ഡാനിയേലയുടെ ദേഷ്യവും സങ്കടവും നിമിഷ നേരം കൊണ്ട് സന്തോഷമായി പരിണമിക്കുന്നതിന് ഗബ്രിയേൽ സാക്ഷിയായി.
“എന്താ അവർക്ക് കഴിക്കാൻ കൊടുക്കുന്നത്?”
“ഒന്നും വേണ്ട, എല്ലാവർക്കും വേണ്ട ഭക്ഷണം അവർ കൊണ്ട് വരും. നീ ഇത് വരെ മസാല ദോശ കഴിച്ചിട്ടില്ലല്ലോ. എന്ത് രുചിയാണ് എന്നറിയുമോ. പിന്നെ അമ്മായി കൊടുത്തു വിടുന്ന കുമ്പിളപ്പം, ജാൻസി ചേച്ചിയുടെ വക കരിമീൻ ഫ്രൈ, എല്ലാം കൊണ്ട് വരും. ഞാനാ പറഞ്ഞത് നിനക്ക് മീൻ വല്യ ഇഷ്ടമാണെന്ന്.”
മല മുകളിൽ പോയ മാമായി ഇരുട്ടിൽ അപ്രത്യക്ഷമായി. ഗബ്രിയേൽ കോഴിയെ മുഴുവനായി ചുട്ടെടുത്തു. ഡാനിയേലയാകട്ടെ ഉള്ളതിൽ വച്ച് നല്ലൊരു ഫ്രോക്കും ധരിച്ച് അതിഥികളെ കാത്തിരിപ്പായി.
“ഗബ്രിയേലെ നീ ചൂരൽ മലയിൽ കയറിയിട്ടുണ്ടോ. മാമായി മുകളിൽ നിന്നും നോക്കിയാൽ നമ്മളെ കാണാൻ കഴിയുമോ?.”
“ഞാൻ പോയിട്ടില്ല. അല്ലേലും അവിടങ്ങനെ ആരും പോകാറില്ല. പെരേര പോയിട്ടുണ്ട്, ഒരു ഇടിഞ്ഞ് പൊളിഞ്ഞ പള്ളിയും, വെള്ള മാർബിൾ പതിപ്പിച്ച് മനോഹരമാക്കിയ വലിയൊരു ശവകുടീരവും കാണാം. അതിന് ചുറ്റും കാടാണ്. ആരും പേടിച്ച് അങ്ങോട്ട് പോകാറില്ല. അത് കൊണ്ട് അതിനെ ചുറ്റിപ്പറ്റി മാന്ത്രിക കഥകൾ ധാരാളമുണ്ട്.”
അര മണിക്കൂർ കഴിഞ്ഞ് കാണും, മലയുടെ ചെരുവിൽ ഒരു തീവ്ര പ്രകാശം കണ്ടു.
“അതാ അവരാണെന്ന് തോന്നുന്നു.”
അവരുടെ വീട്ടിൻ്റെ മുറ്റത്ത് ഒരു ബൈക്ക് വന്ന് നിന്നു. ജീൻസും ടീഷർട്ടും ധരിച്ച് മുടി ചീകിയൊതുക്കി സുന്ദരനായ കണ്ണപ്പൻ. കൂടെ ലൂസായ ടീഷർട്ട് ധരിച്ച് പെരേര. ബൈക്കിന് പിന്നിലിരുന്ന പെരേരയുടെ രണ്ട് കൈകളിലും നിറയെ സാധനങ്ങൾ ആയിരുന്നു. പെരേര ഭക്ഷണ പൊതി മേശപ്പുറത്ത് വച്ചു. മറ്റൊരു പൊതി കണ്ണപ്പൻ്റെ കയ്യിൽ കൊടുത്തു പറഞ്ഞു.
“നീ തന്നെ നേരിട്ട് നിൻ്റെ ഭാര്യയ്ക്ക് നൽകൂ.”
