ലാബ് റിസൾട്ടുകൾ വാങ്ങി, അടയാൻ തുടങ്ങുന്ന ലിഫ്റ്റിലേക്ക് ഓടിക്കയറുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്.
പരിചയമില്ലാത്ത നമ്പറായതുകൊണ്ട് കോളെടുക്കാൻ ഒന്ന് ശങ്കിച്ചു.വാർഡിലെത്തിയിട്ട് തിരിച്ചു വിളിക്കാമെന്ന് കരുതി രണ്ടു വട്ടം റിങ് ചെയ്തിട്ടും കാൾ എടുത്തില്ല.
റിസൾട്ടുകൾ ഡ്യൂട്ടി നഴ്സിനെ കാണിച്ചു കൊണ്ടിരിക്കുമ്പോൾ വീണ്ടും ഒരുവട്ടംകൂടി ഫോൺ അടിഞ്ഞു.
തിരിച്ചു വിളിച്ചപ്പോൾ യാതൊരു പരിചയവുമില്ലാത്ത ഒരാൺ ശബ്ദം.
എന്നെ മനസ്സിലായില്ലേ?
ഇല്ലല്ലോ. ആരാണ്.
ഞാൻ കാത് കൂർപ്പിച്ചു.
ഡേവിഡ്… ജീനയുടെ ഹസ്.
ജീനയോ? ഏത് ജീന
നിങ്ങളുടെ തൊട്ടപ്പുറത്തെ ബെഡിൽ കിടന്നിരുന്ന ജോമിമോന്റെ…
ഓ… അത് ശരി. അവർ രണ്ടു ദിവസം മുൻപ് ഡിസ്ചാർജായി പോയല്ലോ. നിങ്ങളുമില്ലായിരുന്നോ കൂടെ.
ഉണ്ടായിരുന്നു… എന്നാലും…. ഞാൻ വെറുതെ… വിളിക്കാൻ തോന്നിയപ്പോ…
വിളിക്കാൻ തോന്നിയപ്പോഴോ?
അയാൾ വാക്കുകൾക്കായി പരതുന്നതറിഞ്ഞപ്പോൾ ഞാൻ ശബ്ദമൊന്ന് കനപ്പിച്ചു.
അതുപിന്നെ… എനിക്കിഷ്ടായിട്ടാ. ഞാൻ വിളിച്ചോട്ടെ എനിക്ക് വിളിക്കാൻ തോന്നുമ്പോഴൊക്കെ.
അയാൾ പറഞ്ഞു വരുന്നതെന്തെന്നു മനസ്സിലായപ്പോൾ ഇരമ്പിയാർത്തുവരുന്ന ദേഷ്യത്തോടെ, വായിൽ വന്നതൊക്കെയും വിളിച്ചു പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി.
മോനെയും കൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റായതിന്റെ പിറ്റേന്നാണ്, ഒരു പെൺകുട്ടി മൂന്നു കുട്ടികളെയുംകൊണ്ട് ഞങ്ങളുടെ തൊട്ടപ്പുറത്തെ ബെഡിൽ എത്തിയത്.
രണ്ടു കുട്ടികൾ ഇരട്ടകളായിരുന്നു. അതിലൊരാൾക്ക് സുഖമില്ലാതെ ഡോക്ടറെ കാണിക്കാൻ വന്നതായിരുന്നു. ഇരട്ടകളിൽ അടുത്തയാളെ നോക്കാൻ വേണ്ടി മൂത്ത കുട്ടിയേയും കൂടെക്കൂട്ടി.
പരിശോധനകൾ കഴിഞ്ഞപ്പോൾ ഡോക്ടർ കുട്ടിയെ അഡ്മിറ്റാക്കി. അങ്ങനെയൊരു കാര്യം മുൻകൂട്ടി കാണാതിരുന്നതുകൊണ്ട്, മാറിയിടാനുള്ള ഡ്രസ്സോ, കിടക്കവിരിയോ ഒന്നും എടുത്തിട്ടില്ലായിരുന്നു അവർ.
ധൃതിപിടിച്ചിറങ്ങിയപ്പോ ഫോണും മറന്നു.
ചേച്ചി, ചേച്ചിയുടെ ഫോൺ ഒന്ന് തരുമോ. ഹസ്സിനെ വിളിച്ചു കാര്യം പറയാനായിരുന്നു.
കുഞ്ഞിനെ ബെഡിൽ കിടത്തി അവളെന്റെയരികിൽ വന്നു.
യാതൊരു മടിയും കൂടാതെ ഞാൻ ഫോണെടുത്ത് കൊടുത്തു.
