“ആ നാറിയുടെ സ്വഭാവം മനസ്സിലായിട്ടും നീയെന്തിനാടി അവന്റെ കൊച്ചിനെ ഒണ്ടാക്കാൻ പോയെ??”
അമ്മയുടെ അലർച്ച കാതുകളും കടന്ന് ഹൃദയം തുളച്ചിറങ്ങിയപ്പോൾ കണ്ണിൽ നിന്നടർന്നുവീഴുന്ന തുള്ളികളെ കാൽച്ചുവട്ടിലെക്കിറ്റിച്ച് രേഷ്മ അപരാധിനിയെപ്പോലെ തലകുനിച്ചു നിന്നു.
മറുപടിക്കുള്ള വാക്കുകൾ എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. അവളുടെ കണ്ണുനീർ വീണ് പൊള്ളിയിട്ടോ എന്തോ, വീർത്തുന്തിയ ഉദരത്തിന് മേലെ രണ്ടു കുഞ്ഞിക്കാലുകൾ ചവിട്ടിക്കുതിക്കാൻ തുടങ്ങി. അമ്മേടെ മുത്തേയെന്നൊരു വാത്സല്യവിളി ഉള്ളിലുണർത്തി അവൾ കൈകൾ കൊണ്ട് പതിയെ വയറിലൊന്നു തലോടി. പിന്നെ ഒരേങ്ങലോടെ അകമുറിയിലേക്ക് നടന്നു.
ദിവസങ്ങളേറെയായി ചിട്ടി വിളിച്ചെടുക്കാൻ സരസു ചേച്ചിയുടെ വീട് കയറിയിറങ്ങുന്നു. യാചനകൾ കണ്ണീരിൽ മുങ്ങി ആണ്ടുപോയിട്ടും, മുടങ്ങിപ്പോയ തവണകൾ അടച്ചു തീർക്കാതെ ചിട്ടി വിളിക്കാനൊക്കില്ല എന്ന കടുംപിടുത്തത്തിൽത്തന്നെ ഉറച്ചു നിൽക്കുകയാണവർ.
ഓരോ തവണയും അവരുടെ വീട്ടിലേക്ക് കുത്തനെയുള്ള ഒതുക്കുകല്ലുകൾ കയറുമ്പോഴും ഇറങ്ങുമ്പോഴും, കാലൊന്നിടറിയാൽ വീണുപോയേക്കാവുന്ന താഴ്ച വല്ലാതെ ഭയപ്പെടുത്തും. എന്നിട്ടും ആ കയറ്റം കയറിയിറങ്ങലിന്റെ ആവർത്തനങ്ങളോടെയാണ് ദിവസം തുടങ്ങുന്നത്.
“നീയിനി ഇക്കാര്യം പറഞ്ഞു ഇങ്ങോട്ട് വരുകയേ വേണ്ട”
അവരുടെ അവസാന വാക്കും കേട്ട്, നെഞ്ചു വിങ്ങി വന്നു കയറിയതായിരുന്നു. ആ വിങ്ങലിലേക്ക് ഒരു കുടം ഉപ്പുനീര് കൂടി കോരിയൊഴിച്ചു തന്നു അമ്മ.
ഗർഭിണിയാണെന്നറിഞ്ഞപ്പോൾ, എന്റെ തന്നെയാണോയെന്ന് ചോദിച്ച കിഷോറിന്റെ മുഖത്ത് കാർക്കിച്ചു തുപ്പി ഇറങ്ങിപ്പോരാൻ തോന്നിയെങ്കിലും സ്വന്തം വീട്ടിൽ അഭയസ്ഥാനം നഷ്ടപ്പെട്ട ഒരുവളുടെ നിസ്സഹായത അയാളുടെ കാൽച്ചോട്ടിൽത്തന്നെ ചുരുണ്ടുകൂടാൻ അവളെ നിർബന്ധിതയാക്കി.
മധുവിധു തീരുംമുന്നേ തുടങ്ങിയ കലഹങ്ങൾക്കും അടിയൊച്ചകൾക്കുമിടയിൽ ഒരു കുഞ്ഞു ജീവൻ ഉള്ളിലൂറിയതറിയാതെ ഗർഭാസ്വസ്ത്ഥതകളെ മുഴുവൻ ചുമന്നു നടന്നത് മൂന്നു മാസക്കാലത്തോളമായിരുന്നു. സുഖമില്ലന്ന് പറയാനുള്ള അനുവാദംപോലും തരാത്ത ഭർത്താവിനും ഭർതൃമാതാവിനുമൊപ്പമുള്ള ജീവിതം നരകതുല്യമായിരുന്നിട്ടും കയറിച്ചെല്ലാൻ ഒരിടവും ബാക്കിയില്ലാത്ത ഒരുവളുടെ അതി സഹനമായിരുന്നു അത്.
