വായനാനുഭവം
****************
പ്രിയ സുഹൃത്ത് ജസ്‌ന താഷിബിന്റെ ‘പ്രണയവാതിൽ ‘ ഒറ്റ ദിവസം കൊണ്ടു വായിച്ചു തീർത്ത അനുഭവം, പുസ്തക പ്രകാശനച്ചടങ്ങിൽ പുസ്തക പരിചയം നടത്തിയ എഴുത്തുകാരനും ഞങ്ങളുടെ സുഹൃത്തും കൂടിയായ സാക്കിർ സാക്കി നിലമ്പൂർ പങ്കു വെച്ചപ്പോൾ എനിക്കുണ്ടായ അവിശ്വസനീയത ‘പ്രണയ വാതിലി’ന്റെ കൊളുത്തു തുറന്ന് അകത്തു കടക്കുന്നത് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു.
വരാന്തയിൽ കയറിയപ്പോൾ നടുമുറിയിലേക്കും കൂടിയൊന്നു കയറാൻ തോന്നി. കയറിക്കയറി വീടു മൊത്തം ഒറ്റയിരുപ്പിൽ ചുറ്റിക്കണ്ടങ്ങു തീർത്തു.
അതേ.. ഈ പ്രണയ വാതിൽ തള്ളിത്തുറന്ന് അകത്തു കടന്നാൽ മുഴുവൻ ചുറ്റിക്കാണാതെ ഒരാളും പിന്നെ ആ വാതിലിനു കൊളുത്തിടില്ല.
ഒറ്റയിരുപ്പിൽ തന്നെ വായിച്ചു തീർക്കുമെന്ന് തീർച്ച..
തൗടും കുട്ടി എന്ന ആദ്യ അധ്യായത്തിൽ തുടങ്ങി സങ്കടപ്പുഴ എന്ന അവസാന അധ്യായത്തിൽ അവസാനിക്കുന്ന ഈ കൊച്ചു പുസ്തകത്തിൽ പലയിടങ്ങളിലും ഞാൻ കണ്ടത് എന്നെത്തന്നെയായിരുന്നു. പലപ്പോഴും ഹൃദയം വിങ്ങി.. കണ്ണുകൾ നിറഞ്ഞു.
ഓർമ്മകളുടെ തീരങ്ങളിൽ ഒരു തിരയ്ക്കും ഒരിക്കലും വന്നു മായ്ച്ചു കളയാൻ കഴിയാത്ത കല്ലിൽ കൊത്തി വെച്ചതു പോലുള്ള ഓർമ്മകൾ..!
ഉപ്പയുടെയും ഉമ്മയുടെയും വാത്സല്യച്ചൂരു നിറഞ്ഞ ഓർമ്മകളിൽ ഉപ്പ മണമായിരുന്നു എനിക്കു കൂടുതലും അനുഭവപ്പെട്ടത്.
ഒരു വട്ടം കൂടി തിരികെ നടക്കണമെന്ന് നാം ഓരോരുത്തരും മോഹിക്കുന്ന ബാല്യം.. നടന്നു തീർത്ത നാട്ടു വഴികൾ.. കൗമാരകാലത്തിൽ നാം ജീവിച്ച ചുറ്റുപാടിൽ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു ചുറ്റുപാടിൽ എത്തിപ്പെടുമ്പോഴുള്ള അമ്പരപ്പ്.. നമ്മെ പൂർണ്ണമായും മറന്ന് മറ്റുള്ളവർക്ക് വേണ്ടി നാം ചിലവഴിച്ച നമ്മുടെ വിലപ്പെട്ട സമയങ്ങളെല്ലാം തീർത്തും വ്യഥാവിലായിരുന്നുവെന്നു തിരിച്ചറിയുമ്പോഴുള്ള തീർത്താൽ തീരാത്ത വേദന..
തിരിച്ചറിയാൻ വൈകിയ രോഗാവസ്ഥയെ ആത്മ ധൈര്യത്തോടെ നേരിട്ട എഴുത്തുകാരി പൂർണ്ണമായും തകർന്നു പോയത് ഉപ്പയെന്ന പൂർണ്ണചന്ദ്രൻ കാർമേഘങ്ങൾ കൊണ്ടു മൂടപ്പെട്ടപ്പോഴും ഖൽബിൽ നിന്നും ഇന്നും ഇറ്റി വീഴാതെ തടഞ്ഞു വെക്കപ്പെട്ട രണ്ടു കണ്ണുനീർത്തുള്ളികളുടെ ഓർമ്മകളിലൂമായിരുന്നു.
വായിക്കുന്ന ഓരോരുത്തരെയും വായിപ്പിക്കുകയല്ല മറിച്ച് അനുഭവിപ്പിക്കുക തന്നെയായിരിക്കും പതിനഞ്ചു കഥകൾ അടങ്ങിയ ഈ കൊച്ചു പുസ്തകം..
മനോഹരമായ ഈ സമാഹാരം വായനാലോകത്തിനു സമ്മാനിച്ച പ്രിയ കൂട്ടുകാരി.. അഭിനന്ദനങ്ങൾ.. ആശംസകൾ.. പ്രാർത്ഥനകൾ..
Sajna Vp
Jasna Thashib
9496343314

