വാ, ഒരു കഥ പറയാം.
ഏകദേശം ഏഴോ എട്ടോ വർഷങ്ങൾക്ക് മുൻപൊരു പെൺകുട്ടി യൂട്യൂബിൽ ഒരമ്മൂമ്മയുടെയും മകളുടെയും അവരുടെ കുട്ടികളുടെയും വീഡിയോകൾ സ്ഥിരമായി കാണുമായിരുന്നു. അവളെ സംബന്ധിച്ച് യാത്ര ചെയ്താൽ എത്താത്ത അത്രയും ദൂരെ ആയിരുന്നു ആ സ്ഥലം. പിന്നീട് അവൾ ദുബൈയിൽ എത്തി. സ്ഥിരമായി അവളുടെ ഫീഡിൽ വന്നുകൊണ്ടിരുന്ന വീഡിയോകൾ അവൾ കാണുന്നത് തുടർന്നു. പച്ചപ്പുല്ല് നിറഞ്ഞ, നിറയെ കൃഷി ചെയ്ത് ഒതുക്കി നിർത്തിയ ആ നാടിന്റെ ഭംഗി ആയിരുന്നു അവളെ ആകർഷിച്ചത്. പിന്നീട് ആണ് അവൾ ആ നാടിന്റെ പേര് ശ്രദ്ധിച്ചത് – അസർബൈജാൻ. ആ പേര് പോലും അവൾക്ക് പുതുമ ആയിരുന്നു.
ദുബായ് ജീവിതത്തിൽ അവൾ ഒരു കാര്യം മനസിലാക്കി. അസർബൈജാൻ എന്നത് കൈ എത്തിപ്പിടിക്കാൻ പറ്റാത്ത ദൂരത്തിലുള്ള രാജ്യം അല്ല എന്നുള്ളത്. പക്ഷെ എന്തുകൊണ്ടോ അങ്ങോട്ടേക്ക് യാത്ര ചെയ്യാൻ അവൾക്ക് കഴിഞ്ഞില്ല.
കാലാവസ്ഥ കൊണ്ടും രുചി വൈവിദ്ധ്യം കൊണ്ടും സംസ്കാരം കൊണ്ടും മനോഹരമാണ് അസർബൈജാൻ. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് നീണ്ട് പോയ അസർബൈജാൻ യാത്ര നടന്നിരിക്കുന്നു. അത്രമേൽ ആഗ്രഹിക്കുന്ന എന്തും കൈയിലേക്ക് വരുമെന്ന് വിശ്വസിക്കുവാൻ അവൾക്ക് വീണ്ടുമൊരു കാരണം കൂടി ദൈവം കൊടുത്തിരിക്കുന്നു.
ഷമാഖി എന്ന ഗ്രാമത്തിലൂടെ യാത്ര ചെയ്ത എന്റെ അനുഭവങ്ങൾ മാത്രമാണ് ഇവിടെ പറയുന്നത്. അതുപോലെ തന്നെ ഞങ്ങൾ കുറച്ച് ദിവസം മാറി എവിടെയെങ്കിലും യാത്ര ചെയ്യാം എന്ന ഉദ്ദേശത്തിൽ ആയതിനാലും പ്ലാനിംഗ് ഒട്ടും തന്നെ ഇല്ലാതെ ഉച്ചക്ക് വിസ എടുത്ത് രാത്രി വിമാനം കയറിയതിനാലും പലതും ഈ യാത്രയിൽ സന്ദർശിക്കാതേ പോയിട്ടുണ്ട്. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിലെ യാത്രാനുഭവങ്ങളെ മറ്റൊരിക്കൽ പ്രതിപാദിക്കാം
“ഇരുവഴിയിൽ പെരുവഴിനല്ലൂ പെരുവഴിയേ പോ ചങ്ങാതി“ എന്ന കക്കാട് കവിത ഓർക്കുമ്പോൾ ഒക്കെയും The Road Not taken എന്ന റോബർട് ഫ്രോസ്റ്റ്ന്റെ കവിതയും ഓർക്കും. രണ്ടും വഴികളെ പറ്റി ആണല്ലോ. പ്രതീകമായി നിൽക്കുന്ന വഴികൾ.