അയാൾ ജോലി സ്ഥലത്താണെന്നും, ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരമേ വരുള്ളൂ, ഇടയ്ക്കെങ്ങാനും വിളിച്ചാൽ ഒന്ന് പറയണേ ചേച്ചി എന്നും പറഞ്ഞവൾ ഫോൺ ഉടനെ മടക്കിത്തരികയും ചെയ്തു.
അതിനു ശേഷം അവൾ ലാബിലേലേക്കും, കാന്റീനിലേക്കുമെല്ലാം പോയ സമയത്ത് അയാൾ വിളിക്കുകയും, ആളിവിടെയില്ല വരുമ്പോ പറയാട്ടോ എന്ന് ഞാൻ മറുപടി കൊടുക്കുകയും ചെയ്തു.
രാത്രി അയാളെത്തിയപ്പോൾ ആവശ്യമുള്ള സാധങ്ങളെല്ലാം എടുത്തിരുന്നു. പക്ഷേ അവളുടെ ഫോണെടുക്കാൻ അയാളും മറന്നു.
ഈ ചേച്ചിയുടെ ഫോണിലേക്കാട്ടോ വിളിച്ചത് എന്ന അവളുടെ പരിചയപ്പെടുത്തൾ കഴിഞ്ഞപ്പോഴുള്ള അയാളുടെ വിശേഷം തിരക്കൽ കേട്ടപ്പോൾ സ്വന്തം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അറിയാനുള്ള ആകാംഷയെക്കാൾ എന്റെ മോന്റെ വിവരങ്ങളറിയാനും, എന്നോട് സംസാരിക്കാനുമാണ് തിടുക്കം എന്നെനിക്കു തോന്നി.
കൂടുതൽ സംസാരിച്ച് വന്നപ്പോൾ അങ്ങേര് ഒരു മൂത്തകോഴിയാണെന്ന് മനസ്സിലായി.
വീട്ടിലേക്ക് തിരികെപ്പോയതിന് ശേഷം അഞ്ചോ ആറോ തവണ അയാളെന്റെ ഫോണിലേക്ക് വിളിച്ച്, ചായകുടിച്ചോ, ചോറുണ്ടോ, ഡോക്ടർ വന്നോ എന്നൊക്കെ ചോദിച്ചു കൊണ്ടിരുന്നു.
ജീന ഒരു പാവം പെൺകുട്ടിയാണെന്ന് അവളോട് സംസാരിച്ചപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു.
പലവട്ടം, ഇവനെയൊക്കെ എങ്ങനെ സഹിക്കുന്നു എന്ന് ചോദിക്കാൻ ഒരുങ്ങിയെങ്കിലും, അവളെയത് വിഷമിപ്പിച്ചാലോ എന്നോർത്ത് മൗനം പാലിച്ചു.
കുറഞ്ഞ സമയംകൊണ്ട് എന്റെ മോനും അവളുടെ മൂത്ത കുട്ടിയും നല്ല സൗഹൃദത്തിലായി. അതുപോലെ തന്നെ ഞാനും ജീനയും.
ക്യാന്റീനിൽ ഫുഡ് വാങ്ങാൻ പോകുന്നതും, ലാബിൽ പോകുന്നതുമെല്ലാം ഒരുമിച്ചായിരുന്നു.
ഇടക്കെപ്പോഴോ അയാളുടെ മദ്യപാനത്തെക്കുറിച്ചും, പരസ്ത്രീ ബന്ധങ്ങളെക്കുറിച്ചും അവളെന്നോട് പറഞ്ഞു.
അത് കേട്ടതിൽപ്പിന്നെ അയാൾ വരുമ്പോൾ അയാൾക്ക് മുഖംകൊടുക്കാതെ പരമാവധി അകലം പാലിച്ചു.
എന്നിട്ടും അയാളുടെ വഷളൻ കണ്ണുകൾ എന്നെ വെറുതെ വിട്ടില്ല.
രാത്രി കൂട്ടിരിക്കാൻ വരുന്ന ദിവസവും, പാതിരാത്രിയിൽ വാർഡിന് പുറത്തു നിന്ന് ഫോൺ ചെയ്യുന്നത് പതിവായപ്പോൾ ഞാനത് ജീനയോടു പറയുകയും അവളാകെ വിഷമിക്കുകയും ചെയ്തു.
രാത്രി കുഞ്ഞിന്റെ കരച്ചിൽ കേട്ടപോലെ തോന്നി, എന്നൊരു ന്യായം പറഞ്ഞ് അവളുടെ ചോദ്യ ശരങ്ങളുടെ മുനയൊടിച്ചു അയാൾ.
തീപ്പെട്ടിക്കൂടു പോലുള്ള ഒരു നോക്കിയ ഫോണായിരുന്നു അന്നെന്റെ കയ്യിൽ. അതിൽ കാൾ ചെയ്യാനും എടുക്കാനുമല്ലാതെ മറ്റൊന്നും അറിയുകയുമില്ല.
