അച്യുതൻ കൊടുത്ത ജാതകകുറിപ്പുമായി മുരളിപണിക്കരുടെ അടുത്തേക്ക് നടക്കുമ്പോൾ ഇതെങ്കിലും ശരിയാവണേ എന്നായിരുന്നു മീനാക്ഷിയമ്മയുടെ പ്രാർത്ഥന.
ഹരിക്കു വയസ്സ് മുപ്പതു കഴിഞ്ഞിട്ട് വർഷം രണ്ടു കഴിഞ്ഞു. ആലോചനകൾ ഒരു പാടു വരുന്നുണ്ടെങ്കിലും ഒന്നും ശരിയാവുന്നില്ല. ജാതകം ചേരുമ്പോൾ വരും വേറെ എന്തെങ്കിലും പ്രശ്നം. ഹരിയും സൗമ്യയും ആണ് മീനാക്ഷിയമ്മയുടെ മക്കൾ. സൗമ്യയുടെ വിവാഹം കഴിഞ്ഞിട്ടിപ്പോൾ എട്ടുവർഷമാവറായി. അവളുടെ മോളിപ്പോൾ രണ്ടാം ക്ലാസ്സിലാണ്.
പെട്ടെന്ന് മീനാക്ഷിയമ്മ നടത്തത്തിനു വേഗം കൂട്ടി. പത്തു മണി വരെയേ മുരളിപണിക്കർ വീട്ടിൽ നിന്നു നോക്കാറുള്ളു. പിന്നെ ഉണ്ടാവുക ടൗണിൽ അദ്ദേഹം രാശിഫലം പറയാനായി എടുത്തിട്ടുള്ള മുറിയിൽ ആയിരിക്കും.
പണിക്കരുടെ വീട്ടിലേക്കു പോവാനുള്ള ഇടവഴിയിലേക്ക് തിരിയുമ്പോഴായിരുന്നു പിന്നിൽ നിന്നു”മീനാക്ഷിയെ “എന്നൊരു വിളി കേട്ടത്. തിരിഞ്ഞു നോക്കുമ്പോൾ” ജാനുട്ടി അമ്മ ”
“ഈശ്വരാ “എന്നു വിളിച്ചു പോയി മീനാക്ഷി അമ്മ. കണി കാണാൻ കൊള്ളാത്തവൾ ആണ് ജാനുട്ടിഅമ്മ എന്നാണ് നാട്ടിൽ പരക്കെ ഉള്ള സംസാരം. അപശകുനമാണ് എന്നു തെളിയിക്കുന്ന ഉദാഹരണങ്ങൾ പലർക്കും പറയാനും ഉണ്ട്.
“നീ ഇതു രാവിലെതന്നെ പണിക്കരുടെ അടുത്തേക്കാണല്ലോ. ഹരിമോനു ആലോചന വല്ലതും ശരിയായോ?
മീനാക്ഷിയമ്മപണിക്കരുടെ വീടിന്റെ അടുത്തു നിൽക്കുന്നത് കൊണ്ടു സത്യം പറഞ്ഞേ മതിയാകു.”ഒരു കുറിപ്പ് കിട്ടിയിട്ടുണ്ട്. അതൊന്നു നോക്കിക്കാം എന്നു കരുതി ഇറങ്ങിയതാണ്.”
“ഇതു നടക്കട്ടെ ഈശ്വരാ. ഒരു ഇല ചോറ് കഴിക്കാലോ ” ജാനുട്ടി അമ്മയുടെ സംസാരം കേട്ടു ഒട്ടും മുഖം തെളിഞ്ഞില്ല മീനാക്ഷിയമ്മക്ക്.
ഈ അപശകുനത്തെ കണ്ടിട്ട് പോയാൽ പോയ കാര്യം നടക്കില്ല എന്നു അവരുടെ മനസ്സ് പറയുന്നുണ്ടായിരുന്നു.
പക്ഷേ മുരളി പണിക്കർ പറഞ്ഞതു ചേർച്ചയുള്ള ജാതകം തന്നെയാണ്. നടക്കാൻ ഉള്ള എല്ലാ സാധ്യതയും ഉണ്ട് എന്നായിരുന്നു.അതു കൊണ്ടായിരിക്കാം തിരിച്ചു വരുമ്പോൾ ജാനുട്ടിയമ്മയെ കണ്ട കാര്യം അവർ ഓർത്തതെ ഇല്ല.
