അന്നും സ്കൂൾബസ് വന്നയുടനെ അവർ ഓടിയിറങ്ങി വന്ന് കുഞ്ഞിനെ വണ്ടിക്കുള്ളിൽ കയറ്റി അതേ വേഗത്തിൽ തിരിച്ചു പോയി.
ഗ്രേസി കൂട്ടുകാരെ നോക്കി ഒരു പരിഹാസച്ചിരി ചിരിച്ചു.
റോഡിനപ്പുറത്തുള്ള വീട്ടിൽ പുതിയതായി താമസത്തിനെത്തിയതായിരുന്നു അവർ. വന്നിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും കോളനിയിലുള്ള ആരെയും പരിചയപ്പെടാൻ അവർ മിനക്കെട്ടില്ല. തലയും മുഖവും മറച്ചുകൊണ്ട് ഒരു തട്ടവുംകൂടിയുള്ളതു കൊണ്ട് അവരുടെ മുഖഭാവം എന്തെന്നു പോലും ആർക്കും വായിച്ചെടുക്കാൻ കഴിഞ്ഞില്ല.
ഗ്രേസിയുടെ ഗേറ്റിനടുത്താണ് സ്കൂൾ ബസ് വന്നു നിൽക്കുന്നതും കുട്ടികളെ കയറ്റി തിരിച്ചു പോകുന്നതും.
ഇത്തിരിനേരംകൊണ്ട് ഒത്തിരി വിശേഷങ്ങൾ പങ്കു വെച്ചിട്ടേ അവിടെ കൂടുന്നവർ പിരിയാറുള്ളു. ആ കൂട്ടത്തിലേക്ക് പുതിയ വീട്ടുകാരി വന്നു ചേരാത്തതിൽ അവർക്കെല്ലാം ഒരുപോലെ അമർഷമുണ്ടായിരുന്നു.
ഗ്രേസിക്കുഞ്ഞേ, അപ്പുറത്തെ വീട്ടിൽ പുതിയ താമസക്കാരായി അല്യോ?
തലയിൽനിന്നിറക്കിവെച്ച വലിയ ചരുവത്തിൽ നിന്നും മീൻ തൂക്കിയെടുക്കുമ്പോൾ മീൻകാരി കമലമ്മ ഗ്രേസിയോട് ചോദിച്ചു.
അവിടെ ആരോ വന്നിട്ടുണ്ട്. എവിടുത്തുകാരാ, എന്താ ഏതാ എന്നൊന്നും അറിയില്ല. കമലമ്മ മീനും കൊണ്ടു ചെല്ലുമ്പോ ഒന്ന് ചോദിച്ചറിഞ്ഞു പോരെ.
അവരിൽ നിന്ന് ആ സ്ത്രീയുടെ കാര്യങ്ങളറിയാം എന്ന ഗൂഡ ലക്ഷ്യത്തോടെ ഗ്രേസി ഒരു ചൂണ്ട കൊരുത്തു.
പിറ്റേ ദിവസം അവർ വരാൻ കാത്തിരിക്കുകയും ചെയ്തു.
ആ പെണ്ണ് എന്നോട് യാതൊന്നും മിണ്ടിയില്ലാട്ടോ. മീൻ വാങ്ങി അതിന്റെ കാശും തന്നിട്ടങ്ങു കയറിപ്പോയി.
കമലമ്മയും അവളെ നിരാശപ്പെടുത്തി.
മിന്നുമോൾടെ ക്ലാസ്സിലാണ് അവരുടെ മകൻ ആഷിയും. ആഷിയുടെ വാപ്പ ഗൾഫിലാണെന്നൊരു വിവരം മാത്രം മിന്നുവിൽനിന്നറിയാൻ കഴിഞ്ഞു.
അന്ന് രാത്രി മാത്യൂസ് വന്നപ്പോൾ ഗ്രേസി അവരെക്കുറിച്ച് പറയുകയും, എന്തൊരു സ്ത്രീ എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
നീയെന്തിനാ വല്ലവരുടേം കാര്യങ്ങളന്വേഷിച്ചു നടക്കുന്നെ. നിനക്ക് നിന്റെ കാര്യം നോക്കിയാൽ പോരായോ. അവർ മിണ്ടിയാലും ഇല്ലേലും നിനക്കിപ്പോ അതുകൊണ്ട് വല്ല പ്രയോജനവുമുണ്ടോ എന്ന മാത്യുസിന്റെ തണുത്ത മറുചോദ്യത്തിൽ, ഗ്രേസി പൊട്ടിക്കാനെടുത്തു വെച്ച മാലപ്പടക്കം നനഞ്ഞുചിതറിപ്പോയി.