ഈ രണ്ട് കവിതകളെയും ഓർമിപ്പിച്ചത് ഷമാഖി ജില്ലയിലെ റോഡുകളാണ്.
മനോഹരങ്ങളായ താഴ്വാരങ്ങളും അത്ര തന്നെ മനോഹരമായ വഴികളും. വളഞ്ഞും പുളഞ്ഞും കയറിയും ഇറങ്ങിയും അന്തമില്ലാത്ത അത്രയും ദൂരെ നീണ്ടു കിടക്കുന്ന റോഡുകളും ഷമാഖിയുടെ ആകർഷണമാണ്. അല്പം പോലും വൃത്തിഹീനം അല്ലാത്ത റോഡുകൾ. ഉൾഗ്രാമത്തിലെ റോഡരിക് അടിച്ചു വാരുന്ന ഒരു മനുഷ്യനെ കണ്ടതിനാൽ പൊതു ഇടങ്ങളിലെ ശുചിത്വത്തിന് ഇന്നാട്ടുകാർ നൽകുന്ന പ്രാധാന്യത്തെ പറ്റി ചിന്തിക്കാൻ കഴിഞ്ഞു. ചിലയിടങ്ങളിൽ പൊളിഞ്ഞു പോയി എന്നല്ലാതെ പറയത്തക്ക കുഴപ്പങ്ങൾ ഏതുമില്ലാത്ത റോഡുകൾ. അതിനൊക്കെയും മറ പിടിക്കുന്നതാണ് ഇവിടുത്തെ പ്രകൃതി മനോഹാരിത.
ആദ്യത്തെ ദിവസം ഞങ്ങൾക്ക് വണ്ടി തയ്യാറാക്കിയത് പ്രകാരം ഹോട്ടലിൽ നിന്ന് പറഞ്ഞതിന് അനുസരിച്ച് ടൗണിൽ നിന്നും ഒരു പ്രൈവറ്റ് ടാക്സി വരികയുണ്ടായി. ചെറിയ ഒരു പയ്യൻ. വണ്ടി ഓടിച്ചും ആൾക്കാരെ കൊണ്ട് പോയും നല്ല പരിചയം ഉണ്ടെന്ന് തോന്നുന്ന വിധത്തിൽ തന്നെയാണ് അവന്റെ ഡ്രൈവിങ്. യാത്രക്കിടെ അവൻ ഹോട്ടലുകാർ നമ്മളിൽ നിന്ന് വാങ്ങിച്ച പൈസ ചോദിച്ചു മനസിലാക്കി. അത് അധികം ആണെന്നും കരാറ് പ്രകാരം ഉള്ള സമയം ആയപ്പോൾ അവരെ വിളിച്ച് വണ്ടി ഒഴിവാക്കി എന്നും പറയാൻ പറഞ്ഞു. അതിനു ശേഷം അഞ്ച് മണിമുതൽ രാത്രി പത്തു മണി വരെ ചില സ്ഥലങ്ങളും ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ നിന്ന് ടാക്സിക്കായി ആവശ്യപ്പെട്ടതിനേക്കാൾ പകുതിയിൽ താഴെ പൈസയിൽ ഡ്രൈവർ കൊണ്ട് പോവുകയാണുണ്ടായത്. ആയതിനാൽ തന്നെ ഹോട്ടലുകാർ മുഖേന അല്ലാതെ പിറ്റേ ദിവസത്തേക്കുള്ള മുഴുവൻ യാത്രയും ഈ ഡ്രൈവറോട് തന്നെ വരാൻ പറഞ്ഞു. അദ്ദേഹത്തിന് ജോലിക്ക് പോവേണ്ടതിനാൽ ചേട്ടൻ ആണ് വണ്ടിയുമായി വന്നത്.
