നന്ദു ആലോചിക്കുകയായിരുന്നു താൻ യാത്ര ചെയ്യാൻ തുടങ്ങിയിട്ട് എത്ര കാലങ്ങളായി…
ആദ്യം എട്ടുവർഷം സൗദി അറേബ്യയിൽ പിന്നീട് പതിനാറു വർഷം അബുദാബിയിൽ പിന്നെ ലോകം മുഴുവനും ഓഫ് ഷോറിൽ ജോലി സംബന്ധമായി കറങ്ങി. തനിക്ക് ഫാമിലി ലൈഫ് ഇതുവരെ കിട്ടിയിട്ടില്ല. ഇത്തവണ ലീവിന് ചെന്നപ്പോൾ സിന്ധുവിന് വിഷമം.. ഇനിയെങ്കിലും ഇത് മതിയാക്കരുതോ? അങ്ങനെ പോന്നാൽ നമുക്ക് ജീവിക്കാൻ എന്തെങ്കിലും ഒക്കെ സേവ് ചെയ്യേണ്ടേ? ഇത്രയും നാൾ എന്റെ കുടുംബത്തിന്റെയും നമ്മുടെ മക്കളുടെയും കാര്യം നോക്കി. ഓരോ യാത്ര കഴിയുമ്പോഴും വിചാരിക്കും ഇതിനൊരു അവസാനം വേണമെന്ന്… സിന്ധുവിനെ വിഷമിപ്പിക്കാതിരിക്കാൻ പലപ്പോഴും തമാശയോടെ പറയും.
ഇപ്പോൾ മൂന്നുമാസം കൂടുമ്പോൾ വരുന്നില്ലേ? നിനക്ക് സങ്കടം ആണെങ്കിൽ അത് ആറുമാസത്തിൽ ഒരു മാസമാക്കാം.
തുളുമ്പി വരുന്ന കണ്ണുകൾ തുടച്ച് അവൾ ചിരിക്കും. പിന്നെ എൻ്റെ കവിളിൽ മെല്ലെ ചെറിയ അടിതരും.
നന്ദേട്ടന് അങ്ങനെയൊക്കെ പറയാം. ഞാൻ എത്ര നാളായി ഒറ്റയ്ക്ക് ഈ ഭാരം ഒക്കെ ചുമക്കുന്നു. പൈസ അയച്ചു തന്നാൽ മാത്രം പോരല്ലോ? എന്തൊക്കെ കാര്യങ്ങൾ നാട്ടിൽ നിന്നാൽ നോക്കണം. മക്കളുടെ പഠിത്തമൊക്കെ കഴിഞ്ഞു. അവർ ജോലിക്ക് ശ്രമം തുടങ്ങി.
ലീവ് കഴിഞ്ഞു പോകുമ്പോൾ താൻ പറഞ്ഞു, ഞാൻ അധികം നാൾ ഇനി ഷിപ്പിൽ പോകുന്നില്ല. പിള്ളേര് പലസ്ഥലത്തേക്കും ജോലി കിട്ടി പോയി തുടങ്ങിയാൽ താൻ തനിച്ചാകും. ഞാൻ അടുത്ത ലീവ് കഴിഞ്ഞാൽ ഒരു പ്രോജക്റ്റും കൂടി എടുക്കും. അതിനുശേഷം നാട്ടിൽ വന്നിട്ട് വേണം നമുക്ക് സ്വസ്ഥമായി കഴിയാൻ…
എയർപോർട്ട് അടുക്കാറായി സിന്ധുവിന്റെ മനസ്സ് വീണ്ടും ശൂന്യമായി തുടങ്ങി. വിളിക്കാൻ വരുമ്പോൾ ഉള്ള ഉത്സാഹവും എനർജിയും ഒന്നും തിരികെ യാത്രയാക്കുമ്പോൾ തോന്നില്ലല്ലോ? ഈ പ്രാവശ്യം ലീവിന് വന്നപ്പോൾ പലസ്ഥലങ്ങളിലും മക്കളും സിന്ധുവുമായി കറങ്ങി. ഈ ഓർമകൾ മാത്രം ആണ് ജോലിസ്ഥലത്ത് പിടിച്ചു നിർത്തുന്നത്. കുറുച്ചു നാളുകൾ അങ്ങനെ കടന്നു പോയി. ഒരു ദിവസം സിന്ധുവിന്റെ ഫോൺ. മക്കൾക്ക്എ ല്ലാവർക്കും ജോലി ആയി എന്നുള്ള വാർത്ത സന്തോഷവും അതിനെക്കാൾ സമാധാനവും ആയി. സിംഗപ്പൂർ, കാനഡ, ബഹറിൻ എന്നിവിടങ്ങളിൽ കുട്ടികൾ മൂന്നു പേരും ചേക്കേറി. അത്രമേൽ സന്തോഷത്തോടുകൂടിയാണ് അതു ശ്രവിച്ചത്. എല്ലാവരും ജോലിസ്ഥലത്തേക്ക് പോയിക്കഴിഞ്ഞപ്പോൾ സിന്ധു ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞു തുടങ്ങി.
