പൊതുവേ അന്തർമുഖിയായ ഞാൻ, ബാല്യത്തിൽ പുസ്തകങ്ങളെ കൂട്ടുപിടിച്ചു. ഏതൊരു വായനയും ഓരോ ‘കൂടു’തേടലായിരുന്നു. എഴുത്തുകൊണ്ടു വിസ്മയിപ്പിച്ച എം.ടി.യും ഭാവഗാനങ്ങൾ കൊണ്ട് മനസ്സിനെ സാന്ദ്രമാക്കിയ ജയചന്ദ്രനും എല്ലാം ഏകാന്തതയിലെ കൂട്ടുകാരായിരുന്നു. പക്ഷേ, ഇതെല്ലം ഏകജാലകം – വൺവേ – അല്ലെ?
ചെറുതും വലുതുമായ കൂട്ട്, സ്കൂൾ-കോളേജ് കാലയളവുകളിൽ ഉണ്ടായിരുന്നു.
60 വർഷത്തോളമൊക്കെ ഒരു ‘കൂട്ട് ‘ കൊണ്ടുനടക്കുക എന്നത് സ്നേഹമെന്ന മാന്ത്രിക ഔഷധത്തിന്റെ കൊടുക്കൽ വാങ്ങൽ കൊണ്ട് മാത്രമാണ്. അങ്ങനെയുള്ള ഒരു കൂട്ടാണ് ഞാൻ എഴുതുന്നത്.
എന്റെ അമ്മാവന്റെ മകൾ : രാച്ചിയെന്ന് ഞാൻ വിളിക്കുന്നഎന്റെ കൂട്ടുകാരി. ഒരുമിച്ചുണ്ടും, ഒരുമിച്ചുറങ്ങിയും, സ്വപ്‌നങ്ങൾ പങ്കിട്ടും, സൂര്യന് കീഴെയുള്ള സകല കാര്യങ്ങളും പങ്കിട്ട്, കൂട്ടിന്റെ വലകൾ നെയ്തു. ആലങ്കാരികമായി പറഞ്ഞാൽ, മണൽക്കാറ്റിലും മരുപ്പച്ച തെളിയിച്ചവൾ. ആശയവിനിമയത്തിന് അന്നെല്ലാം ഇൻലൻഡും തപാൽ കാർഡുകളും ആണ്. നുള്ളുനുറുങ്ങു കാര്യങ്ങൾ കൊണ്ട് നിറയും – വി.കെ.എൻ. ഫലിതമാവാം, പത്മരാജൻ സിനിമയാകാം, അരവിന്ദന്റെ ‘ചെറിയ മനുഷ്യനും വലിയലോകവും’ ആവാം, അർത്ഥശൂന്യമായ വർത്തമാനങ്ങളാവാം. എത്ര കാതം ദൂരമാണെങ്കിലും ഇഴയടുപ്പത്തിനു വലുപ്പമുണ്ട്. കാലത്തിന്റെ കുത്തൊഴുക്കിലും ചിതൽ ഭക്ഷണമാകാതെ ഈ കത്തുകൾ സൂക്ഷിച്ചുവെച്ചു. പരസ്പരം പാരിതോഷികം കൈമാറുകയോ, അഭിനന്ദനപ്രവാഹമോ ഒന്നുമായിരുന്നില്ല. കൂട്ടിന്റെ മുതൽ’ക്കൂട്ട് ‘. പൊക്കം കുറഞ്ഞു തടിച്ച എന്നെ പരിഹസിച്ചുവെന്നും വരാം. രണ്ട് കോളേജ്, രണ്ട് വിഷയം, രണ്ടു പേർക്കും രണ്ടിഷ്ടം. വൈരുദ്ധ്യങ്ങളിലെ ഏകത്വം ആയിരുന്നു സ്നേഹത്തിന്റെ അളവുകോൽ. മനസ്സിലാക്കലിന്റെ ഒരു തിരി. അതിനു കാരണങ്ങളോ നിർവ്വചനമോ ഇല്ല.
ഉറ്റവരുടെ സാമീപ്യം ഇല്ലാത്ത ഒരവസരത്തിൽ, ചിക്കൻപോക്സ് പിടിപെട്ടു അവശയായപ്പോൾ, പകരുമോ എന്ന ഭയം ലേശമില്ലാതെ, ലോകമെല്ലാം ഉറങ്ങിയപ്പോൾ ഒരു റാന്തൽവെട്ടത്തിൽ ഭക്ഷണമൊരുക്കി കാവലിരുന്നതും മറ്റും പറഞ്ഞു, ‘ഉപകാരണസ്മരണ’ പുതുക്കും. കാലക്രമേണ ഞങ്ങളുടെ പങ്കാളികളും കൂട്ടായി.