പെരേരയുടെ കയ്യിൽ നിന്നും ഒരു ടെക്സ്റ്റൈൽസിൻ്റെ കവർ കണ്ണപ്പൻ വാങ്ങി ഡാനിയേല ക്ക് നൽകി. പിന്നെ ഡാനിയേലയുടെ കഴുത്തിൽ കയ്യിട്ട് തന്നോട് അടുപ്പിച്ചു.
“നീ ഈ സാരി ഉടുത്ത് വരൂ.”
അപ്പോഴേക്കും ഗബ്രിയേൽ നൽകിയ ചാരായ കുപ്പി പെരേര തുറന്ന് കഴിഞ്ഞു.
“ഇത് രണ്ടടിച്ചാൽ പിന്നെ എനിക്ക് നല്ല ധൈര്യമാണ്.”
ഗബ്രിയേൽ കണ്ണപ്പനോട് തിരിഞ്ഞ് ചോദിച്ചു.
“ഡാനിയേല എവിടെ പോയി.”
“സാരി ഉടുത്ത് വരാൻ…”
“സാരിയോ. അവളിത് വരെ സാരി കണ്ടിട്ട് പോലുമുണ്ടാകില്ല. നീ തന്നെ അവളെ സഹായിക്കേണ്ടി വരും.”
കണ്ണപ്പൻ മുറിയിൽ ചെന്നപ്പോൾ സാരിയും ബ്ലൗസും മാറോട് ചേർത്ത് പിടിച്ചു വിഷമിച്ചിരുന്ന ഡാനിയേലയെ ആണ്.
“എന്ത് പറ്റി.”
“ഇതെങ്ങനെ ചുറ്റണമെന്ന് എനിക്ക് അറിയില്ല.”
“അതിന് നീ വിഷമിക്കുന്നത് എന്തിനാണ്. എന്നോട് തുറന്ന് പറഞ്ഞാൽ പോരായിരുന്നോ.”
“അതല്ല കണ്ണേട്ടൻ ആദ്യമായി ഒരു ആഗ്രഹം പറഞ്ഞപ്പോൾ.”
“അതിനെന്താ, എൻ്റെ ആഗ്രഹം ഞാനങ്ങ് സഫലീകരിക്കും.”
കണ്ണപ്പൻ കടും പച്ച നിറത്തിൽ, നല്ല വീതിയിൽ ബോർഡർ ഉള്ള സാരി ഡാനിയേലയെ ഉടുപ്പിച്ചു.
“എല്ലാം നോക്കി പഠിച്ച് വച്ചോ. എപ്പോഴും ഞാൻ അടുത്ത് കാണില്ല.”
“ഇതൊക്കെ കണ്ണേട്ടന് എങ്ങനെ അറിയാം.”
“നിനക്ക് സംശയമാണോ. ചെറിയമ്മയാണ് എന്നെ പഠിപ്പിച്ചത്. നിനക്ക് ഇതൊക്കെ പരിചയപ്പെടുത്തണമെന്ന് പറഞ്ഞു.”
“സംശയമോ? അതെന്തിനാണ്.”
തൻ്റെ ഭാര്യ എത്ര നിഷ്കളങ്കയാണെന്നോർത്തപ്പോൾ കണ്ണപ്പൻ്റെ മുഖത്ത് പുഞ്ചിരി വിടർന്നു.
“എന്തിനാണ് ഇപ്പോൾ ഈ രാത്രിയിൽ ഈ സാരി ഉടുക്കുന്നത്.”
“അതൊന്നും എനിക്കറിയില്ല. അങ്ങനെ വേണമെന്ന് പെരേര പറഞ്ഞു. പിന്നെ അമ്മയും പറഞ്ഞു. ഇന്ന് നല്ല മുഹൂർത്തമാണെന്ന്…”
“എന്തിനുള്ള മുഹൂർത്തം.”
കണ്ണപ്പൻ മറുപടി ഒന്നും പറഞ്ഞില്ല, ഡാനിയേലയോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല, അവളെ ജീവിതം എന്തെന്ന് പഠിപ്പിക്കേണ്ടിയിരിക്കുന്നു.
