മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും ഭൂമിക, അടുക്കള. ഇപ്പോഴും എനിക്ക് കിലുക്കി ചിരിക്കാൻ ഏറെ ഇഷ്ടപ്പെട്ടൊരു ഓർമ്മച്ചെപ്പും ഇവിടം തന്നെ.
സദാനേരം തിരക്കുപ്പിടിച്ചു അടുക്കളയിൽ ജോലിചെയ്യുന്ന അമ്മക്ക് ചുറ്റും ചറപറ സംസാരിച്ചു ഓടിക്കളിച്ചിരുന്നിടത്തു തന്നെയാണ് എന്റെ ഓർമ്മകൾ തുടങ്ങുന്നത്.
ഉയർത്തി കെട്ടിയ പതാമ്പുറം, ഞങ്ങളുടെ തൃശൂർ ഭാഷയിൽ ‘പാത്യേൻപുറവും ‘ സ്വർണനിറമുള്ള വലിയ ഓട്ടുപാത്രങ്ങളും മൺപാത്രങ്ങളും ഭരണികളും അന്ന് അലമാര കയ്യേറി തുടങ്ങിയ സ്റ്റീൽ പാത്രങ്ങളും അടുക്കള നിറച്ചു. ചിരട്ടത്തവികളും കയർ വരിഞ്ഞു മുറുക്കി ബലപ്പെടുത്തിയ മുളങ്കുമ്പവും അടുക്കളയിൽ കൃത്യമായ സ്ഥലങ്ങളിൽ അടങ്ങിയിരിക്കും. ഇതിൽ ഉണ്ടാക്കുന്ന പുട്ടിന് സ്വാദ് കൂടുതലായിരുന്നു.
ഊതിയാൽ, ആദ്യം അല്പം പുകയും ചാരവും പരത്തി ആളുന്ന അടുപ്പിലെ തീയും കനലും ഒക്കെ ആയിരുന്നു അന്നത്തെ അത്ഭുത കാഴ്ചകൾ. ഇളം ഓറഞ്ചു മഞ്ഞയിൽ പൊങ്ങിയുയരുന്ന അഗ്നിനാളങ്ങളെ ഭയത്തോടും ആദരവോടും നോക്കി നിൽക്കും. ഗ്യാസ് അടുപ്പിലെ നിയന്ത്രിക്കപ്പെട്ട, സുഷിരങ്ങളിലൂടെ പുറത്തു വരുന്ന നീല കിന്നരി വെച്ച ജ്വാലയേക്കാൾ ആവേശം കൂടുതലായിരുന്നു, വിറകടുപ്പിലെ ആളുന്ന തീ നാളങ്ങൾക്ക്.
‘ പൊള്ളും ക്ടാവേ, നീങ്ങി നിന്നെ,’ അടുപ്പിൽ എത്തിനോക്കാൻ ഉപ്പൂറ്റി പൊക്കി നിൽക്കുന്ന എന്നെ പിടിച്ചുമാറ്റി അമ്മ പറയും. ‘ക്ടാവ് ‘ തൃശ്ശൂർക്കാർക്ക് പശുക്കുട്ടിയല്ല, കുഞ്ഞാണ്.
വളരെ വേഗം തന്നെ ഗ്യാസ് അടുപ്പ്, വീട്ടിലെത്തി കത്തി തുടങ്ങിയെങ്കിലും പഴമയുടെ സ്മാരകമായി, സ്ഥിരമായി ഉണരാത്ത രണ്ടു വിറകടുപ്പുകൾ അടുക്കളയിൽ ഉണ്ടായിരുന്നു. ഭീമാകരനായ ഓട്ടുരുളയിയുടെ ഭാരം താങ്ങുവാൻ കെല്പില്ലാത്ത ഗ്യാസടുപ്പിനെ കളിയാക്കി ചിരിച്ച് വിറകടുപ്പ് കത്തിജ്വലിച്ച് പഴയ പ്രതാപം വീണ്ടെടുക്കും.
