പ്രവാസഭൂമിയിലെ നനുത്ത ഡിസംബർ സായാഹ്നത്തിലായിരുന്നു, അയാൾ ആദ്യമായി സ്വയം പരിചയപ്പെടുത്തിയത്.
“പാർട്ട് ടൈം ക്ലീനിങ് ജോലിത്തേടി വന്നതാണ്, മുൻപ് ഇവിടെ ജോലി ചെയ്തയാൾ പറഞ്ഞു വിട്ടതാണ് “, നാൽപത്തിയഞ്ചു വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന നന്നെ വെളുത്തു മെലിഞ്ഞയാൾ. വെയിലേറ്റ് മങ്ങിയ നിറവും, കഷണ്ടി ആക്രമിച്ചു കീഴടക്കി, പതിയെ തെളിയുന്ന നെറ്റിയും അലക്ഷ്യമായി കോന്തി വെച്ചിരിക്കുന്ന നര പടരുന്ന മുടിയും ഒറ്റ നോട്ടത്തിൽ തന്നെ അയാളെ ഒരു പ്രാരാബ്ധകാരൻ ആക്കിയിരുന്നു.
“സൈക്കിൾ, കാർ ഷെഡിൽ വയ്ക്കുന്നത് കൊണ്ടു കുഴപ്പമില്ലല്ലോ?, അയാൾ പഴയ സൈക്കിളിലേക്ക് വിരൽ ചൂണ്ടി.
“സൈക്കിളോ?, ഞാൻ ആശ്ചര്യത്തോടെ നോക്കി.
ഗൾഫ് രാജ്യങ്ങളിൽ സൈക്കിളിൽ സഞ്ചരിക്കുന്നവർ അപൂർവ്വമാണ്. വേനലിൽ, അമ്പത് ഡിഗ്രിക്കു മുകളിൽ വരെ ഉയർന്നു തിളക്കുന്ന ചൂടിൽ ചുട്ടുപഴുക്കുന്ന മണലിലൂടെ സൈക്കിൾ യാത്ര എളുപ്പമല്ലല്ലോ.
“എവിടെയാണ് താമസം?”, ഞാൻ ചോദിച്ചു.
“ഒരു അഞ്ചാറു കിലോമീറ്റർ ഉണ്ട്, കുഴപ്പമില്ല, ഞാൻ സൈക്കിളിൽ വരാം.”, ജോലി നഷ്ടപ്പെടരുത് എന്ന തോന്നൽ വാക്കുകളിലൂടെ പുറത്തു വന്നു.
“പൈസക്ക് അത്ര ആവശ്യമുണ്ടേ,” മേൽവരിയിലെ നഷ്ടപ്പെട്ട പല്ലിന്റെ വിടവ് തെളിഞ്ഞു, അയാൾ ചിരിച്ചു.
“ഇപ്പോൾ കുഴപ്പമില്ല, ചൂടുകാലത്തും ഇങ്ങനെ വരാൻ പറ്റുമോ?”, എനിക്ക് ജിജ്ഞാസ അടക്കാൻ കഴിഞ്ഞില്ല.
“ഇരുപത്തിമൂന്നു കൊല്ലമായി ഇവിടെ, ഈ ചൂടൊക്കെ ശീലമായി “, അയാൾ വീണ്ടും ചിരിച്ചു.
പതിയെ പതിയെയുള്ള പരിചയപ്പെടലിൽ ജോലിയിൽ അയാൾ ആത്മാർത്ഥത പുലർത്തുന്നുണ്ടെന്ന് തോന്നി.
ഗവണ്മെന്റ് ആശുപത്രിയിൽ അറ്റൻഡർ ആയി ജോലി ചെയ്യുന്നു. സബ്കോൺട്രാക്ട് കമ്പനികൾ വഴി ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്ന തുച്ഛമായ വേതനം മാത്രം ലഭിക്കും.
ഒരിക്കലും അവസാനിക്കാത്ത ആവശ്യങ്ങളുടെ പെരുമഴയിൽ നനഞ്ഞു കുതിർന്നവർ. മകൻ, ഭർത്താവ്, അച്ഛൻ, സഹോദരൻ എന്നീ നിലകളിൽ എല്ലാവർക്കും കാതു കൊടുക്കേണ്ടയാൾ.