“പെരേര തറവാട്ടിൽ വന്നിരുന്നോ.”
“വന്നു, അമ്മയോടും ചെറിയമ്മയോടും കുറെ നേരം സംസാരിച്ച് ഇരുന്നു.”
പച്ച പട്ടു സാരിയിൽ ഡാനിയേല ഒരു രാജകുമാരിയെ പോലെ തിളങ്ങി.
“ഇതിപ്പോൾ ഞാൻ തന്നെ നിന്നെ കണ്ണു വയ്ക്കുമല്ലോ.”
കണ്ണപ്പൻ ഡാനിയേലയുടെ മുടി മെടഞ്ഞു മുല്ലപ്പൂ ചൂടിച്ചു.
“ഇങ്ങനെയൊന്നും ആരും എനിക്ക് ചെയ്തു തന്നിട്ടില്ല.”
ഡാനിയേലയുടെ കണ്ണുകൾ നിറഞ്ഞു. അവൾ കണ്ണപ്പനെ കെട്ടിപ്പിടിച്ചു.
“ഇതൊക്കെ ഒരു പെണ്ണിന് സ്നേഹത്തോടെ ചെയ്തു തരേണ്ടത് അവളുടെ ഭർത്താവോ കാമുകനോ ആണ്. അത് രണ്ടും ഞാനല്ലേ ഡാനിയേലാ…”
“കണ്ണേട്ടാ…”
“നീ എൻ്റെ മുത്താണ്.”
ഡാനിയേല പുഞ്ചിരിച്ചു.
“വാ നമുക്ക് അവരുടെ അടുത്തേക്ക് പോകാം.”
ഗബ്രിയേൽ ചുട്ട കോഴിയും ദോശയും വറുത്ത മീനും മുറ്റത്തെ മേശമേൽ നിരത്തി വച്ചു. സ്ഫടിക കുപ്പിയുടെ അടുത്ത് മൂന്ന് ഗ്ലാസുകൾ നിരത്തി വച്ചു.
“നീ കഴിക്കുന്നോ ഗബ്രിയേലെ. ഇത് വരെ നീ മദ്യം കഴിച്ചിട്ടില്ലല്ലോ.”
“ഇന്ന് നല്ല സന്തോഷം തോന്നുന്നു. എന്തൊരു സ്വാതന്ത്യം, ഇത് തുടങ്ങാൻ ഇതിലും നല്ലൊരു ദിവസമില്ല.”
“എങ്കിലും രണ്ട് ഗ്ലാസ് മതി.”
“അപ്പോൾ കണ്ണപ്പൻ.”
“ഇന്ന് രാത്രി അവൻ കഴിക്കേണ്ട. ഇന്ന് അവൻ്റേയും ഡാനിയേലയുടേയും ദിവസമാണ്.”
പെരേര രണ്ട് ഗ്ലാസ്സിൽ മദ്യം പകർന്നു.
“ഈ പെരേരയോടൊപ്പം തുടങ്ങിയുട്ടുള്ളവരാരും പാഴായിട്ടില്ല.”
ഗബ്രിയേൽ ചിരിച്ചു.
“എന്തിൻ്റെ കാര്യമാണ്. ആ പാവം മാഗി.”
പെരേര ഒന്നും മിണ്ടിയില്ല. അയാൾ തല കുമ്പിട്ടു എന്തോ ആലോചനയിൽ മുഴുകി.
“എനിക്കറിയാം പെരേര. നിങ്ങൾ തമ്മിലുള്ള ബന്ധം വെറും പൈസക്ക് വേണ്ടിയിട്ടുള്ളതല്ലായെന്ന്. നിങ്ങൾക്ക് പനി പിടിച്ച് കിടന്ന ആ രാത്രിയിൽ മാഗിയുടെ സ്നേഹവും കരുതലും ഞാൻ കണ്ടതാണ്.”
