കവിത: മാറ്റത്തിന്റെ വഴി
ബഷീർ ചെമ്പിരിക്ക.
ത്രിവർണ്ണം പുൽകിയ നേരം,
ചാതുർവർണ്യം മനസ്സകന്നു…
കാവി പുതയ്ക്കാനൊരുങ്ങുമ്പോൾ,
ജാതീയത ഉള്ളിൽ ഗർഭം ചുമക്കുന്നു.
എന്റെയും നിന്റെയും പിറവി-
രാജ്യത്തായൊരുകാലം…
മതങ്ങൾ മനുഷ്യർക്കായി വഴിമാറിയ നേരം
മഹത്വചിന്തകൾ ഉദിച്ചുയർന്നിരുന്നു.
എന്നിലും നിന്നിലും ജാതീയത വിളമ്പുമ്പോൾ
രാജ്യം വിതുമ്പിപ്പോവുന്നു.
മാനസങ്ങളിൽ കൈപ്പിന്റെ രുചിനിറയുന്നു
മധുരമായ രാജ്യം മതിയെന്നാക്രോശിക്കുന്നു.
മതങ്ങളെ പുൽകിയതും പിറന്നതും
മതമൈത്രിയിൽ മാനസം നിറഞ്ഞതും നിറച്ചതും
മാനവ സേവനങ്ങൾക്കായി ഭരണഘടനയായതും
മഹത്വമായ രാജ്യമണ്ണായീ നീ മാറിയതും.
വിതുമ്പുന്നെൻ ഭാരതാംബയുടെ നയനങ്ങൾ
വിമർശിക്കപ്പെടുന്നെൻ ഭാരതത്തെ ലോകങ്ങൾ
വിടരുമോ ഇനിയെൻ ഭാരതത്തിൻ പൂമൊട്ടുകൾ
വിദൂരമാണോ ഇനിയുമാ പഴമയുടെ ഭാരതം?
വിട്ടുകൊടുക്കരുതെൻ യുവത്വമേ, അധർമ്മത്തിന്നായി രാജ്യത്തെ,
ചേർത്തുപിടിക്കുക രാജ്യത്തിൻ നന്മയെ, നാളെയെ,
ചേർത്തുകോർത്തിടാം മതങ്ങൾ തൻ വൈവിധ്യത്തെ,
ഭാരതം ഉയരട്ടെ, ഉന്നതിയിൽ ലയിക്കട്ടെ.
