അവളെങ്ങോട്ടു പോയി?
കാറ്റിൻ്റെ ചിറകിലവളൊരു
അപ്പൂപ്പൻ താടിയായോ?
അവളിലെയമ്മയെ കടലെടുത്തോ?
മാതൃത്വം ഉരുകിത്തിളക്കുന്ന നെഞ്ചവൾ
തുരന്നെവിടെക്കെറിഞ്ഞു കളഞ്ഞു?
അവളിലെ പെണ്മയെ ആരെടുത്തു?
നുരയുന്ന പ്രണയമവളെവിടെ കുഴിച്ചിട്ടു?
അവളൊരു കൊലപാതകിയോ?
അവളാദ്യമവളിലെ പെൺമയെ
വിരക്തി തൻ കത്തിക്കറുത്തുകൊന്നു.
ചോരയൊലിപ്പിച്ചു ചത്തുവീഴുമ്പോഴും
പ്രണയമെന്നത് വിങ്ങിക്കരയുന്നുണ്ടായ്.
ഒടുവിലായ് പിഴുത്തെടുത്തവളിലെയമ്മയെ
എരിയുന്ന അഗ്നിക്കിരയാക്കി.
മുക്കാലും വെന്തിട്ടും പുകയുന്നതതിൻ്റെ
മക്കളെയെന്നുള്ള പൊള്ളുന്ന വിളികൾ.
എന്നിട്ടും ബാക്കിയായോരു ജീവൻ്റെ
കുഞ്ഞു കണികയുമായവളെങ്ങോട്ടുപോയ്?
എന്തിനായവളെ അന്വേഷിച്ചീടുന്നു…
അവളുപേക്ഷിച്ചിട്ടൊരു മുഷിപ്പിൻ
കുപ്പായങ്ങൾ വീണ്ടുമണിയിക്കാനോ?
അവൾ കൊന്നിട്ട ജീർണ്ണശരീരങ്ങളുമായി
പിന്നാലെ പായുന്നതെന്തിന്?


1 Comment
👌👏❤