നീതുവിൻ്റെ ഫോണിൽ അന്ന് രാത്രി പന്ത്രണ്ടിന് വന്നത് അയാളുടെ അവസാനത്തെ സന്ദേശമായിരുന്നു. നോട്ടിഫിക്കേഷൻ ശബ്ദം കേട്ട് ഒരുറക്കം കഴിഞ്ഞ് ഞെട്ടിയുണർന്നതായിരുന്നു നീതു.
അങ്ങനെ അറുത്ത് മുറിച്ച് പറയേണ്ടായിരുന്നു. അതിന്റെ വിഷമത്തിൽ അയച്ചിരിക്കുന്നതാണ് ഈ മെസ്സേജ്. ” നീതൂ.. ഞാൻ ഇനി നിന്നെ ശല്യപ്പെടുത്താൻ വരില്ല.”
ഉടനെ ആ നമ്പറിൽ വിളിച്ച് നോക്കി. ഫോൺ സ്വിച്ച് ഓഫ്. അപ്പോൾ ശരിക്കും ശ്രീയേട്ടൻ പിണങ്ങിയിട്ട് തന്നെയാണ് ഫോൺ ഓഫ് ചെയ്തു വച്ചിരിക്കുന്നത്.
കാര്യമായിട്ടല്ല വഴക്ക് കൂടിയത്.
ഇതിന് മുൻപ് പല തവണ ഇത് പോലെ വഴക്ക് കൂടി മിണ്ടാതിരുന്നിട്ടുണ്ട്. ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം. അപ്പോഴേയ്ക്കും രണ്ടാൾക്കും വീർപ്പുമുട്ടലാകും. ചിലപ്പോൾ താൻ തന്നെ പോയി ശ്രീയേട്ടനെ കണ്ട് കാല് പിടിച്ച് വഴക്ക് സോൾവാക്കും. അല്ലെങ്കിൽ ഇവിടെ വീട്ടിലേക്ക് തള്ളിക്കയറി വന്ന് അമ്മയോട് വർത്തമാനം പറഞ്ഞു മടങ്ങിപ്പോകും. പോകുമ്പോൾ മുറിയിൽ വന്ന് എത്തി നോക്കും. പക്ഷേ മിണ്ടുകയില്ല. അവസാനം പിടിച്ചു വലിച്ച് മുറിയിലാക്കി ഒരു ഹഗ്ഗും ഒരു കിസ്സുമൊക്കെ കൊടുത്തു സോൾവാക്കണം.
അതാണ് സ്വഭാവം. നാളെത്തന്നെ ശരിയാക്കിത്തരാം.
എന്നാലും എന്തിനാണാവോ ഓരോ പെണ്ണുങ്ങൾ ഇങ്ങനെ ഇറങ്ങിത്തിരിച്ചി രിക്കുന്നത്? ആ വീഡിയോ കണ്ടപ്പോൾ ദേഷ്യമാണ് തോന്നിയത്. വല്ലവരും വീഡിയോ പിടിക്കുമ്പോൾ അതിനിടയിൽ ഈ ശ്രീയേട്ടൻ കയറി നിൽക്കുന്നത്? ആ പെണ്ണ് ബസ്സിലെ എല്ലാ സ്ഥലങ്ങളും വീഡിയോ ആക്കുന്നുണ്ട്. ചിലപ്പോൾ പുറം കാഴ്ചകൾ!
അങ്ങനെ ശ്രദ്ധിക്കുമ്പോഴാണ് അവളെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ ശ്രീയേട്ടൻ ഇറങ്ങാൻ പോകുന്ന ദൃശ്യം. അതിൽ അവൾ ചേർന്ന് നിന്ന് സെൽഫി എടുക്കാൻ പോകുന്നത് എന്തിന്? ശ്രീയേട്ടൻ വല്ല സിനിമാനടനുമായോ!
