും നാട്ടുകാരും ഭാഷയും സംസ്ക്കാരവും ഭക്ഷണവും ചരിത്രവും വാക്കുകളിലൂടെ മസ്തിഷ്കത്തിൽ ആ നാടിന്റെ ചിത്രം വരച്ചിടുന്ന പുസ്തകങ്ങൾ. ഈയടുത്തു ഞാൻ വായിച്ച മനോഹരമായ ഒരു പുസ്തകമാണ് “സ്‌നോലോട്ടസ് “, അടുത്തിടെ പബ്ലിഷ് ചെയ്ത നല്ല പുസ്തകം. സോഷ്യൽ മീഡിയ മിക്കവാറുമുള്ള പുതിയ പുസ്തകങ്ങളെ ആഘോഷമാക്കി തീർക്കാറുണ്ട് എന്നാൽ ഇതിനു വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ല.
“മഞ്ഞിൽ പതിഞ്ഞു പോയ പാദമുദ്രകളെ തേടി ഒരുവളുടെ തനിച്ചുള്ള യാത്രയാണിത്. എന്തൊക്കെയാണവൾക്ക് കൂട്ട് പോകുന്നത്? നേരിപ്പോടു പോലെ കത്തുന്ന ഒരോർമ്മ, പ്രാർത്ഥന പോലെയൊരു പ്രണയം, ദിശ കാട്ടാനായി ബോധിസത്തിന്റെ നക്ഷത്രം, അടക്കിയ നിലവിളി… ഉള്ളിൽ പതിഞ്ഞതിനു എന്തൊരു വിലയാണ് മനുഷ്യർക്ക് നൽകേണ്ടി വരുന്നത്….”
ഈ കുറിച്ചിടുന്ന വരികളാണ് ഈ പുസ്തകം. ഇതൊരു യാത്രാ വിവരണമല്ല എന്നാൽ കടന്നു പോയ വഴിയിലെ പുൽകൊടിയെ പോലും മനോഹരമായി വാക്കുകൾ കൊണ്ടു മടുപ്പിക്കാതെ വരച്ചിട്ട യാത്രയുടെ കഥയാണ്. യുദ്ധവും അധിനിവേശവും എന്നും ദുഃഖങ്ങൾ മാത്രമാണ് നൽകുന്നത്. കാലങ്ങളായി പലപല രാജ്യങ്ങളിൽ അഭയാർഥികളായി തങ്ങളുടെ മണ്ണിൽ ചവിട്ടാതെ പൊള്ളുന്ന പാദങ്ങളും ഓർമ്മകളിൽ മൂടൽ മഞ്ഞുപോലെ അവ്യക്തമായ നാടിന്റെ ഓർമകളുമായി കഴിയേണ്ടി വരുന്നു ടിബറ്റൻ ജനതയുടെ കഥ. എല്ലാം നഷ്ടപ്പെട്ടു പോയിട്ടും മുനിഞ്ഞു കത്തുന്ന വെണ്ണ തിരി പോലെ പ്രതീക്ഷ കാത്തു സൂക്ഷിക്കുന്ന ശാന്തി മന്ത്രങ്ങളുരുവിട്ടു കഴിയുന്ന മനസ്സിൽ വിശുദ്ധിയുള്ള ജനത. പ്രാർത്ഥനയും സമാധാനവും മാത്രം കൈമുതലായുള്ള ബുദ്ധന്റെ ജനത. ഇതിൽ പട്ടാളക്കാരുടെ ക്യാമ്പും ജനങ്ങൾക്ക് അവരോടുള്ള മനോഭാവങ്ങളും ട്രെയിനിങ് അങ്ങനെയുള്ള കാര്യങ്ങൾ വിശദമായി പറയുന്നു എഴുത്തുകാരി റിട്ടയർ കേർണൽ ഡോക്ടർ ആണു “സോണിയ ചെറിയാൻ “.