“അതൊക്കെ ഒരു കഥയാണ്. പിന്നീട് പറയാം ഗബ്രിയേലെ. നീ അവളോടും റീത്തയോടും കാണിക്കുന്ന കരുതൽ ഞാൻ ശ്രദ്ധിക്കാറുണ്ട്. നീ നല്ലവനാണ് ഗബ്രിയേലെ , വളരെ നല്ലവൻ.”
പട്ടുസാരിയിൽ അതീവ സുന്ദരിയായി ഡാനിയേല വന്നു. അവളെ കണ്ട് ഗബ്രിയേൽ പോലും ഞെട്ടി പോയി. കണ്ണപ്പനും ഡാനിയേലയും ചേർന്ന് നിൽക്കുന്ന പല ആംഗിളിലുള്ള ഫോട്ടോ ഗബ്രിയേൽ പകർത്തി.
നാലു പേരും ഭക്ഷണം കഴിക്കാൻ ചുറ്റും ഇരുന്നു. മസാല ദോശ ആദ്യമായി രുചിക്കുന്ന ഡാനിയേലയുടെ മുഖത്തായിരുന്നു ബാക്കി മൂന്ന് ജോഡി കണ്ണുകൾ.
“എന്താ ഇഷ്ടപ്പെട്ടോ.”
ഡാനിയേല പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.
ഗ്ലാസിനായി കൈ നീട്ടിയ കണ്ണപ്പൻ്റെ കയ്യിൽ പെരേര ഒരു അടി വച്ച് കൊടുത്തു.
“ഇന്ന് വേണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ.”
“ഒരു ശകലം താ പെരേര , ഒരു ധൈര്യത്തിന്.”
“നീ പുലിക്കുട്ടിയല്ലേ.”
പിണങ്ങി പോകുന്ന കണ്ണപ്പൻ്റെ പിറകേ പോകുന്ന ഡാനിയേലയെ നോക്കി പെരേര പറഞ്ഞു.
“അവര് തമ്മിൽ നല്ല ചേർച്ചയാണല്ലേ.”
കുനിഞ്ഞിരുന്ന് തീ കൂട്ടിയ ഗബ്രിയേൽ തലയാട്ടി. അവൻ്റെ മുഖത്തെ ഗാംഭീര്യം വർദ്ധിച്ചു.
കണ്ണപ്പനും ഡാനിയേലയും മുറിയിൽ പോയിട്ട് നേരം കുറെയായി. മുറ്റത്തെ തീ അണഞ്ഞിട്ടും ഗബ്രിയേലും പെരേരയും കുടിയും തീറ്റിയുമായി അവിടെ തന്നെയിരുന്നു.
“ഇനി എങ്ങനെ സമയം കൊല്ലും.”
“നിങ്ങള് കഥ പറ പെരേര, നിങ്ങൾ ആദ്യമായി മാഗിയെ കണ്ട് മുട്ടിയ കഥ. പഴയ പ്രണയ കഥ പറയൂ പെരേര.”
“അതൊക്കെ പറയാം. പക്ഷേ നീ വിചാരിക്കുന്നത് പോലെ റീത്ത എൻ്റെ മകളല്ല.”
“പിന്നെ ആരാണ് അവളുടെ അപ്പൻ, പോർട്ടുഗീസ് ചോരയല്ലേ അവളിൽ ഒഴുകുന്നത്. ‘
“അതൊക്കെ അറിഞ്ഞാൽ നീ നിൻ്റെ ചോരയെ വെറുക്കും.”
“മനസ്സിലായില്ല.”
പെരേര കുറെ നേരം മൗനത്തിലായി. ഡാനിയേലയുടെ മുറിയിൽ വെളിച്ചം തെളിയുകയും അണയുകയും ചെയ്തു. മുറിയിൽ പോകാൻ മുതിർന്ന ഗബ്രിയേലിനെ പെരേര തടഞ്ഞു.
“നീ അവിടിരിക്ക്, അവർ കൊച്ച് പിള്ളേരൊന്നുമല്ല.”
“ശരി എന്നാൽ കഥ പറയൂ.”
“നിനക്ക് ഇമ്മാനുവൽ സായ്പ്പിനെ അറിയില്ലേ.”