കമൻ്റ് വായിച്ചപ്പോൾ ആണ് വീഡിയോ എന്താണ് എന്ന് മനസ്സിലായത്. അവളേ ഈ മാന്യൻ പീഡിപ്പിക്കാൻ ശ്രമിക്കുന്നുവത്രെ!
നമ്മുടെ സമൂഹത്തിൽ സ്ത്രീപീഡനം എണ്ണം ദിവസം തോറും വർദ്ധിച്ചു വരുന്നു.
ഒരു നേതാവിൻ്റെ പരാക്രമം ഒക്കെ തീർന്നല്ലോ. പുള്ളിക്കാരൻ ജയിലിൽ കിടക്കട്ടെ.
എല്ലാവർക്കും ഒരു പാഠമാകണം ഇത്. എവിടെ പീഡനം? ഇവൾ ടീച്ചറാണോ പാഠം പഠിപ്പിക്കാൻ! അവൾ ശ്രീയേട്ടന്റെ പിന്നിൽ മറ്റെവിടെയോ ആണ് നിൽക്കുന്നത്. അതും ചിരിച്ചു സന്തോഷിച്ച്. സെൽഫിയൊക്കെ എടുക്കുമ്പോൾ അങ്ങനെയാണല്ലോ!
അല്ലെങ്കിൽ പീഡനം വരുമ്പോൾ ആരെങ്കിലും സന്തോഷിച്ചു ചിരിച്ചു നിൽക്കുമോ? ഇനി വല്ല ഷോർട്ട് ഫിലിം ഷൂട്ടിംഗ് ആണോ? അങ്ങനെയാണെങ്കിൽ ശ്രീയേട്ടൻ ഷോർട്ട് ഫിലിമിലോക്കെ അഭിനയിക്കാൻ പോകുമ്പോൾ ഒരു വാക്ക് പറഞ്ഞുകൂടെ! ചിലപ്പോൾ സസ്പെൻസ് ആയിരിക്കും.
അന്നത്തെ ആ പെൺകുട്ടിയുടെ വീഡിയോ കണ്ടപ്പോൾ യാതൊന്നും തോന്നിയില്ല.
ആളുകൾ എന്തോക്കെയോ തെറി വിളിക്കുന്നുണ്ട്. അതൊക്കെ വായിച്ചാൽ ഭ്രാന്താകും.
പിറ്റേന്ന് ശ്രീയേട്ടനെ കണ്ട് വിവരം ചോദിക്കണമെന്ന് വച്ച് ഇരിക്കുമ്പോൾ ആണ് രേഷ്മയുടേയും രേണുവിന്റേയും വിനീതയുടേയും ഫോൺ വരുന്നത്.
” എടീ നിന്റെ ശ്രീയേട്ടനെ പറ്റി ഇൻസ്റ്റായിൽ ഏതോ വീഡിയോ ഇട്ടിട്ടുണ്ട് നീ കണ്ടോ?”
” കണ്ടു. അത് ഏതോ ഷോർട്ട് ഫിലിം അല്ലേ”
” ഷോർട് ഫിലിം ഒന്നുമല്ല ആ പെണ്ണ് ഒരു വ്ളോഗർ ആണത്രെ. അവൾ ബസ്സിൽ വരുമ്പോൾ ഒരാൾ പീഡിപ്പിക്കാൻ ചെന്നു എന്നാണ് പറയുന്നത്”
നിന്റെ ശ്രീയേട്ടന്റെ പോലെ തോന്നി. “
” ഞാനും കണ്ടു. ഇനി ഇത് കേസും കൂട്ടവും ഒക്കെ ആവുമോ നീതൂ” വിനീതയാണ്.
പിന്നേയും പിന്നേയും പലരും വിളിക്കാൻ തുടങ്ങിയപ്പോഴാണ് തമാശയ്ക്ക് എടുത്ത വീഡിയോ ഒന്നും തന്നെ അല്ല ഇത് എന്ന് തോന്നിത്തുടങ്ങിയത്.
