ഇങ്ങനെയും ജോലിയുണ്ടോ മനുഷ്യർക്ക്? രാവും പകലും ഒരു പോലെ തിരക്ക്. ജോലി കിട്ടി ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ വലിയ കുഴപ്പമൊന്നും ഉണ്ടായില്ല.
തുടക്കമാണല്ലോ, അത് കൊണ്ട് ഓഫീസിൽ പണിയൊക്കെ പഠിച്ചു വരണമല്ലോ. അതിനാൽ ചെറിയ ഇളവ്. അല്ലെങ്കിലും അത്ര വലിയ ജോലിയൊന്നും ആയിരുന്നില്ല, ആനന്ദക്കുട്ടന് കിട്ടിയിട്ടുള്ളത്. ഒരു സർക്കാർ സ്ഥാപനമായതിനാൽ തന്നെ ഉത്തരവാദിത്വം കൂടുതലാണ്.
ഇപ്പോഴത്തെ ഓഫീസർ വലിയ കുഴപ്പക്കാരനല്ല എന്നത് തന്നെ ആനന്ദന്റെ ഭാഗ്യം.
എന്നാൽ ഒരു വർഷം തികയും മുമ്പ് തന്നെ അദ്ദേഹത്തിന് ട്രാൻസ്ഫർ ആയി പോയി. അദ്ദേഹത്തിന്റെ ഭാര്യ ഇവിടെ ഹെൽത്ത് സെൻ്ററിൽ മിഡ് വൈഫ് ആയിരുന്നു. ക്വാർട്ടേഴ്സ് ഉള്ളതിനാൽ അവിടെയാണ് അവർ താമസിച്ചിരുന്നത്. നല്ല സ്വഭാവം രണ്ട് പേരുടേയും. കൂട്ടികളില്ല എന്നൊരു ദുഃഖം മാത്രം.ആനന്ദൻ ഇടക്കിടെ അവരുടെ ക്വാർട്ടേഴ്സിൽ പോകും.
ആനന്ദന്റെ വിവാഹം ആയിടയ്ക്കാണ് ശരിയായത്. സ്വന്തക്കാരും ബന്ധുക്കളും ധാരാളമുണ്ട്.
അച്ഛൻ ജോലിക്കാരനാണ്, പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം? സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. ചെറിയ തോതിൽ ആണെങ്കിൽ പോലും വിവാഹമല്ലേ? എന്തെങ്കിലും ഇവിടെ ചെക്കന്റെ വീട്ടിലും വേണ്ടേ? പന്തലും സദ്യയും വേണ്ട എന്ന് വയ്ക്കാം.
ഓഫീസിൽ ആളുകളെ ക്ഷണിക്കണം. രണ്ട് തൊഴിലാളി യൂണിയനുകളുണ്ട് അതിലെ ഭാരവാഹികളെ ക്ഷണിക്കണം. നാട്ടുകാരേയും കൂട്ടുകാരേയും ക്ഷണിക്കണം, അവർക്ക് ചെറിയതോതിൽ ഒരു റിസപ്ഷൻ പാർട്ടി കൊടുക്കണം. പെണ്ണിൻ്റെ വീട്ടിലേക്ക് കുറേപ്പേർ പോകണം. ഫോട്ടോ, മറ്റ് ചിലവുകൾ! ജോലിക്ക് കയറിയിട്ട് അധികം ആയില്ലല്ലോ! ശമ്പളം വളരെ കുറവാണ്. അപ്പോഴാണ് പുരുഷൻ ചേട്ടൻ സഹായവുമായി ഇങ്ങോട്ട് വരുന്നത്. ഓഫീസറാണ് പുരുഷോത്തമൻ. പുരുഷൻ ചേട്ടനെന്നാണ് ഓഫീസിൽ എല്ലാവരും വിളിക്കുക.