“അറിയില്ലേയെന്നോ. എൻ്റെ മുത്തശ്ശൻ.”
“പണ്ട് സായിപ്പിന് മോളുടെ പൂന്തോട്ട ഭ്രാന്ത് മാറ്റാൻ കുറച്ച് ജോലിക്കാരെ വേണമായിരുന്നു. ഞാൻ അന്ന് സായ്പ്പിൻ്റെ കയ്യാളായിരുന്നു. വേട്ടയ്ക്ക് എന്നേയും കൂട്ടി മാത്രമേ സായിപ്പ് പോകൂ. അതായിരുന്നു എൻ്റെ കൈപ്പുണ്യം.”
“മ് മം.”
“അന്ന് എനിക്ക് ഇങ്ങനത്തെ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. എൻജിനൊക്കെ ഡബിൾ സ്ട്രോങ്ങ് ആണ്. സുന്ദരൻ, തവിട്ട് നിറമുള്ള താമര കണ്ണുകൾ, ചെവി വരെ നീട്ടി വളർത്തിയ ബ്രൗൺ നിറമുള്ള മുടി. ഇറുകിയ ഡബിൾ പോക്കറ്റ് ഷർട്ട്, ബെൽ ബോട്ടം പാൻ്റ്സ്, വീതി കൂടിയ ലെതർ ബെൽറ്റ്, കൗബോയ് തൊപ്പി. എന്നെ കാണാൻ നല്ല ചന്തമായിരുന്നുവെന്ന് മാഗി ഇപ്പോഴും പറയും. അവളിപ്പോഴും എൻ്റെ ആരാധികയാണ്.”
“മാഗിയെ എങ്ങനെയാണ് കണ്ട് മുട്ടിയത്.”
“ഫ്രാൻസിസ്കയുടെ ഉദ്യാനത്തിന് ഒരു മല തന്നെ സായിപ്പ് ഇടിച്ച് നിരത്തി. തോട്ടം പണിക്ക് കണാരനെ കൊണ്ട് വന്നപ്പോൾ, മല ചെത്തി ഒരുക്കാനും മണ്ണ് ചുമന്ന് മാറ്റാനും സഹായികളെ അവന് ആവശ്യം വന്നു. ഞാനാണ് സെബാസ്റ്റ്യനേയും ഭാര്യ പൊന്നമ്മയേയും മലയിൽ എത്തിച്ചത്. അവർ രണ്ട് പേരും മാർട്ടിൻ അച്ചൻ പറഞ്ഞിട്ട് മാർഗം കൂടി സഭയിൽ വന്ന് സമയമായിരുന്നു. അവരുടെ പതിനാല് വയസ്സുള്ള , ഏക മകളായിരുന്നു മാഗി. ആദ്യ കാഴ്ചയിൽ തന്നെ എനിക്കവളെ ഇഷ്ടമായി. പ്രണയമൊന്നുമല്ല, എനിക്ക് പ്രണയിക്കാൻ അറിയില്ലായിരുന്നു. കുടിച്ച് നാല് കാലിൽ നടക്കുന്ന, വഴിവിട്ട ബന്ധങ്ങൾ ഉള്ള എനിക്ക് അതിന് അർഹത പോലുമില്ലായിരുന്നു.”
ഗബ്രിയേൽ ആവേശത്തോടെ കഥകൾ കേട്ടിരുന്നു.
“ഞാൻ കണാരനുമായി നല്ല സൗഹൃദത്തിലായി. അച്ഛനും അമ്മയും പണി ചെയ്യുമ്പോൾ മാഗി ഞങ്ങളുടെ പിറകെ കൂടും. അവളുടെ അതേ പ്രായമായിരുന്നു ഫ്രാൻസിസ്കയ്ക്ക്. ഞങ്ങൾ മൂന്ന് പേരും തമ്മിലുള്ള തമാശയും ചിരികളികളും സായ്പ്പിനും മക്കൾക്കും ഇഷ്ടമായില്ല. പക്ഷേ അതൊന്നും കണാരനും ഞാനും കാര്യമാക്കിയതേയില്ല.”