ജോലി സമയം കഴിഞ്ഞാൽ പുരുഷന്മാർ മാത്രം താമസിക്കുന്ന ബാച്ചിലർ അപാർട്മെന്റിലും മറ്റു വീടുകളിലും പാചകം, വീടുവൃത്തിയാക്കൽ ജോലികൾ ഇവയൊക്കെ ചെയ്തു രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നു. ഒരാളല്ല, അനവധി പുരുഷന്മാർ കുടുംബത്തെ നാട്ടിൽ വിട്ട് കുറഞ്ഞ ശമ്പളത്തിൽ ഗൾഫിൽ ജോലി ചെയ്യുന്നുണ്ട്.
ഞങ്ങൾക്കിടയിലെ അപരിചിതത്വത്തിന്റെ പാളി മെല്ലെ അലിയാൻ തുടങ്ങിയപ്പോൾ ഞാൻ അയാളെ കൂടുതൽ അറിഞ്ഞു.
“ബീഡി തെറുപ്പായിരുന്നു വാപ്പാക്ക്, അതോണ്ട് തന്നെ ലങ്സിൽ സൂക്കേട് വന്നു, എനിക്ക് പതിമൂന്ന് വയസുള്ളപ്പോൾ ആളങ്ങട് പോയി, ഞാനാ മൂത്തത്, എനിക്ക് താഴെ അഞ്ചു പേര് “, അയാൾ ഒരു നിമിഷം നിശ്ചലനായി.
അസുഖകരമായ ഭൂതകാലം അയാൾക്ക് നേരെ ചൂണ്ടയെറിഞ്ഞു. ഞാൻ അയാളെ ദയയോടെ നോക്കി, ഒരു നിശ്വാസം മാത്രം എന്നിൽ നിന്നും പുറത്തുവന്നു. എന്നെ വിഷമിപ്പിക്കേണ്ട എന്നു കരുതിയാവാം, അയാൾ തുടർന്നു
“ഏയ്, ഇത്രയൊക്കെ ആയില്ലേ?, ചെറുപ്പത്തിൽ എത്ര പഷ്ണി കിടന്നൂന്നറിയോ?,അയാൾ ചിരിക്കാൻ ശ്രമിച്ചു.
ആ ഓർമ്മകളിൽ നിന്നും കുതറിമാറി, വയറുനിറയെ ഭക്ഷണം കഴിക്കുന്ന ഈ ദിവസങ്ങൾ അയാളെ സന്തോഷിപ്പിക്കുകയാണെന്ന് ഞാൻ അറിഞ്ഞു.
‘സന്തോഷം ഒരു മാനസിക അവസ്ഥ മാത്രമാണ് ‘,
ശ്രീ ബുദ്ധന്റെ ചിന്ത എത്രയോ ശരി.
“നാട്ടിൽ കുറെ കഷ്ടപ്പെട്ടു, പിന്നെ ഒരു അവസരം വന്നപ്പോൾ വിസ കിട്ടി ഇവിടെയെത്തി. ഇളയപെങ്ങന്മാരുടെ വിവാഹത്തിന്റെ കടം വീട്ടാൻ വർഷങ്ങളെടുത്തു, പിന്നെ ചെറ്യോൾടെ ഭർത്താവിനെ ഇവിടെ കൊണ്ടന്നു. അതിനും കൊറച്ച് കാശ് ചെലവായി, എന്നാലും അവർക്ക് എല്ലാവർക്കും ഒരു ജീവിതായി”, അയാളുടെ കണ്ണുകളിൽ ആശ്വാസമാണോ, അഭിമാനമാണോ തെളിഞ്ഞത് എന്ന് ഞാൻ പരതുകയായിരുന്നു.
“പിന്നെ ഞമ്മള് രണ്ടെണ്ണത്തിന്റെ ബാപ്പയുമായി”, കുടുംബത്തെക്കുറിച്ചു പറയുമ്പോൾ കണ്ണുകൾ തിളങ്ങിയിരുന്നു.