എന്നിട്ടും നാലാം മാസത്തിന്റെ പടിവാതിൽക്കൽ തലചുറ്റി വീഴുമ്പോൾ സഹിക്കാവുന്നതിന്റെ പരിധി വിട്ടിരുന്നു ആ അസ്വസ്ഥതകൾ.
‘തന്നെ സമ്മതിക്കണം കെട്ടോ’ എന്ന ഡോക്ടറിന്റെ കളിയാക്കൽ ഒരു ചിരിയാൽ ഏറ്റു വാങ്ങി
അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം എല്ലാ വേദനകളെയും തുടച്ചു മാറ്റി.
പക്ഷേ ആ സന്തോഷത്തിന് ഒരു നീർക്കുമിളയുടെ ആയുസ്സ് പോലുമുണ്ടായില്ല.
‘ആദ്യ പ്രസവം പെണ്ണുവീട്ടുകാരുടെ ഉത്തരവാദിത്തമാ. എനിക്കിതിൽ റോളൊന്നുമില്ല’ എന്ന കിഷോറിന്റെ അറുത്തു മുറിച്ചുള്ള വാക്ക് ഗർഭകാല ലാളനകളേൽക്കാൻ കൊതിച്ച മനസ്സിലൊരു നീളൻ മുറിപ്പാട് വരഞ്ഞു.
ഒരു കുഞ്ഞായാൽ അവൻ നന്നാകുമെടിയെന്ന് കൊതിപ്പിച്ചിരുന്നവരെ അവൾ പുച്ഛത്തോടെ ഓർത്തു.
ഒരിക്കലും നന്നാകാൻ ഉദ്ദേശമില്ലാത്ത ഒരുവനെ നന്നാക്കിയെടുക്കാൻ ഒരു പെണ്ണിന്റെ ജീവിതം ബലി നൽകിയ പിശാചുകൾ.
ഗർഭാലസ്യങ്ങൾ അതികഠിനമായപ്പോഴാണ് ദിവസവേതനത്തിന് ചെയ്തു കൊണ്ടിരുന്ന ചെറിയ ജോലിയിൽ നിന്ന് വിട്ടു നിൽക്കേണ്ടി വന്നത്. അതോടെ ചിട്ടിയുടെ തവണകളും മുടങ്ങി. ‘നിന്റേതായി എന്തെങ്കിലുമൊരു സമ്പാദ്യം ഉണ്ടാക്കിയിട്ടില്ലെങ്കിൽ നീ തെണ്ടിപ്പോകും പെണ്ണേ’യെന്ന് പറഞ്ഞ് കമ്പനിയിലെ സുഗന്ധിച്ചേച്ചി നിർബന്ധിച്ചു ചേർത്തതാണ് ആ ചിട്ടിയിൽ.
സരസുച്ചേച്ചി ഓരോ തവണയും വിളിക്കുമ്പോൾ, ‘അതൊന്ന് അടച്ചു തീർക്കുമോ’ എന്ന യാചനക്ക്, എന്റെ കയ്യിൽ കാശില്ലന്ന കൈമലർത്തലിന്റെ കാഠിന്യം അവളെ ഞെട്ടിച്ചു കളഞ്ഞു.
ആധിയും വിഹ്വലതകളും ആ കുരുന്നു ജീവനെക്കൂടി ബാധിക്കുമോ എന്ന ഓർമ്മയിൽ നടുങ്ങി വിറക്കുമ്പോഴൊക്കെയും അവൾ തന്റെ ഉണ്ണിക്കുട്ടനോട് കലപിലാ വർത്താനം പറയും. അമ്മക്ക് നീയേയുള്ളൂ എന്ന് കൊഞ്ചും.മിടുക്കനായി വെക്കമിങ്ങു വന്നേക്കണേയെന്ന് തമാശ പറയും.
ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള പരിശോധനകൾക്കായി പോകേണ്ടുന്ന ദിവസം, അവൾ വീണ്ടും അയാൾക്ക് മുന്നിൽ നിന്ന് കണ്ണീർ വാർക്കും. പക്ഷേ അയാളുടെ പക്കൽനിന്ന്, കാശില്ല എന്ന പതിവു പല്ലവി മാത്രം പുറപ്പെടും.
