സരസ്വതി ടീച്ചർ
ഓർമ്മക്കുറിപ്പ്
******************
നമുക്കേറെ പ്രിയപ്പെട്ട അധ്യാപകരെയും നമുക്കൊട്ടും ഇഷ്ടമില്ലാത്ത അധ്യാപകരെയും നാം ഒരിക്കലും മറക്കില്ല എന്നത് സത്യമായ കാര്യമാണ്. അതുപോലെ നമുക്ക് നിരീക്ഷിച്ചാൽ മനസ്സിലാവുന്ന മറ്റൊരു കാര്യമാണ്, ഒരു വിഷയം പഠിപ്പിക്കുന്ന ടീച്ചറുടെ പെരുമാറ്റ രീതികൾ കുട്ടികൾക്ക് ആ വിഷയത്തോട് ഇഷ്ടവും അനിഷ്ടവും ഉണ്ടാക്കുന്നു എന്നത്.
ഓരോ അധ്യാപക ദിനത്തിലും അല്ലെങ്കിൽ അധ്യാപകരുടെ ക്രൂര മർദ്ദന വാർത്തകൾ കാണുമ്പോൾ മനസ്സിലേക്ക് മിഴിവോടെ തെളിഞ്ഞു വരുന്ന ഒരു ചിത്രമുണ്ട്. സരസ്വതി ടീച്ചറുടെ..
സ്നേഹം തുളുമ്പി നിൽക്കുന്ന ആ മുഖത്ത് വലിയ വട്ടപ്പൊട്ടു മാത്രമേ ഒരു അലങ്കാരമായി കാണാറുള്ളു.. മുടി മെടഞ്ഞിട്ട് മാത്രമേ കണ്ടിട്ടുള്ളു.. ഭൂമിയെ വേദനിപ്പിക്കാതെയുള്ള നടത്തം..എല്ലാവർക്കും പ്രിയപ്പെട്ട ടീച്ചർ..
അഞ്ചാം തരം മുതൽ തുടങ്ങുന്ന ഹിന്ദി എന്ന വിഷയത്തോട് എന്തോ ഒരിഷ്ടക്കേടായിരുന്നു എനിക്ക്.. എന്നാൽ ഏഴാം ക്ലാസ്സിൽ ഹിന്ദി ടീച്ചർ സരസ്വതി ടീച്ചറായിരുന്നു. ടീച്ചറുടെ പഠനരീതിയോ.. അല്ലെങ്കിൽ ടീച്ചറുടെ സ്വഭാവ രീതിയോടുള്ള ഇഷ്ടമോ എന്നറിയില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട വിഷയമായി മാറി ഹിന്ദി.! ആ വിഷയത്തിൽ മുഴുവൻ മാർക്കും വാങ്ങി ടീച്ചറുടെ പ്രിയപ്പെട്ട സ്റ്റുഡന്റുമായി മാറി എന്നത് ഇന്നു ചിന്തിക്കുമ്പോൾ ഒരു അത്ഭുതമാണെനിക്ക്..
എന്നാൽ, അതേ വർഷം തന്നെ ഒരു ദിവസം രാത്രിയിൽ ഉറക്കത്തിൽ ഹാർട്ട് അറ്റാക്ക് വന്നു ടീച്ചർ മരണപ്പെട്ടു എന്ന വാർത്ത എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു.
ഇഷ്ടപ്പെട്ട ഒരുപാട് അധ്യാപകർ സ്കൂളിലും, ട്യൂഷൻ ക്ലാസ്സിലും മറ്റും നിരവധി അതിനു മുൻപും ശേഷവും ഒക്കെ കടന്നു വന്നിട്ടുണ്ടെങ്കിലും എന്റെ മനസ്സിൽ പ്രിയപ്പെട്ട ടീച്ചറുടെ സ്ഥാനം എന്നും സരസ്വതി ടീച്ചർക്ക് മാത്രമാണ്..
ഈ ഒരു ദിനത്തിലും ഞാനെന്റെ പ്രിയ അധ്യാപികയെ ഓർക്കാതിരിക്കുന്നതെങ്ങിനെ..😔
✍️ Sajna vp

