ഹൊറർ സിനിമയല്ലാത്ത മണിച്ചിത്രത്താഴ് സിനിമ, ഇത്തിരി പിരിവെട്ടുള്ള പെൺകുട്ടിയിൽ, ഹൊറർ സീനിൽ നിന്നും ഓടിക്കയറിയ നാഗവല്ലി ഭൂതം കാട്ടിക്കൂട്ടിയ വിക്രിയകൾ വായിച്ച് നിങ്ങൾ പേടിക്കില്ല എന്നൊറപ്പ് എനിക്കുണ്ട്. നിങ്ങടെയുള്ളിലെ ഇത്തിരി പേടി കൂടി മന വിടും എന്നൊരു തൊന്തരവുമുണ്ട്. ഞാൻ വായിക്കേണ്ട, എന്ന് പറഞ്ഞാലും നായിക ഗംഗയുടെ സ്റ്റെലിൽ നിങ്ങള് ചോദിക്കും, ‘എന്താ ഞാൻ വായിച്ചാല്?’, എന്നിട്ട് മുഖം ചെരിച്ച്, പുരികം വളച്ച്, കണ്ണില് കൃഷ്ണമണി സൈഡാക്കി എന്നെ പേടിപ്പിച്ചാലോ എന്ന് കരുതി മാത്രം, വായിച്ചോ, വായിച്ചോന്ന് ഞാൻ പറയണെ.
*****
വേനലവധി എണ്ണിച്ചുട്ട അപ്പം പോലെ കൊറച്ചു ദിവസം കിട്ടുമ്പോൾ ചെറുതും വലുതുമായ എല്ലാ നറുങ്ങിണി പിറുങ്ങിണി കസിൻസൊക്കെയായി തറവാട്ടിൽ കൂടുന്ന സമയത്ത് ഒരൂട്ടം സംഭവിച്ചു. മണിച്ചിത്രത്താഴ് സിനിമ കാണാൻ തൃശ്ശൂർ തിയേറ്ററിൽ ക്യൂവിൽ ഇടികൂടി ടിക്കറ്റ് കിട്ടാതെ മടങ്ങിയപ്പോൾ മുതൽ ഒരു എന്തോ ഒന്ന് മനസ്സിലൊടക്കി.
‘ഇതു സാധാരണ പടല്ല ട്ടോ, ഈ പടം കാണാൻ ഒരു പൂരത്തിന്റെ ആളാ വന്നേക്കണേ! ഒന്നു തോറ്റാലും മ്മള് വിടില്ല. വലക്കെട്ടണ ചെലന്ത്യേപ്പോലെ ഞങ്ങള് തൃശ്ശൂർ മക്കള് വീണ്ടും ശ്രമിച്ചു. വീണ്ടും ശ്വാസംമുട്ടണ ഇടികൂടി, ടിക്കറ്റ് വാങ്ങി, കപ്പലണ്ടി കൊറിച്ച്, തിങ്ങിനിറഞ്ഞ തിയേറ്ററിലിരുന്ന് സിനിമ കണ്ടു.
‘അമ്പമ്പോ… ഇടി കൊറെ കൊണ്ടാലും തരക്കേടില്യ… ശോഭനേടെ തിം ത്തോം ത്തോം മനസ്സില് അങ്ങട് കെടന്ന് ചെലമ്പി ട്ടോ.’
‘ഔ… നാഗവല്ലീടെ ആ കണ്ണുപ്പിടുത്തോം നോട്ടോം പുരികം വളയ്ക്കലും ‘, ഞങ്ങള് പിള്ളേർ സെറ്റ് ഇതന്നെ രാവും പകലും ഡിസ്കഷൻ.
“ടീ, പിള്ളേരേ നിങ്ങക്ക് ഇതന്ന്യെ വർത്താനള്ളൂ?”, അമ്മാമ്മ ചോദിച്ചു. പ്രായമായ പെൺക്കുട്ട്യോള്, ഇപ്പം പ്രായമാകും എന്ന് പറയണ പെൺങ്കുട്ടോള്, ഈ മാതിരി കഥ വിടാണ്ട് പറയണത് അമ്മാമ്മയ്ക്ക് അത്ര പിടിച്ചില്ല. ആ കാര്യത്തില് ഇത്തിരി ശരീണ്ട്ട്ടോ.
മാടമ്പിള്ളി പോലെ ഒരു തറവാട് വീട്, ഈ കണശ കുണശ വർത്താനം പറഞ്ഞിട്ട് ഏതിന്റേങ്കിലും പിരി ലൂസായാലോ എന്ന സംശയം അമ്മാമ്മയ്ക്കുണ്ട്.
തനിയെ വർത്താനം പറയണ ഈ ഗംഗ ഏലിയാസ് നാഗവല്ലിയെ നോക്കിയാണ്, തൂവെള്ള ചട്ടയും മുണ്ടും ഇട്ടു നടക്കണ അമ്മാമ്മ എപ്പഴും നെടുവീർപ്പിടാറുള്ളത്.
ഈ പെണ്ണ് സ്വപ്നം കണ്ടു നടന്നു വല്ല ഏടാകൂടത്തിലും ചാടോന്നുള്ള അമ്മാമ്മയുടെ ശങ്കയിൽ ഒരു ന്യായമുണ്ട്. സാരിയുടുക്കുന്ന മറ്റു മുതിർന്നവരും ഈ അഭിപ്രായം പൂട്ടിനു (പുട്ട് ) നാളികേരം പോലെ ഇട്ടു കൊടുത്തു, അമ്മാമ്മേടെ മനസമാധാനം അങ്ങട് കളഞ്ഞു.
“അതങ്ങനെ ഒരു സാധനം, എന്തൂട്ടാവോ എല്ലാ നേരോം ഈ ആലോചിച്ചു കൂട്ടണെ? എടയ്ക്ക് ചിരി, എടക്ക് സങ്കടം, ഈ ക്ടാവ് എന്താണാവോ ഇങ്ങനെ? ”
ആ അണ്ഡകടാഹം തറവാട് വീടും പരിസരവും അത്യാവശ്യം ഭൂതങ്ങളേയും യക്ഷികളേയും ആകർഷിക്കാൻ തക്ക വകുപ്പുള്ളതായിരുന്നു.