പിന്നെ ലീവിന് വരുമ്പോൾ ആ വീട്ടിൽ നന്ദനും സിന്ധു മാത്രം. കുട്ടികളുടെ ഒച്ചയും ബഹളങ്ങളും ഇല്ല. കിളികൾ ഒഴിഞ്ഞ കൂടു പോലെ ആയി വീട്. രണ്ടു നാൾ കഴിഞ്ഞ് നന്ദനും പോകറായി. എയർപോർട്ടിൽ നന്ദനെ യാത്ര ആക്കി തിരികെ എത്തുമ്പോൾ സുമതി സിറ്റൗട്ടിൽ ഇരിക്കുന്നു(കൂട്ടുകിടപ്പുകാരി), അവരുടെ ചുമലിൽ ചാരി മനസ്സിന്റെ വേദന കടിച്ചമർത്തി.
അവരോട് സിന്ധു പറഞ്ഞു, നിങ്ങൾ ഭാഗ്യവതിയാണ്. നിങ്ങളുടെ മക്കളെല്ലാവരും നിങ്ങളുടെ കൂടെ തന്നെ ഉണ്ടല്ലോ, ദാരിദ്ര്യം ആണെങ്കിലും വഴക്കാണെങ്കിലും നമ്മുടെ കുട്ടികൾ എല്ലാവരും നമുക്ക് ചുറ്റും ഉണ്ടായാൽ അതിൽപരം സന്തോഷം വേറെയില്ല.
അവർ സമാധാനിപ്പിച്ചു. മക്കൾ എല്ലാം നല്ല നിലയിൽ ആയില്ലേ?, ഇനി മോളും സാറും ഒന്നിച്ച് സുഖമായി കഴിയണം.
അതൊന്നും നമ്മൾ വിചാരിക്കുന്നത് പോലെയല്ല സുമതി, നന്നായി വരാൻ നമുക്ക് പ്രാർത്ഥിക്കാം. അത്രയേ ഉള്ളൂ.
സമയം ഒന്നിനും കാത്തു നിൽക്കാറില്ലല്ലോ? ഒരു ദിവസം നന്ദന്റെ വിളി ഞാൻ സ്ഥിരമായി തന്റെ കൂടെ കഴിയാൻ വരുന്നു. അന്ന് എന്തുമാത്രം സന്തോഷിച്ചു എന്ന് പറയാൻ കഴിയില്ല, വേഗം വന്നാൽ മതിയായിരുന്നു. ദിവസങ്ങൾ ഒച്ചിനേക്കാൾ വേഗത കുറഞ്ഞത് പോലെ തോന്നി. ഒരാഴ്ച കഴിഞ്ഞു നന്ദൻ വരുന്ന ദിവസം സിന്ധുവിനെ പഴയതിലും ഉന്മേഷവതിയായി കണ്ടു. എയർപോർട്ടിൽ വിളിക്കാനായി താൻ വരണ്ട എന്നും ഞാൻ ടാക്സിയിൽ പോന്നോളാം എന്നും പറഞ്ഞപ്പോൾ വിഷമം തോന്നി. സാരമില്ല ഇനി എപ്പോഴും കൂടെ തന്നെ ഉണ്ടാകുമല്ലോ എന്ന് ആശ്വസിച്ചു.
