അതാ അവൾ.. താൻ തേടിയലഞ്ഞവൾ.. അവളുടെ കണ്ണുകളിലെ മാന്ത്രികത ഇപ്പോഴും ലഹരിപിടിപ്പിക്കുന്നു. അവളിലേക്ക് എല്ലാവരെയും ആകർഷിക്കുന്ന ഹൃദയത്തിൽ നിന്ന് പൊന്തിമുളയ്ക്കുന്ന ചിരി. എന്റെ എല്ലാ കോശങ്ങളും അവളിലേക്ക് പായുകയാണ്. ഒന്നുചേരാൻ. ഒരു കാന്തം പോലെ അവളവിടെ നിൽക്കുന്നു. എന്നെത്തന്നെ നിയന്ത്രിക്കാനാവാത്ത പോലെ.
ഇടയ്ക്കിടെ അവൾ ചിരിച്ചുകൊണ്ട് അടുത്തിരിക്കുന്ന ചെറുപ്പക്കാരന്റെ തോളിൽ തട്ടുന്നുണ്ട്. അവനത് ആസ്വദിക്കുന്നു. എന്റെയുള്ളിൽ അസൂയയുടെ വേര് താഴേക്കിറങ്ങിത്തുടങ്ങി. അവൾ എന്റേതാണ്.. അല്ല എന്റേതായിരുന്നു.. ഞാനിപ്പോൾ ഓടി വന്ന് ചേർത്തുനിർത്തിയാൽ പറിച്ചെടുത്ത താമരമൊട്ടു പോൽ അവളെന്റെ നെഞ്ചിലേക്ക് ചായും.
അവളെന്നെ വെറുക്കുന്നുണ്ടായിരിക്കുമോ? അവളോട് പോയി സംസാരിക്കണോ? അവൾ എങ്ങനെ പ്രതികരിക്കും? ചിരിക്കുമോ? ചിന്തകൾ മരമായി വളരുകയാണ്.
മുൻപിലിരിക്കുന്ന ചായയിൽ പാട മൂടിയിരിക്കുന്നു.
”ഹലോ സർ”
മുൻപിലൊരു രൂപം. മെലിഞ്ഞിരിക്കുന്നു. കയ്യില്ലാത്ത കടും നീല ഫ്രോക്ക് മുട്ട് മറഞ്ഞു കിടക്കുന്നു. ആ നിറം അവളുടെ വെളുത്ത കൈകളും കാലുകളും കൂടുതൽ വെളുത്തതായി തോന്നിപ്പിച്ചു. ചുണ്ടിലെ ഇളം ചുവപ്പ് ലിപ്സ്റ്റിക് അവളെ കൂടുതൽ സുന്ദരിയാക്കിയിരിക്കുന്നു. ശരിക്കും ഒരു കോർപ്പറേറ്റ് വുമൺ!
”മാധവ് എന്താണിവിടെ?”
”ഞാൻ കഴിഞ്ഞാഴ്ച ഇവിടെ ജോയിൻ ചെയ്തു.”
”സുഖമായിരിക്കുന്നുവോ?”
”വളരെ സുഖം.”
”വേണി വേഗം വരൂ” പുറകിൽ നിന്ന് വിളി കേട്ട് അവൾ വരാം എന്ന് ആംഗ്യം കാണിച്ചു.
”ന്നാ ശരി, കാണാം. തിരക്കുണ്ട്”
തന്റെ മറുപടി കാക്കാതെ അവൾ നടന്നകന്നു. അത്രയും നേരം ഈ ലോകത്ത് താനും അവളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന തോന്നലായിരുന്നു. മറ്റൊന്നും കാണുകയും കേൾക്കുകയും ചെയ്യാനാകാത്ത ഒരവസ്ഥ. അവൾ നടന്നകന്നപ്പോൾ മനസ്സിൽ ഇരുട്ടു കയറി. വീണ്ടും ശൂന്യത.