നാട്ടുമാവും പ്ലാവും കശുമാവും പേരയും ഞാവലും മുരിങ്ങമരവും ഒക്കെ തിങ്ങിനിറഞ്ഞു നിൽക്കുന്ന തൊടി. അതിരുകളിൽ, വൃശ്ചിക കാറ്റൂർന്നുപോകുമ്പോൾ തലമുടിക്കെട്ടഴിക്കുന്ന ഇല്ലിമുളം കൂട്ടങ്ങളും തേക്കും വളർന്നു ആകാശം മുട്ടി നിന്നു. വേലിപ്പരത്തിയും കോളാമ്പിയും ചോപ്പു പൂക്കളുള്ള ചെമ്പരത്തിയും പൂത്തുലഞ്ഞു വേലിത്തലപ്പിനെ മുട്ടിയിരുമ്മി. നടവഴികൾ വലിയ പറമ്പിന്റെ നെടുകെയും കുറുകെയും, കാലടി ചവിട്ടിൽ മിനുസപ്പെട്ട ചുവന്ന മണ്ണിൽ, വലിഞ്ഞുനീണ്ടു.
പടിപ്പുരയും കയ്യാലയും നാലുവശവും തുറന്ന ഉമ്മറവുമുള്ള ഇരുനില ഓടിട്ട വീട്. പള്ളിവാതിലുകൾക്കു സമാനമായിരുന്ന വിജാഗിരിയില്ലാത്ത വാതിലിന്റെ അഗ്രഭാഗത്തെ മരഗോളാകൃതി കട്ടിളയുടെ കുഴികളിൽ തിരിഞ്ഞുതുറക്കുമ്പോളുള്ള മരം ഉരയുന്ന ശബ്ദം. യക്ഷികൾ ഒരു കൂസലുമില്ലാതെ കാട്ടിലൂടെ പാലമരത്തിന്റെ കൊമ്പത്തു കയറാൻ പോകുമ്പോൾ മരച്ചില്ലകൾ തമ്മിലുരസുന്ന ശബ്ദമായി സാമ്യമുണ്ടെന്ന് ഞങ്ങൾ പിള്ളേരെല്ലാം തല്ലു കൂടാതെ സമ്മതിച്ച കാര്യമാണ്.
നടേലകം (നടുവിലകവും ), മച്ചകം, കയ്യാലകം, വെക്കനകം ( അടുക്കള) എങ്ങിനെ സ്പെഷ്യൽ പേരുകൾ ഉള്ള മുറികളും വീടിനകത്തെ ചവിട്ടുപ്പടികളും കയ്യാലയും കോലായും കുടുസ്സു തേങ്ങാമുറിയും എല്ലാം കയറിയിറങ്ങി നടക്കൽ തന്നെ ഞങ്ങൾ പര്യവേക്ഷണസംഘത്തിന്റെ നേരമ്പോക്കായിരുന്നു.
ഒഴിഞ്ഞു കിടന്നിരുന്ന മുറികളും തട്ടിൻപ്പുറവും അതിന്റെ മൂലയിൽ ഒതുങ്ങിയ അനവധി മൺഭരണികളും വലിയ ഉരുളികളും കുട്ടകവും ഇരുട്ട് ഒളിച്ചുപാർക്കുന്ന പത്തായവും എല്ലാം കൂടി ഒരു പ്രേതക്കഥയ്ക്കു പറ്റിയ ചേരുവയുണ്ട്.
വീടിന്റെ പിന്നാമ്പുറം തുടങ്ങി പുറകിലേക്ക് നീളുന്ന വിശാലമായ പറമ്പിൽ, തെങ്ങും കുരുമുളകുവള്ളി പടർത്തിയ കവുങ്ങുകളും വാഴക്കൂട്ടങ്ങളും നിറഞ്ഞു നിന്നു. അവിടെ മരങ്ങളിൽ ധാരാളം കിളികൾ പാർത്തിരുന്നു. വേനലിലും തണുപ്പും ശാന്തതയും കൂട്ടിരുന്ന വിശാലമായ തൊടിയിൽ കിളികൾ ഇടതടവില്ലാതെ പാടുമായിരുന്നു. നിശബ്ദതയുടെ നിഗൂഢതയെ കീറിമുറിക്കുന്ന പാട്ട് കേൾക്കാനും പിന്നെ വെറുതെ തനിയെ കഥ പറഞ്ഞു നടക്കാനും പറ്റിയ സ്ഥലം.
ആ അറ്റവേനലിൽ കറന്റ് പോയി, ടാങ്കിലെ വെള്ളം അടി തൊട്ടപ്പോളാണ് ഞാൻ ചതുരത്തിൽ വാക്കല്ലുക്കെട്ടിയ കിണറ്റിൽ നിന്നും വെള്ളം കോരാൻ തകരപ്പാട്ടയെടുത്ത് കിണറ്റിലിട്ടത്. വെള്ളം നിറച്ച് വലിച്ചു കയറ്റുമ്പോൾ കയറുരഞ്ഞു കൈ ചുവന്നു. ഈ പാട്ട ഒന്ന് ചെറുതാക്കാമായിരുന്നു എന്ന് ആഗ്രഹിച്ച നേരത്താണ്, ഏറു കൊണ്ട പട്ടിയെപ്പോലെ ഒരുത്തൻ ഒരു കളർ മുണ്ടും ജുബ്ബയും തലേക്കെട്ടുമായി ഓടി വന്നത്.
“ഇത് മാടമ്പിള്ളിയല്ലേ?”
“ബെസ്റ്റ്… അല്ലല്ലോ, ഇത് തൃശ്ശൂരാ മാഷെ, ആലപ്പുഴേം, മാടമ്പിള്ളി, ഒന്നുംല്ല.”
“മ്മള് ആരാണാവോ? ഈ നട്ടപ്ര വെയിലത്ത്?”,
ചോദ്യോത്തരവേളയിൽ കഷ്ടപ്പെട്ടു വലിച്ചു കേററിയ വെള്ളപ്പാട്ട താഴേക്ക് ഒരൊറ്റ കുതി.
ധോം…അതു പോയി, പാട്ടയുടെ തുറന്നവായ വെള്ളത്തിൽ കുത്തിമറിഞ്ഞു.
“യ്യോ… മണിച്ചിത്രത്താഴ് സൈക്ക്യാട്രിസ്റ്റ് സണ്ണി?”, ഞാൻ ചോദിച്ചു. ആ പരന്ന മുഖത്തൊരു പ്രകാശം പരന്നു. ഒററക്കാലുപൊക്കി, ചന്തി കുലുക്കി ചാടിത്തിരിഞ്ഞപ്പോൾ മൊത്തത്തിൽ ഒരു ആനച്ചന്തം!