“ലോൺ ഞാൻ തരാം ആനന്ദാ.. പലിശ നിരക്ക് അല്പം കൂടുതൽ ആണ്. പിന്നെ സ്ത്രീധനമൊക്കെ കിട്ടുന്നതാണല്ലോ, സമാധാനമുണ്ട്. കാശ് കിട്ടിയില്ലെങ്കിൽ ആ സ്വർണ്ണമൊക്കെ എടുത്തു കൊണ്ട് പോരാം അല്ലേ അന്തോണിച്ചേട്ടാ”
” അതെ അതെ” അന്തോണിച്ചേട്ടനും ഇന്ന് അവിടെ വന്നിട്ടുണ്ട്. ഓഫീസിലെ മറ്റൊരു സ്റ്റാഫാണ്. ഇനിയും രണ്ട് മൂന്ന് പേരുണ്ട് അവിടെ..
അങ്ങനെ ആ ലോണിൻ്റെ ബലത്തിൽ ആണ് കല്യാണം നടന്നത്.
ആനന്ദക്കുട്ടന് ആദർശം കൂടുതൽ ആയതിനാൽ കൊടുക്കൽ വാങ്ങലുകളൊന്നുമില്ല. അല്ലെങ്കിലും കുടുംബത്തിൽ സ്ത്രീധനമൊന്നും ആരും വാങ്ങാറില്ല. സ്ത്രീയേ മാത്രമേ ധനമായി വേണ്ടൂ എന്നായിരുന്നു ആനന്ദക്കുട്ടന്.
പുരുഷേട്ടൻ ട്രാൻസ്ഫർ ആയി പോകുമ്പോൾ ആണ് ആ കടം തീർത്തത്.
പിന്നെ വന്ന ഓഫീസർ വലിയ കർശനക്കാരനായിരുന്നു എങ്കിലും ആനന്ദനുമായി നല്ല ബന്ധമായിരുന്നു. ഒറ്റ പ്രാവശ്യം പോലും ചീത്ത കേൾക്കേണ്ടി വന്നിട്ടില്ല. എന്നാൽ മറ്റ് സ്റ്റാഫുകൾക്ക് നല്ല ചീത്തയും പണിഷ്മെന്റുമൊക്കെ കിട്ടാറുമുണ്ട്. രണ്ട് വർഷമായപ്പോൾ അദ്ദേഹം മാറ്റമായി പോയി. പിന്നീട് വന്നയാൾ അത്ര നല്ല സ്വഭാവം ഒന്നുമല്ല. മദ്യപാനവും പുകവലിയും തോന്നിയപോലെ ജീവിതവുമായ ഒരാൾ. പക്ഷേ ആനന്ദനുമായി നല്ല അടുപ്പം, വിശ്വാസം. എന്നും സർക്കീട്ടാണ് അയാൾക്ക്. കാലത്ത് വരുക, ഓഫീസിന്റെ താക്കോലും ചുമതലയും ആനന്ദക്കുട്ടനേ ഏല്പിച്ചു ആൾ വണ്ടിയുമെടുത്ത് ഒറ്റ പോക്കാണ് ആനന്ദനെ നല്ല വിശ്വാസമുണ്ട്. എല്ലാം മര്യാദയ്ക്ക് ചെയ്യും എന്നറിയാം. കേവലം ഒരു ക്ളാസ് ഫോർ ആയ ആനന്ദക്കുട്ടന് ഓഫീസറുടെ പണിയാണ് പിന്നെ. എന്തോ ഭാഗ്യത്തിന് മേലാധികാരികൾ അവിടെ ആ സമയത്ത് വരാറേയില്ല.
അങ്ങനെ വല്ലവരും വന്നെങ്കിൽ രണ്ട് പേർക്കും ശിക്ഷ കിട്ടിയേനെ ! ഇൻസ്പെക്ഷൻ ആകുമ്പോൾ, പറഞ്ഞിട്ട് വരുന്നതിനാൽ അന്ന് ഹാജരായിരിക്കും ഓഫീസർ.. മിക്ക ദിവസവും കറങ്ങൽ കാരണം ആനന്ദക്കുട്ടന് ഓഫീസറുടെ പണികൾ എല്ലാം കാണാപാഠം. എല്ലാം വളരെ മിടുക്കോടെ ചെയ്തു ആനന്ദക്കുട്ടൻ.