“അപ്പനെ കുറിച്ചുള്ള കഥകൾ കേൾക്കാൻ എനിക്ക് വല്യ ഇഷ്ടമാണ്.”
“പറയുമ്പോൾ നിനക്ക് വേദനിക്കരുത് ഗബ്രിയേലെ. നിൻ്റെ മാമായി നല്ല അഹങ്കാരിയായിരുന്നു. കണാരനേയും മാഗിയേയും ദ്രോഹിക്കാൻ കിട്ടിയ ഒരു സാഹചര്യവും അവൾ പാഴാക്കിയില്ല. ഞാനൊരു സായിപ്പായത് കൊണ്ട് എന്നെ മാത്രമവൾ വെറുതെ വിട്ടു.”
പെരേര ഒര് പ്രാവശ്യം കൂടി കുപ്പിയിലെ ദ്രാവകം ഗ്ലാസ്സിൽ നിറച്ചു. അയാൾ ഗ്ലാസ് ചുണ്ടോടു അടുപ്പിച്ചു. പെട്ടെന്ന് ആരോ അലറി വിളിക്കുന്നത് പോലൊരു ശബ്ദം കേട്ട്, അവർ രണ്ടുപേരും ഞെട്ടിത്തരിച്ചു.
ചൂരൽമലയിൽ നിന്നാണ് കാറ്റിനൊപ്പം ആ ശബ്ദം കടന്ന് വന്നത്, കരിയിലകളെ പാറി പറത്തി വന്ന കാറ്റ് അവരേയും അഗ്നിയേയും വലയം വച്ച് വീടിന് ചുറ്റും കറങ്ങി.
“മുറിയിലെ വെളിച്ചം അണഞ്ഞത് നമ്മൾ അറിഞ്ഞില്ലെങ്കിലും അറിയേണ്ടവർ അറിഞ്ഞെത്തി. 11. 55, അവരുടെ ശാന്തി മുഹൂർത്തം കഴിഞ്ഞു. ചെറുക്കൻ മിടുക്കനാണ്.”
വീടിൻ്റെ പുകക്കുഴലിന് മുകളിൽ വൃത്തം വയ്ക്കുന്ന കറുത്ത രൂപത്തെ നോക്കി പെരേര എന്തോ മന്ത്രണം ചെയ്തു.
തങ്ങളുടെ മുമ്പിലൂടെ കറുത്ത പുകരൂപം തിരോധാനം ചെയ്യുന്നത് അവർ നോക്കി നിന്നു.
“ഇനി മടങ്ങി വരുമോ.”
“വരും ഇതല്ല, നിൻ്റെ മാമായി. ഇപ്പോൾ പന്ത്രണ്ട് മണി. മലയിറങ്ങി ഇവിടെ എത്താൻ നാല് മണിയാകും. മൂന്ന് മണിക്ക് ഞാൻ കണ്ണപ്പനേം കൂട്ടി അങ്ങ് പോകും, അതിന് മുമ്പ്…”
“എന്താ, അതിന് മുമ്പ്.”
“ഒന്നുമില്ല. ഡാനിയേല പൂർണമായും കണ്ണപ്പൻ്റെ ആയി കഴിഞ്ഞു. അല്ല അവരൊന്നായി മാറി, രണ്ട് ശരീരവും ഒരു ഹൃദയവും.”
“ഇനി മൂന്ന് മണിക്കൂർ ബാക്കിയുണ്ട്.”
ഒഴിഞ്ഞ കുപ്പി പെരേര ദൂരെ കാട്ടിലേക്ക് എറിഞ്ഞു.
“ഇനി സാധനം വല്ലതും ഇരുപ്പുണ്ടോ ഗബ്രിയേലെ.”
“ഇല്ല കഴിഞ്ഞു.”
(തുടരും… )
✍️നിഷ പിള്ള


1 Comment
Pingback: ബ്ലാക്ക് ഡാലിയ -15 - By Nisha Pillai - കൂട്ടക്ഷരങ്ങൾ