പിറ്റേ ദിവസത്തെ യാത്രയിൽ ആണ് നമ്മൾ ഷമാഖി ഗ്രാമത്തെ അടുത്ത് കാണുന്നത്. അസർബൈജാനികളുടെ ജീവിതവും കൃഷികളും മറ്റും കാണണം എന്നുള്ളത് എന്റെ ആഗ്രഹം ആയിരുന്നു. ഇതൊക്കെയും ഡ്രൈവറോട് പറഞ്ഞു ഫലിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ കഷ്ടപ്പാട്. മൊബൈലിൽ ടൈപ്പ് ചെയ്ത് അത് അസർബെയ്ജാൻ ഭാഷയിലേക്ക് തർജ്ജിമ ചെയ്തു വേണം ആശയ വിനിമയം.
ഏറ്റവും നല്ല റെസ്റ്റോറന്റുകളിലേക്കും ഏറ്റവും നല്ല കാഴ്ചകൾ കിട്ടുന്നിടത്തേക്കും ഏറ്റവും നല്ല വഴിയും ഏറ്റവും നല്ല അനുഭവങ്ങൾ കിട്ടുന്നിടത്തേക്കും ആയിരുന്നു അദ്ദേഹം നമ്മളെ കൊണ്ട് പോയത്. അതുപോലെ തന്നെ നമ്മൾ ഭക്ഷണം കഴിക്കുന്ന സമയത്ത് അവർ മാറി നിൽക്കുകയും ചെയ്യും, നിർബന്ധിച്ചാൽ പോലും വരില്ലായിരുന്നു.
യാത്രയ്ക്കിടെ നമുക്ക് ഓരോ അസർബൈജാൻ ചായ കുടിക്കാൻ തോന്നി. അതുപ്രകാരം നമ്മളൊരു കഫ്റ്റീരിയയിൽ കയറി. ചായ എന്ന പറഞ്ഞാൽ അവർക്ക് അറിയില്ല. ചായ് എന്ന് പറയണം. ഹോട്ടലിൽ കയറിയപാടെ ടു ടീ എന്ന് ആവേശത്തോടെ പറഞ്ഞ എനിക്ക് തെറ്റി പോയി. അവിടം ഇംഗ്ലീഷ് അറിയുന്നവർ ആരും തന്നെ ഇല്ലായിരുന്നു. പിന്നെ കഫ്റ്റീരിയ സ്റ്റാഫ് ഒരു അന്വേഷണം ആയിരുന്നു. ഇംഗ്ലീഷ് അറിയുന്ന ആരേലും തങ്ങൾക്കിടയിൽ ഉണ്ടോ എന്നറിയാൻ. അവസാനം മെലിഞ്ഞ ഉയരം കുറഞ്ഞ ഒരു പെണ്കുട്ടി വന്നു. ഒരു സുന്ദരിപ്പെണ്ണ. ഒരു തുള്ളികുടുക്ക
നിങ്ങൾക്ക് എന്ത് ആവശ്യം ഉണ്ടെങ്കില് എന്നോട് പറയു എന്നവൾ ആംഗ്യം കാണിച്ചു.
” may we get two tea please. Just tea without milk“ ഞാൻ പറഞ്ഞതും അവളുടെ വായ താനേ തുറന്നു വന്നു. അവളെന്നെ തുറിച്ചു നോക്കുകയാണ്. സത്യത്തിൽ അവൾക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നു. അന്യരാജ്യത്തിൽ നിന്നും വന്ന രണ്ട പേരെ കാണാൻ ഓടി വന്നതായിരുന്നു പാവം.
അവസാനം അവിടെ ഇരുന്ന് കട്ടൻ ചായ കുടിക്കുകയായിരുന്ന ഒരാളുടെ കപ്പ് ചൂണ്ടി കാണിച്ച് ഞാൻ പറഞ്ഞു “ചായ.”