അപ്പോഴേക്കും ഒരു പ്രമോഷൻ ടെസ്റ്റ് എഴുതിയിരുന്ന ആനന്ദക്കുട്ടന് സന്തോഷവാർത്ത.
പ്രമോഷനായി. വേറെ ഓഫീസുകളിൽ എവിടെ എങ്കിലും ആയിരിക്കും നിയമനം. എട്ട് ഒമ്പത് വർഷങ്ങൾ ഈ ഓഫീസിൽ ചിലവഴിച്ചു പോകുമ്പോൾ വലിയ വിഷമമുണ്ടായി. ഭാഗ്യമുണ്ടെങ്കിൽ ഇവിടെ തന്നെ ആ പോസ്റ്റ് ഒഴിവുണ്ട്. അതിൽ നിയമിച്ചു കിട്ടിയാൽ മതി.
പക്ഷേ അതിൽ യൂണിയൻ കാരുടെ ഇടപെടൽ ശക്തമായി ഉണ്ടായി. ആനന്ദനെ അകലെയുള്ള ഒരു ഓഫീസിലേക്കാണ് മാറ്റിയത്. അവിടെയുള്ള സ്റ്റാഫിനെ ഇങ്ങോട്ടും.
ആനന്ദക്കുട്ടന് കുറേയധികം മാസങ്ങൾ പല ഓഫീസുകളിലും സ്റ്റാഫുകൾക്ക് ലീവെടുക്കുമ്പോൾ പകരം പോയി ജോലി ചെയ്യേണ്ടി വന്നിരുന്നു. അറിയാത്ത സ്ഥലങ്ങൾ. അറിയാത്ത ആളുകൾ. അവിടെയൊക്കെ എത്തിപ്പെടണം. അന്നൊക്കെ ബസ്സുകൾ മാത്രമേയുള്ളൂ. ഓരോ സ്ഥലങ്ങളും കണ്ട് പിടിച്ച് അവിടെയെത്തി പകരം ജോലി ചെയ്യണം. ഓഫിസിൽ അല്ല പുറത്താണ് ജോലികൾ. നാട്ടിൽ ഒക്കെ അലഞ്ഞു തിരിഞ്ഞ് നടന്നു ചെയ്യേണ്ട ജോലി.
വെളുപ്പാൻ കാലത്ത് പോയാൽ രാത്രി ഒമ്പത് മണിയെങ്കിലുമാകും തിരിച്ചെത്താൻ.
പിന്നീട് സ്ഥിരമായി ഒരു ഓഫീസിൽ നിയമിച്ചപ്പോൾ സമാധാനമായി. പക്ഷേ അവിടെയും പ്രശ്നങ്ങൾ തിരക്ക് ബഹളം. പണി എടുത്തിട്ടും എടുത്തിട്ടും തീരുകയില്ല. ലീവ് കിട്ടുകയേയില്ല. ആ ഡിപ്പാർട്ട്മെൻ്റിൽ ഒരാൾ ലീവെടുക്കണമെങ്കിൽ പകരം ഒരാൾവരണം. അയാൾക്ക് ചാർജ് കൊടുത്ത് പോകണം. തിരിച്ചു വന്നാൽ ചാർജ് തിരിച്ചു വാങ്ങണം.
അത് എല്ലാ പോസ്റ്റുകളിലും അങ്ങനെയാണ്. ഡയിലി വേജസിന് ജോലി ചെയ്യുന്ന പുറത്ത് നിന്നുള്ളവർക്ക് വരെ അങ്ങനെയാണ്. ഡ്യൂട്ടിയ്ക്കിടയിൽ എന്ത് സംഭവിച്ചാലും ഉത്തരവാദിത്വം ചാർജ് എടുക്കുന്നവർക്ക്. അതിനൊക്കെ പ്രത്യേക ഫോമുകൾ ഉണ്ട്. അതിൽ രണ്ടു കൂട്ടരും ഒപ്പിട്ട് മേലാധികാരിയായ സൂപ്രണ്ടിന്റെ ഓഫീസിൽ അയക്കണം. അവരാണ് ലീവിന്റെ കാര്യങ്ങൾ നോക്കുന്നത്. നൂറ് കൂട്ടം നൂലാമാലകൾ ആണ്.