ശ്രീയേട്ടനെയാണെങ്കിൽ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല. ഓഫീസിൽ ചെന്നിട്ടില്ലത്രെ. വീട്ടിൽ ആർക്കും അറിയില്ല.
നാട്ടിൽ അപ്പോഴേക്കും വെള്ളപ്പൊക്കം കയറുന്നത് പോലെ ഈ വിശേഷം പരന്നു.
” ഹേയ്.. ശ്രീജിത്ത് അങ്ങനെയൊന്നും ചെയ്യില്ല. ആരോ അവനെ പറ്റിച്ചതാണ്. ആ പെണ്ണ് ഇത് എന്തിനുള്ള പുറപ്പാടാണ്. മാന്യൻമാർക്കും ജീവിക്കേണ്ടേ” വേലായുധേട്ടൻ.
അംബുജാക്ഷൻ മാഷ് അത് കേട്ട് മൂക്കത്ത് വിരൽ വച്ചു. ആരോടും മിണ്ടാതെ നടക്കുന്ന നമ്മുടെ ശ്രീജിത്തോ വേറെ വല്ലവരും ആകും. ഒരേഛായയിൽ ഏഴ് പേരുണ്ട് എന്നല്ലേ”
നാട്ടിൽ ആകെ പാട്ടായപ്പോൾ ആണ് കളി മാറി കാര്യമായി എന്ന് നീതുവിന് തോന്നിയത്. അച്ഛനോടും അമ്മയോടും വിവരം പറഞ്ഞു. അച്ഛൻ ശ്രീയേട്ടന്റ വീട്ടിൽ പോയി.
എവിടെ പോയി ശ്രീജിത്ത് എന്ന് ആർക്കും അറിയില്ല.
ഒടുവിൽ ഓഫീസിൽ നിന്ന് വിളിച്ചു പറഞ്ഞു അവിടെ ചെന്നു എന്ന്. മാനേജർ ദിവാകരേട്ടൻ അച്ഛനെ വിളിച്ചു പറയുകയായിരുന്നു
നീതുവിൻ്റെ അച്ഛനേയും കൂട്ടി ഓഫിസിലെത്തി ശ്രീജിത്തിന്റെ അച്ഛൻ.
തളർന്ന് അവശനായ ശ്രീജിത്ത്.
ദിവാകരേട്ടൻ കുറെ ചോദിച്ചപ്പോൾ ആണ് സത്യം പുറത്തു വരുന്നത്.
“ഒരു സ്ത്രീ ബസ്സിൽ വച്ച് വീഡിയോ പിടിക്കുന്നത് കണ്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കാരണം ഇപ്പോൾ എവിടെ നോക്കിയാലും ഈ റീൽ എടുക്കലാണ്. ആദ്യമൊക്കെ കുട്ടികളായിരുന്നു. ടിക് ടോക് എന്നൊക്കെ പറഞ്ഞ്. പിന്നീട് ചെറുപ്പക്കാർ അതിന് മുന്നിട്ടിറങ്ങി. വയസ്സായ അച്ഛനും അമ്മയും മകളും മകനും എല്ലാവരും ചേർന്ന് വീഡിയോ പിടിത്തമാണ്. എവിടെയും. റോഡിലൂടെ നടക്കുമ്പോൾ അവരുടെ കണ്ണുകൾ മൊബൈലിലും കൈകൾ അതിന്റെ സ്ക്രോളിംഗിലുമായിരിക്കും.
ഏതെങ്കിലും വണ്ടി വന്നിടിച്ചാൽ തന്നെ അറിയില്ല. ബസ്സിൽ ട്രെയിനിൽ റോഡിൽ, മരണവീട്ടിൽ വരെ റീൽ എടുക്കലാണ്. ഒരാൾക്ക് അപകടം പറ്റി മരണാസന്നനിലയിൽ ആയാലും അയാളുടെ ജീവൻ രക്ഷിക്കാൻ ആശുപത്രിയിൽ കൊണ്ടു പോകാതെ അതൊക്കെ ഷൂട്ട് ചെയ്ത് നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്.