വിട്ടിൽ എത്തിയ ഉടനെ അച്യുതനെ വിളിച്ചു പറയാനുള്ള തിരക്കിലായിരുന്നു അവർ. എന്നാൽ വിട്ടിൽ എത്തുമ്പോൾ അവരെ കാത്തു ഉമ്മറത്തു ഹരി നിൽക്കുന്നുണ്ടായിരുന്നു.
“അമ്മേ അച്ചൂതേട്ടൻ വിളിച്ചിരുന്നു. അമ്മയോട് അങ്ങോട്ട് വിളിക്കാൻ പറഞ്ഞിട്ടുണ്ട്.”
അവൻ പറഞ്ഞപ്പോൾ മീനാക്ഷിയമ്മ ആശ്വസിച്ചു. ‘ഓ ജാതകം ചേർന്ന വിവരം പറയാൻ വിളിച്ചതാവും.’
അങ്ങോട്ട് വിളിച്ചു അച്യുതൻ ഫോൺ എടുത്തപാടെ മീനാക്ഷിയമ്മ പറഞ്ഞു. “ആ ജാതകം നന്നായിട്ടു ചേരും ട്ടോ അച്ചൂതാ, ഞങ്ങൾ കുട്ടിയെ കാണാൻ എപ്പോഴാ വരേണ്ടതെന്നു അവരോടു ചോദിച്ചിട്ടു പറയണേ “.
പക്ഷേ അച്യുതനു മറുപടി പറയാൻ ഒരു ബുദ്ധിമുട്ടു പോലെ. “അതു മീനാക്ഷിയേടത്തി, അവര് ഇപ്പോഴാ പറയുന്നത്. അവർക്കു ഈ പ്രായവ്യത്യാസം ഒരു പ്രശ്നമാണ് പോലും. ഹരിക്കിപ്പോൾ മുപ്പത്തിരണ്ടു കഴിഞ്ഞില്ലേ. പെൺകുട്ടിക്കു ഇരുപത്തി ആറു ആവുന്നതേയുള്ളു. അവൾക്കാണത്രേ താല്പര്യക്കുറവ്. ഇപ്പോഴത്തെ കുട്ടികളുടെ ഓരോ വാശികൾ.”
മീനാക്ഷിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. എത്ര നോക്കിട്ടാ ഒന്നു ചേർന്നു കിട്ടിയത്.
“വേറെ ഏതെങ്കിലും വന്നാൽ ഞാൻ അറിയിക്കാം.”എന്ന അച്ചുതന്റെ വാക്കുകൾ മീനാക്ഷിയമ്മക്ക് ഒരു പ്രതീക്ഷയും കൊടുത്തില്ല. എന്നാൽ അവർ ദേഷ്യത്തോടെഓർത്തത് രാവിലെ ദുശ്ശകുനമായി എത്തിയ ജാനുട്ടിഅമ്മയുടെ മുഖം തന്നെയാണ്.
അന്നു വൈകുന്നേരം ആകെ വിഷമിച്ചു ഉമ്മറത്തിരിക്കുമ്പോഴായിരുന്നു മീനാക്ഷിയമ്മയുടെ മൊബൈൽഫോൺ റിംഗ് ചെയ്തത്. പരിചയമില്ലാത്തൊരു നമ്പർ. എടുത്തപ്പോൾ ഒരു സ്ത്രീശബ്ദം ആയിരുന്നു ഫോണിൽ.
“മീനാക്ഷിയമ്മയല്ലേ? ഞാൻ ഇന്ദിരയാണ്. നന്ദനത്തിലെ പത്മം ആണ് ട്ടോ ഈ നമ്പർ തന്നത് ”
മീനാക്ഷിയമ്മക്ക് ഒന്നും മനസ്സിലായില്ല. പത്മം അവരുടെ ഒരു അടുത്ത ബന്ധുവാണ്. സംശയിച്ചു നിന്നപ്പോൾ ഇന്ദിര വീണ്ടും പറഞ്ഞു തുടങ്ങി.