‘നീയും ഒരു കാലത്ത് എന്നെപ്പോലെ അടുക്കളയിൽ നിന്നും മാറ്റപ്പെടും’, എന്ന് വിറകടുപ്പ് പ്രവചിക്കുകയും ചെയ്തിരുന്നു. മോഡേൺ അടുക്കളയിലെ കുക്കിംഗ് റേഞ്ച് അവൻ, മൈക്രോവേവ് അവൻ, എയർ ഫ്രയർ, ഇൻഡക്ഷൻ സ്റ്റൗ ഇവയെല്ലാം വന്ന് നിരന്ന് ഗ്യാസടുപ്പിനെ പിന്നിലേക്ക് തള്ളി.
കാലം വരുത്തുന്ന മാറ്റങ്ങൾ ഉൾക്കൊണ്ടെ പറ്റൂ. മനുഷ്യരുടെ ചിന്തകളിലും പ്രവൃത്തികളും സ്വീകാര്യതയിലും കാലോചിതമായ മുന്നേറ്റങ്ങൾ സംഭവിച്ചുക്കൊണ്ടിരിക്കും. അത് പരീക്ഷണങ്ങൾക്ക് വിധേയമാക്കുന്ന സംസ്ക്കാരത്തിന്റെ ലക്ഷണമാണ്. പിന്നെയാണ് ഒരു വിറകടുപ്പ്.
അടുക്കളയിലെ മൂലയിൽ ഒരു കല്ലുരൽ ഉണ്ടായിരുന്നു. കുതിർത്ത അരി ഉരലിലിട്ട്, താളത്തിൽ മരയുലക്കകൊണ്ട് ഇടിച്ചുപൊടിക്കുന്ന ജോലിക്കാരി ചേച്ചിയുടെ പ്രാവീണ്യം നോക്കി എത്ര സല്യൂട്ട് അടിച്ചിട്ടുണ്ടെന്നോ.
അരിപ്പയിലൂടെ ഊർന്നിറങ്ങുന്ന നേർത്ത അരിപ്പൊടി, പഴയ വർത്തമാനപത്രത്തിൽ കുന്നുകൂടുമ്പോൾ, അതിൽ ഒന്ന് ചൂണ്ടുവിരൽ കൊണ്ടു വരഞ്ഞു ഒരു രാജാരവിവർമ ടച്ച് കൊടുക്കും.
‘ഈ കുറുമ്പി കുട്ട്യേ കൊണ്ടു തോറ്റു ‘ എന്ന് പറഞ്ഞു, സ്നേഹത്തോടെ എന്നെ പിടിച്ചു മാറ്റിയിരുത്തും. അങ്ങനെ എന്റെ ആ പ്രിയപ്പെട്ട വിനോദത്തിന് കത്തിവെക്കും.
ഉരലിനും എനിക്കും ഒഴിവുള്ള സമയം ഈ ഉരലിനുമേൽ പലകയിട്ടിരുന്നു, കഥകൾ കേട്ടും പറഞ്ഞും ഉറക്കെ പാട്ടുപാടിയും പകൽ സ്വപ്നം കണ്ടും ഞാനും ഉരലും ബോറടി മാറ്റും. ചേട്ടന്മാരും ചേച്ചിയും സ്കൂളിൽ നിന്നും തിരിച്ചെത്തുന്ന വരെയുള്ള സമയത്താണ് ഈ വിക്രിയകൾ.
ചില്ലുകുപ്പികളിലെ ഉപ്പിലിട്ട കണ്ണിമാങ്ങയും അമ്പഴങ്ങയും നെല്ലിക്കയും കടിച്ചുമുറിച്ച് മൺകൂജയിലെ വെള്ളവും മോന്തി, അടുക്കളയിലെ അച്ചാർ മണവും മൂക്കിൽ വലിച്ചു കയറ്റി ഉരലിൽ ഒരു റാണി സിംഹാസനത്തിൽ ഇരിക്കുന്ന സ്റ്റെലിൽ ഞാനിരിക്കും.
