എം.ബി.ബി.എസ് വിശേഷങ്ങൾ:
ഇന്ന് ഉച്ചയ്ക്ക് വീട്ടിൽ എത്തിയപ്പോൾ നടന്ന ചില രസകരമായ വർത്തമാനം
എന്നെ കൊല്ലങ്ങൾക്ക് മുമ്പത്തെ ചെറുകുളത്തൂർ സബ് സെന്റർ പോസ്റ്റിംഗ്
കാലത്തേക്ക്(കോഴിക്കോടാണ് ഹൗസ് സർജൻസി കാലം)കൊണ്ടുപോയി. ഞാൻ പറയാറില്ലേ എഴുതാൻ തോന്നിയാൽ എനിക്ക് എഴുതണം… അതങ്ങനെയാ!
*സോയാപ്പൊടിയും ഞങ്ങളും*ചെറുകുളത്തൂർ സബ് സെന്റർ പോസ്റ്റിംഗ് തുടങ്ങി ഞാനും സൂചിത്രയും സൂര്യയും. (ഷീല ബാലകൃഷ്ണൻ മൂന്നോ നാലോ ദിവസം മാത്രം ഞങ്ങളുടെ കൂടെ. വിവരിക്കുന്ന സംഭവത്തിൽ മൂപ്പത്തിക്ക് പങ്കില്ല)
ഞങ്ങൾ മൂന്ന് പേരും ഒരു മാസം മുഴുവൻ അവിടെ താമസിച്ചു അടിച്ചു പൊളിക്കാൻ തീരുമാനിച്ചു. എല്ലാർക്കും സന്തോഷം.
നല്ല സുന്ദരമായ ഗ്രാമപ്രദേശം. നല്ല ക്വാർട്ടേസ്,എ.എൻ.എം.സിസ്റ്ററുടെ ക്വാർട്ടേഴ്സ് അടുത്തുതന്നെ. രസകരമായ ദിവസങ്ങൾ… ഒപി,ഹോം ഡെലിവറി എടുക്കൽ, സ്വയം പാചകം എല്ലാം തകൃതിയിൽ. നിഷ്കളങ്കരായ.നാട്ടുകാർ സുചിയുടെ തലശ്ശേരി സ്ലാങ്, സൂര്യയുടെ തൃശ്ശൂർ സ്ലാങ്, എന്റെ കലർപ്പൻ മലയാളം. എല്ലാം കൂടി ജഗപൊക. അപ്പോഴാണ് ഞങ്ങൾക്ക് ഒരു തറ പരിപാടി ചെയ്യാൻ തോന്നിയത് (സംഭവിക്കാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ)
സബ് സെന്ററിൽ ഒരു മൂന്ന് മണിയാവുമ്പോൾ നടക്കാറുള്ള കൗതുകം തോന്നുന്ന ഒരു കാഴ്ച്ച ഓർമ്മയിൽ ഇന്നുമുണ്ട്. ഗർഭിണികളായ അമ്മമാരും കുഞ്ഞുങ്ങളും വരുന്നു. അവര് ചുള്ളിക്കമ്പുകൾ പെറുക്കിയെടുത്തു മൂന്നു ചെങ്കല്ല് അടുക്കി വെച്ച് വിശാലമായ പറമ്പിൽ ഒരു സുന്ദരമായ അടുപ്പ് കൂട്ടുന്നു. അതിനു മുകളിൽ ഒരു വലിയ പരന്ന അടുക്കുപാത്രംവെച്ച്, അതിൽ വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും പൊട്ടിച്ച്(എല്ലാം അവിടുന്നു കൊടുക്കുന്നതാണ് ട്ടോ) വെള്ളമൊഴിച്ചു ഉപ്പിട്ടത്തിനു ശേഷം, സബ് സെന്ററിൽ അടുക്കിവെച്ച സോയപ്പൊടിയുടെ ഒരു വലിയ സഞ്ചി അതിലേക്കു സാവധാനം ഇട്ടു ഇളക്കി കൊതിയൂറുന്ന മണവും നിറവും ഉള്ള ഉപ്പുമാവ് ഉണ്ടാക്കും. അവിടെ ഇരുന്നു തന്നെ ചൂടോടെ അമ്മമാരും മക്കളും തിന്നും (അമ്മയും കുഞ്ഞും പോഷകാഹാരപരിപാടി). സിസ്റ്റർ ആണ് ഈ കലാപരിപാടിയുടെ സംവിധാനം. ഉച്ചയ്ക്ക് വല്ല്യ പണിയൊന്നും ഇല്ലാത്തതു കൊണ്ടു ഞങ്ങൾ കൗതുകത്തോടെ ഈ കലാപരിപാടി നോക്കിയിരിക്കും. ( സുചിത്രയും സൂര്യയും ഓർക്കുന്നുണ്ടോ എന്നറിയില്ല. മറക്കാൻ വഴിയില്ല) ഇത് കണ്ടു വായിൽ കപ്പലോടിയ ദിവസങ്ങൾ.
അജ്ജാതി കൊതിപ്പിക്കുന്ന മണവും നിറവും.
