“എടോ അഞ്ജലി… തന്റെ മൊബൈൽ പല പ്രാവശ്യം റിംഗ് ചെയ്തു. ആരാണ് എന്ന് നോക്കിക്കേ..”
ക്ലാസ് കഴിഞ്ഞ് സ്റ്റാഫ്റൂമിൽ എത്തിയപ്പോൾ സുമ മിസ്സ് പറഞ്ഞു.
ഫോൺ എടുത്തു നോക്കിയപ്പോൾ സോണിച്ചന്റെ അമ്മച്ചിയുടെ പത്തു മിസ്ഡ് കോളുകൾ. ഉള്ളൊന്നു കാളി…. എന്തെ ങ്കിലും അത്യാവശ്യമോ അതോ വല്ല ആപത്തോ… മനസ്സ് അങ്ങനെയാണല്ലോ. ശുഭചിന്തകൾക്കു മുമ്പേ വേണ്ടാത്തവ അല്ലേ കടന്നു വരിക..
മുഖം ഒന്ന് അമർത്തി തുടച്ചിട്ട് ഫോണുമായി സ്റ്റാഫ് റൂമിന് പുറത്തിറങ്ങി. അമ്മച്ചിയുമായി സംസാരിക്കുന്നത് മറ്റാരും കേൾക്കണ്ട.
ഒറ്റ റിങ്ങിൽ തന്നെ അമ്മച്ചി ഫോൺ എടുത്തു.
“മോളെ…..” ആർദ്രതയുള്ള സ്വരം കാതിൽ കേട്ടു.
“മോളെ, മെർലി പ്രസവിച്ചു. സിസേറിയൻ ആയിരുന്നു. പെൺകുഞ്ഞുങ്ങളാണ്. മെർലിയെ പോസ്റ്റ് ഓപ്പറേറ്റീവ് റൂമിലേക്ക് മാറ്റി. കുറച്ചു ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ കുഴപ്പമൊന്നുമില്ല. കർത്താവ് കാത്തു.
മോൾ എന്താ ഒന്നും മിണ്ടാത്തെ?”
“കേൾക്കുന്നുണ്ട് അമ്മച്ചി.” അമ്മച്ചി പറഞ്ഞോളൂ.
“കുഞ്ഞുങ്ങളെ കാണിച്ചു മോളെ. നല്ല തക്കുടു വാവകൾ.
ആ.. നിന്റെ ആലീസ് ആന്റി ഇവിടെയുണ്ട്. മെർലിയുടെ അമ്മ..”
“ഉം.. ശരി അമ്മച്ചി. എനിക്ക് അടുത്ത ക്ലാസിനു പോണം. വെച്ചോട്ടെ.”
” ആ….. മോൾ എപ്പോഴാ ഹോസ്പിറ്റലിലേക്ക് വരുന്നത്? നമ്മുടെ കളരിക്കൽ കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടികളല്ലേ. സേവിച്ചനും സോണിച്ചനും ഒക്കെ ഇവിടെയുണ്ട്. മോളെ ശരിക്കും മിസ്സ് ചെയ്യുന്നു.”
“ഉം…. “അഞ്ജലി അലസമായി മൂളി.
അമ്മച്ചിയുടെ സ്നേഹവും കരുതലും എപ്പോഴും ആ വാക്കുകളിൽ നിറയുന്നുണ്ട്.
“ശരി അമ്മച്ചി….”
അഞ്ജലി ഫോൺ കോൾ കട്ട് ചെയ്തു.
സ്റ്റാഫ് റൂമിലേക്ക് തിരികെ കയറിയപ്പോൾ പ്രിയയെ കണ്ടു.
പ്രിയയോട് കാര്യം പറഞ്ഞു.
‘ നമുക്ക് പോകാമെടോ.’ പ്രിയ പറഞ്ഞു.
ഉച്ചകഴിഞ്ഞ് ഒരു അവർ ക്ലാസ് മാത്രമേ ഉള്ളൂ. അതുകഴിഞ്ഞ് നേരത്തെ കോളേജിൽനിന്ന് ഇറങ്ങി ഹോസ്പിറ്റലിലേക്ക് വെച്ചു പിടിച്ചു.
റിസപ്ഷനിൽ ചോദിച്ചു മുറി കണ്ടുപിടിച്ചു. മുറിയിൽ സോണിച്ചന്റെ അമ്മച്ചിയും ആലീസ് ആന്റിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മച്ചിക്ക് വളരെ സന്തോഷമായി. ഓടി വന്നു കെട്ടിപ്പിടിച്ചു.