“പഴേ പൊര പൊളിച്ചു, പുതീത് പണിയുകയാണ്, പണി മുക്കാൽ ഭാഗമായി , വെള്ള തേച്ചിട്ടിരിക്കുന്നു, ഇനി അതു വേഗം മുഴുവനാക്കണം”, വീടിന്റെ വെണ്മ മുഖത്തും കയറി പടർന്നു.
” അതിനുമുണ്ട് കുറെ കടം. എന്നാലും വയസ്സായ എന്റുമ്മ പോകും മുൻപ് പണി തീർത്തു കയറി പാർക്കണം “, ചെറിയ വലിയ മോഹങ്ങളുടെ ഊഞ്ഞാലിൽ അയാൾ താളത്തിൽ ആടിക്കൊണ്ടിരുന്നു .
” ആവശ്യങ്ങൾ ഒന്നിന് പിറകെ ഒന്നായി വരില്ലേ?, ഞാൻ വെറുതെ ചോദിച്ചു.
“അല്ലാണ്ട്.?”,
ഞാൻ പ്രതീക്ഷിച്ചതിനു വിപരീതമായി അയാൾ ഉറക്കെ ചിരിച്ചു.
ജീവിതാനുഭവങ്ങളുടെ മൂശയിൽ വെന്തു പാകപ്പെട്ട പ്രകൃതം ഓരോ ദിവസവും എന്നെ അമ്പരപ്പിച്ചു.
രണ്ടു മക്കൾ ഉണ്ടെന്നും മകൾ നഴ്സിംഗ് പഠിക്കുകയാണെന്നും മകന് പഠിത്തത്തിൽ തീരെ ഉത്സാഹമില്ലെന്നും അവന്റെ കൂട്ടുകാർ ശരിയല്ലെന്നും അയാൾ പറഞ്ഞു. മകളുടെ കാര്യത്തിൽ ശുഭപ്രതീക്ഷ ഉണ്ടെന്നും മകൻ ഉള്ളു പൊള്ളുന്ന വേവലാതിയായി മാറുന്നുവെന്നും പറഞ്ഞയാൾ ഈറനായ കണ്ണുകളൊപ്പി.
“ഓന് പുത്യേ ബൈക്ക് വാങ്ങി കൊടുക്കാനാ, ഓന്റെ ഉമ്മ പറയണേ, ചെക്കന് ഒരേ വാശി, ഓൾക്ക് എന്റെ കഷ്ടപ്പാടൊന്നും അറിയില്ല”, നിരാശയുടെ കറുത്ത മേഘം അയാളെ ആവരണം ചെയ്തു.
“അന്റെ വാപ്പച്ചി പേർഷ്യലല്ലേന്നു ഓന്റെ ദോസ്തുക്കള് ചോദിക്കുന്നുത്രേ, അവരുടെ കൂടെ ചെത്തി നടക്കാനൊരു ബൈക്ക്.” ഒരു മറുപടി പറയാൻ ഞാൻ ബുദ്ധിമുട്ടി.
“അതിപ്പോ, മക്കള് ആശ പറയുമ്പോൾ അമ്മമാരുടെ മനസ് അതു നടത്തി കൊടുക്കാൻ നോക്കും, അതോണ്ടാവും”, ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അയാൾ മൗനിയായി ജോലി തുടർന്നു.
ഒരു ദിവസം, പാത്രം കഴുകുന്ന ഒച്ച പതിവിൽ കൂടുതൽ ഉയർന്നപ്പോൾ ഞാനയാളെ ശ്രദ്ധിച്ചു. അന്നു മുഖത്തൊട്ടും പ്രസാദമില്ലായിരുന്നു.
“എന്തു പറ്റി?” ഞാൻ ആംഗ്യം കാണിച്ചു കൈ മലർത്തി.
അയാൾ കൈയിൽ പറ്റിയ വെള്ളം ഊക്കൊടെ കുടഞ്ഞുത്തെറിപ്പിച്ചു.
“ഓൾക്ക് പത്തു പവൻ, ഓള്ടെ ആങ്ങളേടെ മോൾടെ കല്യാണത്തിന് കടം കൊടുക്കണംത്രേ. ഞാൻ മോളുടെ കാര്യത്തിന് അരപ്പവനും, ഒരുപ്പവനും ആയി സ്വരുക്കൂട്ടി വെച്ചതാ… അതിനാ ഇപ്പൊ പുക്കാറ് “, അയാൾ ദേഷ്യം കൊണ്ടു ചുവക്കുന്നുണ്ടായിരുന്നു.