എന്തായാലും പാട്ടയും കയറും കൈയീന്ന് പോയില്ലെ, ഇനി ഇത്തിരി നേരം ഈ ചുള്ളനോടൊന്നു മിണ്ടീം പറഞ്ഞിരിക്കാം.
“ഞാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്നവൻ”, സണ്ണി രണ്ടു കൈകളും വിടർത്തി ഒരു നിമിഷം പോസു ചെയ്തു. പിന്നെ ചരപരാ ഓടിയൊന്നു കറങ്ങിത്തിരിഞ്ഞു വന്നു.
‘ഇൻഡ്റസ്റ്റിങ്ങ് പേർസണാലിറ്റി’, വർത്താനം പറയാൻ പറ്റിയ മൊതല്’, ഞാൻ മാർക്കിട്ടു.
“പടിപ്പുര വാതിലിൽ കൂടിയല്ലെ വന്നത്? അതിലൂടെ പശുക്കളെ കൊണ്ടുവരാറെ ഉള്ളൂ. വേറെ പടിയുണ്ടല്ലോ അപ്രത്ത്, അതു കണ്ടില്ലെ? ആരും സഞ്ചരിക്കാത്ത വഴ്യന്ന്യെ നിങ്ങള് വന്നത് “, ഞാൻ ചിരിച്ചു.
എന്റെ ഓഞ്ഞ കോമഡിയിലൊന്നും ശ്രദ്ധിക്കാതെ സണ്ണി,
“ഈ വീട്ടിൽ കുറെ മുറികളില്ലേ?”
“ഉണ്ടല്ലോ, ഇഷ്ടം പോലെ”, ഞാൻ പറഞ്ഞു.
“അതിൽ ചിലത് അടഞ്ഞു കിടക്കുന്നില്ല്യെ?”
“ഉം… അതിന്?”, എന്റെ സംശയം സണ്ണി മൈൻഡ് ചെയ്തില്ല.
“ആ മുറി?, നല്ല നീളമുള്ള ചൂണ്ടുവിരൽ പടിഞ്ഞാറു വശത്തെ മുറിയിലേക്ക് ചൂണ്ടി, കണ്ണിലൊരു നിഗൂഢതയൊളിപ്പിച്ച് സണ്ണി എന്നെ നോക്കി.
“അതോ… അവ്ടെ ഒരു മണ്ണാങ്കട്ടീം ല്യാട്ടോ. അതു തെങ്ങു കേറുമ്പോ നാള്യേരം ഇട്ടുവെയ്ക്കുന്ന ഒരു കുടുസ്സുമുറി.
“അതാ … “, സണ്ണിക്ക് ആശ്വാസം വരാഞ്ഞ് ആ ചരിഞ്ഞ തോളൊന്നു കുലുക്കി വട്ടം കറങ്ങി, കിണറിന്റെ വാക്കല്ലിൽ ചവിട്ടി, ലാൻഡ് ചെയ്തു.
“എന്നാലും കുട്ടി ആ മുറിയില് പോയിരുന്നോ?”
സണ്ണി വീണ്ടും ക്രോസ് വിസ്താരം തുടങ്ങി.
” ഉം… അവല് നനക്കാൻ, തേങ്ങയെടുക്കാൻ പോയി. ശർക്കരേം നാളികേരോം കൂട്ടിക്കുഴച്ചാൽ എന്താ ടേസ്റ്റ് എന്നറിയാമോ? വായിലൂറിയ വെള്ളം കാരണം അറിയലങ്ങട് വഴുക്കി. മെനക്കെട്ട അക്ഷരം ‘റ’ അങ്ങന്യാ, ഇത്തിരി വെള്ളം നനഞ്ഞാ അപ്പ വഴ്ക്കും, ഞാൻ ആശ്വസിച്ചു.
“സണ്ണിക്ക് തീറേറല് അത്യാവശ്യം ശ്രദ്ധയുണ്ടെന്ന് തോന്നുണു”, സണ്ണിയുടെ പൊണ്ണത്തടിയിൽ ഒന്നു ഉഴിഞ്ഞു നോക്കി ഞാൻ ചോദിച്ചു. സണ്ണി ഉത്തരം പറഞ്ഞില്ല.
‘ഉം…പുള്ളിക്ക് ചോദ്യം ചോയ്ക്ക്യാൻ വല്യേ ഇഷ്ടാന്നു തോന്നുണു, ഉത്തരം പറയാൻ ശ്ശി ബുദ്ധിമുട്ടും ഉണ്ട് ട്ടോ ‘, ഞാൻ മനസ്സിൽ സണ്ണിക്കൊരു സ്വഭാവസർട്ടിഫിക്കറ്റ് എഴുതി വെച്ചു.
“ആ മുറിക്ക് ഒരു മണിച്ചിത്രത്താഴുണ്ടോ?”, സണ്ണി വീണ്ടും വിരൽ ചൂണ്ടി.
“എന്തൂട്ട്?…കോപ്പാണ്, ഒരു തുരുമ്പുപിടിച്ച ഓടാമ്പലാ, ഒന്ന് പോയേ സണ്ണി… ഓരോ നൊണ പറയാണ്ട്.”, ഞാൻ ഒരു തരി മൈൻഡ് ചെയ്തില്ല.
“ദാ… അപ്രത്ത് കാണണത് പ്രൊഫസറുടെ വീടല്ലേ? മഹാദേവൻ, അല്ലിയുടെ കാമുകൻ?”, റോഡിന് അപ്പുറത്തെ വീട്ടിലേക്കാണ് കക്ഷിയുടെ വീക്ഷണം.
“മമ്… അയാളിവിടെ ഒരു കോളേജിൽ പഠിപ്പിക്ക്യാന്ന് അറിയാം. പിന്നെ അല്ലി, വല്ലി കേസുക്കെട്ടൊന്നും എനിക്ക് അറിയില്യാട്ടോ..”
“അല്ല, ആരാ, തൃശ്ശൂരിലെ ഈ അല്ലി?, എന്നാലും അറിഞ്ഞാൽ തരക്കേടില്ല എന്നു എനിക്ക് തോന്നി. ഒരു പ്രേമം, ഒളിച്ചോട്ടം കഥയുടെ സസ്പെൻസ് വെറുതെ കളയണ്ട, വല്ലോരുടെ ഇമ്മാതിരി കാര്യങ്ങള് അറിയാൻ ആർക്കാ ജിജ്ഞാസ ഇല്ലാത്തെ?, ഞാൻ സണ്ണിയുടെ അടുത്തേക്ക് നീങ്ങി നിന്നു.
