“Small mind discuss people”
ചെറിയ മനസ്സുള്ള വലിയ ആളുകളുടെ ഭൂമികയാണ് ഗ്രാമങ്ങൾ. ഗ്രാമങ്ങൾ ഗൃഹതുരത്വമുണർത്തുന്ന നന്മ മരങ്ങളുടെ വിളഭൂമി മാത്രമല്ല, കുശുമ്പും കുന്നായ്മയും ഏഷണിയും പരദൂഷണവുമൊക്കെ വിളയുന്ന ഒന്നാം തരം ചാവുനിലങ്ങൾ കൂടിയാണ്. അതിൽ നിന്നും രൂപപ്പെടുന്ന സാമൂഹ്യവസ്ഥയും ധാർഷ്ട്യവും പണത്തോടും പ്രതാപത്തോടുമുള്ള ആർത്തിയും മിഥ്യ ബോധങ്ങളും മൂലധനം കയ്യടക്കിവച്ചവന്റെ അഹങ്കാരവുമൊക്കെ വരച്ചു കാട്ടുന്ന മനുഷ്യാവസ്‌ഥകളുടെ നേർക്കാഴ്ച്ചകൾ സമ്മാനിക്കുന്ന സിനിമയാണ് KG ജോർജിന്റെ ” കോലങ്ങൾ “. An unflinching introspection of human tendencies!
ചന്ത മറിയ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ കടന്നു പോകുന്ന സിനിമ ശുഭപര്യവസായി അല്ലെങ്കിൽ sad ending എന്ന ക്ലിഷേ കട്ടിനു വിപരീതമായി പൊള്ളുന്ന കയ്പേറിയ യാഥാർഥ്യങ്ങൾ സമ്മാനിച്ചുകൊണ്ട് അവസാനിക്കുമ്പോൾ അതിലെ ഒരോ കഥാപാത്രങ്ങൾക്കും നമ്മുടെ ഗ്രാമങ്ങളിലെ ആരുടെയൊക്കെയോ ഛയ തോന്നിയാൽ അതിൽ അദ്‌ഭുതപ്പെടേണ്ടതില്ല. ആ നിലക്ക് കോലങ്ങളിലെ ഓരോ കഥാപാത്രങ്ങൾക്കും സാമൂഹികമായും രാഷ്ട്രീയമായും കാഴ്ചപരമായും പ്രസക്തിയുണ്ട്.
ആൺ കേന്ദ്രീകൃത 70-80 കാലഘട്ടത്തെ മധ്യതിരുവിതാംകുറിലെ ഒരു നാട്ടുമ്പുറത്തെ പ്രതിനിധാനം ചെയ്യുന്ന ശക്തമായ കഥാപാത്രമാണ് ചന്ത മറിയ. ഉറച്ച തീരുമാനങ്ങളും അതിലുപരി ആരുടെ മുന്നിലും നട്ടെല്ല് പണയപ്പെടുത്താത്ത സ്വഭാവവും മറിയയെ സമകാലിക സ്ത്രീകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.ഉറച്ച സ്ത്രീ കഥാപാത്രത്തെ അടയാളപ്പെടുത്തുമ്പോഴും പാരമ്പര്യ വാദത്തെ തള്ളിക്കളയാത്ത സ്ത്രീ സ്വാതന്ത്ര്യത്തിനു തന്റെതായ നിർവചനം നൽകുന്ന ഒരു കുടിലയുടെ മുഖം മറിയയുടെ നിഴൽപോലെ എപ്പോഴും കാണാവുന്നതാണ്.
ഗ്രാമത്തിലെ നിഷ്കളങ്കമുഖമായ കുഞ്ഞമ്മ സിനിമയുടെ ഭാഗധേയം നിർണ്ണയിക്കുന്നു. പാരമ്പര്യവാദത്തിന്റെ നീരാളി പിടുത്തത്താൽ അവളുടെ ആശകളും താല്പര്യങ്ങളും ബലി കഴിക്കേണ്ടതായിവരുന്നു. അതിനു സ്ഥലത്തെ പ്രഖ്യാപിത മാന്യൻമാരുടെ സ്വഭാവ സർട്ടിഫിക്കട്ടും പരദൂഷണങ്ങളും അതിലുപരി പണത്തിന്റെ ആധിക്യത്തിൽ എന്തിനും ഏതിനും ലൈസൻസ് കിട്ടുന്ന കള്ളു വർക്കി എന്ന താപ്പാനയും കാരണക്കാരാകുന്നു. ഈ രീതിയിൽ ആരും ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിൽ ഒരു സ്വാഭാവികമായൊരു ക്ലൈമാക്സിൽ സിനിമ അവസാനിക്കുന്നു.