അങ്ങനെ ഒരു കാലത്ത് ഇങ്ങനെ പറ്റിയ്ക്കപ്പെടുമെന്ന് പ്രതീക്ഷയില്ല. വൈറലാകാൻ എന്തും ചെയ്യാൻ മടിയില്ല ആർക്കും. ട്രെയിനിന്റെ മുന്നിലും മുകളിലും ഷൂട്ട് ചെയ്യും. വെള്ളച്ചാട്ടത്തിൻ്റെ കാഴ്ച നോക്കി സൂം ചെയ്ത് അതിൽ വീണവർ. മലയുടെ മുകളിൽ നിന്നും താഴേക്ക് വിണവർ. അപകടങ്ങൾ മരണങ്ങൾ എന്തെല്ലാം ആണ് നാം ഓരോരുത്തരും കാണുന്നത്!
ഈ സ്ത്രീ വീഡിയോ ഇട്ടത് നിരപരാധിയായ എന്നെ ഒരു പീഢകനായി ചിത്രീകരിച്ചാണ്. സത്യം എനിക്കല്ലേ അറിയൂ. ഞാൻ അവരെ കണ്ടത് പോലും ഇല്ല.ഒരു കയ്യിൽ ബാഗും ഒരു കൈകൊണ്ട് മുകളിൽ പിടിച്ചുമാണ് ഞാൻ നിന്നത്. ഇറങ്ങുമ്പോൾ എവിടെ എങ്കിലും ചിലപ്പോൾ തട്ടിയിരിക്കും പിന്നിൽ ഉള്ള ഞാൻ എങ്ങനെ കാണാനാണ്? വീഡിയോ കൂട്ടുകാർ കാണിച്ചപ്പോൾ ആണ് അതൊക്കെ കണ്ടത്. എല്ലാവരും അഭിപ്രായം പറയുന്നത് ഞാൻ നിരപരാധിയാണെന്ന്.
പക്ഷേ ഇന്നലെ വീഡിയോ ഇടുന്നതിന് മുൻപ് അവർ വിളിച്ചു “പത്ത് ലക്ഷം രൂപ കൊടുത്താൽ വീഡിയോ പുറത്ത് വരില്ല. അല്ലെങ്കിൽ.. വീഡിയോ ഇടും. ഞാൻ ട്രാപ്പിൽ പെട്ടെന്ന് മനസ്സിലായി. പണം സംഘടിപ്പിച്ചു. കല്യാണ ആവശ്യങ്ങൾക്ക് വേണ്ടി എടുത്ത തുക. മാനമല്ലേ വലുത്. പണമല്ലല്ലോ.”
“നീ എന്നിട്ട് പണം കൊടുത്തോ.. ഞങ്ങളോട് ഒരു വാക്ക് ചോദിക്കാതെ”
” അതിനുള്ള സമയമില്ല. വേഗം സംഘടിപ്പിച്ചു അവർ പറയുന്ന സ്ഥലത്ത് എത്തിച്ചു”
വീഡിയോ ഡിലീറ്റ് ചെയ്ത് കളഞ്ഞു എന്നാണ് അവർ പറഞ്ഞത്.
പക്ഷേ അവർ വഞ്ചന കാണിച്ചു. പണം വാങ്ങി. വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.”
” പോലീസിൽ കംപ്ലൈൻ്റ് കൊടുക്കണം. അങ്ങനെ ആരും രക്ഷപ്പെടാൻ പാടില്ല.” ദിവാകരൻ പറഞ്ഞു. ദിവാകരൻ ശ്രീജിത്തിനേയും കൊണ്ട് പോലീസ് സ്റ്റേഷനിൽ എത്തി, പരാതി കൊടുക്കാൻ .”