കഷ്ടം! ഒന്നും കേൾക്കാൻ എനിക്കു യോഗണ്ടായില്ല.
“മ്യാവൂ… “, അമ്മാമ്മയുടെ കറുത്ത പൂച്ച വട്ടം ചാടിയോടി. അതിന്റെ കണ്ണ് ഉച്ചവെയിലിലും തിളങ്ങി. സണ്ണി അല്ലിയെ മറന്ന് പൂച്ചയുടെ പുറകെ ഓടി പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപ്പോലെ തിരിച്ചോടി വന്നു.
“ഇയാള് വെക്കേഷൻ വന്നതല്ലെ?”
“ങ്… ഹാ, കൽക്കട്ടെലാ വീട് ല്ലേ?”, മാലപ്പടക്കത്തിന് തീ പിടിച്ച പോലെ ഇടതടവില്ലാണ്ട് ചോദ്യങ്ങളങ്ങനെ പൊട്ടി ചിതറി.
“കുന്താണ്… എന്റെ വീട് അടുത്ത വഴീല്, എന്താ ബോംബെന്നും കൽക്കട്ടെന്നും വന്നാലെ, വെക്കേഷനാകൂ. ഒന്ന് പോ… സണ്ണ്യേ, എനിക്ക് ഈ തകരപ്പാട്ട പൊക്കിയെടുക്കണം”, എനിക്ക് ദേഷ്യം വന്നു.
“ഓ… പിന്നെ നാട്ടീന്നു പൊറത്തു പോണത് ഇപ്പൊരു വല്യേ കാര്യല്ലേ?”, എന്റെ ദേഷ്യം ഞാൻ തന്നെ ചീറ്റി, ഊതിപറപ്പിച്ചു വിട്ടു.
ഞാൻ കിണറിന്റെ ആഴത്തിലേക്ക് എത്തിച്ചു നോക്കി. പാമ്പേരിയുടെ എണ്ണം കൂടി കൂടി അവസാന ചുറ്റുവളയത്തിൽ നോട്ടം എത്തിയപ്പോഴേക്കും തലകറങ്ങി. ഞാൻ താഴെ കിണറിന്റെ തൂണിൽ പിടിച്ച് മെല്ലെ താഴെയിരുന്നു.
“ഇവിടത്തെ കാരണവർ തമിഴ് നാട്ടില് പോയിട്ടുണ്ടോ? നർത്തകി, നാഗവല്ലി, അങ്ങനെ വല്ലവരും കൂടെ വന്നിട്ടുണ്ടോ?”
“ഞങ്ങടെ അപ്പാപ്പൻ പണ്ട് തമിഴ് നാട്ടില് പോയിട്ടുണ്ട്, വേളാങ്കണ്ണി മാതാവിന്റെ പള്ളീല് പോയീന്നും കൊറച്ച് നേർച്ചേം വെന്തിങ്ങ്യം കൊണ്ടന്നൂന്ന് കേട്ട്ണ്ട്, അന്ന് ഞാൻ തീരെ ചെറീതായിരുന്നു സണ്ണി .” ഞാൻ പിന്നെ കൊറെ ആലോചിച്ചു നിന്നു.
ചൂണ്ടുവിരൽ തലച്ചോറിനു നേരെ ചൂണ്ടി ട്രിഗർ ചെയ്ത് ലോംഗ് ടേം മെമ്മറിയെ ഉണർത്തി, ‘അമ്മായിക്ക് ഒരു ചോന്ന ചിന്നാളം പട്ടുസാരി കൊണ്ടുവന്നത് മുണ്ടുംപ്പെട്ടീല് വെച്ചട്ട്, പാറ്റ നക്കീന്ന് പറയണ കേട്ടിട്ടുണ്ട്’.
“അതന്നെ, കുട്ടി, ഒന്നുകൂടി ഓർമ്മിയ്ക്കാൻ ശ്രമിച്ചു നോക്കൂ, തമിഴ്, ചുവപ്പ്, പട്ടുസാരി… പോരട്ടെ, പോരട്ടെ, എന്തൊക്കെയോ കുട്ടിക്ക് ഓർമ്മ വരുന്നുണ്ടല്ലെ” , സണ്ണി എന്റെ തലച്ചോറിനെ കുത്തിപ്പിഴിയുകയായിരുന്നു.
“ങ്‌ഹാ… പിടി കിട്ടി. ഇനി വല്ല മാർഗംകളികാരികള് അന്ന് അപ്പാപ്പന്റെ കൂടെ പോന്നോ ആവോ, അതെനിക്ക് നിശ്ചയില്ല്യാട്ടോ “, ഞാൻ സണ്ണിക്ക് ഒരു ത്രെഡ് ഇട്ടുകൊടുത്തു.
“അതേ, നാഗവല്ലി, അവൾ പ്രണയിനി, അവളെ കൊന്ന്, കാരണവർ, ആ ബാധയെ കുടിയിരിത്തിയ മുറി, ആ
ബാധയാണ് ഇപ്പോൾ കുട്ടിയിൽ കയറിക്കൂടിയിരിക്കണെ. അതാണ് ഈ തല ചുറ്റല്. ഇവിടെ ശ്രീദേവിക്കല്ല പ്രാന്ത്…, കാരണവരുടെ ഡമ്മി വെട്ടിയിട്ട് ചോര കുടിക്കാൻ തരണ്ടാക്കാം.” സണ്ണി തന്റെ കണ്ടെത്തലിൽ ആനന്ദിച്ച് ഒരു വിജയച്ചിരി ചിരിച്ചു.
അമ്മാമ്മയുടെ പൂച്ച വെയിലത്ത് ഉണങ്ങാനിട്ട നെല്ലു കൊത്തി തിന്നാനിറങ്ങിയ പൂങ്കോഴിയുടെ നേരെ മയമില്ലാതെ മ്യാവൂ മുരണ്ടു. പറന്നു പൊന്തി പൂവൻ തിണ്ണയിലെ കിണ്ടിയുടെ മണ്ടക്ക് കയറി. ഓട്ടു കിണ്ടിയുടെ വെള്ളക്കുഴലിൽ വെരല് കുടുങ്ങി, കിണ്ടി മാത്രം മറിഞ്ഞു.