പത്ത് പതിനൊന്ന് വർഷം അങ്ങനെ ജോലി ചെയ്തു കഴിഞ്ഞു കൂടി ആനന്ദക്കുട്ടൻ.
അതിനിടയിൽ ലീവ് എടുത്തത് അപൂർവം. പകരം ആളുള്ളപ്പോൾ മാത്രമേ ലീവ് എടുക്കൂ.
ബാക്കി കാര്യങ്ങളെല്ലാം ജോലിക്കിടയിൽ ചെയ്യും. അല്ലാതെ എന്ത് ചെയ്യാൻ!
കുട്ടികളുടെ സ്കൂളിൽ പോകാനോ അല്ലെങ്കിൽ ഒരു ആശുപത്രിയിൽ പോകണമെന്ന് വന്നാൽ വരെ രക്ഷയില്ല. എന്തോ ഭാഗ്യത്തിന് ആനന്ദന്റെ ഭാര്യയാണ് എല്ലാം നോക്കി നടത്താറുള്ളത്. അതിനിടയിൽ ആനന്ദന് അസുഖം വന്നു നടക്കാൻ വരെ പറ്റാതായി. എന്ത് ചെയ്യാൻ,! പകരം ഇല്ലാതെ നീര് വന്ന കാലുമായി ഇരിക്കുമ്പോൾ ഇൻസ്പെക്ഷന് വരുന്നു മേലാധികാരികളിൽ ഒരാൾ. അദ്ദേഹം ആനന്ദിന് അസുഖമായിട്ട് ലീവ് കൊടുക്കാത്തതിൽ വലിയ ദുഃഖമായി. ഉടനെ തന്നെ റിലീവ് ചെയ്തു പോകാൻ ഓർഡറിട്ടു. പകരം എവിടെ നിന്നെങ്കിലും ആളെ കൊടുക്കാനും. ഇതിന് മുൻപ് പലപ്പോഴും അസുഖം വച്ച് തന്നെ ജോലി ചെയ്യാറാണ് പതിവ്.
അന്ന് ലീവ് കിട്ടി. ഭാര്യ പ്രസവിച്ചു കിടക്കുമ്പോൾ പാറ്റേണിറ്റി ലീവ് കിട്ടും പതിനഞ്ച് ദിവസം. പക്ഷേ പകരം വരാൻ ആളില്ലാത്തത് കൊണ്ട് ലീവ് നീട്ടി വച്ചു. പിന്നീട് ദിവസങ്ങൾ കഴിഞ്ഞാണ് ആ ലീവ് കൊടുത്തത്!
വീണ്ടും പ്രമോഷൻ വന്നു. ഇനി ഔട്ട് ഡോർ ജോലി വേണ്ട. ഓഫീസിൽ തന്നെ മതി. അന്ന് നിർബന്ധമായി ലീവ് തന്ന അസിസ്റ്റൻ്റ് സൂപ്രണ്ട് തന്നെയാണ് പ്രമോഷൻ ആയ വിവരം വന്ന് പറഞ്ഞത്. ആനന്ദൻ്റെ ബുദ്ധിമുട്ട് അദ്ദേഹത്തെ വേദനിപ്പിച്ചു. അതാണ് അഭിനന്ദനങ്ങൾ പറയാൻ വന്നത്. അങ്ങനെ വന്ന് നേരിട്ട് പറയേണ്ട കാര്യമൊന്നുമില്ല.
പുതിയ ജോലിക്ക് മുൻപ് മൂന്ന് മാസം ട്രെയിനിങ്. കർണ്ണാടകയിൽ ആയിരുന്നു അത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ ധാരാളം ഉണ്ടായിരുന്നു.