“അതിനു നിങ്ങളുടെ ഭാര്യക്കു ഇവിടത്തെ അവസ്ഥ അറിയില്ലല്ലോ?”
വിഷയം മാറ്റാനായി ഞാൻ ചോദിച്ചു,
“എന്താ സ്വെറ്ററിടാത്തത്? പുറത്തു ചെറിയ തണുപ്പുണ്ടല്ലോ ”
“ഓ… അതു കഴുകിയിട്ടപ്പോൾ ഏതോ പഹയൻമാര് എടുത്തോണ്ട് പോയി, ലേബർ ക്യാമ്പിൽ അതൊക്കെ നടക്കും.”
“ദാ… ഇതെടുത്തോളൂ “, ഞാൻ അയാൾക്ക് രണ്ടു സ്വെറ്ററുകൾ എടുത്തുകൊടുത്തു.
ഒരു വെള്ളിയാഴ്ച ദിവസത്തെ അവധി കഴിഞ്ഞു ശനിയാഴ്ച വീണ്ടും തണത്തുവിറച്ചു കയറിവന്നപ്പോൾ ഞാൻ ചോദിച്ചു,
“സ്വെറ്റർ എന്തേ? പുറത്ത് തണുപ്പ് കൂടിയല്ലോ”, കള്ളം പറയുന്ന കുട്ടിയെപ്പോലെ അയാൾ പരുങ്ങി.
“ഇന്നലെ ചെറിയ അളിയൻ വന്നിരുന്നു. അവന് കുറച്ചു മാസമായി ശമ്പളം കിട്ടിയിട്ട്, അവന്റെ തുണിയൊക്കെ കേടായി. അതുകൊണ്ട് സ്വെറ്റർ അവന് കൊടുത്തു”.
അയാൾ വായിച്ചു തീരാത്തൊരു പുസ്തകമായി, താളുകൾ മറിഞ്ഞു.
“ഇതാർക്കും കൊടുക്കരുത്”, ഞാൻ വീണ്ടും ഒരു സ്വെറ്റർ നീട്ടി.
” വേണ്ട വേണ്ട… ഞാൻ ഒരെണ്ണം മസാവസാനം വാങ്ങാം “, വാക്കുകളിൽ അഭിമാനം തുടിച്ചു.
അതൊന്നു അയാളുടെ കൈയിൽ ഏല്പിക്കുവാൻ, എനിക്കേറെ നിർബന്ധം ചെലുത്തേണ്ടി വന്നു.
“മോന് ഇവിടെ ജോലിയാക്കണം എന്ന് അവന്റെ ഉമ്മ പറയുന്നു. ഇവിടെ ജീവിതം ബുദ്ധിമുട്ടാണെന്ന് പറഞ്ഞാ ഓൾക്ക് മനസ്സിലാവില്ല “, അയാൾ ഖേദത്തോടെ പറഞ്ഞു.
“ഓളൊരു പൊട്ടിപ്പെണാ, ഓൾക്ക് പതിനാറ് വയസ്സുള്ളപ്പളാ ഞങ്ങടെ നിക്കാഹ്. ഫോറിൻ സാരീം നല്ല മണള്ള സ്പ്രേയും കിട്ടൂലോന്ന് കരുതീട്ട് ഓൾക്ക് നിക്കാഹിന് വല്യ സന്തോഷായിരുന്നൂത്രെ. ”
ഒരു നിമിഷം, അയാൾ തറഞ്ഞുനിന്നു.