റൗഡിയും പ്രഖ്യാപിത മാന്യൻ എന്നറിയപ്പെടുന്ന പരമു തിരക്കഥ മുന്നോട്ടു കൊണ്ടു പോകുന്നതിൽ നിർണ്ണായകമാകുന്നു. മോറൽ പോലീസിങ് മാത്രമല്ല അപവാദ പ്രചരണങ്ങളുടെ പ്രഭവകേന്ദ്രമായി പരമുവും കൂട്ടരും മാറുകയാണ്. സ്ഥലത്തെ പണചാക്കായ കള്ള് വർക്കിയേ താങ്ങി നിർത്തുന്നതിൽ സദാചാരവാദത്തിനും ഇത്തിൾ കണ്ണിപോലെ പണത്തിനു ചുറ്റും വളർന്നു കൊണ്ടിരിക്കുന്ന ബ്രോക്കർ ചാക്കോയുമെല്ലാം കാരണക്കാരാകുകയാണ്. ഈ രീതിയിൽ കുഞ്ഞമ്മയുടെ പരിശുദ്ധ പ്രണയത്തെ തച്ചുടച്ചുകൊണ്ട് സിനിമ സ്വാഭാവികമായ എന്നാൽ വെള്ളിത്തിരയിൽ തികച്ചും പരിചിതമല്ലാത്ത ഒരു ക്ലൈമാക്സിൽ എത്തിച്ചേരുന്നു.
നന്മ അശേഷമില്ലാത്തൊരു ലോകമല്ല ഗ്രാമങ്ങളെന്ന് കൂടി K Gജോർജ് പറയുന്നുണ്ട്. കാരുണ്യത്തിന്റെ രൂപമായി രാമൻ നായർ എത്തുമ്പോൾ നിരാലംബനും അതിലുപരി നിരാശ കാമുകനായി ചെറിയാനും ഗ്രാമത്തിന്റെ യാതൊരു വിധ പ്രിവിലേജും ലഭിക്കാത്ത വെറുമൊരു തോണിക്കാരനായി പൈലിയും സിനിമയിൽ സജീവമായുണ്ട്.
ഈ വിധത്തിൽ കഥാപാത്രങ്ങളുടെ ശക്തികൊണ്ട് കൂടി മുന്നോട്ടു പോകുന്ന സിനിമയാണ് കോലങ്ങൾ. പി ജെ ആന്റണിയുടെ ഒരു ഗ്രാമത്തിന്റെ ആത്മാവെന്ന നോവലിനെ ശക്തമായ കഥാപാത്രങ്ങളുടെ സാന്നിധ്യത്താൽ രാഷ്ട്രീയ-സാമൂഹിക പ്രസക്തിയുള്ള സിനിമയായി വാർത്തെടുക്കുന്നതിൽ kg ജോർജ് എടുത്ത പങ്ക് ചെറുതല്ല. നന്മ മരങ്ങളാൽ സമ്പന്നമല്ല അന്നുമിന്നും ഗ്രാമങ്ങൾ! പൊതുബോധ സൃഷ്ടി യല്ലാത്ത ഈ വാതഗതിയെ വളച്ചൊടിപ്പുകൾ ഇല്ലാതെ അഭ്രപാളിയിൽ അവതരിപ്പിക്കുമ്പോൾ നമ്മുടെ സങ്കൽപ്പങ്ങളും ധാരണകളും അപ്പാടെ തകിടം മറിയുകയാണ്. “കോലങ്ങളുടെ ” ആത്മാവും ഈ പൊതുബോധത്തെ തച്ചുടക്കുന്നിടത്താണ്.


5 Comments
മികച്ച അവലോകനം👍❤️
പി.ജെ. ആന്റണി, കെ.ജി. ജോർജ് തുടങ്ങിയ പ്രഗൽഭരുടെ കോലങ്ങൾ കാലത്തെ അതിജീവിച്ചും ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത് ക്രാഫ്റ്റിന്റെ മേന്മ കൊണ്ടാണ്.
നല്ല രചന.👍
Kg ജോർജിന്റെ സിനിമകൾ കാലങ്ങളെ അതിജീവിച്ചു മുന്നേറുന്ന സിനിമകലാണ്. ഇരകൾ അതുപോലെ ആദമിന്റെ വാരിഎല്ലുമൊക്കെ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നതിന് കാരണവും മറ്റൊന്നല്ല
നല്ല വിലയിരുത്തൽ👌❤️
👌🌹