പുതിയ ജോലിക്ക് ധാരാളം പഠിക്കണം. ഓഫീസുകളിൽ കംപ്യൂട്ടറൈസേഷൻ വരുന്നതേയുള്ളൂ. അവിടെ ട്രെയിനിങ് സെൻ്ററിൽ കംപ്യൂട്ടറിൽ ആണ് പഠനം. തിയറിയോടൊപ്പം പ്രാക്ടീസ്. ആനന്ദനും കൂട്ടരും കംപ്യൂട്ടർ ആദ്യമായി കാണുന്നത് അവിടെ വച്ചാണ്. കുറേ പുതിയതായി ജോലികിട്ടിയ ചെറുപ്പക്കാർ ഉണ്ട്. അവരൊക്കെ കംപ്യൂട്ടർ സയൻസും, ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പും കോളേജിൽ പഠിപ്പുമൊക്കെ കഴിഞ്ഞ് വരുന്നവരാണ്. അവർക്ക് ഈസിയാണ്. പക്ഷേ ആനന്ദക്കുട്ടനെപ്പോലുള്ളവർ വട്ടം തിരിയും.
എന്തായാലും മറ്റുള്ളവരെ പോലെയല്ല ആനന്ദൻ. അയാൾക്ക് പഠിക്കണം. ക്ളാസ് കഴിഞ്ഞ് ബാക്കി സമയങ്ങളിൽ കംപ്യൂട്ടർ ലാബിൽ പോയിരുന്നു തന്നത്താൻ കംപ്യൂട്ടർ ഉപയോഗിക്കാൻ പഠിച്ചു. മറ്റുള്ളവർ ആ നേരം കറങ്ങി നടക്കുകയാണ്. ട്രെയിനിങ് കഴിഞ്ഞപ്പോൾ ആനന്ദിന് ഒരു വിധമൊക്കെ കംപ്യൂട്ടർ പഠിച്ചു.
അത് കൊണ്ട് ഗുണമുണ്ടായി. ട്രെയിനിങ് കഴിഞ്ഞ് എത്തിയപ്പോൾ തന്നെ പുതിയ ഓഫീസുകളിൽ വിട്ടു തുടങ്ങി. കംപ്യൂട്ടറൈസ്ഡ് ഓഫീസുകൾ കുറച്ചുണ്ട് അവിടെ. അവിടെ ഈസിയായി ജോലിയെടുത്തു ആനന്ദൻ. മറ്റുള്ളവർ അത്ഭുതപ്പെട്ടു നിൽക്കുകയാണ് ഇവൻ ഇത്രവേഗം ഇതൊക്കെ പഠിച്ചോ!
ശരിക്കും പരീക്ഷണങ്ങൾ ആയിരുന്നു അക്കാലത്ത്. പുതിയ പുതിയ ഓഫീസുകൾ. അവരുടെ കിഴിൽ എട്ടും പത്തും ഓഫീസുകൾ. അവരുടെ ഒക്കെ കാര്യങ്ങൾ നോക്കണം ഈ ക്ളാർക്ക്.
കിലോമീറ്ററുകൾ അകലെയുള്ള ഓഫീസിലെത്താൻ രാവിലെ അഞ്ചു മണിക്ക് യാത്ര തിരിക്കണം. രാത്രി ഒമ്പത് പത്ത് മണിയാകും തിരിച്ച് വരുമ്പോൾ.
ഒടുവിൽ നാട്ടിലേക്ക് മാറ്റം കിട്ടി. പക്ഷേ പണിക്ക് കുറവില്ല. നാലഞ്ചു പേർ ജോലി ചെയ്യുന്ന ഓഫീസിൽ ചിലപ്പോൾ ആനന്ദൻ തന്നെ എല്ലാം ചെയ്യേണ്ടി വരും. പോസ്റ്റുകൾ വേക്കൻറ്. ചിലപ്പോൾ അടിച്ചു വാരലും വെള്ളം കൊണ്ട് വയ്ക്കലും ബാത് റൂം ക്ളീനിങ്ങ് വരെ ചെയ്യേണ്ടിവരും. അത് ചെയ്യുന്നവർ ലീവാണെങ്കിൽ. ലേഡീസ് സ്റ്റാഫുകൾ അനങ്ങില്ല. പല ഓഫീസുകളിലും അങ്ങനെയാണ്. ചാർജും ഉത്തരവാദിത്വവും ഓഫീസർക്ക് ആണല്ലോ.