ആർമിയിൽ പൈലറ്റായി ജോലിക്കിടയിൽ കാണാതെ പോകുന്ന അച്ഛനെ തിരക്കി പോകുന്ന മകളായ ഗോപയുടെ യാത്രയുടെ, പ്രണയത്തിന്റെ, അതിലേറെ ടിബറ്റിന്റെ കഥയാണ്. അച്ഛനെ ജീവനായിരുന്ന മകൾ, ആർമി ഉൾപ്പടെ തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും അവളും അമ്മയും അദ്ദേഹത്തിന്റെ സുഹൃത്തും അതു ഉൾക്കൊണ്ടില്ല. ഗോപ പഠിച്ചു ഡോക്ടറായി പാർവ്വതാരോഹണത്തിൽ പരിശീലനം നേടി അച്ഛൻ അവസാനമായി ജോലി നോക്കിയ ഇടത്തു ഡോക്ടറായി എത്തി. സ്കൂളിൽ ആവറേജ് ആയിരുന്ന അവൾ നിശ്ചദാർഢ്യം കൊണ്ടു നേടിയെടുത്ത വിജയം. അവിടെ വച്ചാണ് ടിബറ്റൻ ലാമകൾ അവളുടെ ജീവിതത്തിലേയ്ക്ക് വരുന്നത്. അരുതെന്നു വിലക്കിയിട്ടും ലക്ഷ്യങ്ങളിൽ വ്യതിചലിക്കാത്ത മനസ്സ് ഒരിക്കലും ഒന്നാവാത്ത പ്രണയത്തിന്റെ പിറകിൽ കുരുങ്ങി മറിഞ്ഞു. അവനവളുടെ തേടലിൽ കൂട്ടായി. അവനിലൂടെ കൂടെയുള്ള യാത്രയിൽ ഗോപ ടിബറ്റിനെ അറിയും പോലെ നമ്മളിലും ഓരോ വാക്കുകളും മനസ്സിൽ ചിത്രങ്ങളായി കോറിയിടാൻ കഴിയുന്ന എഴുത്ത്. ഓരോ താളും മറിക്കുന്നതറിയാതെ വായിച്ചു പോകുന്ന കൃതി. ഇടയ്ക്കിടെ ചെറിയ ഉദ്ധരണികളും ഡയറി കുറിപ്പുകളും കൃതിയെ മനോഹരമാക്കുന്നു. ബുദ്ധന്റേയും ഭാര്യയായ ഗോപയുടെയും പ്രണയം പോലെ ഗോപയുടെയും ദാവയെന്ന ലാമയുടെയും പ്രണയം വരച്ചിടുന്ന വാക്കുകൾ. ഒടുവിൽ
“കാറ്റു പിടിച്ച പായ് വഞ്ചി തിരകളിലെന്നപോലെ തിരിഞ്ഞു നോക്കാതെ പോയി”
വർഷം മുഴുവൻ മണ്ണിന്റെ ആഴമുള്ള മടിത്തട്ടിൽ ഉറങ്ങി മഞ്ഞു പൊഴിയുമ്പോൾ എല്ലാ പ്രതിബന്ധങ്ങളെയും നീക്കി നിഗൂഢതയുടെ ആഴങ്ങളിൽ നിന്നും ഭൂമിയുടെ മുകളിൽ നനുത്ത മഞ്ഞിൽ പൂക്കുന്ന “സ്‌നോലോട്ടസ്”പുഷ്പങ്ങൾ പോലെയാണ് ഷിമ്പാല എന്ന വിശുദ്ധ സ്ഥലം. വിശ്വാസങ്ങൾക്കും വായ്മൊഴികൾക്കും സങ്കൽപ്പങ്ങൾക്കും മാത്രം അറിവുള്ള മടക്കു പർവതങ്ങൾക്കിടയിലെ നിഗൂഢ ഭൂമി ലോകരാജ്യങ്ങളും ചൈനീസ് പട്ടാളവും തിരഞ്ഞിട്ടും കണ്ണിൽ നിന്നും മറഞ്ഞു പോയ നിയോഗമുള്ളവന് മാത്രം എത്തിപെടാൻ പറ്റുമെന്നു വിശ്വസിക്കുന്ന ടിബറ്റൻ ജനതയുടെ വിശ്വാസത്തിന്റെ ഉറവിടം. അതിനെക്കുറിച്ചുള്ള വാക്കുകൾ മിഴിവുള്ള ചിത്രങ്ങളായി.കൂടുതലായി എഴുതുന്നില്ല വായിച്ചാൽ മുന്നിൽ തെളിയുന്ന ചിത്രം പോലെയൊരു കുഞ്ഞു കൃതി.കുറച്ചു കൂടി ആഘോഷിക്കപ്പെടേണ്ട കൂടുതൽ അംഗീകരിയ്ക്കപെടേണ്ട പുസ്തകം സോഷ്യൽ മീഡിയയിലും വായനക്കാരന്റെ മനസ്സിലും…


5 Comments
നല്ല review.👍
നന്ദി ബാഹുസ്.🙏
നോവൽ വായിക്കണം എന്ന തോന്നലുണ്ടാക്കുന്ന നല്ല വിലയിരുത്ത ലുള്ള വിവരണം ❤👏
നല്ല വിവരണം.❤
👌👏
🙏🏼🙏🏼🙏🏼🙏🏼
നോവൽ വായിക്കണം എന്ന തോന്നലുണ്ടാക്കുന്ന നല്ല വിലയിരുത്ത ലുള്ള വിവരണം ❤👏