ആലീസ് ആന്റിയും വന്ന് കെട്ടിപ്പിടിച്ച് വിശേഷങ്ങൾ തിരക്കി.
നേഴ്സുമാർ കുഞ്ഞുങ്ങളുമായി വന്നു. പിങ്ക് നിറമുള്ള ടൗവലിൽ പൊതിഞ്ഞ് രണ്ടു മാലാഖ കുഞ്ഞുങ്ങൾ. ഒരേ പോലെ രണ്ടു പൂമൊട്ടുകൾ. ഒരു വ്യത്യാസവുമില്ല. ഞാൻ പോയി അടുത്തുനിന്ന് കുഞ്ഞിക്ക വിളുകളിൽ തലോടി.
“മോളെ…നിന്റെ കയ്യിൽ വെച്ച് തരാം.” അമ്മച്ചി പറഞ്ഞു..
എന്റെ മനസ്സിൽ ഇച്ഛാഭംഗം ഉണ്ടെന്നോ മറ്റോ അമ്മച്ചിക്ക് തോന്നിക്കാണണം.
“വേണ്ട അമ്മച്ചി… ഞാൻ പുറത്തു നിന്ന് വന്നതല്ലേ.” ഞാൻ വിദഗ്ധമായി ഒഴിഞ്ഞുമാറി.
പ്രിയ ഒരു കുഞ്ഞിനെ കയ്യിൽ വാങ്ങി.
മെർലിയെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ നിന്ന് നാളെയെ മാറ്റുകയുള്ളൂ.
കുഞ്ഞുങ്ങളുമായി നേഴ്സുമാർ തിരികെ പോയപ്പോൾ ഞങ്ങളും ഇറങ്ങി. അവിടെ കുറച്ചുനേരം കൂടി പിടിച്ചിരുത്താൻ അമ്മച്ചിയും ആലീസാന്റിയും കാര്യമായി ശ്രമിച്ചെങ്കിലും ‘നാളെ വരാം’ എന്നും പറഞ്ഞ് ഞങ്ങൾ ആശുപത്രിയിൽ നിന്ന് ഇറങ്ങി..
സോണിച്ചനുമായി ഒരു കൂടിക്കാഴ്ച ഇപ്പോൾ വേണ്ട എന്ന് ഞാൻ മനസ്സിൽ കരുതിയിരുന്നു.
വീട്ടിൽ വന്നപ്പോഴേ അമ്മ ചോദിച്ചു. “ആ.. നിങ്ങൾ ഹോസ്പിറ്റലിൽ പോയല്ലേ. നന്നായി.”
പതുക്കെ തലയാട്ടി. “അമ്മ പോയില്ലേ. പപ്പയെ കൂട്ടി പോകാമായിരുന്നല്ലോ ”
“മോൾ എന്തിയേ അമ്മേ”
പ്രിയ ചോദിച്ചു.
” അവൾ എണീറ്റില്ല മോളെ ഇപ്പോൾ ഉണർ ന്നേക്കും.”
“നിങ്ങൾ പോകുമ്പോൾ ആൽവിനെ കൂടി കൂട്ടിക്കോ അമ്മേ…” പ്രിയ അകത്തോട്ട് പോയപ്പോൾ പറഞ്ഞു.
“നാളെ ആവട്ടെ.. സോണിച്ചനെ കണ്ടില്ലേ? ആശുപത്രിയിൽ ആരൊക്കെ ഉണ്ടായിരുന്നു? കുഞ്ഞുങ്ങൾക്കു ആവശ്യത്തിനു വെയിറ്റൊക്കെ ഉണ്ടോ?”
ചോദ്യങ്ങൾ നീളുന്നു… എല്ലാത്തിനും ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞുകൊണ്ട് അവിടുന്ന് മുങ്ങി.
അത്താഴത്തിന് താഴേക്ക് വന്നപ്പോൾ പപ്പയും ഹോസ്പിറ്റൽ വിശേഷങ്ങൾ ചോദിച്ചു.
“മെർലി എന്തുപറയുന്നു? അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ..റൂമിലേക്ക് മാറ്റിയോ…”
എന്റെ മൗനം കണ്ടിട്ടാവും പ്രിയ എല്ലാത്തിനും മറുപടി പറഞ്ഞു.
അടുക്കളയിലെ പണി ഒതുക്കിക്കൊണ്ടിരിക്കുമ്പോൾ അമ്മ വീണ്ടും വന്നു ഓരോരോ ചോദ്യങ്ങളുമായി..
