ഈ വനിതാ ദിനത്തിൽ ഹൃദ്യമായ ആശംസകൾക്കൊപ്പം “നിങ്ങളെ പ്രചോദിപ്പിച്ച സ്ത്രീ” എന്ന വിഷയത്തിൽ സമകാലിക കാലഘട്ടത്തിലെ പെൺകരുത്തിനെക്കുറിച്ച് ഒരു കുറിപ്പു കൂടി പങ്കു വെക്കട്ടെ.
പിറവിയിൽ തന്നെ “പെണ്ണ്” എന്ന പദത്തിനു നൽകപ്പെട്ടിരുന്ന അവഗണനയുടെ കാലം പൊയ്പ്പോയിരിക്കുന്നു. ഇന്നാണായാലും പെണ്ണായാലും അവരെ ഉൾക്കൊള്ളാനും സ്വീകരിക്കാനും നാം തയ്യാറായി കഴിഞ്ഞു. അതേ… കാലാനുസൃതമായ മാറ്റം അനിവാര്യമാണല്ലോ…
“യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ “
എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നു – ആദരിക്കപ്പെടുന്നു അവിടെ ദേവതമാർ രമിക്കുന്നു. എന്നിങ്ങനെയുള്ള ദൈവീക പരിവേഷം നൽകി അവളെ പ്രീണിപ്പിച്ചു നിർത്താൻ പണ്ടുകാലത്ത് വരേണ്യവർഗം രഹസ്യമായി കരു നീക്കി.
ഒരു കാലത്ത് സർവ്വംസഹയായും ത്യാഗിനിയായും അവളെ പ്രകീർത്തിച്ചദൃശ്യമായ ഒരു സുവർണ്ണച്ചങ്ങലയിൽ തളച്ചിട്ട കാലം അസ്തമിച്ചു കഴിഞ്ഞു.
വീടിനു വിളക്കായും പൊൽക്കണിയായും പൂമുഖവാതിൽക്കലെ പൂന്തിങ്കളായും സാഹിത്യലോകത്തിലും പണ്ടവൾ വാഴ്ത്തപ്പെട്ടിരുന്നു. അതിലുമേറെ കണ്ണുനീർത്തുള്ളിയോടവളെ ഉപമിച്ചിടത്ത് അവൾ തീർത്തും നിസ്സഹായയുമായി.
എന്നാലബലയെന്നും ചകിതയെന്നും ചഞ്ചലചിത്തയെന്നുമൊക്കെ ഓമനപ്പേരിട്ട് ഒതുക്കാൻ ശ്രമിച്ചിടത്തു നിന്ന് അവൾ ഒരു ഫീനിക്സ് പക്ഷിയേപ്പോലുയർന്നു.
പുരുഷവംശത്തിനു മാത്രം പ്രാപ്യമായവ എന്നു ധരിച്ച വിശ്വസിച്ച ഇടങ്ങളിൽ അവൾ പെൺകരുത്തിൻ്റെ തൻ്റേടത്തിൻ്റെ സുവർണമുദ്ര പതിപ്പിച്ചു.
“പിതാ രക്ഷതി കൗമാരേ
ഭർത്താ രക്ഷതി യൗവനേ
പുത്രോ രക്ഷതി വാർദ്ധക്യേ
ന: സ്ത്രീ സ്വാതന്ത്ര്യമർഹതി”
(മനുസ്മൃതി)
സ്ത്രീയെന്നാൽ മറ്റുള്ളവരാൽ ഒരു സുരക്ഷിത വലയത്തിനുള്ളിൽ ഒതുങ്ങി നിൽക്കേണ്ടവളാണെന്ന ” സ്മൃതി” സിദ്ധാന്തങ്ങളെ സ്വന്തം സ്വത്വാന്വേഷണത്തിൽ അവൾ മാറ്റിക്കുറിച്ചു. അവിടെ നീതിയും നിയമവും അവൾക്ക് കരുത്തേകി – വഴികാട്ടി.
സ്വന്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും പ്രാപ്തയാണെന്നവൾ തെളിയിച്ചു. സ്വപ്നലോകത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് ചുവടുകൾ വെച്ചു.
അവഗണിക്കേണ്ടതിനെ തീർത്തുമവഗണിക്കാൻ പഠിച്ചു. തുല്യ പങ്കാളിത്തം വീട്ടിലും തൊഴിലിടങ്ങളിലും സമൂഹത്തിലും നേടിയെടുത്തു. ആദ്യമൊക്കെ പുച്ഛിച്ചു തലയാട്ടിയവർ ഒടുവിൽ തലകുലുക്കി അവളെ സമ്മതിച്ചു.
