മറവിക്കായൊരു സമയമെന്ന മരുന്നില്ലെങ്കിൽ
മനസ്സുകളൊക്കെയും മരവിച്ചു പോയേനേ
മനസ്സിനകത്തൊരു ആർദ്രമാം സാഹോദര്യമില്ലെങ്കിൽ
മനസ്സിലെ മുറിവുകൾ മായാതെ കിടന്നേനേ
സഹായമെന്ന മാനുഷിക മൂല്യമില്ലെങ്കിൽ
സഹയാത്രികരില്ലാതെ നാമൊറ്റപ്പെട്ടേനേ
സങ്കടങ്ങൾ ഒലിച്ചുപോകുമ്പോളൊരു തോളില്ലെങ്കിൽ
സങ്കടം നിറഞ്ഞെന്റെ ഹൃദയം തകർന്നേനേ
മേഘകീറുകൾ ആർത്തു കരഞ്ഞിരുന്നില്ലായെങ്കിൽ
മഴയുടെ കുളിരിൽ നാമെങ്ങനെ തണുത്തേനേ
വെയിലിന്റെ കടുകട്ടിയിലൊരു മരമെന്ന തണലില്ലെങ്കിൽ
തളർച്ചയുടെ താങ്ങ് ഞാനറിഞ്ഞീടില്ലേനേ
കവിതയെന്നുള്ളിൽ നിറഞ്ഞില്ലായിരുന്നെങ്കിൽ
വാക്കുകൾ പലതും വഴിയിലുപേക്ഷിച്ചേനേ
മതങ്ങളുടെ വെള്ളിവെളിച്ചമില്ലായിരുന്നെങ്കിൽ
മനസ്സിന്റെ ഇരുട്ടിൽ ഞാൻ തപ്പിത്തടഞ്ഞേനേ
ഗ്രന്ഥങ്ങളുടെ വരികൾക്ക് മിണ്ടാട്ടമില്ലായിരുന്നെങ്കിൽ
മനസ്സിലെ ചോദ്യങ്ങൾ അനാഥമായേനേ
മനുഷ്യന്റെയുള്ളിലൊരു മനുഷ്യത്വമില്ലെങ്കിൽ
മഹത്വമെന്ന വാക്ക് പോലും വെറുതെയായേനേ
ഉള്ളറിഞ്ഞൊരു പാതി നീ ഇല്ലായിരുന്നെങ്കിൽ
ഉള്ളു പുകഞ്ഞു ഞാൻ വെന്തു കരിഞ്ഞേനേ
യുദ്ധകൊതിയരായ പിശാചുക്കളില്ലെങ്കിൽ
ഭൂമിയെത്ര മനുഷ്യ സൗന്ദര്യം പകർന്നേനേ
യന്ത്രക്കുഴലുകൾ തീ തുപ്പിയില്ലായിരുന്നെങ്കിൽ
എത്ര കുഞ്ഞു പുഞ്ചിരികൾ നാം കണ്ടേനേ.
ബഷീർ ചെമ്പിരിക്ക.


1 Comment
നല്ല വരികൾ🌹❤️