ഒരാഴ്ച കഴിഞ്ഞു വീണ്ടുമവളെ കണ്ടുമുട്ടാൻ. എന്റെ കണ്ണുകൾ ദേശാടനക്കാരനെ പോലെ അലയുകയായിരുന്നു. കണ്ടപ്പോൾ ചിരിച്ചു എന്നു വരുത്തി പോകാനാഞ്ഞു.
’വേണി, ഒന്നിച്ചാഹാരം കഴിക്കാം’
’ശരി, ഒരു സെക്കൻഡ്’
മീൽസിന്റെ താലിയുമായി അവളും അവളുടെ തോഴരും. ഒന്ന് തനിച്ച് സംസാരിക്കാനായിരുന്നു വിളിച്ചത്. ഈ പട ഒരു ഒഴിയാബാധയാണല്ലോ. വേണിയാണെങ്കിൽ അവരുടെ വർത്തമാനത്തിൽ മുഴുകി ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നു. തന്നെ ശ്രദ്ധിക്കുന്നു കൂടിയില്ല.
ഭക്ഷണം കഴിഞ്ഞ് കൈകഴുകാനെഴുന്നേറ്റപ്പോൾ,
”വേണി എനിക്ക് ഒന്ന് സംസാരിക്കണം”
”പറഞ്ഞോളൂ”
”ഇവിടെ വച്ച് പറ്റില്ല”
”എങ്കിൽ പിന്നെ സംസാരിക്കാം”
ഒരു ദയയുമില്ലാതെ, ഭാവമാറ്റമൊന്നുമില്ലാതെ, ഒരു അപരിചിതയെപ്പോലെ അവൾ നടന്നുനീങ്ങി.
അവൾ വല്ലാതെ മാറിപ്പോയിരിക്കുന്നു. ഒരുപക്ഷേ തന്നെ അവൾ വെറുക്കുന്നുണ്ടാകാം. ഇത്രയും മാന്യമായ രീതിയിൽ തന്നോട് സംസാരിക്കുന്നുണ്ടല്ലോ. അവളോട് നല്ല ബഹുമാനം തോന്നുന്നു.
”സാധാരണ പ്രണയിതാക്കളെപ്പോലെ, കുറച്ചു കഴിയുമ്പോൾ നമ്മൾക്ക് ബോറടിക്കുമോ? എന്നെ മടുക്കുമോ?”
”ഇല്ലെടി പെണ്ണേ, നിന്നെ ഞാൻ തേടി നടന്നു നേടിയെടുത്തതാണ്. ഒരിക്കലും ബോറടിക്കില്ല”
”എല്ലാം നേടിയെടുത്ത ശേഷം ഇഷ്ടപ്പെട്ടില്ലെങ്കിലോ”
”എന്നോടുള്ള ചോദ്യം ബാക്കിയാണോ? ഇത് കേൾക്കാനാണോ, ഈ തണുപ്പത്ത് ഉറക്കമിളച്ച് നിന്നെ വിളിക്കുന്നത്?”
”എന്റെ ചെക്കാ, ദേഷ്യപ്പെടാതെ”
”നിന്നോടെനിക്ക് ദേഷ്യപ്പെടാനാകുമോ”
അവൾ ചിരിച്ചു. ആ ചിരി കേൾക്കാൻ നല്ല രസമാണ്. അവളുടെ മൂളലുകൾ തന്റെ ആത്മാവിനെ ഉണർത്തും. എത്ര ദൂരത്താണെങ്കിലും തന്റെ നെഞ്ചത്ത് കിടക്കുന്ന പോലെ തോന്നും. ആ സ്വരവും കേട്ട് വെളുക്കുവോളം. എത്ര തണുപ്പിലും ഒരു പുതപ്പുപോലെ ചൂട് പടരുന്ന അവളുടെ കിന്നാരങ്ങളും കഥ പറച്ചിലുകളും കേട്ടങ്ങനെ കിടക്കും..
