മാസങ്ങളോളം നൽകി… പരിചരണവും,
വെയിൽത്തുമ്പുകളും നീർത്തുള്ളികളും.
എന്നിട്ടുമെന്റെ വെള്ള ഡെയ്സിപ്പൂവ് കാത്തിരുന്നു.
ആദ്യത്തെ ഇടവപ്പാതിയുടെ
കുളിരൊന്ന് തൊടാൻ… ആകാശത്തിന്റെ
അനുഗ്രഹം പെയ്തിറങ്ങാൻ.
പിന്നെ ഒറ്റ രാത്രി കൊണ്ടവൾ ചിരിച്ചു, വിരിഞ്ഞു.
നമ്മളിൽ ചിലരും ഇങ്ങനെയാണല്ലേ?
കരുതലുകൾക്ക് കുറവില്ലെങ്കിലും,
ഉള്ളിലൊരു വസന്തം ഒളിപ്പിച്ചു വെച്ച്
ആർക്കോ വേണ്ടി കാത്തിരിക്കുന്നവർ.
ജീവിതത്തിലേക്ക് കടന്നുവരുന്ന ആ
ഒരൊറ്റ വ്യക്തി… തളർന്നുപോയേക്കാവുന്ന
നേരങ്ങളിൽ നമ്മെ കൂട്ടിപ്പിടിക്കും.
പെട്ടെന്നൊരുനാൾ നമ്മിലെ
ഏറ്റവും മനോഹരമായ ഭാവത്തെ പുറത്തെടുത്ത്,
നമ്മെ ജ്വലിപ്പിക്കുന്ന ആ ഒരാൾ.
അവരുടെ ആ സ്നേഹപ്പെയ്ത്തിലാണ്,
നമ്മളും തലയുയർത്തുന്നത്…
പുഞ്ചിരിക്കുന്നത്, ആവോളം പ്രകാശിക്കുന്നത്!
🖋 ദീപ പെരുമാൾ
(മൊഴിപ്പെയ്ത്ത് – വ്യാകരണ നിയമങ്ങളുടെ കെട്ടുപാടുകളില്ലാതെ, എന്റെ ഹൃദയത്തിൽ നിന്നും.)
