ഡിസംബർ മാസത്തെ കനത്ത തണുപ്പിനെ വകഞ്ഞു മാറ്റിക്കൊണ്ട് അയാൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.
രാത്രി ഏറെ വൈകി കഴിഞ്ഞിരിക്കുന്നു.
നിബിഡമായ നിശബ്ദതയിൽ ചെരുപ്പുകൾ നിലത്ത് ഉരയുന്ന ശബ്ദം മാത്രം. അല്പ നേരം യാത്ര നിർത്തി ഉരുകിയിറങ്ങുന്ന കണ്ണീർണങ്ങൾ തുടച്ചുനീക്കണം എന്നുണ്ട് . പെരുമ്പറ കൊട്ടുന്ന ശ്വാസഗതികളെ ഒന്ന് നിയന്ത്രിക്കണമെന്നുണ്ട്. പക്ഷേ വേണ്ട. ഒരുപാട് വൈകി കഴിഞ്ഞിരിക്കുന്നു. സുരക്ഷിതമായ ഒരു സ്ഥാനം എത്രയും വേഗം കണ്ടെത്തിയേ മതിയാവൂ.
പുതുതായി ചാർജെടുത്ത ജീവനക്കാരന്റെ രോഷാകുലമായ ശബ്ദം അപ്പോഴും കാതിൽ മുഴങ്ങുന്നതായി അയാൾക്ക് തോന്നി.
രാമേട്ടൻ ആയിരുന്നെങ്കിൽ…
എത്രയോ കാലമായി താൻ ആ വലിയ ഷോപ്പിംഗ് കോംപ്ലക്സിന്റെ പിന്നാമ്പുറത്താണ് രാത്രി കഴിച്ചു കൂട്ടിയിരുന്നതാണ്. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാമേട്ടൻ തന്നോട് എന്നും അനുതാപം കാണിച്ചിരുന്നു. ഉറക്കം ഒഴിഞ്ഞ് കാവൽ നിൽക്കുന്നതിനിടയിൽ അൽപനേരം കുശലപ്രശ്നങ്ങൾക്കായി തന്റെ അരികിൽ ഇരിക്കുവാനും അദ്ദേഹം മടിച്ചിരുന്നില്ല .ആ സ്നേഹത്തിൻറെ നീരുറവ കനലെരിയുന്ന തന്റെ ഹൃദയത്തിന് എന്നും ഒരു ആശ്വാസമായിരുന്നു.
ഇന്ന് സന്ധ്യയായിട്ടും രാമേട്ടനെ കാണാഞ്ഞപ്പോൾ അല്പം ആശങ്ക തോന്നാതീരുന്നില്ല.
പുതുതായി എത്തിയ ആളോട് അന്വേഷിച്ചപ്പോഴാണ് രാമേട്ടൻ പ്രാരാബ്ധങ്ങളുടെ ഭാണ്ഠക്കെട്ടുകൾ ഉപേക്ഷിച്ച് അവസാന യാത്ര പോയതായി അറിയുന്നത്.
ഭാഗ്യവാൻ!
ദുരിത പർവങ്ങളുടെ എത്ര അധ്യായങ്ങളാണ് എന്നെ ഇനിയും കാത്തിരിക്കുന്നത്.
നളിനി പോയതോടെ തന്റെ ജീവിതത്തിന്റെ സുവർണ്ണകാലം അസ്തമിച്ചു. അരയ്ക്കു താഴേക്ക് തളർന്നുപോയ തൻറെ ജീവിതം മുന്നോട്ടു നീങ്ങിയിരുന്നത് അവളുടെ കാലുകളുടെ ബലത്തിൽ ആയിരുന്നു. അവൾ പോയതോടെ ജീവഛവമായി ഈ ശരീരഭാരവും പേറി പകലന്തിയോളം റെയിൽവേ സ്റ്റേഷനരികിൽ കഴിയുന്നു. ഉരുകി തിളക്കുന്ന വെയിലിൽ ആരുടെയും മുഖങ്ങൾ കാണാറില്ല.
കൺമുന്നിൽപ്പെടുന്നത് ഷൂസുകൾ മാത്രം.
അവ യാന്ത്രികമായി വൃത്തിയാക്കി കൊടുക്കുമ്പോൾ കിട്ടുന്ന ചില്ലറ നാണയങ്ങൾ കൊണ്ട് വിശപ്പടക്കി മുന്നോട്ടുപോകുന്ന ജീവിതം. പ്രതീക്ഷകളില്ലാതെ… ആഗ്രഹങ്ങൾ ഇല്ലാതെ…
റോഡിലൂടെ ഇടയ്ക്കിടെ വാഹനങ്ങൾ ചിലത് പാഞ്ഞു പോകുന്നുണ്ട്.