മാധവ് പഴയ കാര്യങ്ങൾ ഓർത്തുപോയി. ഒറ്റയ്ക്കുള്ള ജീവിതം. മടുപ്പുപിടിപ്പിക്കുന്ന ജോലി. അവൾ തനിക്കൊപ്പമുണ്ടായിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോയി. അവർക്ക് മെട്രോ ജീവിതം പറ്റില്ലത്രേ! എവിടെയെങ്കിലും സ്വസ്ഥമായി അധ്യാപികയായി ജോലി ചെയ്യണം. യാതൊരു ബഹളങ്ങളുമില്ലാതെ. ഒരുപാട് തവണ വിളിച്ചുനോക്കി. പക്ഷേ അവൾ വന്നില്ല. എന്നിട്ട് ഒരു ദിവസം ദാ മുന്നിൽ നിൽക്കുന്നു. ഓടി ചെന്ന് എടുത്ത് പൊക്കാനാണ് തോന്നിയത്. നാട്ടിലെ ജോലി മതിയാക്കി അവൾ തനിക്ക് വേണ്ടി ഈ നഗരത്തിൽ വന്നു.
തന്നെ കാണാൻ വരുമ്പോൾ വല്ലാത്ത പരിഭ്രമമായിരുന്നു. ചുരിദാർ ഷാൾ പുതച്ചുള്ള നിൽപ്പ് കാണുമ്പോൾ ചിരി വരും. തനി നാടൻ പെങ്കൊച്ച്. ഇവളെ മാറ്റിയെടുക്കണം.
ആദ്യമായി ബൈക്ക് വാങ്ങിയപ്പോൾ, അവൾ പറഞ്ഞു. വേറൊരുത്തിയെ ഇരുത്തരുത്. ഇതെന്റെ സീറ്റാണെന്ന്. അന്ന് അവളെ ഇരുത്തി ഒന്ന് കറങ്ങാൻ പോയി. പതിയെ പുറത്തേക്ക് തല ചായ്ച്ച് അവൾ ഇരുന്നപ്പോൾ, എന്തോ നേടിയ ഒരാവേശമായിരുന്നു ഉള്ളിൽ.
ഹോസ്റ്റലിന്റെ മുൻപിൽ ഇറക്കിവിടുമ്പോൾ ചോദിച്ചു.
”എന്റെ കൂടെ വരുന്നോ?”
”ഒരു തരി പൊന്ന്, കുങ്കുമം. ഇത് രണ്ടും മസ്റ്റാ. ചെക്കന്റെ ഒരു പൂതി”
ഒരിക്കൽ വിളിച്ചിട്ട് എടുക്കാതിരുന്നപ്പോൾ അവൾ വന്നു. ചെറിയ പനി.
”ഇവിടെ മനുഷ്യന്മാരല്ലേ താമസം” എന്ന് പറഞ്ഞ് എല്ലാം അടുക്കിവച്ചു.
”നീ ഇടയ്ക്കിവിടെ വന്ന് മനുഷ്യവാസം ഉണ്ടാക്കിയാൽ മതി”
”അതിന് ഒരു വഴിയുണ്ട്.”
”എന്താണ്”
”ഒരു വേലക്കാരിയെ വച്ചാൽ മതി”
”നീയില്ലേടി.”
”ശമ്പളം തരുമോ”
”രണ്ടുമ്മ വച്ച് ദിവസവും തരാം”
”അത്ര ദാരിദ്ര്യമാണോ?”
”വേണ്ട, ദാരിദ്ര്യമില്ലാത്ത കൂടിയതുണ്ട് വേണോ?”
”ഒരു നാണവുമില്ലാത്ത മനുഷ്യൻ. ഞാൻ പോവാ”
”പോകാതെ, ഒരു ചായ ഇട്ടു തന്നിട്ട് പോടി”
ഇടയ്ക്കിടെ അവളുടെ വരവും ചായയും ആ കൊച്ചുമുറിയെ ഒരു ലോകമാക്കി. സ്നേഹപ്രകടനങ്ങൾ അധികമാകുമ്പോൾ അവൾ കുറച്ചു ദിവസങ്ങൾ മാറിനിൽക്കും. എങ്കിലും തനിക്കറിയാം അവൾക്കെന്നെ പിരിയാനാകില്ല എന്ന്. അല്ലെങ്കിൽ തന്നെ തേടി ഇഷ്ടമുള്ളതെല്ലാം വിട്ട് വരുമോ?
