തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്ക് ഉറങ്ങാൻ കഴിയുന്നില്ല. നാഭിയും നടുവും വേദനയാണ്. ഗർഭിണിയായി രണ്ടാം മാസം തുടങ്ങിയതാണ്, ഈ വേദന തന്നെയും കൊണ്ടേ പോകൂ എന്നവൾക്ക് തോന്നാറുണ്ട്. അവൾ മെല്ലെ എഴുന്നേറ്റിരുന്നു. അവളുടെ നാല് വയസുള്ള മകനും ഭർത്താവും അടുത്തു തന്നെ കിടക്കുന്നുണ്ട്. രണ്ടുപേരും നല്ല ഉറക്കമാണ്. അവർ ഉറങ്ങുന്നതും നോക്കി അവളിരുന്നു.
അവൾ ദേവിക, ശോഭയുടെയും അനിയുടെയും മകൾ. രണ്ട് ആങ്ങളമാരുടെ പുന്നാര പെങ്ങൾ പഠനത്തിൽ മോശമമല്ലാതിരുന്ന അവൾ ഒരു ഐഎഎസ് ഓഫീസർ ആകാൻ ആഗ്രഹിച്ചിരുന്നു. ഡിഗ്രി കഴിഞ്ഞ ഉടനെ വിവാഹം കഴിഞ്ഞു. അതോടെ പഠനവും കഴിഞ്ഞു. അതിനിടയിൽ അപ്പു ജനിച്ചു. ഇപ്പോ രണ്ടാമതും ഗർഭിണിയായി.
ഇരുന്നിടത്ത് തന്നെ ഉറങ്ങി തുടങ്ങിയപ്പോഴാണ് ഫോൺ ശബ്ദിക്കുന്നത് അവളറിഞ്ഞത്. സനീഷിൻ്റെ ഫോണിൽ മെസ്സേജ് വന്നതാണ്.
“ഓഹ്, സമയം പാതിരാത്രിയായല്ലോ ഇപ്പോഴാരാണ് മെസ്സേജ് അയയ്ക്കുന്നത്” എന്ന് പറഞ്ഞുകൊണ്ട് അവൾ കിടന്നു.
വീണ്ടും വീണ്ടും മെസ്സേജ് വന്നുകൊണ്ടിരുന്നു ശബ്ദം കേട്ട് അപ്പു ഉണർന്നു. “അമ്മേ” എന്ന് വിളിച്ച് അവൻ കരഞ്ഞു.
“മോനെ അമ്മ ഇവിടെത്തന്നെയുണ്ട്” എന്ന് പറഞ്ഞു ആശ്വസിപ്പിച്ച് അവൾ അവൻ്റെ അടുത്ത് കിടന്നു. പിന്നേയും മെസ്സേജ് വന്നു.
“സനീഷേട്ടാ, ആ ഫോൺ ഒന്ന് സൈലൻ്റ് ആക്കി വെക്കാമോ, ശബ്ദം കേട്ട് മോൻ ഉണരുന്നു”. മദ്യപിച്ച് ലക്കുകെട്ട് കിടന്നുറങ്ങുന്ന സനീഷിനോട് അവൾ പറഞ്ഞു.
‘ആര് കേൾക്കാൻ ‘. അവസാനം അവൾ മെല്ലെ എണീറ്റു പോയി ഫോൺ എടുത്തു. സൈലൻ്റ് ആക്കാൻ വേണ്ടി നോക്കുമ്പോൾ വീണ്ടും വന്നു മെസ്സേജ്. ഫോണിലെ സ്ക്രീനിൽ അഖിൽ 3 എന്നായിരുന്നു അവൾ കണ്ടത്. എന്തോ അത്യാവശ്യം ആയിട്ടാണോ അവർ മെസ്സേജ് അയച്ചത് എന്ന് നോക്കിയപ്പോൾ “കിടന്നോ? ഉറങ്ങിയോ? ഉമ്മ” തുടങ്ങി കുറേ മെസ്സേജുകൾ.
‘അഖിലേട്ടൻ എന്തിനാ ഇങ്ങനെയൊക്കെ മെസ്സേജ് അയയ്ക്കുന്നത് ‘.