“ഓ ചായ് ” എന്ന് പറഞ്ഞവൾ ഓടിപോയി. ഞങ്ങളെ അവൾ ഏറ്റെടുക്കുകയിരുന്നു. ഒരു ഗ്ലാസ് ചായക്ക് പതിനായിരം രൂപയുടെ സ്വാഗതം ആയിരന്നു ആ റെസ്റ്റോറന്റിൽ കിട്ടിയത്. അസർബൈജാൻ ജനതയുടെ സ്നേഹം ആയിരുന്നു നമുക്ക് അവിടുന്നു പകർന്നു കിട്ടിയത്. (അസർബൈജാനി ഭാഷയിൽ ചില വാക്കുകൾ ഹിന്ദിയുമായി സാദൃശ്യം കാണാൻ കഴിയും. സിൽക്ക്‌റൂട്ടും വ്യാപാരവുമായി ഇന്ത്യയും അസർബൈജാനും തമ്മിൽ ഉണ്ടായിരുന്ന സാംസ്കാരിക കൈമാറ്റം ആയിരിക്കണം അതിന് കരണം. ഉദാ :സോപ്പിനെ അസർബൈജാൻ ഭാഷയിൽ സാബുൻ എന്നാണ് പറയുക)
ചായ എന്നത് അസർബൈജാൻ അതിഥിസംസ്കാരത്തിന്റെ ഭാഗമാണ്. നമ്മുടെ കട്ടൻ ചായ. പാൽചായ ഇന്നാട്ടിൽ പൊതുവെ ഇല്ല.
അർമുടു എന്ന് പറയുന്ന കുഞ്ഞു ചില്ലുഗ്ലാസിൽ ആണ് ചായ വിളമ്പുക. പഞ്ചസാരക്കട്ടിയാണ് ചായയിൽ ചേർക്കാറ്.
അസർബൈജാൻ ചായയോടൊപ്പം നാരങ്ങ, പഞ്ചസാരക്കട്ടി, മധുരപലഹാരങ്ങൾ, പഴങ്ങൾ എന്നിവ വിളമ്പുന്നു. ചിലപ്പോൾ തൈം, പുതിന, റോസ് വാട്ടർ തുടങ്ങിയവും ചേർക്കും. ഇത് വയറിനും ഹൃദയത്തിനും നല്ലതാണെന്ന് ഇവർ കരുതുന്നു. അതിഥികളെ ഒരു കപ്പ് ചായ കുടിക്കാതെ തിരികെ വിടില്ല എന്നാണ് ഇവിടുത്തെ രീതി. വിവാഹ ആലോചന ചർച്ചകളിൽ പഞ്ചസാര ചേർക്കാതെയാണ് ചായ വിളമ്പുന്നതെങ്കിൽ, വിവാഹ സമ്മതത്തിനുള്ള സാധ്യത വളരെ കുറവാണെന്നും പഞ്ചസാര ചേർത്ത ചായ വിളമ്പുകയാണെങ്കിൽ, വിവാഹം നടക്കുമെന്നുമാണ് അർത്ഥമാക്കുന്നത്.
പണ്ടുകാലത്ത് ചായ്ഖാന എന്നറിയപ്പെടുന്ന ചായക്കടകളിൽ ഇരുന്ന് പുരുഷന്മാർ ചായ കുടിക്കുകയും ഒരുപാട് നേരം സംസാരിക്കുകയും ചെറിയ കളികളിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു. അസർബൈജാനി സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ പൊതുവേ പോയിരുന്നില്ല.
സമോവർ ചായ ആണ് ഇവിടം ഉപയോഗിക്കുന്നത്. ഷെക്കി എന്ന പട്ടണത്തിൽ 3,600 വർഷം പഴക്കമുള്ള ഒരു മൺപാത്ര സമോവർ കണ്ടെത്തിയത് ചായയുമായി ഈ ജനത എത്രത്തോളം ഇടപഴകിയിരിക്കുന്നു എന്നതിന് തെളിവാണ്. സോവിയറ്റ് യൂണിയന്റെ പതനംവരെ അസർബൈജാനിൽ പ്രധാന വ്യവസായങ്ങളിൽ ഒന്നായിരുന്നു തേയില.
