രണ്ടു ദിവസമായി. പെയ്തൊഴിയാതെ മഴ തിമിർത്തു പെയ്യുകയാണ്. വല്ലാത്ത ഭയം തോന്നിക്കുന്ന അന്തരീക്ഷം. കാറ്റും കോളും കൊണ്ട് നിറയുന്ന ആകാശത്തേക്ക് നോക്കി പെരുമ്പ്രയിലെ കാർന്നോര് പിറുപിറുക്കുന്നുണ്ട്.
“ഈ മഴയുടെ വരവ് അത്ര നല്ല ലക്ഷണമാണാന്നു തോന്നുന്നില്ല”
വല്ലാത്ത ഒരു ശബ്ദത്തോടെ ഇടിയും ഒപ്പം മിന്നലും ആകെ ഉണ്ടായിരുന്ന വൈദ്യുതിയും നിലച്ചു.
“കാർത്ത്യയനി മണ്ണെണ്ണ വിളക്ക് ഒന്ന് കൊണ്ടുവരു, ഇപ്പോൾ കൊണ്ടുവരാം”
പൂമുഖത്തിരിക്കുന്ന ഭർത്താവിൻ്റെ അരികിലേക്ക് അവർ വിളക്കുമായി എത്തി.
“പ്രളയത്തിന്റെ ലക്ഷണം തന്നെ ആണെന്നാണ് തോന്നുന്നത്” അയാളുടെ ആത്മഗതം കേട്ട് അവർ പറഞ്ഞു.
“തിരുനാവു കൊണ്ടൊന്നും പറയാതെ”
സംസാരം നീണ്ടു പോയില്ല. അതിനുമുൻമ്പ് ആരോ അക്കരെ നിന്നും കൂവി വിളിച്ചു.
“മടവീണേ ഓടി വായോ.” കാർത്ത്യയാനിയുടെ ശബ്ദം തൊണ്ട കുഴിയിൽ ഉടക്കി.
“എൻ്റെ പള്ളിയറകാവീലമ്മേ ചതിച്ചോ.”
കാളിയും കോരനും ചേന്നനും ഒന്നിച്ച് ചിറയിൽ ആഞ്ഞു വെട്ടി. മഴയുടെ ശക്തി കൂടി വന്നു. ആർക്കും അന്യോന്യം കാണാൻ സാധിക്കാത്ത അത്ര അന്ധകാരവും മഴയും. കണ്ണു ചിമ്മി തുറക്കുന്നതിന് മുമ്പ് വെള്ളപ്പാച്ചിൽ തുടങ്ങി. എന്താണ് നടക്കുന്നത് അറിയാതെ എല്ലാ കുടുംബത്തിൽ നിന്നും നിലവിളി ഉയർന്നു. ചെറിയ വീടുകൾ എല്ലാം നിമിഷനേരം കൊണ്ട് ഒലിച്ചുപോയി. ഒഴുക്കിനെതിരെ നീന്തി പൊക്ക സ്ഥലങ്ങളിലുള്ള വീടുകളിലേക്ക് ആളുകൾ എത്തിത്തുടങ്ങി. കോം പുരയുടെ തറയിൽ വരെ വെള്ളം കയറിത്തുടങ്ങി. എന്ത് ചെയ്യണം എങ്ങനെ രക്ഷപ്പെടണം എന്ന് അറിയാതെ ആളുകൾ ഭയന്ന് വിറച്ചു ഇരുന്നു.