ചാറ്റ് ബാക്ക് അടിക്കുമ്പോഴാണ് അവൾ അഖിലിൻ്റെ ഡിപി കണ്ടത്.
” ഇത് സോനയല്ലേ?”
അഖിലേട്ടൻ എന്തിനാണ് അവളുടെ ഫോട്ടോ ഡിപി ആയി വെച്ചത്? ഡിപിയും പേരും ദേവികയെ ആശയക്കുഴപ്പത്തിലാക്കി. ഒന്നും ചിന്തിച്ചു കാട് കയറണ്ട എന്ന് കരുതി അവൾ പോയി കട്ടിലിൽ ഇരുന്നു. ഭർത്താവിനും മകനും ഓരോ ഉമ്മ വീതം നൽകി അവളും അവരോടൊപ്പം കിടന്നു. അവൾ അവരെ ഒരുപാട് സ്നേഹിക്കുന്നുണ്ട്, ‘തനിക്ക് എന്ത് സംഭവിച്ചാലും അവരെ കാത്തുരക്ഷിക്കേണ കൃഷ്ണാ’എന്ന് അവൾ പ്രാർത്ഥിച്ചിരുന്നു.
ഉറക്കം വന്നു തുടങ്ങിയപ്പോൾ വീണ്ടും മെസ്സേജ്. ഇത്തവണയും “ഉമ്മ ” എന്നുതന്നെയാണ് അഖിലേട്ടൻ അയച്ചത്. ഒന്നും നോക്കിയില്ല ആ ചാറ്റ് മുഴുവൻ അവൻ വായിച്ചു തീർത്തു.
ഓരോ ചാറ്റ് വായിക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ ഇല്ലാതായി പ്പോകുന്നതുപോലെ അവൾക്ക് തോന്നി. താൻ ഈ വായിക്കുന്നതും കാണുന്നതും സത്യം തന്നെയാണോ. താൻ ജീവനായ് കരുതിയ സനീഷേട്ടൻ മറ്റൊരു സ്ത്രീയുമായി, അതും കല്ല്യാണം കഴിഞ്ഞ് വലിയ ഒരു മോളുള്ള സ്ത്രീയുമായി പ്രണയത്തിൽ ആയെന്ന് അവൾ തിരിച്ചറിഞ്ഞു. തന്നോട് സംസാരിക്കാൻ സമയമില്ലാത്ത ഭർത്താവ് മറ്റൊരു സ്ത്രീയുമായി രാവെന്നോ പകലെന്നോ ഇല്ലാതെ ചാറ്റ് ചെയ്യുന്നു.
“കൃഷ്ണാ ഇതൊന്നും എനിക്ക് കണ്ട് നിൽക്കാനാകുന്നില്ല. ” അവൾ തേങ്ങി.
തൻ്റെ ജീവിതം നശിപ്പിച്ചിട്ടു സുഖമായി കിടന്നുറങ്ങുന്ന സുധീഷിനെ കണ്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു. അവൾ സുധീഷിനെ തട്ടി വിളിച്ചു. ഒരുപാട് ശ്രമത്തിൻ്റെ ഫലമായി അയാൾ ഉണർന്നു.
“എന്താ?” എന്ന് ദേഷ്യത്തോടെ ചോദിച്ചു.
അവൾ തിരിച്ചു ചോദിച്ചു ” ഏട്ടാ, ഏട്ടന് ഞാൻ അല്ലാതെ വേറെ ആരെങ്കിലുമായി ബന്ധമുണ്ടോ?”.
ഇതെല്ലാം എൻ്റെ തോന്നലാകണേ എൻ്റെ ഭർത്താവ് എന്നോട് സത്യം പറയണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അവൾ ചോദിച്ചു.
” ഇല്ല, നീ എന്തൊക്കെയാണ് ഈ നട്ടപ്പാതിരയ്ക്ക് ചോദിക്കുന്നത്” എന്നയാൾ ചോദിച്ചു.