പിറ്റേ ദിവസം മുതൽ അവരാരും ആ സ്ത്രീയെ ഗൗനിക്കാനേ പോയില്ല.
അങ്ങനെയിരിക്കെയാണ് രാത്രിയിൽ താടി വെച്ച ഒരാൺരൂപം പതിവായി ആ വീട്ടിലേക്കു കയറിപ്പോകുന്നത് ഗ്രേസിയുടെ ശ്രദ്ധയിൽപ്പെട്ടത്.അവളത് കൂട്ടുകാരികളോട് പങ്കുവെക്കുകയും ചെയ്തു.
നിങ്ങള് കെട്ട്യോൻമാരോടൊന്നു സൂചിപ്പിച്ചേക്ക്. എന്റെയാളോട് പറഞ്ഞാൽ കടിച്ചു കീറാൻ വരും. നമ്മളൊക്കെ എത്ര കാലമായി ഈ കോളനിയിൽ താമസിക്കുന്നതാ. നമ്മുക്കൊക്കെ ഒരു സ്റ്റാറ്റസില്ലേ അത് മറന്ന് നമ്മൾ ജീവിച്ചിട്ടുണ്ടോ ഇനി അവരായി എന്തെങ്കിലും വൃത്തികേടുകൾ ചെയ്തു വെച്ചാൽ നമ്മളത് അനുവദിച്ചു കൊടുക്കണോ. നമ്മുടെ വീട്ടിലും ഓരോ പെൺകുട്ടികൾ വളർന്നു വരുന്നില്ലേ.
ഗ്രേസി പറഞ്ഞതിനോട് അവരെല്ലാം ഒരുപോലെ യോജിച്ചു.
ദിവസങ്ങൾ പോകേ താടിക്കാരന്റെ പോക്കുവരവിലേക്ക് നൂണ്ടിറങ്ങാൻ തുടങ്ങി അവരെല്ലാം.
ഒളിഞ്ഞു നോട്ടത്തിന്റെ അടിസ്ഥാനത്തിൽ അവിടെ നടക്കുന്നത് എന്തോ അനാശാസ്യമാണെന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടായില്ല. അതിനെ ശരിവെക്കും വിധം, ഒരു ദിവസം ഒരു പോലീസ് ജീപ്പ് അവിടെ വരികയും പോലീസുകാർക്കൊപ്പം ആ താടിക്കാരനും മറ്റൊരാളും അകത്തേക്ക് കയറിപ്പോകുന്നതും അവർ കണ്ടു.
അന്ന് രാത്രി ജോലി കഴിഞ്ഞെത്തിയ ഭർത്താക്കന്മാരുടെ മുന്നിൽ പെണ്ണുങ്ങളെല്ലാം തങ്ങളുടെ ആവലാതികളുടെ ഭാണ്ഡം കുടഞ്ഞിട്ടു. ഇതിനൊരു തീരുമാനമാക്കിയില്ലെങ്കിൽ മക്കളെയും കൊണ്ട് തങ്ങളിവിടുന്നു ഇറങ്ങിപ്പോകും എന്ന് ഭീഷണി മുഴക്കി.
കൂടിയാലോചനക്കൊടുവിൽ ആണുങ്ങൾ കാര്യങ്ങളെ അറിഞ്ഞു വരാൻ ഇറങ്ങിപുറപ്പെട്ടു.
തുടിക്കുന്ന ഹൃദയവുമായി പെണ്ണുങ്ങൾ ഗ്രേസിയുടെ വീട്ടിലും കുത്തിയിരുന്നു.
ഏറെ നേരത്തിനു ശേഷം തലയും കുമ്പിട്ട് വിളറിയ മുഖവുമായി കയറി വരുന്ന ഭർത്താക്കൻമാരെ കണ്ടപ്പോൾ അവരൊന്നു പകച്ചു. താടിക്കാരൻ പുറത്തിറങ്ങി സിറ്റൗട്ടിൽ നിന്നുകൊണ്ട് എത്തി നോക്കുന്നുണ്ടായിരുന്നു.
അയാളവരെ അപമാനിച്ചുവിട്ടു കാണും എന്ന തോന്നലിൽ ഗ്രേസി ദഹിപ്പിക്കുന്ന ഒരു നോട്ടം അയാൾക്ക് നേരെ വലിച്ചെറിഞ്ഞു.