വെളുത്ത നിറത്തിലുള്ള കവടി കിണ്ണത്തിന് കടും നീല അരികുണ്ടാകും. ആ കിണ്ണത്തിലേക്ക് പലഹാരത്തിനും കറിക്കും നാളേര്യം (തേങ്ങ) ചിരവി വീഴുമ്പോൾ, ഒന്നു കയ്യിട്ടു വാരി തിന്നാത്ത കുട്ടികളില്ലല്ലോ. നാളികേരം ലോപിച്ച്, തൃശ്ശൂർ, നാള്യേരം ആയി മാറിയതാണ്. തേങ്ങാപൂളും ശർക്കരയച്ചും കിട്ടുന്നതും അടുക്കളയിലെ കൊതിയൂറുന്ന സാധ്യതയായിരുന്നു.
അടുക്കളയോടു ചേർന്ന വരാന്തയിലെ അമ്മിക്കല്ല്. അതിൽ ഒത്ത നീളമുള്ള അമ്മിക്കുഴകൊണ്ട് അനായാസമായി തേങ്ങയും, മഞ്ഞളും മുളകും ചതച്ചരച്ചു മയത്തിൽ വടിച്ചെടുക്കുന്ന ആ ചേച്ചിയുടെ കൈക്കരുത്ത്, എന്റെ മനസിൽ, സ്ത്രീശക്തിയുടെ ദേവീപ്രതിഷ്ഠയായിരുന്നു. ഞാനൊരു നെടുവീർപ്പോടെ, എന്റെ ഞൊള്ളി കൈകളിൽ നോക്കിനിൽക്കും.
(വീണ്ടും തൃശ്ശൂർ ഭാഷ കയറിവരുന്നു, ഞൊള്ളി കൈ എന്നാൽ തീരെ വണ്ണം കുറഞ്ഞ കൈ.)
ബാഹുബലി സിനിമയിൽ, പ്രഭാസ്, കരിങ്കൽ സ്തൂപം പൊക്കിവരുന്നത് കണ്ട ഫീൽ ആയിരുന്നു ആ കാഴ്ച.
വിറകടുപ്പിന്റെ മുകളിൽ തൂക്കിയിരുന്ന മുളകൊണ്ടു നെയ്ത പുളിക്കൊട്ട. കൊട്ട പുകപിടിച്ചു ‘ബ്ലാക്ക് മാറ്റേഴ്‌സ് ‘ ആയിട്ടുണ്ടെങ്കിലും പുളിയും, തേങ്ങാമുറിയും പൂപ്പൽ പിടിപ്പിക്കാതെ തൂക്കിയാട്ടിക്കൊണ്ടിരിക്കും. അതൊന്നു താഴെ ഇറങ്ങുപ്പോഴേക്കും നുണയാൻ കിട്ടുന്ന പുളിത്തുണ്ട്, നാവിൽ എത്തും മുൻപ് തലച്ചോറിലേക്ക് സിഗ്നൽ പായിച്ചു, വായിൽ പ്രളയം തീർക്കും.
വലിയ ശർക്കര ഭരണി എന്നെ നോക്കി കൊതിപ്പിക്കുമ്പോൾ, അടുക്കളപ്പുറത്ത് അട്ടിയിട്ട ചെമ്പുപാത്രങ്ങളിൽ കൊട്ടി ഒരു ഇലഞ്ഞിത്തറ പൂരമേളം തീർത്തു പകരം വീട്ടും.
ചെറിയ വീഴ്ചയും പൊട്ടലും കഴിഞ്ഞു കരഞ്ഞു തളരുമ്പോൾ, (അങ്ങനെ ഭാവിക്കുമ്പോൾ ) കിട്ടുന്ന ചെറിയ ശർക്കര പൊട്ട് കയ്യിൽ കിടന്നലിഞ്ഞു ഒട്ടിപ്പിടിച്ചു, നാവിൽ മധുരം ചുരത്തി, പ്രശ്നം സന്ധിയാക്കും.
