May 21 International Tea Day ആണ്. അപ്പോ ചായയെക്കുറിച്ച് കുറച്ച് വിശേഷങ്ങൾ പങ്കുവെക്കാം എന്ന് കരുതുന്നു. ലോകത്ത് വെള്ളം കഴിഞ്ഞാൽ ഏറ്റവുമധികം കുടിക്കുന്ന പാനീയം നമ്മുടെ ചായയാണത്രേ.
നമുക്ക് ചായ എന്നത് വെറുമൊരു പാനീയം മാത്രമല്ല. ജീവിതവുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന ഒന്നാണ് ചായകുടി എന്ന ശീലം. നാട്ടിൻപുറത്തെ ചായക്കടകളിൽ രാവിലെ ചൂടുചായയും കുടിച്ച് പത്രം വായിച്ച് ദേശീയവും അന്തർദേശീയവുമായ കാര്യങ്ങളെയും രാഷ്ട്രീയത്തെയും കുറിച്ച് സംസാരിച്ചിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. പുക പിടിച്ച വിറകടുപ്പിൽ സദാ വെള്ളം തിളയ്ക്കുന്ന സമോവറും, ബെഞ്ചും ഡസ്കും ഒക്കെയുള്ള ഓലമേഞ്ഞ ചായക്കടകൾ ഇപ്പോൾ അപൂർവ്വമാണ്. എങ്കിലും ജോലിയുടെ ഇടവേളകളിൽ ഒന്ന് റിലാക്സ് ചെയ്യാനും സൗഹൃദവും പ്രണയവും ഒക്കെ ഊട്ടിയുറപ്പിക്കാനും ചായയുമായി ഒരു മേശക്കപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാലേ പുതു തലമുറക്കും ഒരു ഗുമ്മുള്ളൂ. അതിനവർക്ക് ചായ സ്പോട്ടുകൾ ധാരാളമുണ്ടുതാനും.
അങ്ങനെയുള്ള ചായയുടെ ചരിത്രം ഒന്നറിഞ്ഞാലോ???
ലോകത്ത് ആദ്യമായി ചായ കണ്ടെത്തിയത് ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പ് ചൈനീസ് ചക്രവർത്തിയും, ഔഷധസസ്യങ്ങളെ കുറിച്ച് പഠിച്ചിരുന്ന ആളുമായിരുന്ന ഷെന്നോങ് ആണെന്നാണ് കരുതപ്പെടുന്നത്. ഒരിക്കൽ അദ്ദേഹം പുറത്തിരുന്നു വെള്ളം തിളപ്പിക്കുമ്പോൾ അടുത്തിരുന്ന ഒരു കാട്ടുചെടിയുടെ ചില ഇലകൾ കാറ്റിൽ പറന്ന് തിളച്ച വെള്ളത്തിലേക്ക് വീണു. അപ്പോൾ വെള്ളത്തിന്റെ നിറം മാറി, ഒരു സുഗന്ധവും പടർന്നു. രാജാവ് ആ വെള്ളം കുടിച്ചപ്പോൾ അതിന് ഒരു പുതുമയുള്ള രുചിയും ശരീരത്തിന് ഉന്മേഷവും ഉണ്ടെന്ന് മനസ്സിലായി. അങ്ങനെ ആ ഇലകൾ ഉപയോഗിച്ച് തയ്യാറാക്കിയ പാനീയമാണ് പിന്നീട് “ചായ” ആയി മാറിയത് എന്നാണ് കഥ.
ചൈനയിൽ ജനിച്ച ചായ എങ്ങനെ ലോകമെമ്പാടും പ്രചരിച്ചു എന്നത് വ്യാപാരത്തിന്റെയും യാത്രകളുടെയും സാമ്രാജ്യങ്ങളുടെയും ചാരവൃത്തിയുടെയും യുദ്ധങ്ങളുടെയും ഒക്കെ കഥ കൂടിയാണ്.