എനിക്ക് നാളത്തേക്ക് കുറച്ചു പ്രിപ്പയർ ചെയ്യാൻ ഉണ്ടെന്നു പറഞ്ഞു തിരിഞ്ഞു നോക്കാതെ വേഗം മുറിയിലേക്ക് പോന്നു.
അമ്മയുടെ ദീർഘനിശ്വാസം പുറകിൽ കേട്ടു.
പിറ്റേന്ന് രാവിലെ തന്നെ അമ്മച്ചി വിളിച്ചു.
“മോളെ ഇന്ന് നിങ്ങൾ വരുമോ…”
എന്തു പറയണമെന്ന് അറിയാതെ ഒരു നിമിഷം നിന്നു.
പിന്നെ പതുക്കെ പറഞ്ഞു “അമ്മച്ചി ഇന്ന് അമ്മയും പപ്പയും ഒക്കെ അങ്ങോട്ട് വരുന്നുണ്ട്. ഞങ്ങൾ നാളെ വരാം. പോരേ.”
അമ്മച്ചി ഒരു നിമിഷം നിശബ്ദയായി. പിന്നെ പതുക്കെ പറഞ്ഞു.
“മോളെ, ഞാൻ നിന്നെ നിർബന്ധിക്കുകയല്ല. നീ അവിടുന്ന് പോന്നിട്ട് മൂന്നുമാസമായി. ഒരിക്കൽ പോലും നീ അങ്ങോട്ട് ഒന്നു വന്നില്ലല്ലോ. മെർലിയെ ഒരാഴ്ച കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യുമ്പോൾ അവളുടെ വീട്ടിലേക്ക് കൊണ്ടുപോകുമല്ലോ. ഞാൻ രണ്ടുദിവസം നിന്നിട്ട് മെർലിക്കും കുഞ്ഞുങ്ങൾക്കും പ്രശ്നമൊന്നും ഇല്ലെങ്കിൽ അങ്ങ് നമ്മുടെ വീട്ടിൽ പോകും. ഇവിടെ ഹോസ്പിറ്റലിൽ ഉള്ള ദിവസമെങ്കിലും നിന്നെ ഒന്ന് കാണാമല്ലോ എന്ന് കരുതിയാണ് ഞാൻ വിളിക്കുന്നത്.”
“ഞാൻ വരാം അമ്മച്ചി.. പ്രിയയോട് ചോദിക്കട്ടെ.”
ഞങ്ങളെ വീണ്ടും കണ്ടപ്പോൾ ആലീസ് ആന്റിക്ക് വളരെ സന്തോഷം.. മെർലിയെ റൂമിൽ കൊണ്ടുവന്നിരിക്കുന്നു. അവളുടെ മുഖത്തെ കുട്ടിത്തം ഒക്കെ മാറി പാകത വ ന്നിരിക്കുന്നു.
ഏ…. ഒറ്റ ദിവസം കൊണ്ട് ഇത്രയും മാറ്റം ഉണ്ടാകുമോ.
അവളുടെ അടുത്ത് ചെന്ന് കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു.. പതുക്കെ അവളുടെ തലയിൽ തലോടി.
അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ടു.
” നീ കുഞ്ഞുങ്ങളെ എടുത്തോ?
“ഇല്ല. എനിക്ക് പൊടി കുഞ്ഞുങ്ങളെ എടുത്ത് പരിചയമില്ലല്ലോ”
“ഉം.. എടുത്തൊക്കെ പഠിച്ചോ… പിന്നെ ഞാൻ പെറ്റെണീറ്റു വരുമ്പോഴേക്കും നീയും അങ്ങെത്തിയേക്കണം. മുറപ്രകാരം ഞാൻ നിന്റെ ചേട്ടത്തിയാ. അത് മറക്കരുത്.”
“ഓ.. കേട്ടു.” ഞാൻ വിനയം കാണിച്ചു.
പഴയ കുസൃതിയും കുറുമ്പും ഒക്കെ അവളുടെ കണ്ണുകളിൽ തെളിഞ്ഞു വന്നു.
ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത് അവൾ സ്വന്തം വീട്ടിലേക്ക് പോയി. എല്ലാ സൺഡേയും അവളെ കാണാനായി ഞാനും പ്രിയയും പള്ളിയിൽ നിന്നും നേരിട്ട് പോയി. ഞങ്ങൾ ചെല്ലുന്നത് ആലീസാന്റി ക്ക് വലിയ ഒരാശ്വാസം ആയിരുന്നു. പ്രസവശുശ്രൂഷയിൽ ബോറടിച്ചിരിക്കുന്ന മെർലിക്ക് വലിയ ആഹ്ലാദവും.
