ബൈക്കിനടുത്തേക്കു നടക്കുമ്പോൾ ജിതിൻ്റെ മനസ്സാകെ കലങ്ങിയിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളെ അയാൾ ശ്രദ്ധിച്ചതേയില്ല. വണ്ടി സ്റ്റാർട്ടു ചെയ്യുമ്പോഴാണ് പ്രിൻസിപ്പാൾ രാധ ടീച്ചർ അടുത്തേക്കു വന്നത്.
“ഇന്ന് പ്രോഗ്രാമൊന്നുമില്ലേ ജിതിൻ ? പിന്നെ അടുത്താഴ്ച മുതൽ നമുക്കു പ്രാക്ടീസൊക്കെ ഒന്നു കൂടി ഉഷാറാക്കണം. ഇത്തവണ മാക്സിമം കുട്ടികളെ സ്റ്റേറ്റ് ലവലെത്തിക്കണം. എല്ലാം നോക്കേണ്ടത് ജിതിനാണ് കേട്ടോ.”
ഒരു പുഞ്ചിരി മാത്രം മറുപടിയായി നൽകി അയാൾ പോകുന്നത് അവർ അമ്പരപ്പോടെ നോക്കി നിന്നു. പ്രസരിപ്പോടെ എന്തിനും മുന്നിട്ടു നിൽക്കാറുള്ള പഴയ ജിതിനല്ലല്ലോ ഇത്? രണ്ടാഴ്ചത്തെ തൻ്റെ ട്രെയിനിംഗിനിടയിൽ എന്താണു സംഭവിച്ചത്?
ബൈക്കിലിരിക്കുമ്പോൾ എങ്ങോട്ടു പോകണമെന്ന ചിന്തയിലായിരുന്നു ജിതിൻ. ദൂരെയെവിടെയെങ്കിലും…. ആരും കാണാത്തൊരിടത്ത് ……. അയാൾ ബീച്ചിലേക്കു വണ്ടി തിരിച്ചു.
ഫോൺ നിർത്താതെ ബല്ലടിക്കുന്നുണ്ട്. തന്നെ കാണാഞ്ഞ് അനിലും ജയനുമെല്ലാം മാറി മാറി വിളിയ്ക്കുന്നതാവും. ഫോൺ സൈലൻ്റാക്കി വെച്ച് അയാൾ ഓളപ്പരപ്പിലേക്കു കണ്ണുനട്ടിരുന്നു.
ഉയർന്നു പൊങ്ങി കരയെ പുൽകാനൊരുങ്ങുന്ന തിരയെ അടിച്ചു താഴ്ത്തുന്നു പിന്നാലെ വരുന്ന തിരകൾ. തോറ്റു മണ്ണിലേക്കു താണ തലയുമായി മാഞ്ഞുപോകുന്ന അവ മനുഷ്യ ജീവിതം തന്നെയല്ലേ കാട്ടിത്തരുന്നത്?
സന്ധ്യ മയങ്ങാൻ തുടങ്ങിയതോടെ ആഞ്ഞടിക്കുന്ന തിരമാലകൾ കാലുകളെ തൊട്ടു പതഞ്ഞൊഴുകി. അവയേക്കാളും ശക്തമായ തിരയടിക്കുന്ന തൻ്റെ മനസ്സിനെ എങ്ങനെ സമാധാനിപ്പിക്കും?
രാവിലെ സ്റ്റാഫ് റൂമിലേക്കു നടക്കുമ്പോൾ കേട്ട സംഭാഷണം അയാളുടെ ഓർമ്മയിൽ തികട്ടി വന്നു.
“നിങ്ങളറിഞ്ഞോ നമ്മുടെ ജിതിൻ സാറിൻ്റെ ഭാര്യയും മോളും രണ്ടാഴ്ച മുമ്പ് പിണങ്ങിപ്പോയെന്ന്. . സാറിൻ്റെ വീട്ടിൽ ജോലി ചെയ്തിരുന്ന രാജമ്മച്ചേച്ചിയാണ് പറഞ്ഞത്. എന്തായാലും കഷ്ടമായിപ്പോയി. “
രേഷ്മ ടീച്ചറാണ്.
