സൗഹൃദം, അത് സ്നേഹത്തിൻ കൈത്തിരി,
സുഹൃത്തുക്കൾ ബന്ധുക്കളായി മുന്നിൽ.
സ്വർഗ്ഗീയമാം ബന്ധമതിൻ മധുരം,
എന്നാലും ഓർക്കുക, വേണ്ടതിലേറെയായാൽ,
അമൃതും വിഷമായ് മാറിടാം…
ആഴത്തിൽ വേരൂന്നും ചില സൗഹൃദം.
അറിയാതെ, മെല്ലെ മനസ്സിൽ പടരും,
അർബുദം പോലൊരു ഭീകരരൂപം!
ശാന്തമാം മനസ്സിനെ കാർന്നുതിന്നീടും,
സമാധാനം കെടുത്തി, ഉറക്കം കെടുത്തും.
കുടുംബബന്ധത്തിൻ
കോട്ടകൾ തകർക്കും,
കരയുന്ന കണ്ണുകൾ സമ്മാനമായിടും.
അതിരുകൾ മായും,
അടുപ്പം വിഷമാകും,
സ്വയം നഷ്ടമാകുന്ന
വേദന അറിയും..
ആപത്തിൻ വാതിൽ
തുറക്കും ബന്ധങ്ങൾ,
അലിവില്ലാതൊരു ദുർവിധി പോലെ.
അർബുദമാം കോശം
മുറിച്ചു മാറ്റുന്നപോൽ,
ആ വിഷബന്ധത്തെ
വേരോടെ പിഴുതെറിയണം.
അല്ലെങ്കിൽ ജീവിതം,
തകർന്നൊരു തോണി പോൽ,
മരണത്തിൻ തീരം തേടി നീങ്ങും.
ഓരോ ബന്ധത്തിലും
വേണ്ട അതിർവരമ്പ്,
തുടങ്ങുമ്പോൾ തന്നെ വരച്ചീടണം.
അളവറിഞ്ഞാൽ മാത്രം
അമൃതാകും സൗഹൃദം,
അല്ലെങ്കിൽ ജീവിതം കയ്ച്ചുപോകും….
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


1 Comment
നല്ല വരികൾ ! സംഗതി സത്യവും.❤️