ആ ഇഷ്ടമറിഞ്ഞാണ് അവളെ പുണർന്നത്.
”മാധവ്, ഇതു വേണ്ട”
”എല്ലാവരും ചെയ്യുന്നതല്ലേ. എന്റെ സ്നേഹമാണിത്. മറ്റൊന്നും ചിന്തിക്കാതെ”
”എങ്കിൽ ഒരു കാര്യം ചെയ്യണം”
അവൾ ബാഗിൽ നിന്ന് ഒരു കുങ്കുമത്തിന്റെ ചെപ്പ് എടുത്തു.
”ഇത് നെറുകയിൽ തൊടു”
അത് തൊട്ടുകഴിഞ്ഞപ്പോൾ, അവൾ എന്റെ കാൽ തൊട്ടു വന്ദിച്ചു.
”നീ എന്ത് ഭ്രാന്താണ് കാണിക്കുന്നത്”
”നിന്റെ കാലിലെ മണൽത്തരി പോലും എന്റേതാണ്.”
ചില നേരത്ത് അവളൊരു ഭ്രാന്തിയാണ്. പ്രണയം മുറ്റി നിൽക്കുന്ന ഭ്രാന്ത്. ആ ദിവസം ഭ്രാന്തിനെ ഞാൻ എന്റേതാക്കി മാറ്റി.
അതിന് ശേഷം പലപ്പോഴും ഞാനവളെ പലതും പറഞ്ഞ് കുത്തി നോവിച്ചു! അവൾ നിശബ്‌ദമായി സഹിച്ചു ! ഒരിക്കൽ ഞാനവളെ പറയാനാകാത്ത വണ്ണം വാക്കുകളാൽ മുറിപ്പെടുത്തി ! കളിപ്പാട്ടത്തിൻ്റെ പുതുമ നഷ്ടപ്പെട്ട് ഇഷ്‌ടം കുറഞ്ഞപ്പോൾ ഉപേക്ഷിച്ച കൊച്ചു ബാലൻ്റ അപക്വമായ പെരുമാറ്റം ! തമാശയെന്ന് പറഞ്ഞ് താൻ അത് നിസ്സാരവൽക്കരിച്ചു !
അവൾ പതിയെ എഴുന്നേറ്റു, ധൃതിയിൽ ഒരുങ്ങി, യാത്ര പറയാതെ പോയി. കുറച്ചു ദിവസങ്ങൾ ഒരു മെസേജോ ഫോൺ വിളികളോ ഉണ്ടായില്ല. തമാശ കേട്ടാൽ മനസ്സിലാവില്ലേ ഇവൾക്ക്. അവിടെ പിണങ്ങിയിരിക്കട്ടെ..
തന്റെ ലോകവും മാറിത്തുടങ്ങി. പുതിയ കുറേ കൂട്ടുകാർ, ബന്ധങ്ങൾ, ബഹളങ്ങൾ. അവളുടെ മെസേജുകളും കോളുകളും കണ്ടില്ലെന്ന് നടിച്ചു.
”എന്നെ മടുത്തോ”
മെസേജ് കണ്ടപാടെ വിളിച്ചു.
”നിനക്ക് ബുദ്ധിയുണ്ടോ? ഫോൺ എടുക്കാൻ പറ്റാത്തത് കൊണ്ടാണ്. ഒരു കാര്യം പറഞ്ഞാൽ മനസ്സിലാക്കണം! ഓരോന്ന് ചിന്തിച്ചുകൂട്ടിയിട്ട്”
ഒരക്ഷരം അവൾ ശബ്ദിച്ചില്ല. കുറച്ചു ദിവസത്തേക്ക് വീണ്ടും നിശബ്ദത.