ശർക്കര കിട്ടുന്ന വരെ കരച്ചിലിന്റെ ആവൃത്തി (frequency ) കൂടിയും, ശർക്കര കയ്യിൽ വന്നാൽ ഉടനെ കരിച്ചിൽ നേർത്തു നേർത്തും വരും. അങ്ങനെ ഒരു മാജിക് ഈ ശർക്കരക്കുണ്ട്. ശാസ്ത്രത്തിൽ രൂപപ്പെട്ട ‘Survival’ തിയറികൾക്ക് സാക്ഷ്യമായി കൂട്ടാം.
അടുക്കള എനിക്ക്ഒരുപാട് ബാലകൗമാരകഥകളുടെ ഭൂമികയായിരുന്നു. കോളേജ് ദിനങ്ങളിലെ വിശേഷങ്ങളും വീട്ടിൽ പലപ്പോഴും പങ്കിട്ടതും അവിടെ വെച്ചു തന്നെ.
പഠിപ്പുകഴിഞ്ഞ ഉടനെ ഒന്ന് ആശ്വസിക്കാൻ സമയം തരാതെ വിവാഹം എന്നെ നാടുകടത്തി, കുടുംബഭാരം ഏല്പിച്ചു തന്നപ്പോൾ ഗൾഫിലെ അടുക്കള പുതിയ പരീക്ഷണശാലയായി. ‘ ട്രയൽ ആൻഡ് എറർ’ രീതിയിൽ മുന്നോട്ടുപോയി. വാമൊഴിയായും വരമൊഴിയായും കിട്ടിയതെല്ലാം പരീക്ഷിച്ചു. പരീക്ഷണങ്ങൾ ജയവും തോൽവിയും സമ്മാനിച്ചു മുന്നേറി.
‘തോൽവിയറിഞ്ഞാൽ ആണ് പിന്നീടുള്ള വിജയത്തിന് മാറ്റുകൂടുന്നത് എന്ന് ഞാൻ എന്നെ തന്നെ പറഞ്ഞു പഠിപ്പിച്ചു.’ എനിക്ക് മുൻപ് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്തോ? എങ്കിൽ ഡിസ്ക്ലെയിമർ എടുക്കുന്നു.
ഒന്നുരണ്ടു മണിക്കൂർ ചിലവഴിച്ച് ഉണ്ടാക്കിയെടുത്തവയിൽ, ആകൃതി ഒത്തുവന്നവ പറ്റാവുന്നത്ര നേരം നോക്കി ഭംഗി ആസ്വദിച്ചു, ആനന്ദപുളകിതയായി. രൂപഭംഗിയിൽ ഊന്നി നിന്ന കേക്കും പുഡ്ഡിംങ്ങും മുറിക്കുമ്പോൾ സന്തോഷമാണോ, വിഷമമാണോ അന്ന് തോന്നിയതെന്ന് ഇന്നും വേർതിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല.
തൂവെള്ള കൗണ്ടർ ടോപ് മനോഹരമാക്കുന്ന കാനഡയിലെ തുറന്ന അടുക്കള, കുടുംബമുറിയും (ഫാമിലി റൂം) ഊണുമുറിയും ചുമർമറകൾ ഇല്ലാതെ ഒന്നുചേർന്നു നിൽക്കുന്നു (open concept kitchen ).
അടുക്കളച്ചുമരുകൾ ഇല്ലാതാവുമ്പോൾ, അടുക്കളയിലെ ജോലിത്തിരക്കിലും വിനോദവും വാർത്തകളും വിശേഷങ്ങളും ടെലിവിഷനിലൂടെയും കുടുംബാഗങ്ങളുമായും അറിയാനും പങ്കിടാനും സാധ്യമാകുന്നു.