കംപ്യൂട്ടറൈസ്ഡ് ഓഫീസുകൾ ആക്കിത്തുടങ്ങി എല്ലാ ഓഫീസുകളും. ബാല്യദശയല്ലേ ഭയങ്കര ബുദ്ധിമുട്ട്. നെറ്റ് വർക്ക് കിട്ടില്ല. സ്ലോ. പല പുതിയ വർക്കുകളും ആരംഭിച്ചു പ വന്നു. എല്ലാം ഓൺലൈൻ സേവനങ്ങൾ ആയിത്തുടങ്ങി. ബുദ്ധിമുട്ട് ഏറി. പല ഓഫീസുകളിലും മാറി ജോലി ചെയ്യേണ്ടി വന്നു.നിയമങ്ങൾ കർശനമായതിനാൽ രാത്രി പാതിര വരെയൊക്കെ ചില ദിവസങ്ങളിൽ ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഡേ ബിഗിൻ ചെയ്തിട്ടുണ്ട് എങ്കിൽ കണക്കുകൾ എല്ലാം ടാലിയാക്കി ക്ളോസ് ചെയ്ത് ഡേ എൻറ് ചെയ്ത ശേഷം മാത്രമേ പോകാൻ പറ്റൂ. ആനന്ദക്കുട്ടന് മാത്രമല്ല എല്ലാവർക്കും. ഒരു ഓഫീസിലെ പണികൾ എത്രയായാലും അന്നന്നത്തെ പണികൾ അന്നന്ന് തീർക്കുക എന്നതാണ് നിയമം. അതിനാൽ പലർക്കും പാതിരവരെയൊക്കെ ഇരിക്കേണ്ടി വരും. സ്ത്രീകളുടെ കാര്യമാണ് ബുദ്ധിമുട്ട്. അവരുടെ വീട്ടിൽ നിന്നും ആരെങ്കിലും വന്ന് കാത്തിരിക്കും. പലപ്പോഴും ഇതെല്ലാം വലിച്ചെറിഞ്ഞു പോയാലോ എന്ന് തോന്നും. പലരും പോയിട്ടുമുണ്ട്. ടെൻഷൻ അടിച്ചു അസുഖമയ വരുമുണ്ട്. ആനന്ദക്കുട്ടന് പലയിടത്തും ലീവ് എടുക്കുമ്പോൾ പകരം പോകണം. ഏതെങ്കിലും ഓഫീസിൽ ചാർജ് ആണെങ്കിൽ കുഴപ്പമില്ല. പക്ഷേ അത്യാവശ്യത്തിന് ലീവ് കിട്ടാനാണ് ബുദ്ധിമുട്ട്.
മൂന്നും നാലും സ്റ്റാഫുകൾ വേണ്ടയിടത്ത് ഒരാൾ മാത്രമേയുണ്ടാവാറുള്ളൂ.
പലരുടെയും പണികൾ ഒരുമിച്ച് ചെയ്യേണ്ടിവരും.
അത് കൊണ്ട് എന്താ, ശമ്പളം കിട്ടില്ലേ എന്നാണ് പലരുടെയും ചോദ്യം. ഒരാളുടെ ശമ്പളം മാത്രമേ കിട്ടൂ. ഡിപ്പാർട്ട്മെൻ്റ് ലാഭിക്കുകയാണ്. അത് പോലെ കംപ്യൂട്ടർ പ്രിൻറർ നെറ്റ് വർക്ക് തുടങ്ങിയവ തന്നത്താൻ ചെയ്യാൻ പറ്റുന്നതൊക്കെ ശരിയാക്കണം. അറ്റ കൈക്കേ പുറത്ത് നിന്ന് ആളുകളെ വയ്ക്കാൻ പറ്റൂ. അതിനൊക്കെ ഡിപ്പാർട്ട്മെൻ്റ് നിരക്കിൽ മാത്രം. പോരാത്തത് കയ്യിൽ നിന്നും കൊടുക്കണം. അപ്രൂവ് ചെയ്തു കിട്ടിയാൽ കിട്ടി.