“എന്താ നീ പറയുന്നത്? ഇരുമെയ്യാണെങ്കിലും ഞങ്ങളൊറ്റക്കരളല്ലേ എന്ന മട്ടിൽ കഴിഞ്ഞതല്ലേ ജിതിനും ലക്ഷ്മിയും? ഇവിടെ പഠിക്കുന്ന സമയത്തേ എന്തൊരു പ്രണയമായിരുന്നു”
“ലക്ഷ്മിയുടെ അമ്മയില്ലേ ആ കോളേജ് പ്രൊഫസർ അവരാണു പ്രശ്നം. അവർക്കു പണ്ടേ ഈ കല്യാണം ഇഷ്ടമല്ലായിരുന്നല്ലോ”
“ഓ…… ചിലരങ്ങനെയാ ആരെയും ജീവിക്കാൻ സമ്മതിക്കില്ല.”
സുധാമണി ടീച്ചറുടെ മറുപടി കേട്ട് ജിതിൻ തിരികെ നടന്നു.
ഇപ്പോൾ അങ്ങോട്ടു ചെന്നാൽ ശരിയാവില്ല.
നേരെ ലാബിൽ പോയിരുന്നു.
ലക്ഷ്മിയെ ആദ്യമായി കണ്ടതു മുതൽ ഓരോ സംഭവങ്ങളും അയാളുടെ മനസ്സിലൂടെ കടന്നുപോയി.
ബന്ധങ്ങളിലെ ആദ്യ പടികളാണ് കാണുക, ഇഷ്ടപ്പെടുക, ആഗ്രഹിക്കുക, നേടുക എന്നിവ. എല്ലാ കടമ്പകളും കടന്ന് ലക്ഷ്മിയെ സ്വന്തമാക്കിയപ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു. പക്ഷേ ബന്ധം നിലനിർത്തുക എന്നത് ഏറ്റവും
ബുദ്ധിമുട്ടാണെന്ന് ഒരിക്കലും കരുതിയതേയില്ല.
ലക്ഷ്മിയോടുള്ള പ്രണയത്തോളം തന്നെ ആഴത്തിലുള്ളതായിരുന്നു സംഗീതത്തോടുള്ള പ്രണയവും. രണ്ടും തൻ്റെ ജീവവായു തന്നെയായിരുന്നു. അതറിഞ്ഞും മനസ്സിലാക്കിയും തന്നെയാണ് അവൾ തന്നോടു ചേർന്നത്. നമ്മളെ നമ്മളായി അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നൊരാൾ കൂടെയുണ്ടെങ്കിൽ ജീവിതം ഇത്രമേൽ മനോഹരമാകുമെന്നു മനസ്സിലായപ്പോൾ അല്പം അഹങ്കരിച്ചുവെന്നു തന്നെ പറയാം.
എന്നിട്ടിപ്പോൾ …….
ജിതിൻ കണ്ണുകളടച്ചു. രണ്ടു കുഞ്ഞിക്കെകൾ തന്നെ വരിഞ്ഞു മുറുക്കുന്ന പോലെ. അയാൾ ചാടിയെഴുന്നേറ്റു.
വയ്യ…… ഒന്നിനും വയ്യ ….
മൂന്നു ദിവസമായി പ്രാക്ടീസിനോ റക്കാർഡിംഗിനോ പോയിട്ട്. മനസ്സു നേരെ നിൽക്കാതെ എന്തു ചെയ്യും?
അയാളുടെ ഓർമ്മകൾ പിന്നിലേക്കു പൊയ്ക്കൊണ്ടിരുന്നു. ഒരു മാസം മുമ്പു വരെ താനെത്ര ഭാഗ്യവാനാണ് എന്നു ചിന്തിക്കാത്ത നിമിഷങ്ങളുണ്ടായിരുന്നില്ല,തങ്ങളുടെ മാത്രമായ സ്വർഗ്ഗത്തിലേക്ക് കട്ടുറുമ്പായി ലക്ഷ്മിയുടെ അമ്മവരുന്നതു വരെ.
അന്ന് രാത്രി കുറെ വൈകിയാണെത്തിയത്. ആഹാരം എടുത്തു വെച്ചിട്ടു കിടന്നുകൊള്ളാൻ ലക്ഷ്മിയെ വിളിച്ചു പറഞ്ഞിരുന്നു. പോക്കറ്റിൽ നിന്നു താക്കോലെടുക്കുന്നതിനു മുമ്പേ വാതിലുകൾ മലർക്കെത്തുറന്നു. തൻ്റെ സ്വതസിദ്ധമായ ദുർമുഖത്തോടെ നിൽക്കുന്ന ലക്ഷ്മിയുടെ അമ്മയെയാണു കണ്ടത്.