“പാവം ന്റെ സൈനു… ഓളോട് ഞാനെന്റെ കഷ്ട്ടൊന്നും പറയില്ല. എന്തിനാ ഓള് വിഷമിപ്പിക്കണേ?രണ്ടുരണ്ടര കൊല്ലെത്തുമ്പോഴാ ഞാനൊന്ന് നാട്ടീ പോണ്ത്, തിരിച്ചു വരണതിന്റെ ഒരാഴ്ച മുമ്പ് ഓള് കരച്ചിലു തുടങ്ങും, പാവം. ”
“അപ്പോൾ സൈനബെ വല്യേ ഇഷ്ട്ടാല്ല്യെ… “, ഞാൻ പ്രണയാർദ്രമായ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കി. അയാൾ ചിരിച്ചു. ചിപ്പിയ്ക്കുള്ളിലെ മുത്തുപ്പോലെ സൈനബയോടുള്ള പ്രണയം, അയാൾക്കുള്ളിൽ ഒളിച്ചിരുന്നു.
“ഭാര്യ പറയുന്നത് നല്ല കാര്യമല്ലേ, മകന് വരുമാനമായാൽ കുറച്ച് ആശ്വാസമാകില്ലെ?, ഞാൻ പിന്താങ്ങി.
“ഏയ് വേണ്ട… ഓൻ എന്നെ പോലെ ബുദ്ധിമുട്ട് കണ്ടിട്ടില്ല. ഞാൻ എല്ലാവർക്കും വേണ്ടി ജീവിച്ചു.”, അയാൾ ചിന്തയിലാണ്ടു.
പക്ഷെ കുറെ ദിവസങ്ങൾക്കു ശേഷം, മകന് ആശുപത്രിയിൽ ഡയറക്ടർ മുഖാന്തിരം ബുദ്ധിമുട്ടില്ലാത്ത ചെറിയ ജോലി ശരിയായെന്നും അവൻ ഉടനെ വരുന്നുണ്ടെന്നും അറിഞ്ഞു.
“അവന്റെ കൂട്ടുകാരിൽ നിന്നും വിട്ടു കിട്ടാൻ വേണ്ടിയാണ്.” അയാൾ മകനെ കുറിച്ചുള്ള ആശങ്കയിൽ വലയുന്നുണ്ടായിരുന്നു.
കുറച്ചു ദിവസങ്ങൾക്കു ശേഷം, ” മോൻ സുഖമായി എത്തിയില്ലേ?”, കുശലം ചോദിക്കാൻ ഞാൻ മറന്നില്ല.
” എന്റെ റബ്ബേ… പയ്യൻ സൽമാൻ ഖാന്റെ പോലെ ഇത്തിരിക്കോളം പോന്ന ഷർട്ടും കുന്തം വെച്ച മുടിയുമായാണ് വന്നത്. ഞാൻ ഒരു അയഞ്ഞ കുപ്പായം ഇടുവിച്ചു, മുടി നേരെയാക്കി ഡയറക്ടറുടെ മുന്നിൽ കൊണ്ടുപോയി നിർത്തി. “, അയാൾ തലയിൽ കൈവെച്ച് ചിരിച്ചു.
“ഒക്കെ ശരിയാവും ന്നെ”, ഒരു ആശംസ കിടക്കട്ടെ, ഞാൻ കരുതി.
അവധി ദിവസം വെള്ളിയാഴ്ച, മകന് ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കി, സൈക്കിളിൽ, അവന്റെ അടുത്തേക്ക് പോകുന്ന അയാൾക്ക് മകന്റെ സാമീപ്യം ആശ്വാസം നൽകുന്നതായിരുന്നു.
മരുഭൂമിയിൽ താപനില ഉയർന്നുയർന്നു വന്നു. ചൂടുക്കാറ്റു മണൽ തരികളെ എടുത്തു പൊക്കി വീശിയെറിഞ്ഞു, മണൽ കൂനകൾക്കു സ്ഥാനചലനം വരുത്തി പറിച്ചുനട്ടു. ചൂടിൽ ഉയർന്ന ജലാംശം അന്തരീക്ഷത്തിൽ ഈർപ്പം നിറച്ചു. വിയർപ്പിൽ ഉപ്പ് തരികൾ കുതിർന്നു. വറ്റിയ വിയർപ്പിൽ ഉപ്പു പരൽ പൊടിഞ്ഞു മിന്നി.