ഇനിയും വൈകിക്കൂടാ എവിടെയെങ്കിലും കിടക്കാൻ ഒരിടം. അത് കണ്ടെത്തിയേ മതിയാവൂ. കുറച്ചുകൂടി മുന്നോട്ടു നീങ്ങിയപ്പോൾ ഒരു വലിയ ഇരുനില കെട്ടിടം കണ്ടു.
ഇതിൻ്റെ വരാന്തയിൽ ഇന്നത്തെ രാത്രി കഴിച്ചു കൂട്ടാം. തോളിൽ തൂങ്ങുന്ന സഞ്ചിയുമായി കാലുകൾ വലിച്ചിഴച്ച് പടികൾ കയറി. കിതപ്പടക്കിക്കൊണ്ട് പുതപ്പ് നിലത്ത് വിരിച്ചത് മാത്രം ഓർമ്മയുണ്ട്.
പിന്നെ അതിശക്തമായ ഒരു കുര… അതിൻറെ അനുരണനമായി നിലയ്ക്കാത്ത കുരകൾ… ശരീരത്തിൽ ആഞ്ഞു പതിക്കുന്ന വേദനയുടെ കാര മുള്ളുകൾ… ബോധം മറഞ്ഞുപോയി.
കണ്ണ് തുറക്കുമ്പോൾ വൃത്തിയുള്ള ഒരു കട്ടിലിലാണ് കിടക്കുന്നത്. ശരീരമാകെ വേദനയുണ്ട്. തല അല്പം പൊന്തിച്ചു നോക്കി. ദേഹത്ത് അവിടവിടെ പൊതിഞ്ഞു കെട്ടിയിരിക്കുന്ന മുറിവുകൾ…
ഞാൻ ഇത് എവിടെയാണ്… അയാൾ ശബ്ദമുയർത്താൻ ശ്രമിച്ചു.
“പേടിക്കേണ്ട.. വേണ്ട പ്രാഥമിക ചികിത്സകൾ ഒക്കെ നൽകി കഴിഞ്ഞു. ആ തെരുവ് പട്ടികൾ തുണ്ടം തുണ്ടമായി കടിച്ചുകീറും മുമ്പേ രക്ഷപ്പെട്ടത് തന്നെ ഭാഗ്യം.” അടുത്തുനിന്ന് ഒരു നഴ്സ് ചിരിയോടെ പറഞ്ഞു.
“ഞാൻ എങ്ങനെ ഇവിടെയെത്തി?” അയാൾ ചോദിച്ചു.
“ആരോ ഒരാൾ അയാളുടെ വാഹനത്തിൽ കൊണ്ടുവന്നതാണ്.
രാത്രി മുഴുവൻ ഇവിടെ ഉണ്ടായിരുന്നു.
കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പാക്കിയിട്ടാണ് അദ്ദേഹം പോയത്.
ഭക്ഷണത്തിനും മരുന്നിനും വേണ്ട പണമൊക്കെ ഇവിടെ ഏൽപ്പിച്ചിട്ടുണ്ട്.” അവൾ പറഞ്ഞു.
ആശുപത്രി വാർഡിൻറെ തുറന്നു കിടന്ന വാതിലിലൂടെ അനന്തമായി കാണുന്ന വഴിയിലേക്ക് മിഴികൾ അറിയാതെ നീണ്ടുപോയി. സ്വന്തം എന്ന് പറയാൻ ആരുമില്ലാത്ത ഈ ഭൂമിയിൽ തനിക്ക് രക്ഷകനായി വന്ന അയാൾ ആരായിരിക്കും?
#ആരോ ഒരാൾ


6 Comments
മനോഹരമായ കഥ…..💖
ആദ്യവരികൾ വായിച്ച നിമിഷം തന്നെ തുടർന്നെന്താകും എന്നറിയാനുള്ള ജിജ്ഞാസ മനസിൽ നിറഞ്ഞു.💞
പക്ഷേ തുടർന്നു വായിക്കുമ്പോൾ, വാക്കുകൾ എവിടെയോ ഇടറിപ്പോയി 💔
പച്ചയായ ജീവിതം , അതിലെ കഥാപാത്രങ്ങളും സ്ഥലങ്ങളും മനസ്സിന്റെ എവിടെയോ മിന്നിമറഞ്ഞതുപോലെ ഒരു അനുഭവം 💓
നല്ല കഥ.. ഇനിയും പ്രതീക്ഷിക്കുന്നു
നല്ല രചന👌
കാരുണ്യവാന്മാർ ഇന്നും ഉണ്ടെന്ന കാര്യം ഓർമ്മിപ്പിക്കുന്നു❤️🌹
നന്മയുള്ളവർ ഭൂമിയിലുണ്ടെന്നു പ്രതീക്ഷ നൽകുന്ന രചന.👏👍
അങ്ങിനെയും ചില നന്മ മനസ്സുകൾ👍❤️
നല്ല കഥ. നന്മയുള്ള ആരോ ഒരാൾ❤️