”എനിക്ക് കാണാതിരിക്കാനാവുന്നില്ല. എന്റെ മനസ്സും ശരീരവും എല്ലാം നിന്നിലേക്കാണ് ഓടി വരുന്നത്. എത്ര തിരക്കാണെങ്കിലും ഒരു നിമിഷം എനിക്കായ് തന്നുകൂടേ?”
”അതിനെന്താ. എനിക്ക് അത് അറിയില്ലേ. ഞാൻ സമയം കണ്ടെത്തി വിളിച്ചുകൊള്ളാം”
പക്ഷേ അത് ഒരു ആശ്വസിപ്പിക്കൽ മാത്രമായിരുന്നു. അവളെ പിന്നീട് വിളിക്കാൻ തോന്നിയില്ല എന്നതാണ് സത്യം. അവളാകെ മാറിപ്പോയിരിക്കുന്നു. എന്ത് പറഞ്ഞാലും അത് ഗൗരവമായി കേൾക്കും. കരയും. തനിയെ പഴിക്കും. കുറച്ച് അരോചകമായി തുടങ്ങി.
ഇടയ്ക്ക് അവൾ വീണ്ടും ഉത്സാഹവതിയായി.
കളിയും ചിരിയും കുസൃതികളും കുറുമ്പുകളും.
”അമ്മ ഏതോ ബന്ധുവിന്റെ കല്യാണത്തിന് പോയപ്പോൾ ഒരു പെൺകുട്ടിയെ കണ്ടുവത്രേ! നാടൻ പെങ്കൊച്ച്. കെട്ടുവാണേൽ വല്ല ഗ്രാമത്തിൽ നിന്ന് കെട്ടണം. ഇതുപോലെ ഒരു പെൺകൊച്ചിനെ.. അവൾ ആദ്യമായി അറിയുന്ന പുരുഷൻ ഞാനായിരിക്കണം”
അവൾ പതിയെ ചിരിച്ചു. പതിവുപോലെ നടന്നു നീങ്ങി ഒന്നും മിണ്ടാതെ. അത് ആവശ്യമെന്ന് എനിക്കും തോന്നി. ഒരുപാട് മോഹങ്ങൾ നൽകണ്ട എന്നാണ് അപ്പോൾ തോന്നിയത്.
ഒരിക്കൽ അവൾ മൗനം വെടിഞ്ഞു.
”എനിക്കറിയണം. ഞാനെവിടെയാണ് നിൽക്കുന്നത് എന്ന്. മുൻപോട്ട് ഞാനുണ്ടോ എന്ന്”
”അതിനെക്കുറിച്ച് സംസാരിക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. നീ തന്നെ ചോദിച്ചത് നന്നായി. നീ ഒരുപാട് കഴിവുള്ള കുട്ടിയാണ്. ഈ ബന്ധം നിന്നെ വല്ലാതെ ഉലയ്ക്കുന്നു. അത് ശരിയല്ല. നമുക്കിത് നിർത്താം. പതിയെ മതി. നിനക്ക് എപ്പോൾ തോന്നുന്നുവോ. എന്നും ഞാൻ നിനക്ക് നല്ല സുഹൃത്തായിരിക്കും”
”എന്തായിരുന്നു എന്റെ കുറവുകൾ”
”കുറവുകൾ ഉണ്ടെന്നാരാണ് പറഞ്ഞത്. ഈ ചോദ്യങ്ങൾ ആണ് എന്നെ കുഴയ്ക്കുന്നത്”
”നമുക്ക് ഒന്നിച്ചുകൂടേ? സ്നേഹം മാത്രം പോരേ ഒന്നിക്കാൻ. നീയല്ലേ എന്നെ തേടി വന്നത്..”
”അന്ന് അങ്ങനെ തോന്നി. സാഹചര്യങ്ങൾ മാറി”
”സാഹചര്യങ്ങൾ മാറുമ്പോൾ വാക്കു മാറ്റാനാകുമോ?”