അവൾ പറഞ്ഞു ” എന്നാൽ നമ്മുടെ മക്കളെ പിടിച്ചു സത്യം ചെയ്യാമോ? നിങ്ങൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമില്ലെന്ന് ”
അതുകേട്ടതും അയാൾ ഒരു കൈ അപ്പുവിൻ്റെ തലയിലും മറ്റേ കൈ ദേവികയുടെ വയറിനു മുകളിലും വച്ചു.
“വേണ്ട നമ്മുടെ മക്കളെ പിടിച്ചു കള്ള സത്യം ചെയ്യേണ്ട. നിങ്ങളും സോനം ചേച്ചിയും തമ്മിലുള്ള ബന്ധം ഞാൻ അറിഞ്ഞു”.
സനീഷ് ദേവികയുടെ മുഖത്തേക്ക് തന്നെ നിശ്ചലനായി നോക്കി നിന്നു. അയാൾ നിർവികാരനായിരുന്നു. ദേഷ്യവും സങ്കടവുമെല്ലാം അവളുടെ മുഖത്ത് അലയടിച്ചു. അവൾ എന്തൊക്കെയോ പുലമ്പി.
” ഞാൻ നിങ്ങളെ സ്നേഹിച്ചു, കണ്ണുമടച്ച് വിശ്വസിച്ചു. എന്നെ അവഗണിച്ച് മാറ്റി നിർത്തിയപ്പോഴും സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്തതുകൊണ്ടാണെന്ന് കരുതി ഞാൻ പൊരുത്തപ്പെട്ടു. എന്നിട്ട് നിങ്ങൾ എന്നെ ചതിച്ചു”.
അപ്പോൾ അയാൾ പറഞ്ഞു” പറ്റിപ്പോയി, ക്ഷമിക്ക്. “
അതുകേട്ടപ്പോൾ അവൾ ചോദിച്ചു” പറ്റിപ്പോയതോ ”
താലി ചെയിൻ ഊരി അയാളുടെ കൈകളിലേക്ക് വെച്ചുകൊണ്ട് അവൾ പൊട്ടിക്കരഞ്ഞു. കത്തികൊണ്ട് നെഞ്ചിൽ പല തവണ ആഴത്തിൽ കുത്തുന്നതുപോലെ അവൾക്ക് തോന്നി.
അവൾ വാതിൽ തുറന്ന് കിണറിൻ്റെ അരികിലെത്തി. അവളുടെ മനസ്സിനേറ്റ മുറിവ് ശരീരവേദനയേക്കാൾ എത്രയോ മടങ്ങ് വലുതാണ്. അതുകൊണ്ട് അവൾ ശരീരവേദന അറിഞ്ഞില്ല. തൻ്റെ ജീവിതം അവസാനിപ്പിച്ചാലോ എന്നവൾ ചിന്തിച്ചു. കിണറിലേക്ക് എത്തിനോക്കി ക്കൊണ്ട് അവൾ അവളുടെ വയർ മെല്ലെ തൊട്ടു.
” കൃഷ്ണാ ഈ കുഞ്ഞിന് ഭൂമിയിൽ പിറക്കാനുള്ള ഭാഗ്യമില്ലേ?”
പെട്ടെന്ന് അവൾ ഒരു കരച്ചിൽ കേട്ടു, അപ്പു ഉണർന്നു കരയുകയാണ്
” അമ്മേ…. അമ്മേ… “.
അവൾ അവൻ്റെ അടുത്ത് ചെന്നു.
“എന്താ മോനെ”
“അമ്മ വാ, “. എന്ന് അവൻ പറഞ്ഞു.
“അമ്മേടെ പൊന്നിനെ അമ്മ കെട്ടിപ്പിടിക്കാലോ എന്ന് വാത്സല്യത്തോടെ പറഞ്ഞ് അവൾ അപ്പുവിനെ തൻ്റെ നെഞ്ചോട് ചേർത്തുറക്കി.


5 Comments
ബന്ധങ്ങളുടെ കെട്ടുകൾ … നന്നായെഴുതി👍❤️
നല്ല അവസാനം
👌
നോവുകൾ
മകന്റെ വിളി കേൾക്കാതിരിക്കാൻ അവർക്ക് കഴിഞ്ഞില്ല.