ണിം, ണിം, ണിം… മൂന്നു സ്റ്റെപ്പും തെറ്റാതെ ഇറങ്ങി കിണ്ടി മുറ്റത്തുരുണ്ട് എന്റെ തൊട്ടടുത്തെത്തി. പേടിച്ചുവിരണ്ട പൂച്ച, മ്യാവൂ കരഞ്ഞ്, ഇത് നിന്റെ യോഗം എന്ന് കിണ്ടിയോടും എന്നോടും പറഞ്ഞ് സ്ഥലം വിട്ടു.
“അതിന് ദുർഗാഷ്ടമി ആവണ്ടെ?”, കണ്ണൊക്കെ വട്ടം പിടിച്ചു, പുരികം വളച്ച്, കൃഷ്ണമണി കറക്കി, കിതച്ച്, വിയർത്ത്, നാഗവല്ലി ഉടൻ എന്റെ ദേഹത്ത് വിക്രിയ തുടങ്ങി. ഞാൻ കിണ്ടിയിൽ മുറകെ പിടിച്ചു.
“ആ പെങ്കുട്ടി വെള്ളം കോരാൻ പോയിട്ട് കാണാനില്ലല്ലോ”, അമ്മാമ്മ പര്യേപ്പുറത്തെ ഇറയത്തെ ആട്ടുക്കല്ലിന്റെ അടുത്തേക്ക് നീങ്ങി നിന്ന്, കിണറ്റിൻക്കരയിലേക്ക് തലനീട്ടി നോക്കി, ആത്മഗതം ഉറക്കെ ഉച്ചവെയിലിലേക്ക് ഉന്തിയിറക്കി.
“അയ്യോ… മാതാവേ… ന്റെ കുട്ടിയ്ക്കെന്താ പറ്റ്യേ… ഉച്ച ചൂട് കൊണ്ടട്ട് തല ചുറ്റീന്നാ തോന്നണേ.”, അമ്മാമ്മ അലറി കരഞ്ഞു.
അമ്മാമ്മയും ഓടിക്കൂടിയ പരിവാരങ്ങളും ചേർന്ന് എന്നെ പിടിച്ചു പൊക്കി.
” ഇത് എന്തിനാപ്പോ ഇറുക്കി പിടിച്ചിരിക്കണെ? “, നാഗവല്ലിക്ക് കിണ്ടിയോടുള്ള ഇരിപ്പുവശം അറിയാത്ത എളേമ്മ, ബലമായി എന്റെ വിരലുകൾ കിണ്ടിയിൽ നിന്നും ഊരിയെടുത്തു.
അകത്തെ കയറുകട്ടിലിൽ വിരിച്ച ചൂടുള്ള കിടക്കയിൽ ഞാൻ ഒന്നു കൂടി വിയർത്തു, ഞാൻ ചുറ്റും കൂടിയവരെ കൺമിഴിച്ചു നോക്കി.
“ച്ചിലിം… ച്ചിലിം… ദേ, ചിലങ്ക കിലുങ്ങണ സ്വരം, കേക്കണില്ലെ… നിങ്ങള് തട്ടും പൊറത്ത് ന്ന്… ഒരു തോം… തോം… തോം…. ശബ്‍ദം?”, ഞാൻ ഒച്ചവെച്ചു.
കുട്ടിക്കൂട്ടം ചെവി കൂർപ്പിച്ച് പ്രേതങ്ങളുടെ ബാക്ക്ഗ്രൗഡ് സ്കോർ വല്ലതും കേൾക്കുന്നുണ്ടോയെന്ന് പരിശോധിച്ചു. സംശയ നിവൃത്തിക്കായി പരസ്പരം നോക്കി. കൂട്ടത്തിലെ ചീട് ചെക്കൻ പേടിച്ചു കണ്ണടച്ചു.
“പ്രേതങ്ങളൊക്കെ വൈന്നേരോം രാത്രിക്കുമൊക്കെയല്ലെ എറങ്ങാ?, രണ്ടര ഷോർട്ട്സൈറ്റ് പവറുള്ള സോഡാക്കുപ്പി ചില്ലു കണ്ണാട വെച്ച ബുദ്ധിജീവി കസിൻ മൊഴിഞ്ഞു. അമ്മാമ്മ ആധി മൂത്ത് ഉറക്കെ കരഞ്ഞു.
“ങേ… ഇവള് എന്തൂട്ടായി പറയണേ? ആദ്യപകുതി, പ്രേതവിശേഷം മാത്രം കേട്ട അമ്മാമ്മ പേടിച്ചു വിറച്ചു.”
കുട്ടിപരിവാരങ്ങൾ കോറസ്സ് പാടി, “ഓ…ഇത് സിനിമ അമ്മാമ്മേ, ഇവൾക്കൊരു ചുക്കും ല്യ, ഇവള് നാഗവല്ലി കളിക്ക്യാ .”
“ആര്… നാകവല്യാ… ഏതാ ഈ മാരണം?, അമ്മാമ്മയുടെ ജസ്റ്റ് ക്യൂരിയസ് ചോദ്യം കേട്ട് പിള്ളേർ സെറ്റ് കൂക്കി ചിരിച്ചു.
“നാകവല്ലി ല്യ അമ്മാമ്മേ, നാഗവല്ലി, മണിച്ചിത്രത്താഴ് സിനിമ കാണാൻ ഞങ്ങളെ കൊണ്ടുപോയില്ലെ, അതിലു് ഇങ്ങനൊക്കിണ്ട്, ഇവള് അതിലെ ശോഭനെപ്പോലെ ഗോഷ്ടി കാണിക്ക്യാ, അതു നല്ല രസണ്ടാർന്നു കാണാൻ, ഇതു വെര എളക്യേ പോലെ…”, ചിരിമണികൾ ഉതിർന്നു വീണു.
അമ്മാമ്മയുടെ ശ്വാസകോശം പെരുപ്പിച്ച് വിലങ്ങിയ ശ്വാസം തിരിച്ചിറങ്ങി, ചട്ടയിൽ നെഞ്ചു കുടഞ്ഞു. നീട്ടിയൊരു നിശ്വാസം പുറത്തേയ്ക്കു തള്ളി അമ്മാമ്മ പൂർവ്വസ്ഥിതി പ്രാപിച്ചു.