”അമ്മയെപ്പോൾ വന്നു?”
മറുപടിയൊന്നും പറയാതെ അവർ വെട്ടിത്തിരിഞ്ഞു നടന്നു പോയി. അപ്പോഴേ മനസ്സിലൊരു കാർമേഘം വന്നുമൂടി.
പിന്നീടുള്ള ദിവസങ്ങളെല്ലാം അതിൻ്റെ ആവർത്തനങ്ങളായി. ലക്ഷ്മിയും അകൽച്ച കാണിച്ചു തുടങ്ങി.
”ജിതിൻ എന്നുമിങ്ങനെ തുടങ്ങിയാൽ പറ്റില്ല. ഞാനും മോളും ഒറ്റയ്ക്കിങ്ങനെ…… ചിലപ്പോൾ പേടിച്ചിട്ടു വയ്യ “
പരാതികളും പരിഭവങ്ങളും കൂടിക്കൂടി വന്നു.
ചില നേരങ്ങളിൽ മൗനമാണ് ഏറ്റവും നല്ലത്. പിന്നെ ഖേദിക്കേണ്ടി വരില്ല. പക്ഷേ എത്ര നാൾ?
“അച്ഛാ” ഉണ്ണിമോൾ ഓടി വന്നു.
”എനിക്കെന്തു സമ്മാനം കൊണ്ടുവന്നു ?”
”എന്തിനാ സമ്മാനം ?”
കൈയിൽത്തൂങ്ങിയ മോളെ വാരിയെടുത്തുമ്മ വെച്ച് അയാൾ ചോദിച്ചു.
മറുപടി പറഞ്ഞത് അമ്മയാണ്.
”അതറിയാത്ത ആൾ അച്ഛനാണെന്നും പറഞ്ഞു നടക്കരുത്”
ഒന്നും പറഞ്ഞില്ല. പറയാഞ്ഞതാണു തെറ്റ് എന്നിപ്പോൾ തോന്നുന്നു. ലക്ഷ്മിയ്ക്കു വേദനിച്ചാലോ എന്നായിരുന്നു മനസ്സിലെ ചിന്ത.
”അച്ഛാ ഇന്നു മോളൊരു പാട്ടുപാടി എല്ലാവരും കൈയടിച്ചു. ടീച്ചറെനിക്കൊരു ചോക്കലേറ്റു
തന്നല്ലോ “
ഒന്നാം ക്ലാസുകാരിയുടെ കൊഞ്ചലിൽ ഉള്ളാകെ തണുത്തു.
“നമുക്ക് നാളെ വൈകിട്ടു പോയി മോൾക്കിഷ്ടമുള്ള സമ്മാനം വാങ്ങാലോ. മോൾക്കെന്താ വേണ്ടത്? ചോക്കലേറ്റോ പാട്ടുപാടുന്ന പാവയോ കിന്നരി വെച്ച ഉടുപ്പോ?”
വിശേഷങ്ങൾ പറയുന്നതിനിടയിലാണ് കുഞ്ഞിൻ്റെ ചോദ്യമുയർന്നത്.
“അച്ഛാ…..നമ്മൾ അമ്മൂമ്മയുടെ വീട്ടിലാണോ ഇനി താമസിക്കുന്നത്? അമ്മ പറഞ്ഞല്ലോ “
”എന്താ ലക്ഷ്മീ മോളു പറയുന്നത്?”
കുഞ്ഞിൻ്റെ സംശയം കേട്ട്
ജിതിൻ ഭാര്യയെ വിളിച്ചു.
“നീയിങ്ങനെ തോന്നുമ്പോൾ വരികയും പോവുകയും ചെയ്താൽ അതേ നിവൃത്തിയുള്ളു. നിൻ്റെ പാട്ടും കൂത്തുമൊക്കെ നിർത്തി അങ്ങോട്ടു വന്നാൽ മതി. ഞാനതു
തീരുമാനിച്ചു. ”
മൗനം വെടിഞ്ഞ് ജിതിൻ തർക്കിച്ചു. അമ്മയുടെ വാക്കുകളെ എതിർത്ത് ലക്ഷ്മി ഒന്നും പറഞ്ഞതേയില്ല.അതാണയാളെ തളർത്തിയത്
അന്നയാൾ ഉറങ്ങിയതേയില്ല. പിറ്റേന്നു സ്കൂളിലിരിക്കുമ്പോഴാണ് ലക്ഷ്മി വിളിച്ചത്.