പാചകം ഒരു കലയാണെന്നും, അതു ഒളിച്ചുചെയ്യേണ്ടതല്ല എന്നും സ്ത്രീ കേവലം അടുക്കളയിൽ മാത്രം ഒതുങ്ങേണ്ടവളല്ല, ചുറ്റുപാടും നടക്കുന്നതും കൂടി അറിയണം എന്ന ചിന്തയിൽ നിന്നും തുറന്നതാണ് ഈ അടുക്കളച്ചുമരുകൾ.
മഞ്ഞളിന്റെ മഞ്ഞ നിറം പല്ലിളിച്ചു കാട്ടി, പരിഹസിക്കുന്ന തൂവെള്ള കൗണ്ടർ ടോപ്. തൂത്താലും, തുടച്ചാലും ആത്മധൈര്യം വിടാതെ, വീണിടത്തു തുടരുന്ന മഞ്ഞൾ കുറിമാനം, എന്റെ പ്രിയപ്പെട്ട പിറന്ന നാടിനെ എന്നെ ഓർമ്മിപ്പിക്കും. മഞ്ഞളില്ലാതെ നമുക്ക് എന്തു പാചകം? വല്ലപ്പോഴും, വല്ലതും ബേക്ക് ചെയ്യുന്ന ഈ വെള്ളക്കാർക്ക് അറിയുമോ? ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ‘ എന്താണെന്ന്?
ഇന്ത്യൻ അടുക്കളകളിൽ, സ്ത്രീകളുടെ ശ്രമവും അവർ ചിലവഴിക്കുന്ന നീണ്ട സമയവും ഭക്ഷണങ്ങളുടെ വൈവിധ്യവും മണവും സ്വാദുമായി രൂപപ്പെടുന്നു. കാലങ്ങളായി കണ്ടു പോരുന്ന കാര്യങ്ങളിൽ, അംഗീകാരത്തിന്റെ ആവശ്യമുണ്ടോ എന്നതാണ് പലരും ചിന്തിക്കുന്നത്. സ്ത്രീകളുടെ ശ്രമവും അർപണമനോഭാവവും തീർച്ചയായും പരിഗണിക്കപ്പെടണം.
രുചിഭേദങ്ങളുടെ കലവറയാണ് കാനഡ. ലോകത്തുള്ള എല്ലാ രുചികളും ഇവിടെ സുലഭമാണ് കാരണം ഭൂഗോളത്തിന്റെ എല്ലാ കോണിൽ നിന്നും ഇവിടെ ആളുകൾ ഇവിടെ കുടിയേറുന്നു. അവരോടൊപ്പം അവരുടെ രുചികളും. അതുകൊണ്ട് ഇടയ്ക്കിടെ പുതിയ രുചികൾ എന്റെ അടുക്കളയിൽ പരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും വീണ്ടും ചുറ്റിത്തിരിഞ്ഞു മലയാളിയുടെ ചോറും നിറമുള്ള കൂട്ടാനുകളും അടുക്കളയിൽ മണം പരത്തും.
അനവധി മസാലക്കൂട്ടുകളുടെ രുചിയും മണം ചേർന്ന് സ്വാദിഷ്ടമാക്കുന്ന നമ്മുടെ തനതു ഭക്ഷണവിഭവങ്ങൾ എല്ലാ രസമുകുളങ്ങളെയും ഉണർത്തി ചാടിയെഴുന്നേൽപ്പിക്കില്ലേ?
അരിയും തേങ്ങയും ചേർത്ത മധുരമുള്ള പലഹാരങ്ങളും കറുമുറെ കടിക്കാൻ വറവുകളും എണ്ണപ്പലഹാരങ്ങളും പായസവും എന്റെ അടുക്കളയിൽ ടേൺ ആയി വരും.