“ഇതാ പറയണെ, അമ്മാമ്മ എടയ്ക്ക് സിനിമ കാണണെന്ന്, ഈ അമ്മാമ്മയ്ക്ക് ഒന്നറിയില്ല”, ചെക്കൻ ഉറക്കെ ചിരിച്ചു. എൺപതിന്റെ പടിവാതിലിൽ മുട്ടി വിളിയ്ക്കാൻ നിക്കണ അമ്മാമ്മയ്ക്കത് തീരെ പിടിച്ചില്ല. ഇക്കാലമത്രയും സ്വരുക്കൂട്ടിയ അറിവ് ഒന്നൂല്യാത്രേ!
“പോടാ നരുന്ത് ചെക്കാ, ന്റെറിവ് അളക്കാൻ വന്നേക്കുണു, ഞാൻ നിന്നെ ഇണ്ടല്ലോ “, അമ്മാമ്മ അവനു നേരെ കൈയ്യോങ്ങി. ചെക്കൻ നൈസായിട്ട് കുനിഞ്ഞ് വളഞ്ഞ് ഒഴിഞ്ഞു മാറി, അമ്മാമ്മയുടെ തല്ല് വേസ്റ്റാക്കി.
‘ഒരു മുറൈ വന്നു പാത്തായോ?,’ ഞാൻ ഈണത്തിൽ പാടി.
“ദേ… അവളു പിന്ന്യേം തൊടങ്ങി, നാഗവല്ലി ബാധ എറങ്ങീല്യാന്ന് തോന്നുണു, അമ്മാമ്മേ… “, പിള്ളേർ കൈചൂണ്ടി ചിരിച്ചു.
അടുത്ത സ്‌ലിം, സ്‌ലിം ബീറ്റിന് ഞാൻ കാത്തുക്കിടന്നു. ചിലങ്ക ഇപ്പോൾ കിലുങ്ങുമെന്നുള്ള സീൻ സീക്വൻസ് തെറ്റില്ലല്ലോ.
തട്ടിൻപ്പുറത്തെ ആൾ പൊക്കത്തിലുള്ള ഉപ്പുമാങ്ങ ഭരണികൾക്കിടയിലൂടെ എലികൾ ഓടിപ്പാഞ്ഞു. മുകളിൽ മൺഭരണികൾ താളത്തിൽ കിലുങ്ങി.
നേരം പോണൂ…ഡ്യൂവറ്റ് പാടിക്കളിക്കാൻ മഹാദേവൻ വന്നില്ല, ഇനി ഞാനയാളുടെ പേര് മാറി പറഞ്ഞോ? ഓർത്തും പേർത്തും കണ്ണുരുട്ടിക്കാട്ടി, പൈത്യം പിടിച്ച ഞാൻ കട്ടിലിൽ കിടന്നു. മരവാതിലിൽ കട്ടിളക്കുഴിയിൽ തിരിഞ്ഞു തുറക്കണ ശബ്ദം കേട്ടു നടുങ്ങി.
“ഇവൾടെ ബാധ ഞാനിപ്പോ എറക്കിത്തരാം… ഈ പെങ്കുട്ടീടെ ഉച്ചപ്രാന്ത്, ഓരോരോ സൂക്കേട്”, അമ്മാമ്മ അങ്കം കുറിച്ചു.
അമ്മാമ്മ കാരണവർ – ഡമ്മിവെട്ട് സെറ്റപ്പ് ഉണ്ടാക്കാൻ പോകയാണെന്ന് കരുതി പിള്ളേർ ഉഷാറായി.
“ഇനിയിപ്പോ വെട്ടും ചോരേം പൊകെം, എല്ലാം കൂടി നല്ല രസാവും”, കുഞ്ഞിക്കൈകൾ കൂട്ടിത്തിരുമ്മി പകുതിപ്പേർ കട്ടിലിനു ചുറ്റും ബാക്കി പിള്ളേർ അമ്മാമ്മയ്ക്കു പിന്നാലെയും നടന്നു.
അമ്മാമ്മയുടെ തൂവെള്ള മുണ്ടിന്റെ വിശറിഞൊറികൾ താളത്തിലാടി അടുക്കളയിൽ പോകുന്നത്, പുകമറയിൽ ഞാൻ കണ്ടു. അപ്പോഴും പ്രതീക്ഷ കൈവിടാതെ ഞാൻ മഹാദേവനെ കാത്തു കിടപ്പാണ്.
‘ധും…’
ദാ… വന്നു, മഹാദേവനല്ല!
ഒരു മൊന്ത നല്ല തണുത്ത വെള്ളം!
അമ്മാമ്മ വെള്ളം എന്റെ മുഖത്തേക്ക് ആഞ്ഞൊഴിച്ചു. മൺകൂജ ചരിച്ചൊഴിച്ച് മൊന്ത നിറച്ച വെള്ളത്തിന് നല്ല അസ്സൽ തണുപ്പ്. ആ തണുപ്പില് നാഗവല്ലി ബാധയ്ക്കു പിടിച്ചു നിൽക്കാൻ പറ്റീല്യ.
ധിം.. തില്ലാന തില്ലാന… ധിം തരികിട ധോം.
ബാധ ഉരുണ്ടുപിരണ്ടു എന്റെ ദേഹത്തു നിന്നു ഇറങ്ങിപ്പോയി. എന്റെ കാതിൽ മദ്ദളം കൊട്ടുന്ന ശബ്ദം മാത്രം മുഴങ്ങി.
“എന്താത്?, തലക്കുടഞ്ഞു എണീറ്റിരുന്ന ഞാൻ, ചതുരാകൃതിയിലുള്ള മരയഴിയിട്ട ജനാലയിലൂടെ ഉമ്മറത്തേക്ക് കണ്ണെറിഞ്ഞു.
‘ദേ…ഉമ്മറത്തു് സണ്ണി! ‘, സണ്ണി ജനാലയുടെ അടുത്തേക്ക് നീങ്ങി നിന്നു.
“അപ്പോ, ഡമ്മി വേണ്ട, തണുത്ത വെള്ളം ആയാലും മതി. സ്പ്ലിറ്റ് പേർസണാലിറ്റി ഡിസോർഡർ മാറിക്കിട്ടും, എനിക്കിപ്പോൾ പ്രൂഫ് ഉണ്ട്. ഇതുവെച്ച് എനിക്കൊരു തിസീസ് എഴുതണം.”