#മാതളം
അസർബൈജാനി ജീവിതത്തിൽ മാതളത്തിന് വലിയ പ്രാധാന്യം ഉണ്ട്. ജ്യൂസുകൾ, ജാമുകൾ, സോസുകൾ, വീഞ്ഞുകൾ എന്നിവയ്ക്കായി മാതളം വലിയ തോതിൽ ഇവിടെ ഉപയോഗിക്കപെടുന്നു. മാതളനാരങ്ങയുമായുള്ള ഈ ജനതയുടെ ബന്ധത്തിന് അസർബൈജാൻ പാരമ്പര്യത്തോളമോ പുരാണങ്ങളോളമോ പഴക്കമുണ്ട്. പഴങ്ങളുടെ രാജാവ് ആണ് മാതളനാരങ്ങ. രാജ്യത്ത് ഏതാണ്ട് അറുപതിൽ കൂടുതൽ മാതളനാരങ്ങയുടെ വൈവിദ്ധ്യങ്ങൾ ഉണ്ടെന്നാണ്. അസർബൈജാനിലുടനീളം മാതളനാരങ്ങ കൃഷി ചെയ്യുന്നു. കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും മണ്ണും ആണ് ഇവിടുത്തെത്.
മാതളം ഫലഭൂയിഷ്ഠത, സമൃദ്ധി, എന്നിവയെ സൂചിപ്പിക്കുന്നു. അസർബൈജാനി വിശ്വാസപ്രകാരം മാതളനാരങ്ങ സ്നേഹത്തിന്റെയും അഭിനിവേശത്തിന്റെയും നിത്യതയുടെയും പ്രതീകമാണ്. മാതളനാരങ്ങ അസർബൈജാൻറെ ദേശീയ ഫലം ആണ്. ‘നാർ’ എന്ന് അസർബൈജാനിയിൽ പറയും. വർഷാവർഷം ഇവിടുത്തുകാർ നാർ ബെറാമി (മാതളനാരങ്ങ ഉത്സവം) നടത്തുന്നു. ഇത് വിളവെടുപ്പ് ഉത്സവമാണ്. ഗോയ്ച്ചേ മേഖലയിൽ ആണ് നാർ ബെറാമി നടത്തപ്പെടുക . യുണേസ്ക്കോയുടെ പൈതൃകപട്ടികയിൽ ഇടം നേടിയതാണ് നാർ ബെറാമി. പ്രസ്തുത ആഘോഷം നൂറ്റാണ്ടുകളോളം പഴക്കമുള്ള അസർബൈജാൻ പാരമ്പര്യത്തിന്റെ തുടർച്ചയാണ്. പ്രാദേശിക സംസ്കാരത്തെയും പ്രകൃതിയെയും ഇത് ഉയർത്തിപിടിക്കുന്നു. 2006 നവംബർ 3ന് അസർബൈജാൻ റിപ്പബ്ലിക്കിൽ ആദ്യത്തെ “മാതളനാരങ്ങ അവധി” നടന്നു. നിരവധി അസർബൈജാനി കൃതികളിൽ മാതളനാരങ്ങ പ്രമേയമായിട്ടുണ്ട്.
അല്പക്കാ ഫാം
അസർബൈജനിലെ ആദ്യത്തെ അൽപക്കാ ഫാം ഷമാഖി ജില്ലയിലെ മെയ്സാരിയിൽ ആണ്.
പെറുവിൽ നിന്നാണ് ഇവിടേക്ക് അൽപക്കകളെ കൊണ്ട് വന്നിരിക്കുന്നത്. അൽപക്കകളുമായി അടുത്തിടപെടാൻ കഴിയും എന്നൊരു പ്രത്യേകതയും ഈ ഫാമിന് ഉണ്ട്.