അസഹ്യമായ ചൂടുമാസത്തിലായിരുന്നു ആ വർഷത്തെ റമസാൻ വൃതം. ഉമിനീർ പോലും ഇറക്കാതെ, ജോലി ചെയ്യുന്ന അയാൾ ഞങ്ങൾക്കു അത്ഭുതമായിരുന്നു. വൈകുന്നേരം അഞ്ചരയോടെ കേൾക്കുന്ന ‘ബാങ്ക്’ വിളിക്കായ് ഞങ്ങളും ചെവിയോർത്തു.
കമ്പ്യൂട്ടർ ഗെയിം കളിക്കുന്ന മക്കൾ വിളിച്ചു പറഞ്ഞു,
” അങ്കിൾ സല കേട്ടു, ഫുഡ് കഴിച്ചോ ട്ടോ “. പ്രാർത്ഥന സമയമാണ് ‘സല’ സമയം.
“നോക്കട്ടെ മോനെ… “, അയാൾ മകന്റെ കവിളിൽ തട്ടി. പുറത്തേയ്ക്കുള്ള വാതിൽ തുറന്നു പുറത്തിറങ്ങി, ദൂരെ നിന്നും ഒഴുകിവരുന്ന ബാങ്കുവിളിയ്ക്കു കാതോർത്തു, ഉറപ്പു വരുത്തി, വരണ്ട തൊണ്ടയിൽ വെള്ളം നനച്ചു നോമ്പ് മുറിച്ചു.
കൊട്ടാര സദൃശ്യമായ അലങ്കാരങ്ങളുള്ള ഹാളുകളിൽ നീളൻ മേശമേൽ നിരത്തിയ ഭക്ഷണ നിരയും വില കൂടിയ പരവാതാനികളിൽ കൂട്ടം ചേർന്ന് ഇരുന്ന് ഇഫ്ത്താർ വിരുന്നു ആസ്വദിക്കുന്നവരും ഉള്ള നാട്ടിൽ ഇങ്ങനെയും ചിലർ മനുഷ്യർ.
അയാൾ, ഞങ്ങളുടെ സ്വീകരണ മുറിയിലെ ചെറിയ പരവതാനിയിൽ കുനിഞ്ഞു, നെറ്റി മുട്ടിച്ചു, നിസ്കരിച്ചു.
ചിലർ, വാക്കിലും പ്രവർത്തിയിലും, ഒരേ പോലെ ശരി മാത്രം പാലിക്കുന്നവർ. അയാൾ ശരിയുടെ ആൾരൂപമായി മുന്നിൽ നിന്നു. ഒരു ജേഷ്ഠസഹോദരനോടുള്ള ആദരവും മമതയും അയാൾ നേടി.
കടുത്ത ചൂടിൽ ഈന്തപ്പഴക്കുലകൾ കറുപ്പും കടുത്ത ചുവപ്പും തവിട്ടും നിറത്തിൽ മരങ്ങളിൽ നിറഞ്ഞു, ഉള്ളിൽ മധുരം കുറുക്കി. എണ്ണപ്പണം, ഈദ് പെരുന്നാളിന് കൊഴുപ്പു കൂട്ടി. നാടു മുഴുവൻ പന്തലുകൾ ഉയർന്നു, രാത്രി മുഴുവനും വെള്ളിവെളിച്ചം നിറഞ്ഞു തൂകി. സമ്പന്നർ ഈദ് ഗാഹ്കളിൽ സമൃദ്ധമായ ഭക്ഷണം വിളമ്പി. വിശപ്പടക്കിയ അനേകർ, ഈന്തപ്പഴത്തിന്റെ മധുരം ബാക്കിയാക്കുന്ന ആശ്ലേഷത്തിൽ, സലാം ചൊല്ലി പിരിഞ്ഞു.
മധുരപലഹാരങ്ങൾ നിറച്ചു അലങ്കരിച്ച തളികകളും മറ്റു സമ്മാനങ്ങളും ആളുകൾ കൈമാറി.
“പെരുന്നാളായിട്ട് മോന് ഒന്നും വാങ്ങിയില്ലേ?”, ഞാൻ ചോദിച്ചു.
“അവനിപ്പോ ആളാകെ മാറി, വാപ്പിച്ചിക്കു ബുദ്ധിമുട്ടല്ലേ, ചോയ്ച്ചാൽ ഒന്നും വേണ്ട എന്ന് പറയും, എന്നാലും ഞാനവന് രണ്ടു കുപ്പായം വാങ്ങി വെച്ചു. “, അയാളുടെ മുഖത്തു സന്തോഷം ഇരച്ചു കയറി.