സ്ത്രീധനമായി കിട്ടിയതുമുഴുവൻ വിറ്റു തുലച്ചതിനാൽ, കടം മേടിക്കുകയല്ലാതെ മറ്റു വഴികളൊന്നും അവളുടെ മുന്നിലുണ്ടായിരുന്നില്ല.
വാങ്ങിയ കടങ്ങൾ എങ്ങനെ വീട്ടിത്തീർക്കും എന്ന ചിന്തകൾ രാത്രിയുറക്കത്തെ ശ്വാസംമുട്ടിച്ചു കൊന്നു.
കഴുത്തിനു കീഴെ, താടിയിൽ മുട്ടി നിൽക്കുന്ന ഉന്തിയ എല്ലുകളും, ശോഷിച്ചുണങ്ങിയ കൈകാലുകളും കുഴിയിൽ വീണ് കറുത്തിരുണ്ട് പോയ കണ്ണുകളും കണ്ട്, ഡോക്ടർ ആദ്യം കുറെ വഴക്ക് പറഞ്ഞു. പിന്നെ കെട്ടിപ്പിടിച്ച് ചേർത്തിരുത്തി ‘എന്താ മോളെ നിനക്ക്. എന്തായാലും തുറന്നു പറഞ്ഞോളൂ’യെന്ന് നിർബന്ധിച്ചപ്പോൾ കഴിവുകെട്ട ഒരുവന്റെ താലി ഏറ്റുവാങ്ങിയതിന്റെ പേരിൽ അനുഭവിച്ച യാതനകൾ ഒരു പെരുമഴപെയ്ത്തായി പെയ്തു തോർന്നു.
ചോദിക്കുമ്പോഴൊക്കെയും കാശ് കൊടുക്കാത്തതിന്റെ പക തീർക്കാൻ, ഈ പുലയാടി മോൾക്ക് തുള്ളിവെള്ളംപോലും കൊടുത്തു പോകരുത് എന്ന ആജ്ഞയെ ശിരസാവഹിച്ച് അടുക്കള പൂട്ടിയിടുന്ന അമ്മായിയമ്മക്കെതിരെ വനിതാ കമ്മീഷനിൽ ഒരു പരാതി കൊടുക്കാമെന്നു പറഞ്ഞതിനെ അവൾ നിരസിച്ചു.
ഒറ്റയ്ക്ക് നിന്ന് പൊരുതാനുള്ള ധൈര്യം എന്നേ നഷ്ടമായിരിക്കുന്നു.
“നാളെത്തന്നെ അമ്മയെ കൂട്ടി വരൂ. നിന്നെ വന്നു കൂട്ടിക്കൊണ്ട് പോകാൻ ഞാനവരോട് പറയാം. ഈ അവസ്ഥയിൽ ഇനിയും നീ അയാൾക്കൊപ്പം പോയാൽ, നീയും നിന്റെ കുഞ്ഞും ഒരുപോലെ ഇല്ലാതാകും.”
എല്ലാം തല കുലുക്കി സമ്മതിച്ച് പുറത്തിറങ്ങി.
കണ്ണുനീർ പാടകൊണ്ട് കാഴ്ച മങ്ങിപ്പോയെങ്കിലും, വെളിയിലേക്കിറങ്ങുമ്പോൾ ചാരുബെഞ്ചിൽ ഊഴം കാത്തിരിക്കുന്ന നിറവയറുകാരികളെ അല്പമൊരു അസൂയയോടെ നോക്കിനിന്നു. കൂട്ടുവന്നവർക്കൊപ്പം മുട്ടിയുരുമ്മിയിരുന്ന്, അടക്കിപ്പിടിച്ച ശബ്ദത്തിൽ എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയാണവർ.
ആഴ്ചകൾക്കു ശേഷം സ്വന്തം വീട്ടിൽ വന്നപ്പോൾ വയറു നിറയുവോളം എന്തെങ്കിലും കഴിക്കണം എന്നൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു.
പക്ഷേ എരിതീയിൽ നിന്ന് ചാടിക്കയറിയ വറചട്ടിയായിരുന്നു ആ വീട്.
അച്ഛനില്ലാത്ത രണ്ടു പെൺകുട്ടികളെ കല്യാണം കഴിച്ചയച്ചതിന്റെ സകല ദൈന്യതകളും പേറി നിൽക്കുന്ന ഒരു വീട്.
ചിതലരിച്ചു വീണുപോകാറായ വീടും, ശിരസോളം മുങ്ങി നിൽക്കുന്ന വീട്ടാക്കടങ്ങളും പണ്ടേ അമ്മയുടെ സമനില തെറ്റിച്ചു കളഞ്ഞിട്ടുണ്ട് എന്നറിയാവുന്നകൊണ്ട് കുത്തുവാക്കുകളും, ശാപവചനങ്ങളും കേട്ടില്ലെന്നു നടിച്ച് നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടി.