ആദ്യകാലത്ത് ചായ ചൈനക്കാരുടെ മാത്രം പാനീയമായിരുന്നു. തേയില ചെടി വളർത്തുന്ന രീതിയും ചായ തയ്യാറാക്കുന്ന വിദ്യയും പുറത്തുള്ളവർക്ക് അവർ കൈമാറിയിരുന്നില്ല. പഴയ സിൽക്ക് റൂട്ടു വഴി ചൈനീസ് വ്യാപാരികൾ ചായ മധ്യേഷ്യയിലേക്കും പിന്നീട് യൂറോപ്പിലേക്കും എത്തിച്ചപ്പോഴാണ് ചായ ഉണ്ടാക്കുന്ന രീതി ആളുകൾ അറിയാൻ തുടങ്ങിയത്. ആദ്യം ചായ വളരെ വിലകൂടിയ ഒരു വസ്തുവായിരുന്നു. രാജകുടുംബത്തിൽ ഉള്ളവരും സമ്പന്നരുമായിരുന്നു കൂടുതലായി കുടിച്ചിരുന്നത്.. പിന്നീട് ബ്രിട്ടനിൽ ചായ അതിവേഗം ജനപ്രിയമായി. പ്രത്യേകിച്ച് രാജകുടുംബത്തിൽ ചായ ഉപയോഗം കൂടിയതോടെ സാധാരണ ജനങ്ങൾക്കിടയിലും അത് വ്യാപിച്ചു.
ഡിമാൻഡ് കൂടിയതോടെ ബ്രിട്ടനും ചൈനയും തമ്മിലുള്ള ചായവ്യാപാര തർക്കങ്ങളും പതിവായി. ഈ തർക്കങ്ങളാണ് പിന്നീട് ഇവർ തമ്മിൽ “Opium War” എന്ന വലിയ യുദ്ധത്തിലേക്കു നയിച്ചത്. അതായത് ചായ ഒരു സാധാരണ പാനീയം മാത്രമല്ല, ലോക രാഷ്ട്രീയത്തെയും ബാധിച്ച ഒരു വസ്തുവായി മാറിക്കഴിഞ്ഞിരിക്കുന്നു…
ചൈനയിൽ പഠിക്കാൻ എത്തിയ ജാപ്പനീസ് ബുദ്ധ സന്യാസിമാർ ചായ കുടിക്കുന്ന ശീലം പഠിച്ചു. പിന്നീട് അവർ അത് ജപ്പാനിലേക്ക് കൊണ്ടുപോയി. അവിടെയും ചായ ഒരു സംസ്കാരമായി മാറി. “Tea Ceremony” എന്ന ഒരു ചടങ്ങു തന്നെ അവിടെ ആരംഭിച്ചു.
ബ്രിട്ടീഷുകാർക്ക് ചൈനയിൽ നിന്ന് മാത്രം ചായ വാങ്ങുന്നത് ചെലവേറിയതായി തോന്നിയതിനാൽ 1800 കളിൽ അവർ ഇന്ത്യയിൽ തന്നെ തേയില കൃഷി ആരംഭിക്കാൻ തീരുമാനിച്ചു. അതിനായി Robert Fortune എന്ന സസ്യശാസ്ത്രജ്ഞനെ ചൈനയിലേക്ക് അയച്ചു. അദ്ദേഹം ജീവൻ പണയം വെച്ച് രഹസ്യമായി തേയില ചെടികളും വിത്തുകളും കൃഷിരീതികളും പഠിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്നു എന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന് മുമ്പും ചായയുടെ രഹസ്യം ചോർത്തിയെടുക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അവർ അയച്ച ആളുകളെല്ലാം തന്നെ ചൈനക്കാരാൽ കൊല്ലപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
ഇന്ന് അറിയപ്പെടുന്ന തേയിലച്ചെടിയുടെ ഒരു സ്വദേശിവർഗം ആസ്സാം പ്രദേശത്തെ കാടുകളിൽ സ്വാഭാവികമായി വളർന്നിരുന്നു. അവിടത്തെ ചില ആദിവാസി സമൂഹങ്ങൾ ഇലകൾ തിളപ്പിച്ച് ഉപയോഗിച്ചിരുന്നതായി അറിഞ്ഞ ബ്രിട്ടീഷുകാർ 1823 ൽ റോബർട്ട് ബ്രൂസ് എന്ന സസ്യശാസ്ത്രജ്ഞനെ ഉപയോഗിച്ച് അസമിലെ കാടുകളിൽ തേയിലച്ചെടികൾ കണ്ടെത്തിയതായി പറയപ്പെടുന്നു. പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ Charles Alexander Bruce ഈ ചെടികളെ പറ്റി പഠിക്കുകയും കൃഷിക്ക് ഉപയോഗിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. ഇതാണ് ഇന്ത്യൻ തേയില വ്യവസായത്തിന്റെ തുടക്കമായി കണക്കാക്കുന്നത്.