എന്താ ഉണ്ടായേ എന്ന വീർപ്പുമുട്ടലിന് ആണുങ്ങൾ പറഞ്ഞ കഥകൾ കേട്ട് അവരൊക്കയും നെഞ്ചിൽ കൈ വെച്ച് താഴോട്ടിരുന്നു പോയി.
പിറ്റേന്ന് സ്കൂൾ ബസ് വന്നു പോയപ്പോൾ ആ സ്ത്രീ തിരിഞ്ഞുനിന്നൊന്ന് പുഞ്ചിരിച്ചു.
ആ പുഞ്ചിരിക്ക് പിന്നാലെ ഗ്രേസി അവരുടെ അകത്തേക്ക് കയറിച്ചെന്നു.
അകമുറിയിലെ, വീൽചെയറിൽ വളഞ്ഞുകൂടിയിരുന്ന കൊച്ചു പെൺകുട്ടിയുടെ കണ്ണുകളിൽ ഒരു ഭയം വന്നു നിറയുന്നത് അവളറിഞ്ഞു.ഗ്രേസി അടുത്തേക്ക് ചെന്നപ്പോൾ ഒരു വിറയലോടെ തന്റെ ശോഷിച്ച കൈകൾകൊണ്ട് അവൾ ഉമ്മയെ ചുറ്റിപ്പിടിച്ചു.
ഒരിത്തിരിനേരംപോലും എനിക്കൊന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറാൻ പറ്റാത്ത അവസ്ഥയാ. ചെറിയൊരു ഒച്ച കേട്ടാൽപ്പോലും ഞെട്ടി വിറക്കുമിവള്. ഞാനെപ്പോഴും കൂടെ വേണം.
കണ്ണിൽനിന്നൊലിച്ചിറങ്ങ്ങാൻ തുടങ്ങിയ തുള്ളികളെ തലയിലെ തട്ടം കൊണ്ടൊപ്പിയെടുത്ത് അവർ ചിരിക്കാൻ ശ്രമിച്ചു.
ഞാനില്ലെങ്കിൽ ഇക്ക വേണം ഇവളെ അനുസരിപ്പിക്കാൻ. വേറെ ആരോടും അടുക്കില്ല. എല്ലാരേയും പേടിയാ. ഇക്ക വൈകിട്ട് ജോലി കഴിഞ്ഞ് നേരെ ഇങ്ങോട്ടാ വരുന്നേ. ഇക്കായുടെ അടുത്തിരുത്തിയിട്ടാ ഞാൻ കുളിക്കാനും നനക്കാനും പോകുന്നെ.
ചിലനേരത്ത് ആഷി പാഠങ്ങൾ വായിച്ചു പഠിക്കുമ്പോൾ അതിൽ ശ്രദ്ധിച്ചിരിക്കുന്ന കാണാം. അല്ലാതെ അവനോടും വല്യ കൂട്ടില്ല.
നേരത്തെ ഒരു ടീച്ചറെവരുത്തി പാഠങ്ങൾ പറഞ്ഞു കൊടുത്തിരുന്നു. പരീക്ഷയെഴുതാനിരുന്നതാ എന്റെ മോള്. അപ്പോഴല്ലേ എല്ലാം തകിടം മറിഞ്ഞത്. അന്നത്തെ ആ സംഭവത്തോടെ എന്റെ കുഞ്ഞിന്റെ ബുദ്ധിയും മരവിച്ചു പോയി. ഇപ്പോ അതിനും ചികിത്സയുണ്ട്.
എന്നേക്കാളും അടുപ്പം ഉപ്പയോടായിരുന്നു. ഓര്ക്കും അങ്ങനെ തന്നെ. ഇടയ്ക്കിടെ ഉപ്പയെ തിരക്കും.
കുറച്ചു ദിവസം മുൻപ് ഉപ്പയെ കാണണമെന്നും പറഞ്ഞ് വല്യ ബഹളമായിരുന്നു. പിന്നെ ഇക്ക ആരെയൊക്കയോ ചെന്ന് കണ്ട് ഉപ്പയെ ഇവിടെക്കൊണ്ട് വന്നു കാണിക്കാൻ ഏർപ്പാടാക്കി.
ശിക്ഷയിൽ ഇളവുകിട്ടാൻ നാട്ടുകാരൊക്കെക്കൂടി ഒരു നിവേദനം ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. ദൈവം തുണക്കുമെന്നാ വിശ്വസിക്കുന്നെ.