കാർത്ത്യയനിയമ്മ എല്ലാ ദൈവങ്ങളെയും വിളിച്ച് നിലത്തിറക്കുന്നുണ്ടായിരുന്നു. ഒഴുക്കിൽപ്പെട്ട് നാൽക്കാലികൾ ഒലിച്ചുപോയി. പെട്ടന്ന് പാടത്തു നിലവിളി ഉയർന്നു. ചൂട്ടുകറ്റയും മറ്റും കത്തിച്ച് ആളുകൾ കരച്ചിൽ കേട്ട പാടത്തേക്ക് ഓടി. ആ കുത്തൊഴുക്കിൽപ്പെട്ട്ചേന്നൻ ഒലിച്ചു പോയി കഴിഞ്ഞിരുന്നു. കാളിയും കോരനും ഒരു വലിയ തടിയിൽ പിടിച്ചു കിടക്കുന്നു. ഉറക്കമില്ലാത്ത രാത്രിയായിരുന്നു അത്. പിറ്റേദിവസം ചെറിയ വള്ളത്തിലും ബോട്ടിലും ഒക്കെയായി ആളുകൾ വന്നു എല്ലാ ആളുകളെയും ആലപ്പുഴയിലെ അഭ്യർത്ഥി ക്യാമ്പിലേക്ക് മാറ്റി താമസിക്കാനായി കൊണ്ടുപോകുമ്പോൾ അതിൽ ഒരാൾ മാത്രം ഞാൻ മരിച്ചാലും എൻ്റെ വിട്ടിട്ടു വരില്ലാ എന്ന് നിർബന്ധത്തിൽ നിന്നു. ഉറുമ്പ് അരിമണി കൂട്ടുന്നതുപോലെ കൂട്ടിവെച്ച് എല്ലാം ഒഴുക്കിൽ ഒലിച്ചു പോകുന്നത് നിസ്സഹായരായി നോക്കിനിൽക്കാൻ മാത്രമേ നാട്ടുകാർക്ക് കഴിഞ്ഞൊള്ളു.
കുട്ടനാട്ടിൽ നിന്നും ആലപ്പുഴ ടൗണിലുള്ള ഒരു സ്കൂളിലേ ക്യാമ്പിലേക്ക് ആയിരുന്നു അവരെ എത്തിച്ചത്. ഒരു ഉത്സവത്തിനുള്ള ആളുകൾ അവിടെ ഉണ്ടായിരുന്നു. പല സ്ഥലത്തുനിന്നും അവർക്കുള്ള ധനസഹായവും ഭക്ഷണം, തുണി മറ്റുമായി ധാരാളം കിട്ടിക്കൊണ്ടിരുന്നു. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന് പറയുന്നതുപോലെ സാധനങ്ങളും മറ്റും പലരും പല സ്ഥലത്തേക്കും കടത്തി. പാവങ്ങളായ ധാരാളം വൃദ്ധ ദമ്പതിമാർ ഉണ്ടായിരുന്നു. അവർക്ക് അഭയാർത്ഥി എന്ന പേരും മാത്രം ബാക്കി വന്നു. അങ്ങനെ ഒരു മാസത്തോളം പ്രളയക്കെടുതി നീണ്ടു. എല്ലാവരും അവരവരുടെ സ്ഥലങ്ങളിലേക്ക് പോയി തുടങ്ങി. മക്കളും മറ്റും നഷ്ടപ്പെട്ടവരും മാതാപിതാക്കൾ നഷ്ടപ്പെട്ടവരും ഒക്കെ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. മൂന്നു വൃദ്ധ ദമ്പതിമാർക്ക് പോകാൻ ഒരു ഇടവും ഇല്ലാതെ അവർ അവിടെ തന്നെ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞു.
സ്കൂൾ തുറക്കാനുള്ള സമയം അടുത്തു സ്കൂൾ അധികൃതർ അവരോട് മാറിക്കൊടുക്കാൻ ആവശ്യപ്പെട്ടു. പോകാൻ ഇടം ഇല്ലാതെ അവർ വിഷമിച്ചു. അവരെ ആർക്കും സഹായിക്കാൻ കഴിഞ്ഞില്ല. നമ്മുടെ സർക്കാരിനു പോലും അവരുടെ സംരക്ഷണം ഏറ്റെടുക്കാൻ കഴിഞ്ഞില്ല. അവസാനം അവർ മൂന്നു ദമ്പതിമാരും തെരുവിലേക്ക് ഇറങ്ങണ്ടി വന്നു എന്ന ദുഃഖസത്യം വേദനയോടെ തിരിച്ചറിഞ്ഞു…


3 Comments
പ്രളയം ഒഴിഞ്ഞെങ്കിലും അതിനിരയായ പലരുടെയും ദുരിതങ്ങൾ ഒഴിയുന്നില്ല ….
പ്രളയമായാലും ഉരുൾപൊട്ടലായാലും ദുരിതങ്ങൾ ഒരിയ്ക്കലും അവസാനിയ്ക്കില്ല😢
പ്രളയത്തിൽ ദുരിതമനുഭവിച്ചവരെ കുറിച്ചും കുട്ടനാടിനെ പ്രളയം തൂത്തുവാരിയ അവസ്ഥയും വേദനയോടെ മാത്രമെ വായിക്കാൻ സാധിക്കൂ.😰
👍