രോമത്തിനു വേണ്ടിയാണ് ഇത്തരം മൃഗങ്ങളെ വളർത്തുന്നത്. ഇവയുടെ രോമം വളരെയധികം മൃദുവാണ്. വർഷത്തിൽ ഒരു തവണയാണ് ഇങ്ങനെ രോമം എടുക്കുന്നത്. തുണിത്തരങ്ങളും സുവനീറുകളും നിർമ്മിക്കാൻ ഈ രോമം ഉപയോഗിക്കുന്നു. അസര്ബൈജാനിലെ ജനത പൊതുവെ അൽപകയുടെ രോമം കൊണ്ടുള്ള പട്ടു വസ്ത്രങ്ങൾ വാങ്ങിക്കാറോ ധരിക്കാറോ ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഉയർന്ന വിലയാണ് കാരണം. ആടുകൾ മേയുമ്പോൾ കാവൽ നിർത്താൻ അൽപാക്കകളെ ദക്ഷിണ അമേരിക്കൻ നാടുകളിൽ ഉപയോഗിക്കാറുണ്ടെന്ന്. പൊതുവെ ശാന്തരായ ഇക്കൂട്ടർ ശരീരഭാഷയിലൂടെ ആശയവിനിമയം നടത്തുന്നു, അസ്വസ്ഥത പ്രകടിപ്പിക്കാൻ തുപ്പുന്നു. ഒട്ടകത്തിന്റെ വർഗ്ഗത്തിൽ പെട്ട അൽപക്കകൾ മനുഷ്യരോട് നന്നായി ഇടപെടുന്നവയാണ്. ഫാമിൽ എത്തുന്ന സന്ദർശകർക്ക് മൃഗങ്ങളുമായി അടുത്തിടപഴകാനും തീറ്റ കൊടുക്കാനും അടുത്ത് നിന്ന് ഫോട്ടോകൾ എടുക്കാനുമൊക്കെ പറ്റും.
കാണാൻ cute and funny ആയത് കൊണ്ട് തന്നെ ഏത് പ്രായക്കാർക്കും ഇവിടം ആസ്വദിക്കാൻ കഴിയും. ഫാമിലെ ഓരോ അൽപക്കക്കും പേര് കൂടി ഉണ്ടെന്നതാണ് മറ്റൊരു കൗതുകം.
ജുമാ പള്ളി
പള്ളിയുടെ മുൻവശത്തെ ലിഗേച്ചറിൽ നിന്ന്, ഹിജ്‌റ 126 (743/744 CE) ൽ, പ്രിൻസ് ഷാഗുലു ഖജറിന്റെ നേതൃത്വത്തിൽ നിർമ്മിച്ചതാണ് ഈ പള്ളി എന്ന് കരുതപ്പെടുന്നു. അസർബൈജാനിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും വലുതുമായ ആരാധനാലയം ആണിത്. 2013ഇൽ പുന:നിർമാണം നടത്തി.
പലതവണ പള്ളി നശിപ്പിക്കപ്പെടുകയും പുനർനിർമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1859ലെയും 1902ലെയും ഭൂകമ്പങ്ങളും 1918 ലെ യുദ്ധവും അതിജീവിച്ച നിർമിതിയാണ്.
യെഡ്ഡി ഗുംബാസ് ശവകുടീരം
(ഏഴ് താഴികക്കുട ശവകുടീരം)
ഷിർവാൻ രാജവംശത്തിലെ ഭരണാധികാരികളുടെയും കുടുംബാംഗങ്ങളുടെയും ശവകുടീരം ആണിത്. അവയിൽ ഏറ്റവും പുരാതനമായത് 1810-ൽ കൊത്തിയെടുത്ത കുടീരത്തിന് ആണ്.
ഇവിടുത്തെ ശവകുടീരങ്ങളിൽ പകുതിയിലേറെയും നശിച്ച അവസ്ഥയിൽആണ്. ഇടയ്ക്കിടെ സംഭവിച്ച ഭൂകമ്പങ്ങളും അതിന് ഒരു കാരണമാണ്. അസർബൈജാന്റെ സമ്പന്നമായ ചരിത്രത്തിനും വാസ്തുവിദ്യാ വൈദഗ്ധ്യത്തിനും ശ്രദ്ധേയമായ ഒരു തെളിവാണ്. ശവകുടീരത്തിൽ കാണപ്പെടുന്ന ഒരു ലിഖിതം പ്രകാരം വാസ്തുശില്പിയുടെ പേര് ഉസ്താദ് താഗി എന്നാണെന്ന് കരുതപ്പെടുന്നു. ഇവിടം ഏഴ് താഴികക്കുട ശവകുടീരങ്ങൾ ഉണ്ടായിരുന്നു. ഓരോന്നും ഷെമാഖാൻമാരുടെ ശവകുടീരങ്ങൾക്ക് മുകളിലായി നിർമ്മിച്ചവയായിരുന്നു. ഈ സ്ഥലത്തിന് ഒരു നിഗൂഢഭാവമാണ്
ലാഹിജ്
അസർബൈജാനിലെ ഒരു ചരിത്രപ്രാധാന്യമുള്ള കരകൗശല ഗ്രാമം. പുരാതന ചെമ്പ് നിർമാണം പോലുള്ള കരകൗശല വസ്തുക്കൾക്ക് പേരുകേട്ട സ്ഥലം ആണ് ലാഹിജ്.