വർഷങ്ങൾക്കു ശേഷം, പ്രളയത്തിന്റെ സംഹാരതാണ്ഡവത്തിൽ വിലപ്പെട്ട പലതും നഷ്ടപ്പെട്ടു, ദുരന്തത്തിന്റെ അലയൊലികൾ അടിച്ചപ്പോഴും ഹൃദയതാളം നിലച്ചുപോകുന്ന, നീറിക്കൊണ്ടിരുന്ന കാലങ്ങളിലും, എപ്പോഴാണെങ്കിലും എവിടെയാണെങ്കിലും സാന്ത്വന സ്പർശമായി ഈ കൂട്ടിന്, ഈ സ്നേഹത്തിന്റെ കരുത്തിന് ആറ്റത്തിന്റെ ശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞു. എന്റെ കനൽപാതകളിൽ, എന്നും കൂടെനിന്ന ഈ കൂട്ടിനു വിരാമമായോ എന്ന് തോന്നിപ്പിക്കും വിധം ഒരു രോഗത്തിന്റെ തീക്ഷ്ണതയിൽ വലഞ്ഞ്, ഡോക്ടർ നിസ്സഹായരായി എന്ന് പറഞ്ഞപ്പോഴാണ്, അഗാധവും തീക്ഷ്ണവും പരപ്പുമേറിയ ഈ സ്നേഹമതിലിന്റെ മൂല്യം തിരിച്ചറിയുന്നത്. നഷ്ടമാകും എന്നറിയുമ്പോഴാണോ ‘കൂട്ടി’ന്റെ ആഴം മനസ്സിലാക്കുക? കന്മഷമില്ലാത്ത സ്നേഹമാണ് ഓരോ കൂട്ടും. ആത്മവിശ്വാസവും, വേദനകളിൽ ഒളിപ്പിച്ച ചിരിയുമായി, വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഐ.സി.യു.വിന്റെ തണുപ്പിൽ, അർദ്ധബോധാവസ്ഥയിലും ചോദിച്ചുവത്രെ, ‘വിവരം’ എന്നെ അറിയിച്ചുവോ എന്ന്. ഉപാധികളില്ലാത്ത സ്നേഹത്തിന്റെ ഒരു നേർചിത്രം.
കാലം സാക്ഷിയായ മാറ്റങ്ങൾ, ജീവിതപരിവർത്തനങ്ങൾ ഒന്നും അനുസ്യൂതം ഒഴുകുന്ന ‘കൂട്ടി’നു വിലങ്ങുതടിയായില്ല. ബാല്യം മുതൽ വാർദ്ധക്യം വരെ നീണ്ടുനിന്ന ഈ കൂട്ട്, പല വിതാനങ്ങളിലൂടെ, വികസിച്ചുകൊണ്ടിരിക്കുന്നു. ഈ കൂട്ട് ഇല്ലാതെയായിരുന്നെങ്കിൽ? എന്റെ ചിറകൊടിയില്ലേ??
ഏതു പ്രതിസന്ധിയിലും, ആശ്രയിക്കാവുന്ന എന്റെ കസിൻസ്- ബന്ധുക്കൾ മാത്രമല്ല, നിരുപാധിക സ്നേഹത്തിന്റെ കൂടാണ്. കൂട്ടാണ്. നാലര പതിറ്റാണ്ടു മുമ്പ് അഗ്നിസാക്ഷിയായി എന്റെ ‘കൂട്ടാ’യി വന്നവൻ. വിങ്ങലുകളുടെ നൊമ്പരം, എഴുത്തിന്റെ പട്ടുറുമാൽ കൊണ്ട് ഒപ്പാൻ കൂട്ടുനിന്ന മകൾ, അർത്ഥപുഷ്ടവും ആഴവുമുള്ള ബന്ധങ്ങളാൽ ദിവസങ്ങളെ ഊട്ടി ഉറപ്പിക്കുന്ന എന്റെ പ്രിയ സഹോദരങ്ങളുടെ കൂട്ട്, കൊച്ചു കൊച്ചു കാര്യങ്ങളിലും സ്നേഹത്തിന്റെ നാളം കാണിക്കുന്ന നാത്തൂൻ – ഇങ്ങനെ ഇങ്ങനെ കൂട്ടിന്റെ കണ്ണികൾ നീളുന്നു. നീളട്ടെ!!!
ഒറ്റക്കൊറ്റക്ക് നമ്മുടെ വീടുകളിൽ ഇരുന്ന്, അക്ഷരപാശം കൊണ്ട് ചേർത്തുകെട്ടിയ ഒരു കൂട്ട് ‘കൂട്ടക്ഷരങ്ങളി’ലൂടെയും കിട്ടി.
ശുഭം.
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
#കൂട്ട്


7 Comments
നല്ല ഭാഷയിൽ നല്ലൊരു സൗഹൃദത്തെ കുറിച്ചെഴുതി മനസ്സ് നിറച്ചു. 🙏🏽
നല്ലെഴുത്ത് .നല്ല കൂട്ടുകൾ. നല്ല രസമുള്ള ഭാഷ❤️❤️രാച്ചിയുടെ കൂട്ടുകാരിയോട് സ്നേഹം.❤️❤️
ആദൃശ്യമായ നൂലുകൾ കൊണ്ടു തുന്നിക്കൂട്ടിയ കൂട്ടുകൾ മനോഹരമായി വിവരിച്ചിരിക്കുന്നു. ഒരു പാടിഷ്ടമായി ഈ കൂട്ട്❤️❤️👌🌹
നല്ല ഭാഷ, വാക്കുകളുടെ തിരഞ്ഞെടുപ്പ് ഒന്നാന്തരം. സ്നേഹമെന്ന മാന്ത്രിക ഔഷധം ബലപ്പെടുത്തിയ കൂട്ട് നന്നായി എഴുതി.👍
👏
💕💕💕💕
നല്ല ഹൃദയസ്പർശിയായ എഴുത്ത്.വളരെ നന്നായി. മനസ്സിനുള്ളിൽ നൊമ്പരങ്ങൾ ഉണർത്തുന്ന ഓർമ്മകൾ.
അഭിനന്ദനങ്ങൾ ആശംസകൾ
😍😍😍😍😍