ഗർഭകാല കൊതികൾ നാവിൽ വെള്ളമിറ്റിക്കുന്നുണ്ടെങ്കിലും, തരുന്നത് വാരിക്കഴിച്ച് ചുരുണ്ടുകൂടിക്കിടക്കും.
“കാശുണ്ടാക്കാൻ അറിയില്ലെങ്കിലും കൊച്ചിനെ ഉണ്ടാക്കാൻ അവനു നല്ല മിടുക്കായിരുന്നല്ലേ” എന്ന പരിഹാസം പരിധി വിടുമ്പോൾ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു പോയി രേഷ്മ.
ഒടുവിലൊരു ദിവസം സഹികെട്ടപ്പോൾ അവൾ അമ്മയോട് പൊട്ടിത്തെറിച്ചു.
“കൊച്ചിനെ ഉണ്ടാക്കിയതിന്റെ ശിക്ഷ ഞാൻ ഏറ്റോളാം. അതിങ്ങനെ കൂടെക്കൂടെ വിളിച്ചു പറഞ്ഞ് അമ്മ ബുദ്ധിമുട്ടണ്ട. ആശുപത്രിച്ചിലവുകൾ എങ്ങനേം ഞാൻ കൊടുത്തു തീർത്തോളാം. അതിന്റെ പേരിൽ എന്നെയിങ്ങനെ കുത്തിക്കീറണ്ട.”
എന്നാപ്പിന്നെ അങ്ങനെ ആയിക്കോട്ടെ എന്ന പുച്ഛത്തിനെ നെഞ്ചിലേറ്റിക്കൊണ്ടാണ് സരസു ചേച്ചിയുടെ കനിവിനായി ഇരന്നത്. അവിടെയും തോറ്റു പോയിരിക്കുന്നു.
വരാൻ പോകുന്ന ഭാരിച്ച ചിലവുകൾ ഓർത്ത് ഉറക്കം വരാതെ തലയിണ കണ്ണീരാൽ നനക്കുമ്പോൾ വയറിനുള്ളിൽ അവളുടെ ഉണ്ണിക്കുട്ടനും ഉറക്കമില്ലാതെ തിരിഞ്ഞു മറിഞ്ഞു.
ഒരിക്കൽ കൂടി അഭിമാനം പണയം വെച്ച് കിഷോറിനെ വിളിച്ചു.
മൂന്ന് തവണകളാ മുടങ്ങികിടക്കുന്നെ. അത് അടച്ചു തീർത്താൽ ചിട്ടി വിളിച്ചെടുക്കാം. വിളിച്ചു കിട്ടിയാൽ ഞാൻ തിരിച്ചു തന്നേക്കാം. എങ്ങനേലും കുറച്ചു രൂപ ഒപ്പിച്ചു തരുമോ?
വാക്കുകൾ കണ്ണീരിൽ കുഴഞ്ഞിരുന്നു. എന്നിട്ടും അപ്പുറം മറുപടിയില്ലാതെ കാൾ കട്ട് ചെയ്യപ്പെട്ടു.
അവസാന വഴിയായി മുന്നിൽ ഉണ്ടായിരുന്നത്, നൂൽക്കമ്പിയുടെ വണ്ണത്തിൽ വിരലിൽ കിടന്ന ഒരു കുഞ്ഞു മോതിരം വിൽക്കുക എന്നതായിരുന്നു.
ഏന്തിയും വലിഞ്ഞും പണയ സ്ഥാപനത്തിൽ ചെന്നപ്പോൾ അയാളുടെ ചുണ്ടിൽ വിരിഞ്ഞതും ഒരു പരിഹാസച്ചിരിയായിരുന്നു. അത് കണ്ടില്ലെന്നു നടിച്ച് അയാൾ എണ്ണിത്തന്ന രൂപ കൈനീട്ടി വാങ്ങിച്ചു.
കിട്ടിയ തുക തികയില്ല എന്നറിഞ്ഞിട്ടും വീണ്ടും സരസുച്ചേച്ചിയുടെ വീടിന്റെ ഒതുക്കുകല്ലുകൾ കയറി.
എന്തോ, അവരത് വാങ്ങി. അടുത്തയാഴ്ചവന്ന് ചിട്ടി വിളിച്ചോയെന്ന് സമ്മതിക്കുകയും ചെയ്തു.