നിന്നെപ്പോലെ പലരേയും കണ്ടിട്ടുണ്ട്. സ്ത്രീകളെ ബസ്സിൽ വച്ച് പീഡിപ്പിക്കുക ഒരു ഹോബിയായിട്ടുണ്ട് പലർക്കും. ആരും രക്ഷപ്പെടാൻ സമ്മതിക്കില്ല. ഞങ്ങളും വീഡിയോ കണ്ടു. അതിൽ നീയൊക്കെ ചേർന്ന് നിൽക്കുന്നുണ്ടല്ലോ.അവളുടെ….. ഒക്കെ കൈമുട്ട് കൊണ്ട്. ഞാൻ പറയുന്നില്ല ആ പെൺകുട്ടി പാവം. അത് സഹികെട്ടാണ് വീഡിയോ എടുക്കുന്നത്. നിനക്കൊക്കെ അമ്മയും പെങ്ങന്മാരും ഇല്ലേ..”
ശ്രീജിത്ത് ആണ് പീഡിപ്പിച്ചത് എന്ന നിലയിൽ ആയിരുന്നു അവരുടെ പെരുമാറ്റവും .അവഗണനയും. പരാതി എഴുതി കൊടുത്തു.
“അന്വേഷിക്കാം ഇവിടെ തന്നെ കാണണം. അന്വേഷിക്കുമ്പോൾ വേറെ എവിടെയും പോകരുത്. കേസ് എപ്പോഴാണ് തിരിയുക എന്നറിയില്ല. ഒരു നേതാവിനെ ഞങ്ങൾ ഓടിച്ചിട്ട് പിടിച്ചു. ഇപ്പോൾ ദിവസം ദിവസവും പുതിയ കേസാണ്. അവനെന്താ വല്ല കാമദേവനാണോ? അതോ ശ്രീകൃഷ്ണനോ? എല്ലാ പെണ്ണുങ്ങളും ചെന്ന് കേറിക്കൊടുക്കാൻ”
അവിടെ പോകേണ്ടിയിരുന്നില്ല എന്ന് തോന്നി ശ്രീജിത്തിന്.
” നീതുവിനെ ഒന്ന് നീ വന്ന് സമാധാനിപ്പിക്ക്. അവൾ ആകെ വിഷമിച്ചിരിക്കുകയാണ്”
നീതുവിൻ്റെ അച്ഛൻ പറഞ്ഞു.
അങ്ങനെയാണ് ശ്രീജിത്ത് നീതുവിൻ്റെ വീട്ടിൽ എത്തിയത്.പക്ഷെ എന്ത് പറഞ്ഞിട്ടും അവൾക്ക് മനസ്സിലായില്ല. കൂട്ടുകാർ പറഞ്ഞ അഭിപ്രായം ആയിരുന്നു മനസ് നിറയെ.
” ഈ ആണുങ്ങളെയൊന്നും വിശ്വസിക്കാൻ പറ്റില്ല.”
” അതെ എനിക്ക് അനുഭവമാണ് എന്റെ ആദ്യത്തെ ലവർ ബോബി.അവൻ പല പെണ്ണുങ്ങളുടേയും അടുത്തു പോയിട്ടുണ്ടത്രെ
അവൻ തന്നെ പറയുന്നതാണ്.ഏറ്റവും കൂടുതൽ…. ഉള്ള റിക്കാർഡ് സ്ഥാപിക്കാൻ തയ്യാറായി നിൽക്കുന്ന അവനെ എനിക്ക് വേണ്ട എന്ന് വച്ചു “
ശ്രീജിത്ത് നല്ല പുള്ളിയാണെങ്കിൽ അവളോട് ഒട്ടിച്ചേർന്ന് ഇങ്ങനെ നിൽക്കുമോ”
” ചിലപ്പോൾ അവളുമായി വല്ല ഇടപാടുകളും ഉണ്ടാകും അത് പൊളിഞ്ഞപ്പോഴാകും അവൾ ഈ പണി ചെയ്തത് “
കൂട്ടുകാരികൾ ചിലർ ഇങ്ങനെ പറഞ്ഞുവെങ്കിലും നീതുവിന് ശ്രീജിത്തിനെ വിശ്വാസം ആയിരുന്നു.