അവൾ കുത്തിക്കുറിച്ചതിനെ “പെണ്ണെഴുത്ത് ” എന്ന് പരിഹസിച്ചവർ പിന്നീട് അംഗീകരിച്ചു. ആദരിച്ചു. തൻ്റെ മികച്ച രചനകളിൽ അവൾ അനുഭവത്തിൻ്റെ ചൂടും ചൂരും നിറച്ചു.
ഒരിക്കൽ കളിക്കളങ്ങൾ അപ്രാപ്യമായവളിന്ന് ജന്മനാടിന് അഭിമാനതിലകം ചാർത്തിയവളായി. ഗവേഷണ രംഗങ്ങളിൽ വിദ്യാഭ്യാസ മേഖലയിൽ രാഷ്ട്രീയത്തിൽ നീതിന്യായ വ്യവസ്ഥയിൽ ആതുര ശുശ്രൂഷാ രംഗങ്ങളിൽ രാജ്യസുരക്ഷാ മേഖലയിൽ എന്തിന് രാജ്യത്തിൻ്റെ പ്രഥമസ്ഥാനമലങ്കരിക്കാൻ പോലും അവൾ ശക്തിയാർജ്ജിച്ചു.
പെൺകരുത്തിൻ്റെ ചരിത്രങ്ങൾ തുടരവേ ഓരോരുത്തരുടെ ഉള്ളിലും പ്രചോദനമേകുന്ന സ്ത്രീഭാവങ്ങൾ വ്യത്യസ്തമാകാം… കാരണം അവൾ ഒന്നിലധികം വേഷങ്ങൾ ഒരേ സമയം ആടുന്ന ഒരു പ്രധാന കഥാപാത്രം തന്നെയാണല്ലോ. അമ്മ ,മകൾ, സഹോദരി,ഭാര്യ, കൂട്ടുകാരി… അങ്ങനെയങ്ങനെ
എന്നെ സ്വാധീനിച്ച സ്ത്രീ എന്നയിടത്ത് അമ്മയ്ക്കപ്പുറം വെക്കാൻ മറ്റൊരാളില്ല. കുട്ടിക്കാലത്തെ പല അവഗണനകളും ഒറ്റപ്പെടലുകളും നിസ്സഹായതയും നേരിടാനും ജീവിതത്തിൽ പല പ്രതിസന്ധികളിലും കരുത്താർജ്ജിക്കാനും അമ്മ നല്ലൊരു മാതൃകയായിരുന്നു. ജീവിതം വഴിമുട്ടിപ്പോയ സാഹചര്യങ്ങളിൽപ്പോലും ഒഴുക്കിനെതിരെ നീന്തി പുതിയ തീരങ്ങളിലെത്താൻ കൈത്താങ്ങായ അമ്മയോളം മറ്റൊരാളും എന്നെ സ്വാധീനിച്ചിട്ടില്ല.
പുതിയ തലമുറയിലെ പെൺമുഖങ്ങൾക്ക് കൂടുതൽ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൃത്യമായ അഭിപ്രായങ്ങളുമുണ്ട്.
സ്തുതി വചനങ്ങളിലോ പുകഴ്ത്തലുകളിലോ പ്രലോഭനങ്ങളിലോ വീണു പോകുന്നവരല്ല അവർ. ഉയർന്ന വിദ്യാഭ്യാസവും മെച്ചപ്പെട്ട സാമൂഹിക അന്തരീക്ഷവും ശാസ്ത്ര സാങ്കേതികരംഗത്തെ മുന്നേറ്റങ്ങളും അവരുടെ വിരൽ തുമ്പിലേക്ക് ലോകത്തെ എത്തിച്ചു.
ഇന്ന് സ്ത്രീകളുടെ കയ്യൊപ്പു പതിയാത്ത ഇടങ്ങളുണ്ടോ. അതേ മാറുന്ന ലോകത്തിൻ്റെ പെൺകരുത്തിൻ്റെ ജൈത്രയാത്ര അനുസ്യൂതം തുടരട്ടെ… ഇനിയുമിനിയും ശക്തിയാർജ്ജിക്കട്ടെ…
ബിന്ദു കുറ്റിപ്പാല
#വനിതാദിനം2026
#കൂട്ടക്ഷരങ്ങൾ
പെണ്ണൊരുത്തി


4 Comments
നല്ല രചന 😍
സ്ത്രീകൾ, തങ്ങളെ സുഖിപ്പിച്ചു നിർത്തിയിരുന്ന വിളിപ്പേരുകളിലെ ചതി മനസ്സിലാക്കി, സ്വന്തം അസ്തിത്വം തിരിച്ചറിയുന്ന കാലഘട്ടമാണ്. തുടരട്ടെ.
നല്ല രചന.👏
സ്നേഹം താരാ ❤️❤️
പുതിയ തലമുറയിലെ പെൺമുഖങ്ങൾക്ക് കൂടുതൽ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൃത്യമായ അഭിപ്രായങ്ങളുമുണ്ട്. സത്യം