പിന്നെ സഹിക്കാൻ കഴിഞ്ഞില്ല. സിസ്റ്ററോട് ചോദിക്കാൻ ഞങ്ങളുടെ അഭിമാനം സമ്മതിച്ചില്ല. ഒറ്റ പോംവഴി-മോഷണം. സിസ്റ്റർ പുറത്തേക്കു പോയ തക്കം നോക്കി സ്റ്റോർ റൂമിൽ കടന്ന് പൊട്ടിച്ച ഒരു സഞ്ചിയിൽ നിന്നും ഒരു വലിയ പാത്രം നിറച്ചും മഞ്ഞ സോയപ്പൊടി എടുത്ത് സഞ്ചി യഥാസ്ഥാനത്തു തിരിച്ചുവച്ചു. ഞങ്ങളൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ തിരിച്ചു പോന്നു. എന്തു ചെയ്യും ഇതിനെകൊണ്ട്? പിറ്റേ ദിവസം പത്തിരി ചുടാം എന്ന തീരുമാനത്തിൽ എത്തി. പാചകത്തിൽ ഞാനാണ് കേമത്തി. എൻ്റെ മേൽനോട്ടത്തിലാണ് പാചകം. പൊടി ലേശം കൂടിപ്പോയി. പത്തിരിയുടെ എണ്ണവും കുടി. തിന്നാൻ തുടങ്ങിയപ്പോഴല്ലേ ട്രാജഡി! വായിൽ വെക്കാൻ കൊള്ളാത്ത ഒരു സാധനം. പോഷകമൂല്യം ഉള്ളതുകൊണ്ടാവാം അമ്മമാരും
കുഞ്ഞു മക്കളും ഇത് സഹിച്ചു അകത്താക്കുന്നത്.
“ഈശ്വരാ എന്തു ചെയ്യും ഇതിനെ? വലിച്ചെറിഞ്ഞാൽ കാക്കയോ മറ്റോ കൊത്തി സിസ്റ്ററുടെ ക്വാർട്ടേസിൽ കൊണ്ടിട്ടാലോ? (ജെറോം കെ ജെറോം എഴുതിയ ത്രീ മെൻ ഇൻ എ ബോട്ടും ചീസും ഓർമ വന്നു) എ.എൻ.എം.സിസ്റ്റർ സബ് സെന്ററിലേക്ക് കയറി പോവുമ്പോഴൊക്കെ ഞങ്ങളുടെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു. മോഷണം കണ്ടുപിടിക്കുമോ? ദുരഭിമാനം കൊണ്ടു ചെയ്തത്!
ഒരു വലിയ പാത്രം നിറച്ചും സോയപ്പൊടി! പത്തു പന്ത്രണ്ടു പത്തിരി!
ഒരു ദിവസം മുഴുവൻ അത് ഞങ്ങളുടെ അടുക്കളയിൽ ഭദ്രം. പിറ്റേ ദിവസം അതിരാവിലെ എണീറ്റു( സഹായത്തിനു ഒരു പെൺകുട്ടി വരുമായിരുന്നു രാവിലെ). അവൾ എത്തുന്നതിന് മുൻപ് തന്നെ. സിസ്റ്റർ പോലും ഉണരുന്നതിനു മുമ്പ്, പിൻഭാഗത്തു ആഴത്തിൽ ഒരു കുഴി ഉണ്ടാക്കി ആ അഗാധതയിലേക്ക് സോയപ്പൊടിയും പത്തിരിയും ഇട്ടു കുഴിച്ചു മൂടി(നായയ്ക്കും കുറുക്കനും ഒന്നും മാന്തി എടുക്കാൻ പറ്റാത്ത ആഴം( ദൃശ്യം ഫിലിം) അപ്പോഴാണ് മനസ്സമാധാനം കിട്ടിയത്.
ഇന്ന് ഓർക്കുമ്പോൾ ചിരി വരുന്നു. ആരായാലും ചോദിച്ചു പോകുന്ന ചോദ്യങ്ങൾ. എന്തിനു ഇങ്ങനെ ഒരു മോഷണം നടത്തി? ചോദിച്ചിരുന്നെങ്കിൽ സിസ്റ്റർ തരില്ലായിരുന്നില്ലേ? ആവോ? അന്നത്തെ പ്രായം. ദുരഭിമാനം… അത്രന്നെ! ഇന്ന് ആ സബ് സെന്റർ നിന്ന സ്ഥലം എന്തായോ? ഇപ്പോഴത്തെ പിള്ളേരൊന്നും ഇങ്ങനെ താമസിക്കാറില്ല. അവിടുത്തെ പിന്നാമ്പുറത്തിന്, മണ്ണിന്, ഞങ്ങളുടെ സോയപ്പൊടിയുടെ കഥ പറയാനുണ്ടാവും.
ഹൗസ് സർജൻസി കാലം ഒരു പാട് ആസ്വദിച്ചിരുന്നു. ജീവിതത്തിൽ ഒരു പിടി ഓർമകൾ തന്ന കാലം. ഒരാളെയും വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ വേദനിപ്പിച്ചിട്ടില്ല എന്നാണ് എന്റെ കണക്കുകൂട്ടൽ. അതു കൊണ്ടു തന്നെ എല്ലാറ്റിലും അതിന്റെതായ നർമ്മരസം കണ്ടെത്താൻ ഞാൻ ശ്രമിച്ചിരുന്നു. ഒരു പാട് തമാശകൾ ഉണ്ട് പങ്ക് വെക്കാൻ. ഈ കഴിഞ്ഞ ബാച്ച് മീറ്റിന് കണ്ടപ്പോൾ ഇത് പറഞ്ഞു ഞങ്ങൾ ഒരുപാട് ചിരിച്ചു.. ദു:ഖങ്ങൾക്ക് വിട…അഗാധതയിലേക്ക് താഴ്ന്നു പോയ പാവം സോയപ്പൊടി പോലെ….
*സുധി*


2 Comments
സോയാപ്പൊടി പത്തിരി, മായിക്കാൻ രസമുണ്ട്.😀
നല്ലെഴുത്ത്. സോയപ്പൊടി മോഷണമൊക്കെ നടത്തിയ വിരുതത്തിയാണല്ലേ? അറിഞ്ഞില്ല ഉണ്ണീ, അറിഞ്ഞില്ല !👌👏❤️❤️🤣🤣