പർവതങ്ങളാൽ ചുറ്റപ്പെട്ട അതീവ മനോഹരമായ ഒരിടമാണ് ലാഹിജ്. എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മനോഹരമായ പത്തു സ്ഥലങ്ങളിൽ ഒരുപക്ഷെ രണ്ടാം സ്ഥാനം ഞാൻ ലാഹിജിന് കൊടുക്കും, ഒന്നാം സ്ഥാനം സ്വർഗ്ഗതുല്യമായ ഭംഗിയുള്ള കാശ്മീരിനും.
ഇസ്മയിലി ജില്ലയിൽ ആണ് ലാഹിജ് നിലനില്കുന്നത്. പ്രസ്തുത ഗ്രാമം ചരിത്രപ്രാധാന്യമുള്ള സിൽക്ക് റോഡിലെ ഒരു സംരക്ഷിത പുരാതന കരകൗശല കേന്ദ്രം, ഉരുളൻ കല്ല് തെരുവുകൾ, പരമ്പരാഗത വീടുകൾ, കരകൗശല വർക്ക് ഷോപ്പുകൾ (പ്രത്യേകിച്ച് ചെമ്പ്) എന്നിവയ്ക്ക് പേരുകേട്ടതാണ്.
ലാഹിജിൽ തെരുവിലൂടെ നടക്കുമ്പോൾ ചില തദ്ദേശവാസികൾ ചിരിക്കുകയും നമ്മളോട് സംസാരിക്കുകയും ചെയ്തിരുന്നു. ഇന്ത്യ എന്നതിലുപരി അവർക്ക് ഇപ്പോഴും ഹിന്ദുസ്ഥാൻ ആണ്. അതേപോലെ തന്നെ ഇവിടുത്തുകാർ ബൊളീവുഡ് സിനിമകൾ ധാരാളമായി കാണുന്നവരാണ്. സാധാരണ വിദേശികൾക്കിടയിൽ ഇന്ത്യൻ സിനിമ എന്നാൽ ഷാരൂഖ് ഖാൻ എന്നാണ് എന്ന ഞങ്ങളുടെ ചിന്താഗതി മാറ്റി എഴുതി ഇവിടുത്തുകാർ. അവർക്ക് ചോദിക്കാൻ ഉള്ളത് മിഥുൻ ചക്രവർത്തിയെയും ഹേമമാലിനിയെയും കുറിച്ചാണ്.
ബാക്കുവിൽ നിന്നും പരിചയപ്പെട്ടൊരു ടാക്സി ഡ്രൈവർ – അഖീഫ് എന്നാണ് പേര് പറഞ്ഞത് -അന്വേഷിച്ചത് ഇന്ത്യൻ സിനിമകളെ കുറിച്ചാണ്. അദ്ദേഹം പറഞ്ഞത് പണ്ട് റഷ്യൻ കാലം തൊട്ടേ അസർബൈജാനികൾ ഇന്ത്യൻ സിനിമ കാണാറുണ്ടെന്നാണ്. അന്ന് തൊട്ടേ അവരുടെ വിനോദങ്ങളുടെ ഒരു ഭാഗമാണ് ഹിന്ദി സിനിമകൾ. അഖീഫിന്റെ മാതാപിതാക്കൾ അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് ഹിന്ദി സിനിമ കാണുവാൻ വേണ്ടി നിർബന്ധം പറയാറുണ്ട് എന്നും അദ്ദേഹം കൂട്ടി ചേർത്തു. അഖീഫിന് ഏകദേശം അറുപതിനു മുകളിൽ പ്രായം ഉണ്ടാകും.