”ഇതാണ് പ്രശ്നം. എന്തിനാണ് എന്നെ കുറ്റപ്പെടുത്തുന്നത്. പരസ്പര വിശ്വാസമോ ബഹുമാനമോ ഇല്ലാതെ ഒരു ബന്ധം മുന്നോട്ടു കൊണ്ടുപോകാനാവില്ല. നിന്നെ സ്നേഹിക്കുന്ന നിന്നെ മനസ്സിലാക്കുന്ന ഒരാൾ വരും. എനിക്കറിയാം നീ നല്ലൊരു ഭാര്യയായിരിക്കും എന്ന്”
അവൾ ദുർബലമായ കൈകളുയർത്തി ‘മതി’.
കുനിഞ്ഞിരുന്നു നെഞ്ചിലെ വേദന രണ്ട് കൈകളും കൂട്ടിച്ചേർത്ത് അമർത്തി. പിന്നെ അവിടെ നിന്ന് യാത്ര പറയാതെ നടന്നുപോയി.
പിന്നീട് ഒരിക്കലും അവളെ കണ്ടില്ല.
ആദ്യത്തെ കുറച്ചു മാസങ്ങൾ തനിക്ക് ഒരു സ്വാതന്ത്ര്യം കിട്ടിയത് പോലെയായിരുന്നു. പക്ഷേ മാസങ്ങൾ കഴിഞ്ഞപ്പോഴാണ് തനിക്ക് എന്താണ് നഷ്ടമായത് എന്നറിഞ്ഞു തുടങ്ങിയത്. അവളെ വല്ലാതെ ഓർക്കുവാൻ തുടങ്ങി. സ്നേഹത്തിലെ പരിഭവങ്ങൾ വഴക്കായാണല്ലോ താൻ കണ്ടിരുന്നത് എന്ന്. അവൾ തന്ന കരുതലും പരിഗണനയും ബുദ്ധിമുട്ടായി തോന്നിയിരുന്നു. ഇന്ന് അത് ആഗ്രഹിച്ചുപോവുകയാണ്.
അവളുടെ നമ്പർ മാറിയിരുന്നു. അവൾ നഗരം വിട്ടുപോയി എന്നറിഞ്ഞു. അതുപോലും താൻ അറിഞ്ഞില്ലല്ലോ.
പിന്നെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും എന്നും പരതിക്കൊണ്ടിരുന്നു. അവളുടെ അക്കൗണ്ടിൽ പ്രത്യേകിച്ചൊന്നും കണ്ടില്ല. മാസങ്ങൾക്ക് ശേഷം ഒരു പോസ്റ്റ്. മഞ്ഞുമലകൾക്ക് താഴെ, നീല ജാക്കറ്റണിഞ്ഞ്.
പിന്നെയും മാസങ്ങൾക്ക് ശേഷം വെനീസിൽ.. ഇടയ്ക്കിടെ യാത്രകളുടെ ചിത്രങ്ങൾ.. മിക്കവാറും തനിച്ച്.. ചിലതിൽ കൂട്ടുകാരുമൊത്ത്..
ആശ്വാസം.. അവൾ വിവാഹിതയല്ല.. വിദേശത്താണ് ജോലി. ഒരു ഗ്രാമത്തിൽ ഒതുങ്ങിക്കൂടാൻ ആഗ്രഹിച്ച തന്റെ പെണ്ണ്, തന്റെ നെഞ്ചാണ് എന്റെ ലോകമെന്ന് പറഞ്ഞ തന്റെ പെണ്ണ്, കടലുകടന്ന് എത്താനാവാത്ത ദൂരങ്ങളിൽ, ഉയരങ്ങളിൽ, കടലലകളിൽ, മണലാരണ്യങ്ങളിൽ യാത്ര പോയിരിക്കുന്നു.
നാലു വർഷങ്ങൾ ഞാനവളെ ഫേസ്ബുക്കിലൂടെ പിന്തുടർന്നു. അങ്ങനെയിരിക്കെയാണ് അവൾ നാട്ടിലൊരു കമ്പനിയിൽ ജോലി ചെയ്യുന്നതായി മനസ്സിലായത്. ആറുമാസങ്ങൾക്ക് ശേഷം താനും അതേ കമ്പനിയിൽ എത്തിയത് യാദൃച്ഛികമായിരുന്നില്ല. നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെപ്പിടിക്കാനായിരുന്നു.