ആശ്വാസം പൂണ്ട മനസ്സായിരുന്നെങ്കിലും, വെയിലിൽ വല്ലാതെ കിതച്ചും തളർന്നും വീടെത്തുമ്പോൾ, ഉച്ചയൂണിന് മീൻ വെട്ടുന്ന അമ്മ അവളേ ഗൗനിച്ചതേയില്ല.
വരാന്തയിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ ഓടി വന്നു തള്ളിയിടാൻ നോക്കിയ തല ചുറ്റലിന്റെ ഇറുക്കിപ്പിടുത്തത്തിനെ തള്ളിമാറ്റാൻ ൻ ദുർബലമായ കൈകൾ അമ്മിത്തറയിൽ ഊന്നി, ചുമരിലേക്ക് ചാരിനിന്ന് ദീർഘമായൊരു ശ്വാസമെടുത്തതും കാലുകൾക്കിടയിലൂടെ കൊഴുത്ത ഒരു ദ്രാവകത്തിന്റെ കട്ട താഴേക്കു കുതിച്ചു വന്നു. അടിവയറിൽ കത്തികൊണ്ട് വരയുന്ന ഒരു വേദനയും.
അമ്മേയെന്ന വിളിയോടെ തന്നെയാണ് കരച്ചിൽ തൊണ്ടക്കുഴിയിൽ നിന്നിറങ്ങി വന്നത്.
ആ വിളി കേട്ടിട്ടും,കാൽക്കീഴിൽ വീണു ചിതറുന്ന വഴുവഴുപ്പ് കണ്ടിട്ടും ചെയ്തു കൊണ്ടിരുന്ന ജോലിയിൽ നിന്ന് അമ്മയുടെ ശ്രദ്ധ വ്യതിചലിക്കുന്നില്ല എന്ന് കണ്ടതും, അങ്ങേ വീട്ടിലെ അലക്കു കല്ലിനരികിൽനിന്ന് തുണിയലക്കുന്ന സൂസിച്ചേച്ചി കേൾക്കാൻ പാകത്തിൽ ഉറക്കെ അലറിക്കരഞ്ഞു.
ഓടി വന്ന സൂസിച്ചേച്ചി, ഇവളെ ആശുപത്രിയിൽ കൊണ്ടു പോയെന്ന് പറഞ്ഞതിന് മറുപടിയായി അമ്മ പറഞ്ഞത് ‘ഉച്ചക്കലേക്കുള്ള ഊണ് റെഡിയായിട്ടില്ല, എന്റെ മോൻ ചോറുണ്ണാൻ വരും’ എന്നായിരുന്നു.
ഒരു നിമിഷം,നിസ്സഹായതയുടെ കരകാണാക്കടലിലേക്ക് എടുത്തെറിയപ്പെട്ടു രേഷ്മ.
നെഞ്ചുപൊട്ടിയ ഒരു കരച്ചിലോടെ ആ വാക്കുകൾ ഏൽപ്പിച്ച ആഘാതത്തിലും, അടിവയറ്റിലൂറുന്ന വേദനയുടെ പാരമ്യത്തിലും ഞെട്ടിവിറച്ച് താഴേക്കു മറിഞ്ഞു വീഴുമ്പോൾ ഇനിയും അനുഭവിക്കാൻ ബാക്കി കിടക്കുന്ന തീക്ഷ്ണാനുഭവങ്ങളുടെ പൊള്ളിക്കുന്ന ചൂടോർത്ത് അവളുടെ ബോധമണ്ഡലം അബോധക്കയങ്ങളിലേക്കൂളിയിട്ടു.
#എന്റെരചന
#തീക്ഷ്ണാനുഭവങ്ങൾ


5 Comments
ഗംഭീര എഴുത്ത് 👌👌👌
വെറുതെയാണോ സമ്മാനം നേടിയത്! തീഷ്ണാനുഭവം എന്ന് പറഞ്ഞാൽ ഇത്രയധികം ക്രൂരതകൾ ഉള്ള മനുഷ്യരൂപങ്ങളുമുണ്ട് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് ഭീകരമായ അനുഭവം തന്നെ. വേദനയോടെ ഇങ്ങനെ എഴുതാൻ സിന്ധുവിന് തന്നെ മാത്രമേ കഴിയൂ. അഭിനന്ദനങ്ങൾ ആശംസകൾ 🙏
പേരിൽ അറിയാം കഥയിലെ സഹനങ്ങൾ💕💕💕
ഈശ്വരൻ അവൾക്കൊരു നല്ല കാലം കൊടുക്കട്ടെ… മനസ്സുരുക്കുന്ന രചന….
നോവുനിറയുന്ന രചന.👍