ഉപ്പാടെ ഉറ്റ ചങ്ങായീന്റെ മോനായിരുന്നു അവൻ. ഇവള് സംശയങ്ങളൊക്കെ ചോദിച്ച് പഠിച്ചോണ്ടിരുന്നത് ഓന്റടുത്താ. മക്കളെല്ലാം ഞങ്ങള് രണ്ടുകൂട്ടർക്കും സ്വന്തംപോലെയായിരുന്നു. എന്നിട്ടും അവനിക്ക് എന്റെ കുഞ്ഞിനോട് അങ്ങനെയൊക്കെ ചെയ്യാൻ തോന്നി.
ഓന്റെ ഉപ്പയും ഉമ്മയും ഞങ്ങൾക്ക് അനുകൂലമാ. അതും ഒരു ഭാഗ്യമായി.
ഉപ്പ കൂടെയില്ലാതെ വന്നപ്പോ മനസൊക്കെയും താറുമാറായി. അതാ ഞാനിങ്ങനെ.
ഇക്കാടെ കൂടെ ചെന്നു താമസിക്കാൻ എല്ലാരും പറയും. അവിടെ രണ്ടാങ്കുട്ട്യോളാ. അവരെ കാണുമ്പോഴേക്കും ഇവള് അലറിക്കരയാൻ തുടങ്ങും. ഇക്കാ ഇവിടെ അടുത്താ താമസം. ഇങ്ങോട്ടും ഒരു നോട്ടം കിട്ടുമല്ലോ എന്ന് വിചാരിച്ചാ അവിടുത്തെ വീടും പറമ്പും വിറ്റ് ഇവിടേക്കു മാറിയത്.
ഗ്രേസി എല്ലാം കേട്ട് തകർന്നുപോയൊരു മനസ്സുമായി കുഴഞ്ഞു നിൽക്കുകയായിരുന്നു.
ഇരിക്കൂ ഞാൻ ചായയെടുക്കാട്ടോ.
അവളുടെ നിൽപ്പ് കണ്ട് അവർ അടുത്തേക്ക് ചെന്നു.
അവർ അടുക്കളയിലേക്ക് നടന്നു മറഞ്ഞപ്പോൾ ഗ്രേസി ആ കുഞ്ഞിനെ നോക്കിക്കാണുകയായിരുന്നു.
വിരിഞ്ഞു നിൽക്കുന്ന താമരപ്പൂവിനെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു ആ മുഖം. വിടർന്ന കണ്ണുകളും, ഇടതൂർന്ന കൺപീലികളും, പൂമൊട്ടുപോലെയുള്ള ചുണ്ടുകളും അവളുടെ കുഞ്ഞു മുഖത്തെ അതിമനോഹരമാക്കുന്നുണ്ടായിരുന്നു.
ഗ്രേസിക്ക് നെഞ്ചിലൊരു വേദനപൊട്ടി.
ഇത്രയും സൗന്ദര്യം വാരിക്കോരിക്കൊടുത്ത ദൈവമേ, അരക്കുതാഴെ ഈർക്കിൽകമ്പുപോലെ തൂങ്ങികിടക്കുന്ന ആ കാലുകളെക്കൂടി നിനക്ക് ഭംഗിയൂറ്റതാക്കാമായിരുന്നില്ലേ.. ഓടിച്ചാടി നടക്കേണ്ടുന്ന പ്രായത്തിൽ ആ കുഞ്ഞിന്റെ ജീവിതം അത്രമേൽ മനോഹരമാക്കായിരുന്നില്ലേ. ആ
പിഞ്ചുടലിൽ തന്റെ കാമം തീർത്ത മനുഷ്യമൃഗത്തെ സൃഷ്ടിക്കാതിരിക്കാമായിരുന്നില്ലേ.എത്ര കൊടിയ വേദന സഹിച്ചു കാണുമവൾ.
ഓർക്കുംതോറും തലയ്ക്കുള്ളിൽ ഒരു തീഗോളം കിടന്നുരുളുന്ന പോലെ തോന്നി ഗ്രേസിക്ക്.