അങ്ങനെ സ്വദേശി തേയിലയും Robert Fortune വഴി വന്ന ചൈന ചെടികളും ചേർത്ത് ആസാമിലും ഡാർജിലിങ്ങിലും നീലഗിരിയിലും വലിയ തേയിലത്തോട്ടങ്ങൾ രൂപപ്പെട്ടു. പിന്നീട് തേയില കൃഷി ശ്രീലങ്കയിലേക്കും, ആഫ്രിക്കയിലേക്കും വ്യാപിച്ചു.
കേരളത്തിലെ തേയിലത്തോട്ടങ്ങളുടെ കഥ പ്രധാനമായും മൂന്നാറിനെ ചുറ്റിപ്പറ്റിയാണ്.
1800-കളുടെ മധ്യത്തിൽ മൂന്നാർ പ്രദേശം കൊടും കാടും നിറയെ വന്യമൃഗങ്ങളും ഉള്ള ഒരു പ്രദേശമായിരുന്നു.. അന്നത്തെ British East India കമ്പനിക്കും പിന്നീട് ബ്രിട്ടീഷ് പ്ലാന്റർമാർക്കും ഈ പ്രദേശത്തിന്റെ തണുത്ത കാലാവസ്ഥ തേയിലകൃഷിക്ക് വളരെ അനുയോജ്യമാണെന്ന് തോന്നി.
1870–80 കാലഘട്ടത്തിൽ ബ്രിട്ടീഷ് പ്ലാന്റർമാർ വലിയ തോതിൽ കാടുകൾ വെട്ടി തേയില നട്ടുതുടങ്ങി. അതിൽ John Daniel Munro യും A. H. Sharp ഉം മൂന്നാറിലെ തേയിലചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട പേരുകളാണ്. ജോൺ ഡാനിയൽ മൺറോ ഒരു ബ്രിട്ടീഷ് പട്ടാള ഓഫീസറായിരുന്നു. 1870-കളിൽ അദ്ദേഹം തിരുവിതാംകൂർ രാജാവിൽ നിന്ന് വലിയ തോതിൽ ഭൂമി ലീസിന് എടുത്തു. എന്നിട്ട് ബ്രിട്ടീഷ് പ്ലാന്റർമാരെ ഹൈറേഞ്ചിലേക്ക് ക്ഷണിച്ചു വരുത്തി ഭൂമി കൃഷിക്കായി അനുവദിച്ചു.
റോഡുകളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാൻ സഹായിച്ചു
മൺറോയുടെ ക്ഷണം സ്വീകരിച്ചു വന്ന Sharp മൂന്നാറിൽ ആദ്യമായി വിജയകരമായി തേയില കൃഷി നടത്തിയവരിൽ പ്രധാന വ്യക്തിയാണ്. 1880 കാലഘട്ടത്തിൽ അദ്ദേഹം മൂന്നാറിന് സമീപമുള്ള പ്രദേശങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ തേയില നട്ടു.
അദ്ദേഹത്തിന്റെ വിജയമാണ് പിന്നീട് വലിയ തോതിലുള്ള തേയിലത്തോട്ടങ്ങൾ, ടീ ഫാക്ടറികൾ, ബ്രിട്ടീഷ് നിക്ഷേപങ്ങൾ എന്നിവയ്ക്ക് വഴി തുറന്നത്. ഷാർപ്പിന്റെ വിജയത്തിന് ശേഷം നിരവധി ബ്രിട്ടീഷ് കമ്പനികൾ മൂന്നാറിലേക്ക് എത്തി.
മൂന്നാറിൽ നിന്നും ഇടുക്കിയുടെ മറ്റ് ഭാഗങ്ങളിലേക്കും നീലഗിരി ഭാഗത്തുനിന്നും വയനാട്ടിലേക്കും തേയില കൃഷി വ്യാപിച്ചു. തേയില ഫാക്ടറികൾ ഉയർന്നു, ഗതാഗത സംവിധാനങ്ങൾ വന്നു, മലമ്പ്രദേശങ്ങളിൽ തേയില കൂടാതെ ഏലവും കാപ്പിയും കുരുമുളകും ജാതിയും ഒക്കെ വിളയാൻ തുടങ്ങി. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെല്ലാം ആളുകൾ ജോലിക്കായി എസ്റ്റേറ്റുകളിലേക്ക് എത്തിച്ചേർന്നു. കാട്ടുമൃഗങ്ങളോടും പകർച്ച വ്യാധികളോടും പ്രകൃതിയോടും പടവെട്ടി, തങ്ങളുടെ തനതായ സംസ്കാരവും ജീവിതരീതികളും എല്ലാം ഉപേക്ഷിച്ച് അവർ ഹൈറേഞ്ചിൽ മറ്റൊരു ലോകം തീർത്തു.