”ജിതിൻ ഞങ്ങൾ അമ്മയോടൊപ്പം പോവുകയാണ് .വൈകിട്ട് അങ്ങോട്ടു വരൂ “
വൈകിട്ടു ചെന്നു വിളിച്ചിട്ട് ലക്ഷ്മി വന്നില്ല. മിക്ക ദിവസങ്ങളിലും ചെന്നിട്ടും അമ്മയുടെ കടും പിടുത്തത്തിൻ്റെ തടവറ ഭേദിക്കാൻ അവൾ തുനിഞ്ഞില്ല.
എത്ര പറഞ്ഞാലും മനസ്സിലാക്കാൻ കൂട്ടാക്കാത്ത ഒരാളോട് പിന്നീടൊന്നും പറഞ്ഞിട്ടു കാര്യമില്ല. അത് പരസ്പര ബഹുമാനവും സ്നേഹവും നഷ്ടപ്പെടുത്താനേ കാരണമാവൂ. സ്വയം നഷ്ടപ്പെടുത്തി എന്തുനേടിയാലും നിലനിർത്തിയാലും അതിനധികം ആയുസ്സുണ്ടാവില്ല എന്നറിയാവുന്ന ജിതിൻ കുനിഞ്ഞ ശിരസ്സോടെ തിരികെപ്പോന്നു
ജിതിൻ്റെ ദിവസങ്ങൾ താളം തെറ്റിത്തുടങ്ങി. ശരീരത്തിൻ്റെ ഒരു ഭാഗം മുറിച്ചു മാറ്റിയതുപോലെ അയാളുടെ ഹൃദയം മുറിഞ്ഞ് നിർത്താതെയുള്ള വേദനയുടെ പ്രവാഹമായി. അതിൽ ശരീരവും മനസ്സും തളർന്നു.
ഇന്നലെ ചെന്നപ്പോൾ ആരും പുറത്തേക്കു വന്നതേയില്ല.
അച്ഛാ എന്നുറക്കെ വിളിച്ചു കരയുന്ന മോളെ തൻ്റടുത്തേക്കു വിട്ടതുമില്ല.
“നീ ജോലിയില്ലാത്ത സമയത്ത് ഇവിടുത്തെ ബിസിനസ് കാര്യങ്ങൾ നോക്കി ഇവിടെ കഴിയാമെങ്കിൽ മാത്രം ഈ ബന്ധം തുടർന്നാൽ മതി. എന്താ വേണ്ടതെന്നെനിക്കറിയാം”
അഹന്തയുടെ പര്യായമായ ആ സ്ത്രീയുടെ വാക്കുകളല്ല പകരം ലക്ഷ്മിയുടെ നിസ്സംഗതയാണ് അയാളുടെ മനസ്സു തകർത്തത്. ഒരിയ്ക്കൽ എല്ലാമെല്ലാമായിരുന്ന ഒരാളുടെ മുന്നിൽ അന്യനേപ്പോലെ നിൽക്കേണ്ടി വന്നപ്പോൾ ഉള്ളിലെരിഞ്ഞ നെരിപ്പോടിലെ ചൂടിൽ അയാളുടെ സ്വപ്നങ്ങൾ കരിഞ്ഞു വീണു.
നൊന്തു പിടയുന്ന നെഞ്ചമർത്തിപ്പിടിച്ച് ജിതിൻ
പൂഴി മണ്ണിലേക്കു മലർന്നു കിടന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നു കുട്ടികളെ പറഞ്ഞു മനസ്സിലാക്കിയിരുന്ന താൻ ആത്മഹത്യയുടെ വക്കിലാണ് നിൽക്കുന്നതെന്ന ചിന്ത അയാളെ ഞെട്ടിച്ചു. ഒന്നുറക്കെക്കരയാൻ കഴിഞ്ഞെങ്കിൽ…….
പെട്ടെന്നൊരിടിവെട്ടി. പിന്നാലെ വന്ന ഇരമ്പിയാർത്തു പെയ്യുന്ന മഴയിൽ കുതിർന്ന് ജിതിൻ മണ്ണിലേക്കമർന്നു കിടന്നു. ഒരു പേമാരിയ്ക്കും തണുപ്പിക്കാനാവാത്ത ചൂടിൽ അയാളുടെ മനസ്സു വെന്തു പിടഞ്ഞു കൊണ്ടിരുന്നു. ഏതിരുട്ടും തുളച്ചു തന്നെ തേടി വരുന്ന പ്രകാശത്തേയും ധ്യാനിച്ചു കിടന്ന അയാൾക്കു കൂട്ടായി അനാദിയായ കടലും ആകാശവും മാത്രം .