തിരിച്ചുപോരുമ്പോൾ പ്രിയ ചോദിച്ചു. “മെർലി കുഞ്ഞുങ്ങളെയും കൊണ്ട് കളരിക്കലേക്കു പോകുമ്പോൾ നീയും കളരിക്കലേക്ക് ചെല്ലാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നു ആലീസാന്റി പറഞ്ഞു. നേരാണോ..”
അതിനു മറുപടിയായി അലസമായി ഒന്നു മൂളി.
“നന്നായി. സോണിച്ചനുമായി എന്താ പ്രശ്നം എന്നു നീ പറഞ്ഞിട്ടുമില്ല. ഞാനോ ആൽവിനോ ചോദിച്ചിട്ടുമില്ല. നമ്മൾ തിക്ക് ഫ്രണ്ട്സ് ആയിട്ട് പോലും ഞാൻ ചോദിക്കാതിരുന്നത് നീ സ്വമനസ്സാലെ പറയട്ടെ എന്നു കരുതിയാണ്. എന്തായാലും നിന്റെ ഡിസിഷൻ നന്നായെടി.”
ശരിയാണ്. ഞാനും പ്രിയയും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് മൂലം ആണ് അവൾ എന്റെ നാത്തൂൻ ആയത്. ഞങ്ങൾ തമ്മിൽ ഒന്നും ഇന്നോളം മറച്ചു വെച്ചിട്ടില്ല. പക്ഷേ ഈ കാര്യത്തിൽ ഞാൻ അവളോട് എന്തു പറയാനാണ്?
ഞങ്ങളുടെ ബന്ധത്തിനു ഊഷ്മളത കുറവാണെന്നോ? എന്താണ് സംഭവിക്കുന്നത് എന്നു എനിക്കു തന്നെ മനസ്സിലാകുന്നില്ലായിരുന്നല്ലോ.
ആദ്യം മുതലേ ഒരു തരം നിസ്സംഗത.. ഒഴിഞ്ഞു മാറൽ….ഒരുമിച്ച് താമസിച്ചിട്ടും അ പരിചിതരെ പോലെ…. അതായിരുന്നോ….അറിയില്ല.
കുഞ്ഞുങ്ങളുടെ മാമോദീസ അടുത്തപ്പോൾ മെർലിക്ക് ഒരേ നിർബന്ധം അവളുടെ കൂടെ കുഞ്ഞിമണികൾക്ക് ഡ്രെസ്സ് വാങ്ങിക്കാൻ ഞങ്ങളും കൂടി ചെല്ലണമെന്ന്. ശനിയാഴ്ച ചെല്ലാമെന്ന് ഞങ്ങൾ സമ്മതിച്ചതുമാണ്. ബുധനാഴ്ച്ച രാത്രി അവൾ വിളിച്ചു പറഞ്ഞു സേവിച്ചൻ വന്നിരിക്കുന്നു ഷോപ്പിംഗിന് പോകാൻ. ശനിയാഴ്ച സേവിച്ചന് എന്തോ തിരക്കാണ്.. നാളെ നിങ്ങൾ ഒന്നു വന്നിട്ടു പോ. അര മണിക്കൂർ മതി എന്നൊക്കെ.
വ്യഴാഴ്ച്ച ഞങ്ങൾ രണ്ടുപേർക്കും ഫ്രീ ടൈം ഇല്ലാത്തതുകൊണ്ട് ഞങ്ങൾ രണ്ട് പേരും ഒഴിഞ്ഞു. ഷോപ്പിൽ ചെന്നിട്ടു ഉടുപ്പിന്റെ പാറ്റേൺ ഞങ്ങളെ മൊബൈൽ വഴി കാണിക്കാം എന്നവൾ പറഞ്ഞു..
ഞാൻ ക്ലാസ്സിൽ ആയിരിക്കുമ്പോൾ ആണ് പ്രിയ ഓടി വന്നത്. ഓടി വന്ന് എന്നെ വിളിച്ചിറക്കി.. “നമുക്ക് വീട്ടിലേക്ക് ഒന്നു പോകണം ” എന്നു പറഞ്ഞു.
പ്രിയയുടെ മുഖം കണ്ടപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി. രണ്ട് കൈകളും കൊണ്ട് അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു അവളുടെ മുഖത്തേക്ക് നോക്കി.
“അത്… മെർലിക്ക് ഒരു ആക്സിഡന്റ്…” പ്രിയ വിതുമ്പിക്കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.
(തുടരും..)