അങ്ങനെ ഏതാണ്ട് രണ്ടുവർഷം തികഞ്ഞു. തന്റെ കുടുബവീട്ടിലെ പ്രശ്നങ്ങളൊക്കെ വല്ലാത്ത അവസ്ഥയിലായിരുന്നു. അമ്മക്ക് അസുഖം കൂടി ആശുപത്രിയിൽ ആയി. ആശുപത്രിയിൽ മുഴുവൻ തുകയും താൻ തന്നെ ഉദ്ധരിക്കേണ്ടി വന്നു. ഇതിനോട് ഇടയിൽ മൂന്നു മക്കളും വിവാഹിതരായി. അതിനും ഒക്കെ തനിക്ക് ചെലവുകൾ ഉണ്ടായിരുന്നു… പെട്ടെന്ന് ഒരുനാൾ അമ്മ ഞങ്ങളെ വിട്ടുപോയി. മരണാനന്തരചടങ്ങുകൾ എല്ലാം കഴിഞ്ഞ് കുടുബവീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ആകെ വല്ലാത്തൊരു വിഷമം. ഇനി എന്റെ അമ്മ അവിടെ ഇല്ലല്ലോ എന്ന് ഓർത്ത്. കാലം കടന്നു പോയി. സാമ്പത്തികമായി ബുദ്ധിമുട്ടു തുടങ്ങി. മക്കളുടെ കൈയിൽ നിന്നും ഒന്നും വാങ്ങി ശീലം ഇല്ലാത്തതു കൊണ്ട് അവർ തരാം എന്ന് പറഞ്ഞാലും വേണ്ടാ എന്ന് ശാഠ്യം പിടിക്കും. സമ്പാദ്യം കുറഞ്ഞു വരുന്നത് സിന്ധു പോലും അറിയരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു. ഇനി ജീവിക്കണമെങ്കിൽ വീണ്ടും ജോലിക്ക് പോകണം എന്നുള്ള സത്യം മനസ്സിലാക്കി വീണ്ടും ജോലി അന്വേഷണം തുടങ്ങി. അങ്ങനെ താൻ വീണ്ടും മടങ്ങി പോകുന്നു. തിരികെ പോകുമ്പോൾ സിന്ധുവിൻ്റെ മുഖത്തു നോക്കുവാനുള്ള ധൈര്യം ഇല്ലായിരുന്നു. എന്തുപറഞ്ഞ് അവളെ ആശ്വസിപ്പിക്കാനാണ്? എയർപോർട്ടിൽ വരാൻ സിന്ധുവും ഒരുങ്ങിയില്ല. വല്ലാത്തൊരു വിങ്ങലോടെ പടിയിറങ്ങി. തൻ്റെ യാത്രകൾ അവസാനിക്കുന്നില്ല എന്ന് സത്യം വേദനയോടെ അറിഞ്ഞു…


8 Comments
Thank you
യാത്ര ചിലർക്ക് ഉല്ലാസമെങ്കിൽ ചിലർക്ക് വയറ്റ് പിഴപ്പാണ്..
പ്രവാസം 😔
ആയുസ്സു മുഴുവൻ പ്രവാസിയാകുന്നവർ ഉണ്ട്. അവരെ ഓർമ്മിപ്പിച്ച എഴുത്ത്.
നല്ല എഴുത്ത് ചേച്ചി.. 👌❤️
ശരിക്കും മനസ്സിൽ തട്ടി 🥲🫂
ഒരിക്കലും അവസാനിക്കാത്ത ബദ്ധപ്പാടുകളുടെ യാത്ര! മനസ്സിൽ തട്ടുമ്പോലെ ഹൃദ്യമായെഴുതി.👌👌👏👏❤️❤️🥰
നന്നായിരിക്കുന്നു. വരുമാനമില്ലാതാകുമ്പോൾ പലരും അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ അനവധിയാണ്. നല്ലെഴുത്ത്❤️👌🌹
ശ്രീകുമാരി, നല്ല രസമായി എഴുതി. ഒരിക്കലും അവസാനിക്കാത്ത പ്രാരാബ്ധങ്ങളുമായി ഒരു യാത്ര❤️🥰👏
Thank you