ഒരു സ്വപ്നത്തിലേക്കെന്ന പോലെ ജിതിൻ കണ്ണു തുറന്നു.
“ആഹാ സാർ കണ്ണു തുറന്നല്ലോ ഇനി പേടിക്കണ്ട”
പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്ന ഷാനി തൻ്റെ പഴയൊരു സ്റ്റുഡൻ്റാണ്.ഇവൾ നഴ്സല്ലേ.
“ഞാനെവിടെയാണ്?”
അയാൾ എഴുന്നേൽക്കാൻ ഭാവിച്ചു.
”സാർ മൂന്നു ദിവസമായി ഇവിടെയുണ്ട്. സാറിൻ്റെ കൂട്ടുകാരാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. ഞാൻ ഡോക്ടറെ വിളിക്കട്ടെ “
ഡോക്ടറോടൊപ്പം അനിലും ജയനും അകത്തേക്കു വന്നു.
“എന്താ ജിതിൻ ഇതൊക്കെ ?പനിയെല്ലാം മാറി.ഇന്നു തന്നെ ഡിസ്ചാർജു ചെയ്യാം. ഇനി ആഹാരമൊക്കെക്കഴിച്ച് വിശ്രമിച്ചാൽ ഒക്കെ ശരിയാവും “
“കഴിഞ്ഞ ദിവസങ്ങളിലെല്ലാം ജിതിൻ പനിച്ചൂടിൽ മയക്കമായിരുന്നു. മയക്കത്തിൽ ഏതോ സമ്മാനത്തേ ക്കുറിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ജിതിന് എന്തു സമ്മാനമാണു വേണ്ടത്? അതോ ആർക്കെങ്കിലും കൊടുക്കാനാണോ? എനിക്കു കൂടി ഒരെണ്ണം തന്നേക്കൂ.” ഡോക്ടർ പൊട്ടിച്ചിരിച്ചു.
വൈകുന്നേരം അനിലിൻ്റെ കാറിലാണ്
അവർ ജിതിൻ്റെ വീട്ടിലേക്കെത്തിയത്. കാറിൽ നിന്നിറങ്ങിയ ജിതിനെ സ്വീകരിച്ചത് ലക്ഷ്മിയും മോളുമാണ്. അച്ഛാ എന്നു വിളിച്ച് ഓടി വന്ന ഉണ്ണിമോളെ അയാൾ വാരിയെടുത്തു. സ്നേഹത്തിൻ്റെ ഒരു ഗാഢാലിംഗനത്തിൽ അവർ മൂന്നു പേരും ഒന്നായി. വാക്കുകളുടെ വാതിലുകൾ തുറക്കാനാവാതെ
ആനന്ദാശ്രുക്കളോടെ അനിലും ജയനും അതു നോക്കി നിന്നു.
#എൻ്റെ രചന
#കൂട്ടക്ഷരങ്ങൾ


12 Comments
നല്ല കഥ.
നന്ദി സ്നേഹം അഞ്ജു♥️♥️
ഹൃദയസ്പർശ്ശിയായ കഥ. തിരിച്ചു കിട്ടിയ കുടുംബത്തെക്കാളും വലിയ സമ്മാനമില്ല.
👌👍❤️
സ്നേഹം നന്ദി പ്രിയ ജോയ്സ്❤️🙏❤️
നല്ല കഥ❤️
Thank you dear 😘
നന്നായിരിക്കുന്നു സുമ. Happy ending കൊടുത്തതും ഒരു സമ്മാനമായി👏👏👏👏❤️❤️❤️❤️❤️
അതാണ് യഥാർത്ഥ സമ്മാനം❤️❤️
വളരെ ഹൃദയസ്പർശിയായ എഴുത്ത്. ടീച്ചർ എപ്പോഴും അത്രയധികം മനസ്സിനെ പിടിച്ചു കുലുക്കുന്ന എഴുത്താണ് ഞങ്ങൾക്ക് നൽകുന്നത്. നന്ദി.
സ്നേഹം നന്ദി മാഷേ❤️🙏
നല്ല കഥ.💐💐 നല്ല കുടുംബം തന്നെ ഒരാൾക്ക് ഏറ്റവും നല്ല സമ്മാനം.
സ്നേഹം❤️❤️