1773 ലെ ബോസ്റ്റൺ ടീ പാർട്ടിയെ കുറിച്ച് കേട്ടിട്ടുണ്ടോ? അന്ന് അമേരിക്ക ബ്രിട്ടന്റെ ഭരണത്തിലായിരുന്നു. ചായപ്പൊടിക്ക് ബ്രിട്ടൻ വലിയ നികുതി ഏർപ്പെടുത്തി. എന്നാൽ അമേരിക്കക്കാർക്ക് ബ്രിട്ടീഷ് പാർലമെന്റിൽ പ്രാതിനിധ്യം കിട്ടാതെ നികുതി കൊടുക്കില്ല എന്ന് അമേരിക്കക്കാരും പറഞ്ഞു. No taxation without representation എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. സമരക്കാർ ബോസ്റ്റൺ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലുകളിൽ കയറി 342 പെട്ടി ചായപ്പൊടി എടുത്തു കടലിലേക്കിട്ടു. എന്നാൽ കപ്പലുകൾക്കോ മറ്റു സാധനങ്ങൾക്കോ കേടുപാടുകൾ വരുത്തിയതുമില്ല. ഈ സംഭവമാണ് അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ചതും USA എന്ന രാജ്യം ഉണ്ടാകാൻ കാരണമാകുന്നതും. തേയിലയുടെ ശക്തി കണ്ടില്ലേ?
തേയില കൃഷിയുടെ ആരംഭവും അതിന്റെ വ്യാപനവും, വ്യാപാരവും ഒക്കെ പരിശോധിക്കുകയാണെങ്കിൽ അതൊരു വെറും കൃഷി മാത്രമായിരുന്നില്ല മറിച്ച് ലോകത്തിന്റെ സാമൂഹിക സാമ്പത്തിക ശക്തികളെ വരെ മാറ്റിമറിച്ച സംഭവബഹുലമായ ചരിത്രമുള്ള ഒന്നാണെന്ന് നമുക്ക് കാണാം.
അല്പം പാലും, വെള്ളവും, തേയിലയും, പഞ്ചസാരയും ചേർത്തും ചേർക്കാതെയും ലൈറ്റ് ചായയും, മീഡിയം ചായയും, സ്ട്രോങ്ങ് ചായയും, കട്ടൻ ചായയും, വിത്തൗട്ട് ചായയും ഉണ്ടാക്കാനുള്ള മിടുക്ക് നാട്ടിലെ സാധാരണ ചായക്കടക്കാരനോളം മാറ്റാർക്കാനുള്ളത്? കടയിലെ ചേട്ടൻ ചായക്കപ്പ് തലക്ക് മുകളിൽ ഉയർത്തി അടിച്ചു പതപ്പിച്ചു തരുന്ന ചായയുടെ രുചി, അതൊന്ന് വേറെ തന്നെയല്ലേ?
ഇന്നിപ്പോ നാട്ടിൻപുറത്തുകാരനായിരുന്ന ചായ ഓലമേഞ്ഞ ചായക്കടയിൽ നിന്നും മാറി പരിഷ്കാരിയായി old school tea, കഫെ കോഫി ഡേ, ചായവാലാ തുടങ്ങിയ വലിയ വീടുകളിലും താമസം തുടങ്ങിയിരിക്കുന്നു.
എവിടെയിരുന്നായാലും ഒരു ചായ കുടിക്കുമ്പോൾ ഓർക്കുക, ഇതൊരു സാധാരണ പാനീയമല്ല, ലോകം തന്നെ മാറ്റി മറിച്ച ചരിത്രമുള്ള ഒരു അസാധാരണ സാധനമാണ് നമ്മൾ കുടിക്കുന്നത്….


1 Comment
വിശദമായി ഭംഗിയായി എഴുതി.. ചായ പ്രേമികൾക് വായിക്കാൻ നല്ലൊരു lekhanam👍👍