“മോന്റെ കാര്യം പത്മം പറഞ്ഞു. എനിക്കു ഒരു മോളുണ്ട്. അവൾ ദേവമാതാ കോൺവെന്റിൽ ടീച്ചറാണ്. ജാതക കുറിപ്പ് പത്മം തന്നതുകൊണ്ട് ഞങ്ങൾ നോക്കിച്ചു. നല്ല പൊരുത്തം ഉണ്ട്.
പിന്നെ മോന്റെ ഫോട്ടോയും അവളുടെ മൊബൈലിൽ കണ്ടു. ഞങ്ങൾക്കും മോൾക്കും ഇഷ്ടമായി. അവിടെ താല്പര്യമുണ്ടെങ്കിൽ മോളെ കാണാൻ ഒരു ദിവസം വരണം. എന്നിട്ട് വേണമല്ലോ ബാക്കിയൊക്കെ നോക്കാൻ. എന്നാൽ വരുന്നകാര്യം തീരുമാനിച്ചിട്ടു പത്മത്തിനോട് പറഞ്ഞാലും മതി.”
കാൾ കട്ട്ചെയ്തപ്പോൾ മീനാക്ഷിയമ്മക്ക് നല്ല സന്തോഷമായിരുന്നു. ഒരു കല്യാണത്തിനു കണ്ടപ്പോൾ ആയിരുന്നു പത്മത്തിനോട് ഹരിയുടെ കാര്യം പറഞ്ഞത്. ജാതകകുറിപ്പും കൊടുത്തിരുന്നു.
അതു ഇങ്ങിനെയായി വരുമെന്ന് ഓർത്തതെ ഇല്ല.
അപ്പോൾ ത്തന്നെ പത്മത്തിനെ വിളിച്ചു. ചേച്ചി ഒന്നും പേടിക്കണ്ട നമുക്ക് ചേരുന്ന ബന്ധം തന്നെയാണ്. അടുത്ത ഞായറാഴ്ച ചേച്ചിയും ഹരിയും ഇങ്ങോട്ട് വരൂ. നമുക്ക് പോയി പെൺകുട്ടിയെ കാണാം. അപ്പോൾ ത്തന്നെ മീനാക്ഷിയമ്മ ഹരിയോടും വിവരം പറഞ്ഞു. അങ്ങിനെ ആ കാര്യത്തിൽ ഒരു തീരുമാനമായി.
അപ്പോഴും മീനാക്ഷിയമ്മയുടെ മനസ്സിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ടായിരുന്നു. ജാനുട്ടിയമ്മയെ ശകുനമായി കണ്ടാൽ അതു ചീത്തയാണോ നല്ലതാണോ എന്നുള്ള ചോദ്യം.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


3 Comments
നല്ല കഥ, പല പുരോഗമനവാദികളും സ്വന്തം മക്കളുടെ കാര്യത്തിൽ അന്ധവിശ്വാസികളായി മാറുന്നതു കണ്ടിട്ടുണ്ട്. അവരുടെ കണ്ണു തുറപ്പിക്കുന്ന എഴുത്ത്.👍❤️
വായിച്ചു. ഇപ്പോഴും ശകുനം നോക്കി ചില പാവങ്ങളെ മാറ്റി നിർത്തുന്നവർ നമ്മുടെ ചുറ്റുപാടും ഉണ്ട്. നന്നായെഴുതി.❤️🥰
ജാനൂട്ടി അമ്മയേപ്പോലെ വളരെപ്പേരെ നമ്മുടെ നാട്ടിൽ കണ്ടുമുട്ടാൻ കഴിയും. ദുഃശ്ശകുനമെന്ന പഴികേൾക്കുന്നവർ. അതൊക്കെ അന്ധവിശ്വാസങ്ങൾ മാത്രമെന്ന് കാലം മീനാക്ഷിയമ്മയ്ക്കു പഠിപ്പിച്ചു കൊടുക്കട്ടെ❤️
നല്ല കഥ👌🌹
ഇഷ്ടമായി ജലജ❤️❤️