കുറുക്കു കാളനും
മാമ്പഴപുളിശ്ശേരിയും മോരു കാച്ചിയതും മഞ്ഞ നിറത്തിൽ പാത്രത്തിൽ നിറയും കൂട്ടത്തിൽ അല്പം തട്ടി തൂവി, വെള്ള കൗണ്ടർ ടോപ്പിലും. മഞ്ഞവർണം, ഉരച്ചാലും തേച്ചാലും, എത്ര തല്ലിയാലും ഞാൻ ഒഴിഞ്ഞുപോകില്ല എന്ന മട്ടിൽ, ബാധ കൂടിയ പെൺകുട്ടിയെ പോലെ എന്നെ രൂക്ഷമായി നോക്കി അലറി കരയും.
അതിന് നേരെ ചൂണ്ടുവിരൽ ചൂണ്ടി ഞാൻ പറയും, ‘ഇതെന്റെ അടുക്കള, എന്റെ സ്വന്തം തട്ടകം. എന്റെ ഓർമ്മകളും ഞാൻ ശീലച്ച എന്റെ പ്രിയപ്പെട്ട രുചികളും പങ്കുവെയ്ക്കാനൊരു കൂട്ടുകാരി.’’


22 Comments
പഴയ അടുക്കളയിൽ ഒന്ന് കറങ്ങിത്തിരിഞ്ഞു. എത്ര ഭംഗിയായ അവതരണം….. അഭിനന്ദനങ്ങൾ💐❤️
മിനി സുന്ദരേശൻ, നന്ദി.🙏❤️
ഇപ്പോൾ എഴുത്തിലൂടെ മാത്രം പുനർജനിക്കുന്ന അടുക്കളകൾ അല്ലെ? പക്ഷെ ഒരു കാലഘട്ടത്തിന്റെ മങ്ങുന്ന ഓർമ്മകളാണ്.
Nostalgic memories
Nisha, thank you.🙏🥰
ഈ ബ്ലോഗ് ഒത്തിരി കാര്യങ്ങൾ ഓർമിപ്പിച്ചു. ❣️❣️അന്യം നിന്ന് പോയ പഴയ അടുക്കളയും അനുബന്ധ വസ്തുക്കളും രുചി വൈവിധ്യങ്ങളും ഒരിക്കൽ കൂടി വായനക്കാരിലേക്കും എത്തിയിട്ടുന്നാവും. ഇന്നാർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അത്രയ്ക്ക് കഠിനാധ്വാനം നിറഞ്ഞ ആ കാലവും. പല്ലിളിച്ചു കാട്ടി പരിഹസിക്കുന്ന മഞ്ഞളും അരിയാട്ടുന്ന നാരീ ബാഹുബലിയും രസമുള്ള അനുഭവമായി. അന്ന് അനുഭവിച്ച രുചി ഓർമകൾ പിന്നീട് സ്വന്തം ജീവിതത്തിലും വഴികാട്ടി ആയല്ലോ. അതും ഒരു ഭാഗ്യം.🌹🌹🌹
Thank you Electa. ഇപ്പോൾ പഴയ black and white പടങ്ങളിൽ മാത്രം കാണുന്ന അടുക്കളകൾ. ഉരലും അമ്മിയും ആട്ടുകല്ലും അലക്കുകല്ലും പല പഴയ വീടുകളിലും ഇപ്പോൾ മുററത്തു കിടക്കുന്ന കാണാം.
വായനക്കും വാക്കുകൾക്കും ഒത്തിരി നന്ദി, സ്നേഹം. ❤️🙏🫂
അമ്മമ്മടെ വീട്ടിലെ അടുക്കള ഓർമ്മ വന്നൂ..
അടുപ്പിൽ പാകം ചെയ്യുന്ന ഭക്ഷണം, ഉറി, അരിപ്പെട്ടി.. അങ്ങനെ ഒരുപാട് ഓർമ്മകഎന്റെൾ.
Thank you Sunadha.