കുറച്ചുനേരം കൈക്കെട്ടി, നീണ്ട ഉമ്മറത്തിന്റെ കിഴക്കെയററത്ത് ഇട്ടിരിക്കുന്ന കരിവീട്ടിയിൽ പണിത, അപ്പാപ്പന്റെ ചാരുകസേരയിലേക്കും ചിത്രപ്പണിയുള്ള വാതിൽപ്പാളികളിലേക്കും മാറി മാറി നോക്കി. ഇമവെട്ടാത്ത നോട്ടത്തിൽ ഡോക്ടർ എന്തോ ആലോചിക്കുകയാണ് എന്ന് ഞാൻ കണക്കുകൂട്ടി.
‘ഇയാൾക്കീ പഴയ മരസാമാനങ്ങൾ ഒരു വീക്ക്നസ്സാന്നാ തോന്നണത്, ഇനി ഇവിടെ താഴും പൂട്ടും തിരയാവോ?, ഞാൻ എന്നോട് തന്നെ സംശയം ചോദിച്ചു.
“അല്ല, ആ പഴയ ചാരുകസേര തനിയെ ആടുണൊന്നും ഇല്യാലോ, ഇയാൾ എന്താത്ര അങ്ങട് നോക്കണെ?, ഞാൻ കഴുത്തു നീട്ടി, ജനാലയിലൂടെ ഏന്തിവലിഞ്ഞു നോക്കി.
‘അല്ല… ആ കസേര തന്നെ ആടുണ് ണ്ട്ന്നാ നിക്കു തോന്നണെ, സംശയം അരിച്ചു കയറി, തല പെരുത്ത്, ഞാൻ കണ്ണുകൾ തെരുതെരാ അടച്ചു തുറന്നു.
അമ്മാമ്മയുടെ കൈയിലെ മൊന്ത വീണ്ടും കിലുങ്ങി. മൊന്തക്കടിയിലെ വെള്ളം വിറച്ചു പുറത്തേക്ക് ചാടാൻ തയ്യാറെടുത്തു.
“ഏയ്… എനിക്കിത് എന്തിന്റെ കേടാ? എല്ലാം ചുമ്മാ തോന്നണതാ, ഞാനെന്റെ കവിളിൽ രണ്ടു കുഞ്ഞു തല്ലു കൊടുത്തു. അടങ്ങി കിടന്നോ, അല്ലെങ്കില് ഇനി അമ്മാമ്മ തണുത്ത വെള്ളം തിളപ്പിച്ച് ഒഴിക്കൂ ട്ടോ, ഞാൻ എന്നെ തന്നെ ശാസിച്ചു കിടത്തി. വെറുതെ ഒരു ഹൊറർ, ഞാൻ ഊറിച്ചിരിച്ചു.
“കുട്ടീ, സണ്ണി വിളിച്ചു.
എനിക്ക് ചിലപ്പോൾ കുട്ടിയുടെ സഹായം ആവശ്യമായി വരും, അപ്പോൾ സഹായിക്കണം.” സണ്ണി മുണ്ട് മുറക്കിച്ചുറ്റി, തലേക്കെട്ടൊന്നു കുടഞ്ഞു അഴിച്ചുക്കെട്ടി.
” ങ്ഹാ… ഒരു പ്രാവശ്യം ബാധ കേറ്യേ ക്ഷീണം നല്ലോണം മാറീട്ടില്യ, അപ്പളാ ഇനി ഞാൻ സഹായം ചെയ്യണേ?, ഞാൻ അവശതയോടെ നോക്കി. എന്നാലും ചെയ്യാം, സണ്ണി ചോദിച്ചതല്ലേ”, ഞാൻ കോട്ടുവായിട്ടു ക്ഷീണം പറത്തി വിട്ട് പിക്കപ്പ് ആയി.
അയാൾ ഒന്നു കുലുങ്ങി, കണ്ണിറുക്കി ചിരിച്ചു, വലതുകാൽ പൊക്കി ചാടിത്തിരിഞ്ഞു വട്ടം കറങ്ങിനിന്നു, പെട്ടെന്നു എന്തോ ഓർത്ത പോലെ ധൃതിയിൽ ഉമ്മറത്തെ ചവിട്ടുപ്പടികൾ ഓടിയിറങ്ങി മുററത്തെത്തി.
ഞാൻ പിന്നേയും എന്തൊക്കെയോ പിറുപിറുത്തു.
സണ്ണി, പൂച്ച, കിണ്ടി, ദുർഗാഷ്ടമി…
#ഹൊറർ

******
വാൽകഷ്ണം :തൃശ്ശൂർ സംസാരശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്.
കൊറച്ച്…. കുറച്ച്
മ്മള്…… നമ്മൾ
ഇതന്ന്യെ….. ഇതു തന്നെ
വിടാണ്ട്… തുടർച്ചയായി
വർത്താനം… വർത്തമാനം.
ചോപ്പ്… ചുവപ്പ്.
ക്ടാവ്… കുട്ടി
നട്ടപ്ര… നട്ടുച്ച
കേററിയ… കയററിയ
ചുള്ളൻ… ചെറുപ്പക്കാരൻ
നാള്യേരം…നാളികേരം
അപ്രത്ത്… അപ്പുറത്ത്
വെന്തിങ്ങ്യം… വെന്തിങ്ങയും
നിക്കണ… നിൽക്കുന്ന
നരുന്ത്… ചെറിയ
ആട്ണു… ആടുന്നു.
നറുങ്ങിണി പിറുങ്ങിണി —-ചെറിയ കുട്ടികൾ
കണശ കുണശ —സില്ലി
ഓടാബല്… വാതിൽ പൂട്ട്
പൂട്ട് —പുട്ട് പലഹാരം.
പര്യേപ്പുറം… അടുക്കളവശം.
വെരല്… വിരൽ
ചീട് ചെക്കൻ… ചെറിയ ആൺകുട്ടി.