ഒരു വ്യക്തിയുടെ ജീവിതം എന്തെന്ന് വേണ്ടുംവിധം അന്വേഷിച്ചറിയാതെ അവരെക്കുറിച്ച് അപവാദങ്ങൾ പറഞ്ഞു രസിക്കുന്ന,അഭിസാരികയെന്ന് മുദ്ര ചാർത്തിക്കൊടുക്കുന്ന, പൊട്ടക്കണ്ണുള്ള, താൻ കൂടി ഉൾപ്പെട്ട സമൂഹത്തെയോർത്തവൾക്ക് പുച്ഛം തോന്നി.
മനസ്സിൽ ഒരു നൂറു വട്ടം അവരോടു മാപ്പ് ചോദിച്ചിട്ടും ഉള്ളിലെ നീറ്റലടങ്ങിയില്ല. ഒരുപക്ഷെ മരണം വരെ ഈ വേദന തന്നെ വേട്ടയാടുമെന്ന് ഗ്രേസിക്ക് തോന്നി.
അവർ ചായയുമായി വന്നപ്പോൾ നിറഞ്ഞൊഴുകാൻ തുടങ്ങുന്ന തന്റെ കണ്ണുകളെ ശാസിച്ചു നിർത്താൻ ഗ്രേസി ഏറെ പണിപ്പെട്ടു. തന്റെ സഹതാപക്കണ്ണീർ അവരെ കൂടുതൽ വേദനിപ്പിച്ചേക്കുമെന്ന് തോന്നിയപ്പോൾ ഒരു ചിരിയുടെ മൂടുപടമെടുത്തണിഞ്ഞു.
അതാ ഓൾടെ ഉപ്പ
ചുവരിൽ തൂക്കിയിട്ട ഫാമിലി ഫോട്ടോയിലേക്ക് നോട്ടം പാറി വീഴുന്ന കണ്ടപ്പോൾ അവർ പരിചയപ്പെടുത്തി.
നോക്കി നോക്കി നിൽക്കെ ഗ്രേസിക്ക് ആ മനുഷ്യനോട് വല്ലാത്ത ആരാധന തോന്നി.താൻ നട്ടുനനച്ചു വളർത്തിയ പൂന്തോട്ടത്തിലെ കുഞ്ഞു പൂവിനെ കശക്കിയെറിഞ്ഞ കാട്ടാളനെ തുണ്ടം തുണ്ടമായി വെട്ടിയരിഞ്ഞ ധീരനായ മനുഷ്യൻ.
ഇനിയെന്നും കൂടെയുണ്ടാകുമെന്ന് വാക്ക് കൊടുത്ത് അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഗേറ്റ്കടന്ന് താടിക്കാരൻ അകത്തേക്ക് വരുന്നുണ്ടായിരുന്നു. അന്നാദ്യമായി അവൾ അയാൾക്കൊരു പുഞ്ചിരി പകുത്തു കൊടുത്തു, അയാളും.
#എന്റെ രചന
#മുറിവുകൾ


12 Comments
ആഹാ…. സുന്ദരം…
ഒത്തിരി സന്തോഷം ഈ അഭിപ്രായത്തിന് 😍😍❤️❤️
വളരെ നന്നായി എഴുതി 👌👍❤️💯🙏🙏🙏🙏
മനോഹരം 👌
സ്നേഹം ❤️❤️
നല്ല കഥ സിന്ധൂ👌🌹
ഇഷ്ടായിട്ടോ❤️❤️
എത്രയെത്ര ദുഃഖഭാരങ്ങളും പേറിയാണ് ഓരോ മനുഷ്യരും ജീവിക്കുന്നത് അല്ലേ. നന്നായിട്ട് എഴുതി… ❣️❣️
ഹൃദയം തൊട്ട കഥ എന്തൊക്കെ വേദനകളാണ് ഓരോ മനുഷ്യനും അനുഭവിച്ചു തീർക്കുന്നത്. നല്ല കഥ👏❤️❤️❤️
ഒത്തിരി സന്തോഷം 😍😍
അതേ.. ചിലതൊന്നും എഴുതിയാൽ തീരില്ല 😍😍
ഹൃദയസ്പർശിയായ കഥ. ദുഖങ്ങൾക്കു മുകളിൽ ദു:ഖങ്ങൾ പേറാൻ വിധിക്കപ്പെട്ടവർ നോവു നിറച്ചു. വെറും അഭ്യൂഹങ്ങൾകൊണ്ട് മനുഷ്യരെ വിധിക്കുന്ന നമ്മൾക്ക് ഗുണപാഠമാകേണ്ട നല്ല എഴുത്ത്.
👏❤️
സ്നേഹം ചേച്ചിക്കുട്ടി ❤️