🙏
പഴയ അടുക്കള ഓർമ്മകൾ കെട്ടഴിഞ്ഞു വീണു. അക്കാലത്തെ കുഞ്ഞുങ്ങൾ വളർന്നതു തന്നെ അടുക്കളയിലും പറമ്പിലുമായാണ്. നിറവും മണവും രുചിയും നമ്മുടെ ഓർമ്മകളിൽ നിറച്ചു തന്നത് ആ ജീവിതശൈലിയാണ്. ഇഷ്ടമുള്ള ഓർമ്മകളിലേക്ക് മടക്കിക്കൊണ്ടുപോയ മനോഹര രചന👌👌👏👏❤️
Thank you Thara, 👌
അമ്മമാരുടെ സാരിത്തുമ്പിൽ തൂങ്ങി, അടുക്കളയിൽ കറങ്ങിത്തിരിഞ്ഞ ബാല്യം.🥰
പണ്ട് അമ്മ വീട്ടിൽ പോകുന്ന കാര്യങ്ങളൊക്കെ ഓർമ്മവന്നു ജോയ്സ് ജോയ്സ് എത്ര ഭംഗിയായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. വായിച്ചു കൊണ്ടേ ഇരിക്കുവാൻ തോന്നി.
Sree Kumari, നന്ദിയുണ്ട്, വായനക്കും
ഈ വാക്കുകൾക്കും.🙏❤️
ജോയ്സി ചേച്ചി 👌🥰❤️.. സൂപ്പർ..
വായിച്ചപ്പോൾ ശരിക്കും ഉമ്മയുടെയും വല്ലുമ്മയുടെ കൂടെ ചിലവഴിച്ച എന്റെ കുട്ടികാലവും കൗമാരവും ഓർമ്മവന്നു. ❤️
Sayara thank you. വെറുതെ ബാല്യം ഓർത്തെടുക്കൽ, എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. അതുകൊണ്ടു കുത്തിക്കുറച്ചു എന്ന് മാത്രം. 🥰🫂
Very good memories.neatly wtitten
Rita chechi, 🙏❤️
സൂപ്പർ. പഴയ ഓർമ്മകൾ
Seenath, Thank you.🙏
നന്നായിട്ടുണ്ട്. അടുക്കളയെക്കുറിച്ചു മനോഹരമായൊരു എഴുത്ത്
Anila,🙏
അതേ ജോയ്സ്
അടുക്കള എൻ്റെ മാത്രം സാമ്രാജ്യമാണ്. എന്ത് അലങ്കാരങ്ങളും പരീക്ഷണങ്ങളും ചെയ്യാൻ ആരോടും അനുവാദം ചോദിക്കണ്ടാത്ത സ്വന്തം തട്ടകം❤️❤️
ഓർമ്മകൾ ഒരു പാടുണ്ട്. അരിമാവിലെ ചിത്രപ്പണി എങ്ങനെ മറക്കും. ഞങ്ങൾക്കൊരു തിരികല്ലുണ്ടായിരുന്നു. പയറിൻ്റെയും ഉഴുന്നിൻ്റെയുമൊക്കെ തൊലി കളയാൻ ഉപയോഗിച്ചിരുന്നു. അതുപോലെ ആട്ടുകല്ല് ഒരു കൈ കൊണ്ട് കുഴവി കറക്കി മറുകൈയ് കൊണ്ട് മാവ് നീക്കിയിടുന്ന മാജിക്ക് പഠിച്ചെടുക്കാൻ എത്ര പാടുപെട്ടു.❤️
നല്ലെഴുത്ത്❤️👌
പഴയ അടുക്കളകൾ, ബാല്യത്തിലെ ഓർമ്മകളാണ്. ഒരു ഉത്തരവാദിത്വവുമില്ലാതെ കളിച്ചു നടന്ന കാലം, ഓർത്തെടുക്കാൻ ഒരിഷ്ടം.
ഈ തിരക്കിലും വായിക്കാനും കമന്റ് ചെയ്യാനും സമയം കണ്ടെത്തുന്ന നല്ല മനസ്സിന് നന്ദി, സ്നേഹം..
🥰🙏