”എന്തിനാണ് പെണ്ണേ എന്നെ നോവിക്കുന്നത്. എനിക്കറിയാം ഞാൻ വേദനിക്കുന്നത് പോലും നിനക്ക് സഹിക്കില്ല എന്ന്. എന്റെ തെറ്റുകൾ ഞാൻ തിരുത്തും. സ്നേഹത്തിന്റെ തീരത്ത് ഞാൻ നിന്നെ എന്റെ മാത്രം പെണ്ണാക്കും”
അവളെ വീണ്ടും കണ്ടുമുട്ടി. ഇപ്രാവശ്യം ആരും കൂടെയില്ല. പണമെടുക്കാൻ എടിഎം കൗണ്ടറിൽ വന്നതായിരുന്നു.
”വേണി.. എനിക്ക് അത്യാവശ്യമായി സംസാരിക്കണം”
”എനിക്ക് തിരക്കുണ്ട് മാധവ്.”
”നീ എന്നെ അവഗണിക്കുകയാണെന്ന് അറിയാം”
”അതെ. പക്ഷേ അത് അറിഞ്ഞിട്ടും എന്തിനാണ്?”
അവൾ അത്തരത്തിൽ മറുപടി പറയുമെന്ന് കരുതിയില്ല.
”നീ വല്ലാതെ മാറിപ്പോയിരിക്കുന്നു”
”മാറേണ്ടേ? അതു നല്ലതല്ലേ? അങ്ങനെയല്ലേ വേണ്ടത്?”
”അതേ..” എന്തു പറയണമെന്നറിയാതെ പരുങ്ങലിലായി.
”മാറ്റം നല്ലതാണ്. ഞാൻ പറയാൻ വന്നത്.. നമ്മുക്ക് പഴയപോലെ”
”പഴയപോലെ? അമ്മ കൊണ്ടുവന്ന ആലോചന ശരിയായില്ലേ? നിഷ്കളങ്ക ഗ്രാമീണ കന്യകയുടെ”
”എന്നെ കുത്തിനോവിക്കുകയാണോ? ഇഷ്ടംപോലെയായിക്കോ”
”ഞാൻ കുത്തിനോവിച്ചതല്ല. പരസ്പരം ചേരില്ല എന്ന് പറഞ്ഞത് മാധവാണ്. അന്ന് അവിടെ നിന്ന് പോയ ഒരു പെൺകുട്ടിയല്ല ഞാനിന്ന്. ഒരു നട്ടപ്പാതിരായ്ക്ക് അറിയാത്ത വഴികളിലൂടെ നടത്തി അവിടെ ഉപേക്ഷിച്ചു. എങ്ങോട്ടു പോകണമെന്നറിയാതെ പകച്ചുപോയി! ഇപ്പോൾ ഞാൻ ഹാപ്പിയാണ്. മറ്റൊരാളുടെ പ്രണയം വിശ്വസിക്കാനാവാത്ത വിധം നിന്റെ പ്രണയം എന്നെ വഞ്ചിച്ചു. ഇനി ഞാൻ എന്നെത്തന്നെ നന്നായി സ്നേഹിക്കട്ടെ!”
ഒരിക്കലും തിരികെ ഒഴുകാനാവാത്ത പഴയ തീരങ്ങൾ മറന്ന പുഴയായി മാറിയവൾ !
അമൽ അബ്രഹാം


8 Comments
സൂപ്പർ അമൽ ചേച്ചി… 😘😘😘😘
എല്ലാക്കാലത്തും പറ്റിക്കാൻ പറ്റില്ല.. നന്നായി എഴുതി അമൽ👍❤️
Beautiful ❣️❣️❣️
Thank you so much
സമകാലികം. ♥️
Thanks Queen
നല്ല പ്രണയം , വേദന തോന്നിയ കഥാന്ത്യം
Thanks dear