പിതൃഹൃദയം അടുത്തറിഞ്ഞ മകൻ അയാളെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങിയിരുന്നു.
“ഇനിയൊന്നു ഹജ്ജിനു പോണം “, ഒരു ദിവസം അയാൾ ആഗ്രഹം പറഞ്ഞു.
” ഗൾഫിൽ, ആയിരിക്കുമ്പോളല്ലേ പോകാൻ എളുപ്പം, ഇപ്പോൾ പൊയ്ക്കൂടേ?” ഞാൻ ചോദിച്ചു.
“കുറച്ചു കടങ്ങളുണ്ട്. അതൊന്നു കൊടുത്തു വീട്ടണം, കടം തീർത്തിട്ട് വേണം ഹജ്ജിനു പോകാൻ, ഒന്നും ബാക്കി വെക്കാൻ പാടില്ല. ”
തിരിച്ചൊന്നും ആഗ്രഹിക്കാതെ കടമകൾക്കു പിറകെയോടുന്ന അയാൾ ഓരോ ദിവസവും അത്ഭുതപ്പെടുത്തി.
“മോന്റെ കാര്യം നടത്തി തന്നല്ലോ, അള്ളാ…”, ആ കണ്ണുകളിൽ നന്ദിയും വാത്സല്യവും പരസ്പരം മത്സരിച്ചു.
തോട്ടത്തിലെ ചുവന്ന അരളിപ്പൂക്കൾ, ചൂടിനെ തോൽപ്പിച്ചു ചിരിച്ചു തലയാട്ടി. അടുത്ത വീട്ടിൽ ചെയ്തു തീർക്കാനുള്ള ജോലികൾ ഓർമ്മിച്ചെടുത്ത്, അനേകരുടെ ചുമടുതാങ്ങിയായ പുരുഷജന്മം, കൊടുംചൂടിലേക്ക് നടന്നുനീങ്ങി.
‘ചുമുടുതാങ്ങിക്കു ചുങ്കം കൊടുക്കാറില്ല’, ഞാനൊരു പഴമൊഴി ഓർത്തു.
അധീശത്വവും ആക്രോശങ്ങളും വെടിയൊച്ചകളും മാനംമുട്ടെ വളർന്നു പെരുകുന്ന തീയും അതിൽ എരിയുന്നവരുടെ രോദനവും അവർ ബാക്കിയാക്കി പോയവരുടെ വിലാപവും മുഴങ്ങുന്ന മണ്ണിൽ തന്നെ ജീവിക്കുന്നവരാണ് ഈ എളിയ മനുഷ്യരും. തുച്ഛമായവരുടെ നഷ്ടങ്ങൾ, ആരും വിലയിടാറില്ലല്ലോ.
ഇന്ന്, തിരിച്ചു നൽകാൻ ഒരു ശക്തിക്കും സാധിക്കാതെ എണ്ണൽക്കണക്കുകളിലേക്ക് ചുരങ്ങുന്ന നഷ്ടപ്പെട്ടവരുടെ ജീവൻ, ആരുടെ വിജയമായി അടയാളപ്പെടുത്തും? നന്മകൾ വിരിയേണ്ട റമസാൻ നാളുകളിൽ പോലും വിദ്വേഷപുക ചാരനിറം പടർത്തുന്ന ആകാശക്കോണിൽ റമസാൻ ചന്ദ്രിക ഉററു നോക്കുന്ന നിസ്സഹായരായ സാധാരണ മനുഷ്യർ.
ഹൃദയത്തിൽ നന്മകൾ വിളയിക്കുന്നവർ. ചുങ്കമില്ലാത്ത ചുമടുതാങ്ങികൾ !


20 Comments
ജോയ്സിലെ കഥാകാരി പറയേണ്ട കഥകൾ മാത്രം പെറുക്കിയെടുത്ത് വായനക്കാരെ ആഴത്തിൽ സ്പർശിക്കും വിധം പറയുന്നു. നന്ദിയുണ്ട് ഈ എഴുത്തുകൾക്ക് , ഒപ്പം അഭിമാനവും.