ജോലിത്തിരക്ക് മൂലം വീട്ടിൽ എന്നും വഴക്കാണ്. പറഞ്ഞിട്ട് കാര്യമില്ല. അതിന് പുറമേ പുറത്ത് നിന്ന് ആളുകളുടെ ആക്രമണങ്ങൾ, കേസ് കൂട്ടം. അതൊക്കെ തന്നത്താൻ കൈകാര്യം ചെയ്യണം. അവരുടെ സപ്പോർട്ട് ഉണ്ടാകും. അത് ചോദിച്ചു വാങ്ങണം എന്ന് മാത്രം.
എഴുത്തും വായനയും എല്ലാം നിർത്തി, ആനന്ദക്കുട്ടൻ. സമയം വേണ്ടേ. ഇരുപത്തി അഞ്ച് വർഷത്തോളം പുസ്തകങ്ങൾ തൊട്ടു നോക്കിയില്ല എന്നത് അത്ഭുതം തന്നെ.
ജോലിയുടെ അവസാനനാളുകളിൽ വളരെ ബുദ്ധിമുട്ടുള്ള ഒരു ഓഫീസിലാണ് ആനന്ദക്കുട്ടന് ജോലി.ഗസററഡ് പോസ്റ്റ് ഒക്കെ ആണെങ്കിലും മുൾക്കിരീടം ആയിരുന്നു.കീഴിലുള്ള പത്ത് പന്ത്രണ്ട് ഓഫീസുകളിലെ കാര്യങ്ങൾ നോക്കണം.അതും കൃത്യമായി സമയങ്ങളിൽ.അവസാനം കോവിഡ് കാലത്ത് ജോലി അവസാനിച്ചു. സ്വതന്ത്രനായി. മുപ്പത്തി മൂന്ന് വർഷത്തെ തിരക്കുകൾ അങ്ങനെ തീർന്നിരിക്കുകയാണ്.പക്ഷേ വലിയ വിഷമമായിരുന്നു, ജോലി അവസാനിച്ചപ്പോൾ. മനസ്സിനെ അങ്ങനെ ട്രെയിൻ ചെയ്തു നിർത്തിയതല്ലേ? പിന്നെ ഒറ്റയടിക്ക് എല്ലാ അധികാരങ്ങളും ഇല്ലാതായി. ബുദ്ധിമുട്ട് ആയിരുന്നെങ്കിൽ പോലും അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നത് ഒരു വിലയുള്ള കാര്യമാണ്.
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_തിരക്ക്
#കഥ_തിരക്കിന്റെമുപ്പത്തിമൂന്നുവർഷങ്ങൾ
#രചന_രാമചന്ദ്രൻടിവി


5 Comments
പ്രചോദനം ❤️👌
തിരക്കില്ലാത്ത ഒരു ജീവിതത്തിൻ്റെ സുഖം ആനന്ദൻ മനസ്സിലാക്കട്ടെ….. നന്നായെഴുതി👍🌹
ഒരുപാട് ജീവിതാനുഭവങ്ങൾ ഉള്ള ഒരാൾ അടുത്തിരുന്നു വിശേഷങ്ങൾ പങ്കു വയ്ക്കുന്നത് പോലെ തോന്നുന്നു. 👌👌
ഇനി തിരക്കുകൾക്കെല്ലാം ഒഴിവു കൊടുത്ത് ആനന്ദൻ എഴുത്തിലും വായനയിലും മുഴുകട്ടെ അല്ലേ
മാഷേ🌹
ജീവിതത്തിരക്കുകൾക്കിടയിലും ആത്മാർത്ഥമായി ജോലി ചെയ്യാനും കൂടുതൽ കാര്യങ്ങൾ പഠിച്ച് ഉന്നതിയിലെത്താനും കഴിഞ്ഞ ആനന്ദൻ അഭിനന്ദനീയൻ തന്നെ❤️👌
ആനന്ദൻ, തിരക്കിലും പരാതിപ്പെടുന്നില്ല. 👌