എന്നാൽ അത് തുറന്നു പറഞ്ഞാൽ തോറ്റ പോലെയാകും.അതിനാൽ തല്ക്കാലം പിണങ്ങി തന്നെയിരിക്കട്ടെ.
” ഇല്ല. എനിക്ക് ശ്രീയേട്ടന്റെ ഒരു വർത്തമാനവും കേൾക്കേണ്ട.” എന്ത് പറഞ്ഞിട്ടും അവൾ പിൻമാറിയില്ല.
” നിനക്ക് എന്നെ വിശ്വാസമില്ലേ. ഞാൻ അങ്ങനെ ചെയ്യുമോ എന്നെ വഞ്ചിച്ചതാണ്.
പണവും തട്ടിയെടുത്തു. പോലീസിലും സൈബർ സെല്ലിലുമൊക്കെ പരാതി കൊടുത്തിട്ടുണ്ട്.”
“അതിനിടെ പണവും പോയോ”
“നമ്മുടെ വിവാഹത്തിന് വേണ്ടി മാറ്റിവെച്ച തുകയായിരുന്നു. നിർബന്ധമായി തട്ടിയെടുത്തു. പക്ഷെ ഇപ്പോൾ ആ ഫോണുമില്ല നമ്പറുമില്ല നിലവിൽ. പണം നേരിട്ട് കൊടുത്തതിനാൽ അക്കൗണ്ട് മരവിപ്പിക്കാനും പറ്റാതായി ” അയാൾ പറഞ്ഞു.
” അതിനിടെ ഇതൊക്കെ നടന്നോ? അതിനാണോ ഇന്നലെ പോയത്!”
എന്തായാലും ഇതിനൊരു ഒത്തു തീർപ്പ് വരട്ടെ “
അന്ന് രാത്രി വീണ്ടും അവൾ വിളിച്ചു. മെസ്സേജ് അയച്ചു. പക്ഷേ ഒരു മറുപടിയും കിട്ടിയില്ല.
അവസാനം പന്ത്രണ്ട് മണിക്ക് വന്ന ആ മെസ്സേജ് അത് മാത്രം.
പക്ഷേ കേസ് നേരെ മലക്കം മറിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രാത്രിക്ക് രാത്രി പോലീസ് വന്ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോയി.
ആ സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റ്.
അയാളുടെ മൊബൈൽ കസ്റ്റഡിയിൽ എടുത്തു.
തെളിവായി അവൾ എടുത്ത വിഡിയോ. അത് തെളിവായി കോടതിയിലും സമർപ്പിക്കാൻ തയ്യാറായി അവൾ. ഒറിജിനൽ അല്ല എഡിറ്റ് ചെയ്ത കോപ്പി ആയിരുന്നത്രെ അവൾ സോഷ്യൽ മീഡിയയിൽ ഇട്ടത്.
പിറ്റേന്ന് കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യമൊന്നും കിട്ടിയില്ല.
ജാമ്യത്തിൽ ഇറങ്ങിയാൽ അതിജീവിതയ്ക്ക് അത് ജീവന് തന്നെ ഭീഷണിയായിരിക്കും എന്നാണ് അതിജീവിതയുടെ വക്കീൽ വാദിച്ചത്.
ശരിയാണല്ലോ. ഒരു പബ്ലിക് സ്പേസിൽ വച്ച് ഇങ്ങനെ ചെയ്യാൻ മടിക്കാത്തവർ ഒറ്റയ്ക്ക് കിട്ടിയാൽ കൊന്നു കളഞ്ഞേക്കാം. അത്ര ക്രൂരനും സ്ത്രീവിരോധിയും സർവോപരി മെൻ അസോസിയേഷൻ അംഗം കൂടിയായ അവനെ അങ്ങനെ വെറുതെ വിടരുത്.