ലോകസിനിമയുടെ ഇഷ്ട ലൊക്കേഷൻ ആണ് അസർബൈജാൻ. ഇന്നലെ നമ്മുടെ ഇസ്മയിലി യാത്രയിൽ ഒരു ജപ്പാൻ സിനിമ ഷൂട്ടിംഗ് കാണുകയുണ്ടായി.
ഇവിടുത്തെ പ്രധാന ആകർഷണം രാജ്യത്തിന്റെ യൂറോപ്പുമായി സാമ്യമുള്ള ഭൂപ്രകൃതിയും താരതമ്യേന കുറഞ്ഞ ചെലവും ആണ്.
ഒടുവിൽ , യാത്ര അവസാനിപ്പിച്ച് തിരികെ ഹോട്ടലിൽ എത്തിയപ്പോൾ ഡ്രൈവർക്കായുള്ള തർജ്ജിമയിൽ മലയാളത്തിൽ ഞാൻ ഇങ്ങനെ ടൈപ് ചെയ്തു. ചില ആശയങ്ങൾ വിനിമയം ചെയ്യാൻ ഇംഗ്ലീഷിനെക്കാൾ നല്ലത് മാതൃഭാഷയാണ്.
“ഈ നാട് ഞങ്ങള്ക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരിക്കുന്നു, ഹിന്ദുസ്ഥാനോളം. ഇന്നാട്ടുകാർ നല്ലവർ ആണെന്നും ഞങ്ങൾ വിശ്വസിക്കുന്നു, അതിന് കാരണക്കാർ നിങ്ങളും നിങ്ങളുടെ അനിയനുമാണ്. നന്മയുള്ള മനുഷ്യന്മാരുടെ നാടാണ് ഷമാഖി. ജീവിതത്തിന്റെ അവസാനം വരെ ഷമാഖിയേ കുറിച്ചുള്ള ഓർമകളിൽ നിങ്ങളും ഉണ്ടാകും.“
അദ്ദേഹത്തിന്റെ മാതൃഭാഷയിലേക്ക് മൊഴിമാറ്റി ഫോൺ അദ്ദേഹത്തിന് നീട്ടുമ്പോൾ നന്ദി എന്ന് പറഞ് നെഞ്ചത്ത് കൈ വെച്ച് അദ്ദേഹം എന്നെ നോക്കി ചിരിച്ചു.
തീർച്ചയായും ഒരിക്കൽ കൂടി ഇതേ ഗ്രാമത്തിൻ പോകണം എന്ന് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു


6 Comments
നല്ല ബ്ലോഗ്. 👌
കാണണമെന്നു തോന്നിപ്പിച്ച എഴുത്ത്. നല്ല വിവരണം. രസിച്ചു വായിച്ചു.👌👌👏👏❤️❤️
കാണണം പോകണം എന്നു തോന്നിപ്പിക്കുന്ന വിവരണം വിമീ♥️👌🌹
നന്ദി സുമേച്ചി ❤️
നല്ല യാത്രാ വിവരണം. വളരെ മാന്യമായി ഇടപെടുന്നവരാണ് അസർബൈജാൻകാർ എന്നു തോന്നിയിട്ടുണ്ട്. എനിക്ക് ചിലരെ പരിചയപ്പെടാൻ സാധിച്ചിട്ടുണ്ട്.
എഴുത്ത് Super!👌👏
❤️
പക്ഷെ അത് ഗ്രാമപ്രദേശങ്ങളിൽ ആണെന്നെ ഇല്ലു. ബാക്കുവിൽ വരുമ്പോൾ സാധാരണ പോലെ ടൂറിസ്റ്റുകളെ പിഴിയുന്നത് പോലെ തന്നെ ആണ്. നല്ലവരെ പോലെ തന്നെ പിഴിഞ്ഞ് ജീവിക്കുന്നവരും ഉണ്ട്