ഇന്നാണെങ്കിൽ സ്മാർട്ട് ഫോണിലെ ബ്ലോക്ക് ഓപ്ഷനിലൂടെ കോഴികളെയൊക്കെ അറഞ്ചം പുറഞ്ചം വെട്ടിക്കൊലപ്പെടുത്താമായിരുന്നു.
അവർ ഡിസ്ചാർജ് ആകുന്നവരെ രാത്രികളിൽ ഫോൺ സ്വിച്ചോഫ് ചെയ്തും, കാൾ വരുന്ന കണ്ടാൽ എടുക്കാതെയും ഒരുവിധം പിടിച്ചു നിന്നു.
അവർ പോയപ്പോൾ മോന് വല്യ വിഷമമായിരുന്നു, അവന്റെ കൂട്ടുകാരൻ പോയതിൽ.
അവരെ യാത്രയാക്കിക്കഴിഞ്ഞപ്പോൾ, രണ്ടു ദിവസത്തിന് ശേഷം അയാൾ മറ്റൊരു നമ്പറിൽനിന്ന് വീണ്ടും വിളി തുടങ്ങും എന്നറിയാതെ, ഞാനൊരു ആശ്വാസ നിശ്വാസമുതിർത്തു.
ഫോൺ വിളിക്ക് പുറമെ ടെക്സ്റ്റ് മെസ്സേജുകൾ കൂടി വന്നു തുടങ്ങിയതോടെ ഞാനാകെ വെട്ടിലായി.
എങ്ങനെയീ ബാധയൊഴിപ്പിക്കും എന്നോർത്ത് വട്ട് പിടിച്ചു.
അങ്ങനെയിരിക്കെയാണ് എന്റെയൊരു പോലീസ് ഫ്രണ്ട് മോനെ കാണാൻ വന്നതും, ആളോട് ഞാനിക്കാര്യം പറഞ്ഞതും.
ആള് ഉടനെ അങ്ങേരെ വിളിക്കുകയും പോലീസിന്റെ സ്പെഷ്യൽ തെറികൾ പത്തിരുപത്തഞ്ചെണ്ണം ഫ്രീയായി അങ്ങോട്ട് കൊടുക്കേം ചെയ്തു.
പന്ന……… മോനേ ഇനി നീയീ നമ്പറിൽ വിളിച്ചാൽ അന്ന് നിന്റെ അന്ത്യമായിരിക്കും എന്നൊരു ഭീഷണികൂടി കൊടുത്തു.
പിന്നെയൊരിക്കലും അങ്ങേരുടെ കാൾ എന്നെ തേടി വന്നില്ല.
നൂറായിരം ടെൻഷനുമായാണ് കുട്ടികളെയും കൊണ്ട് പലപ്പോഴും പലരും ഹോസ്പിറ്റലുകളിൽ അഡ്മിറ്റാകുന്നത്. എനിക്കാണേൽ തൃശൂർ മെഡിക്കൽ കോളേജിലെ കുട്ടികളുടെ വാർഡ് സ്വന്തമായി എഴുതി തന്നിട്ട് വർഷങ്ങളായി.
ആത്മഹത്യയെക്കുറിച്ച്പോലും ചിന്തിച്ച നാളുകളാണ്. അതിനിടയിൽക്കൂടി കേറി വരുന്നയീ വേട്ടാവെളിയൻമാരെയൊക്കെ ഊളകൾ എന്നല്ലാതെ മറ്റെന്തു പേരിട്ടാ വിളിക്കുക.
എന്തിനാ ഇത്രയും ദിവസം ഇത് സഹിച്ചേ, ഹസ്സിനോട് പറഞ്ഞാൽ പോരായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചപ്പോഴാണ് അങ്ങനെയൊരു സാധ്യതയെക്കുറിച്ച് ഞാൻ ഓർത്തുപോലുമില്ലല്ലോ എന്നോർത്തത് 😂
😂
ഈയൊരു സംഭവത്തിന് ശേഷം, എത്ര അത്യാവശ്യമാണെന്ന് വന്നു പറഞ്ഞാലും ആർക്കും ഞാനെന്റെ ഫോൺ കൊടുക്കാറില്ല.
അനുഭവങ്ങളാണല്ലോ നമ്മുടെ ഏറ്റവും വലിയ ഗുരുനാഥൻമാർ.
#എന്റെരചന – ഉപകാരം ഉപദ്രവമായപ്പോൾ


1 Comment
ഈ കോഴികളേക്കൊണ്ട് തോറ്റു. അവരെയൊക്കെ സൂപ്പ് വച്ച് കുടിക്കണം. അല്ലാ പിന്നെ.
നല്ല രസകരമായ കഥ അഭിനന്ദനങ്ങൾ ആശംസകൾ 🙏