കേസ് വാദം കേൾക്കാൻ മാറ്റിവച്ചു.ഇനി അത് അങ്ങനെ അനന്തമായി നീണ്ടു പോകും. ഒരു മന്ത്രി പ്രതിയായ കേസ് മുപ്പത്തി അഞ്ച് വർഷമായി ഇപ്പോഴാണ് വിധിയായത്. ശിക്ഷ കിട്ടുമെന്ന് ഉറപ്പാണ്. സുപ്രീം കോടതി വക്കീലിനെ കൊണ്ട് വരാൻ വരെ കഴിവുണ്ട് വാദിക്ക്. പണം പോയ കേസ് പോയ പോലെ പോയി. യാതൊരു തെളിവും ഇല്ലാതെ പണം കൊടുത്തു എന്നുള്ളത് എന്ത് പറഞ്ഞാണ് വാദിക്കുക! അവരുടെ ഒരു അക്കൗണ്ടിലും പണം വന്നിട്ടില്ല. അയാളുടെ ഒരു അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ആയിട്ടുമില്ല. ബാങ്ക് സ്റ്റേറ്റ് മെൻ്റ് അത്ര ക്ളിയർ. പണം വിത്ഡ്രോ എടുത്ത് ആർക്ക് കൊടുത്തു എന്നുള്ളതിന് ഒരു പ്രസക്തിയുമില്ല.
ജാമ്യത്തിൽ പോലും പോകാൻ കഴിയാതെ ജയിലിൽ കഴിയുന്ന ശ്രീജിത്ത്. നീതുവിൻ്റെ കാര്യമാണ് വലിയ കഷ്ടം.
ശ്രീജിത്തിന് പുറത്ത് ആരേയും അഭിമുഖീകരിക്കേണ്ട എന്ന് വയ്ക്കാം.
അവൾക്ക് കോളേജിൽ തന്നെ പോകാൻ പറ്റാതായി. അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചകാമുകൻ സ്ത്രീ പീഡനത്തിന് ജയിലിൽ. പിന്നെ എങ്ങനെ പോകും? ആളുകൾക്ക് എന്തെങ്കിലും കിട്ടുകയേ വേണ്ടൂ.നിരപരാധിയാണോ എന്ന് പോലും അറിയേണ്ട. കഴുകൻമാരെപ്പോലെ കൊത്തിവലിക്കുക. ശ്രീജിത്തിനെപ്പോലെ എത്ര നിരപരാധികളായ മനുഷ്യരെയാണ് ശിക്ഷിച്ചിട്ടുള്ളത്.കോടതി തന്നെ ഈയിടെ പറഞ്ഞു.
വരുന്നതിൽ വ്യാജ പരാതികളാണ് ശരിയ്ക്കുള്ളതിനേക്കാൾ കൂടുതൽ.
പാവം അമ്മയ്ക്കും അച്ഛനും ഈ വയസ്സ് കാലത്ത് ഏല്കേണ്ടി വന്ന അപമാനത്തിന് ആര് സമാധാനം പറയും?
#കൂട്ടക്ഷരങ്ങൾ
#എന്റെരചനാമത്സരം
#ബ്ളോഗ്
#വിഷയം_അവസാനത്തെസന്ദേശം
#കഥ_സൈബർലോകത്തെവേട്ടനായ്ക്കൾ
#രചന_രാമചന്ദ്രൻടിവി
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.


1 Comment
നല്ല കഥ👌🌹
ഇങ്ങനെയുള്ള എത്രയെത്ര സംഭവങ്ങളാണ് ദിനം പ്രതി നടന്നുകൊണ്ടിരിക്കുന്നത്.