സിൽവി, നന്ദി dear !🙏
സ്നേഹം മാത്രം.🫂❤️
മെലിഞ്ഞു വെളുത്ത നാൽപത്തി അഞ്ചിന് മുകളിൽ പ്രായം ഉള്ള മനുഷ്യൻ, നന്നായി പഠിക്കുന്ന മകൾ. പഠിക്കാൻ താല്പര്യം ഇല്ലാത്ത,കൂട്ടുകാരോടൊപ്പം കറങ്ങി നടക്കുന്ന മകൻ..
ഇവിടം വരെ എന്റെ ജീവിതം പോലെ ഉണ്ട്.സത്യം പറ.. ആരാ എന്റെ ജീവിതകഥ പറഞ്ഞു തന്നത്
നല്ല രചന 👍👍
Jinas, വായനക്കും വാക്കുകൾക്കും നന്ദി.🙏
Supet
നല്ലെഴുത്ത് 👌❤️
Rathi, ❤️🙏
വളരെ മികച്ച ഭാഷ. ഹൃദയത്തെ സ്പർശിച്ച എഴുത്ത് 👌🙏
Pradeesh, thank you.🙏
ഗംഭീര എഴുത്ത് ജോയ്സ്. നന്മ നിറഞ്ഞൊരു സാധു മനുഷ്യൻ്റെ
ദുരിത പ്രയാണത്തെ , പ്രശ്നകലുഷിതമായ
വർത്തമാനകാലത്തിലേക്ക് വളരെ brilliant ആയി ചേർത്തു വെച്ചു. പുണ്യ മാസത്തിൻ്റെ പശ്ചാത്തലം കൂടി വന്നപ്പോൾ അസ്സലായി.👌👌👌👏❤️❤️
നന്ദി താര. 🙏
ഗൾഫ് രാജ്യങ്ങളിൽ സമ്പന്നർ മാത്രമല്ല, സാധാരണക്കാരും പാവപ്പെട്ടവരും ജീവിക്കുന്നുണ്ട്. എല്ലാവരുടെ ജീവിതവും ചവട്ടിമെതിക്കുന്ന യുദ്ധം മനസ്സിൽ നോവാകുന്നു. വായനക്ക് സ്നേഹം.🫂❤️
ഗൾഫ് ജീവിതം മനോഹരമാക്കിയിരിക്കുന്നു.🙏🏽
Rani varghese, 🙏❤️
ആരും അറിയാതെ ഉരുകി തീരുന്ന പ്രവാസ ജീവിതങ്ങളുടെ നേർക്കാഴ്ച.👌👌 പറയാൻ വാക്കുകളില്ല. അത്രയ്ക്കും മനോഹരമായും സൂക്ഷ്മമായും എഴുതി. 🌹🌹🌹ഇപ്പോഴത്തെ സാഹചര്യത്തിൽ തികച്ചും പ്രസക്തമായ എഴുത്ത്.💯
Electa, സന്തോഷം dear. വായനക്കും വ്യക്തമായ അഭിപ്രായത്തിനും.
🙏🫂❤️
Super
Nice 😍😍
സുനന്ദ, 🙏❤️
Joyce varghese മനോഹരമായി എഴുതി പ്രവാസി അച്ചൻ ( വാപ്പ; പപ്പ ) എന്നും മക്കളുടെയും ഭാര്യമാരുടെയും സഹോദരങ്ങളുടേയും കാര്യം നോക്കി ജീവിക്കാൻ ‘മറക്കുന്ന കഥാപാത്രം ‘ഒരു പാട് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു റോളാണ് അച്ചൻ( പിതാവ്) നന്നായി അവതരിപ്പിച്ചു♥️🙏💯🔥🙏🙏🙏🙏
Suresh, വളരെ ശരിയാണ്. പെരുകുന്ന ആവശ്യങ്ങൾക്കു മുമ്പിൽ ജീവിക്കുവാൻ മറക്കുന്ന കുറെ പേരുണ്ട്.
വായനക്കും വാക്കുകൾക്കും നന്ദി.
🙏