കണ്ണാട… കണ്ണട
പാമ്പേരി… ചുററുവളയം
എളേമ്മ… ഇളയമ്മ
വെര… വിര


26 Comments
പുതിയ മണിച്ചിത്രത്താഴ് കലക്കി ….. എത്ര രസമാണ് തൃശൂർ ഭാഷ……. നന്നായി ആസ്വദിച്ചു👍❤️
മിനി സുന്ദരേശൻ, Thank you. ആസ്വദിച്ചു എന്നു കേൾക്കുമ്പോൾ സന്തോഷം.🥰🙏
. എൻ്റെ ഈശോയെ ഫാസിലിനെ കടത്തി വെട്ടി ,കിടു സമ്മതിച്ചു എഴുത്തുകാരി നർമ്മവും നന്നായി വഴങ്ങും . പിന്നെ പണ്ടത്തെ പൂച്ച കഥയുടെ ലിങ്ക് ഒന്നു കൂടി Post ചെയ്യുമോ dear💕💕🥰🥰
Thank you Seji, പൂച്ചക്കഥ post ചെയ്യാം ട്ടോ.🫂
എന്താ പറയുക ????സൂപ്പർ ആയിട്ടുണ്ട് കേട്ടോ❤️👌👌👌👌👌👌അഭിനന്ദനങ്ങൾ ❤️❤️👌👌👌👌👌❤️❤️
ജിനു, നന്ദി, ഒത്തിരി സന്തോഷം.
തൃശൂർ നാഗവല്ലി ആടി തിമിർത്തല്ലോ— തൃശൂർ ഭാഷേലുള്ള ഈ മണിച്ചിത്രത്താഴ് ഒരൊന്നൊന്നര സംഭവായീ ട്ടാ— ഹാസ്യവും ഈ കയ്യിൽ ഭദ്രമാണല്ലേ– സമ്മതിച്ചു.. മുഷീല്യ ഒട്ടും മുഷീല്യ– സംഗതി കേമായിട്ട്ണ്ട്.👌❤️👍
ടheejith, thanks dear.🙏
നന്നായിട്ട്ണ്ട്കഥെടെ ഭാഷ. ഇഷ്ടായിട്ടാ. ജോയ്സെ ഇനീംഎഴൂതണെ ഇബടെ ത്രശ്ശൂര് ഭാഷേല്ട്ടാ.
Rita Chechi, thank you.
🥰🫂
ഹേയ് ഗഡീ.. പൊരിച്ചൂന്ന് പറഞ്ഞാ പൊരിച്ചൂ.. 👌🏻👌🏻👌🏻👌🏻മ്മടെ ത്രിശ്ശൂര് ഭാഷ, അതൊരു സംഭവന്ന്യാ ട്ടാ.. 😍😍 ആ കൈ ഇങ്ങട് തന്നെ. തായോ..ഒന്ന് പിടിച്ച് കുലുക്കാനാ.. ഹൈ.. ഹസ്തദാനം ന്ന് 🤝
Suj, തൃശ്ശൂർക്കാര് പറയുമ്പോ ആത്മവിശ്വാസം ഒന്നു കൂടും. സ്നേഹം dear. 💪🫂
കൈ എപ്പഴേ തന്നു, കുലുക്കിക്കോളൂ ട്ടോ.❤️🤝
വളരെ നന്നായിരിക്കുന്നു ചേച്ചി.
തൃശൂർ ഭാഷയുടെ ആ രസം നന്നായി ആസ്വദിച്ചു.
നല്ല രസകര മായി എഴുതി ചേച്ചി 🥰👌❤️
തൃശൂർ ഭാഷ ഒരു രക്ഷയും മില്ലാട്ടോ
ഞാൻ ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി 😂😂
Pradheesh, സ്നേഹം.❤️🙏
ഈ സിനിമ എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് തന്നെ അറിയില്ല. നാഗവല്ലിയും ഗംഗയുമൊക്കെ മിക്കവരുടെയും വീട്ടിൽ സ്ഥിരതാമസമാക്കിയിട്ടുള്ള കഥാപാത്രങ്ങളാണ്. ജോയ്സിൻ്റെ ഗംഗയും നാഗവല്ലിയുമായുള്ള So called Split personality സൂപ്പർ ആയിരുന്നു. ശരിക്കും വായിച്ചു രസിച്ചു.😄💕❤️
എത്ര രസകരം ജോയ്സ് പേടിച്ചൊന്നുമില്ല പക്ഷേ ചിരിച്ചു ചിരിച്ചു കണ്ണുനിറഞ്ഞു
അടിപൊളി എഴുത്ത്❤️🌹👌
Suma, അതു മതി, രസിച്ചൂലോ…😀🙏❤️
വായനക്കും വാക്കുകൾക്കും നന്ദി, ഷേർളി.
❤️🙏🫂
ഹഹഹ… അടിപൊളി എഴുത്ത് 👌👌 തകർത്തു ചേച്ചി.. നല്ല രസമായി വായിച്ചു ❤️❤️
സിന്ധു, സ്നേഹം, സിന്ധു ചിരിക്കുമ്പോൾ എനിക്കും സന്തോഷം. ❤️🫂
മണിച്ചിത്രത്താഴിനെ സമ്പൂർണ്ണമായി ആവാഹിച്ച എഴുത്ത്. തൃശൂർ ഭാഷയുടെ ചിണുക്കവും കിണുക്കവും കൂടി ചേർന്നപ്പോൾ, ആകെ തോം തോം തോം ആയി. നന്നായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. അഭിനന്ദനങ്ങൾ ജോയ്സ്.
താര ഒത്തിരി സന്തോഷം, സ്നേഹം, നന്ദി.
❤️🫂🙏
ജോയ്സ് ഒരു തിരക്കഥാകൃത്തിന്റെ ലക്ഷണങ്ങൾ അവിടവിടെ ഒക്കെ കാണുന്നു. നമുക്കൊന്ന് ശ്രമിച്ചാലോ😀👌👌👌👌. നർമ്മം കലക്കി കേട്ടോ.
സിൽവി, ചുമ്മാ ഓരോന്നു പറയല്ലെ, ഞാൻ തിരക്കഥ എഴുതും. മലയാള സിനിമാപ്രേമികൾ സിൽവിയെ ഓടിച്ചിട്ടു തല്ലും, അതു വേണോ?😀
ഈ സിനിമ എത്ര പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് തന്നെ അറിയില്ല. നാഗവല്ലിയും ഗംഗയുമൊക്കെ മിക്കവരുടെയും വീട്ടിൽ സ്ഥിരതാമസമാക്കിയിട്ടുള്ള കഥാപാത്രങ്ങളാണ്. ജോയ്സിൻ്റെ ഗംഗയും നാഗവല്ലിയുമായുള്ള So called Split personality സൂപ്പർ ആയിരുന്നു. ശരിക്കും വായിച്ചു രസിച്ചു.😄💕❤️