ദോഹയിലെ പൊള്ളുന്ന ചൂടിൽ നിന്നും പറന്നുയർന്ന ഇൻഡിഗോ വിമാനം നാട്ടിലെ കോരിചെരിയുന്ന മഴയുടെ കുളിരിലേക്ക്, കണ്ണൂർ എയർപോർട്ടിലേക്ക്, പറന്നിറങ്ങി. യാത്രക്കാരോടൊപ്പം അഷ്‌റഫും ഇറങ്ങി. ദോഹയിലെ ചൂടിൽ നിന്നും നാട്ടിലെ മഴ പെയ്യുന്ന അന്തരീക്ഷത്തിൽ ഇറങ്ങുമ്പോൾ നരകത്തിൽ നിന്നും നേരെ സ്വർഗത്തിൽ ഇറങ്ങിയ പ്രതീതിയായിരുന്നു അശ്‌റഫിന്.
എമിഗ്രേഷൻ ചെക്കിങ് കഴിഞ്ഞു അഷ്‌റഫ് എയർപോർട്ടിന് പുറത്തിറങ്ങി. ഭാര്യ ആയിശയും, മകൻ അജ്നാസും, കൂടെ തന്റെ അനിയൻ അനസും എയർപോർട്ടിൽ തന്നെ സ്വീകരിക്കാൻ കാത്ത് നിൽപ്പുണ്ട്. അഷ്‌റഫ് അവരോടൊപ്പം കാറിൽ കയറി. കാർ ചൊക്ലിയിലെ വീട്ടിലേക്ക് പുറപ്പെട്ടു. മഴയത്ത് പുറത്തെ കാഴ്ചകൾ ആസ്വദിച്ചു കൊണ്ടുള്ള യാത്ര. കൂടെ, ഭാര്യയും മകനും. അനസാണ് ഡ്രൈവ് ചെയ്യുന്നത്.
ഇക്കാ ചായ കുടിക്കുന്നോ. അനസ് ചോദിച്ചു. ഒരു ചായ കടയുടെ മുമ്പിൽ അവൻ വണ്ടി നിറുത്തി. എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ ഒരു ചായ കുടി പതിവാണ്. മഴയുടെ കുളിരിൽ ചൂടുള്ള ഒരു ചായ കുടിക്കുക. അതും ഫാമിലിയോടൊത്ത്, വേറെ തന്നെ ഒരു വൈബ് ആണ്.
ചായ കുടി കഴിഞ്ഞു വണ്ടി വീണ്ടും ഓട്ടം തുടങ്ങി. ഇപ്പോൾ മഴക്ക് അത്ര ശക്തി ഇല്ല. ചാറ്റൽ മഴയേ ഉള്ളൂ. അൽപ നേരത്തേ യാത്രക്ക് ഒടുവിൽ കാർ വീട്ടിൽ എത്തി. അപ്പോഴേക്കും രാത്രിയായിരുന്നു. അന്ന് രാത്രിയും നല്ല മഴയായിരുന്നു. കുളിരുള്ള മഴയിൽ വീണ്ടുമൊരു ആദ്യരാത്രി. ഉറങ്ങാത്ത രാത്രി.
രണ്ട് ദിവസം കഴിഞ്ഞു അഷ്‌റഫ് ആയിഷയോട് ചോദിച്ചു. നമുക്ക് ദാസന്റെ വീട്ടിൽ പോകണ്ടേ. അവനെ കാണണ്ടേ.
ആ പോകണം ഇക്കാ. ഇന്ന് തന്നെ പോകാം. എല്ലാ ദിവസവും മഴയാ. മഴ തോർന്നിട്ട് പോകാം എന്ന് കരുതിയാൽ ഒന്നും നടക്കൂല്ല.
എന്നാൽ നീ വേഗം ഒരുങ്ങൂ. ഇന്ന് തന്നെ പോകാം. അജ്നാസ് മോനെയും കൂട്ടണം.
ആയിഷ വേഗം ഒരുങ്ങി. അവര് കാറിൽ ദാസന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
***************************
സമയം രാവിലെ പത്തുമണി ആകുന്നതേ ഉള്ളൂ. എങ്കിലും ആകാശത്തിന് അർദ്ധരാത്രിയുടെ കറുപ്പായിരുന്നു. വീടിന്റെ വാതിൽക്കൽ ഇരുന്ന് ദാസൻ പുറത്തേക്ക് നോക്കിനിന്നു.
അന്തരീക്ഷം പെട്ടെന്നാണ് മാറിമറിഞ്ഞത്. ആഞ്ഞു വീശുന്ന കാറ്റിൽ മരങ്ങൾ ആടിയുലഞ്ഞു. കൂടെ ഇടിമിന്നലും.
നിങ്ങളിങ്ങ് അകത്തു കയറി ഇരിക്ക് മനുഷ്യാ. ഭാര്യ ശാന്ത അകത്തു നിന്ന് വിളിച്ചു പറഞ്ഞു. പക്ഷേ ദാസന് പേടിയില്ലായിരുന്നു. കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെ മഴ തകർത്തു പെയ്യാൻ തുടങ്ങി.
ഒരു വർഷം മുമ്പ് ഇതേ ജൂൺ മാസത്തിൽ ഇത്പോലെ മഴ പെയ്ത ഒരു ദിവസം ദാസന്റെ ഓർമയിൽ തെളിഞ്ഞു വന്നു. അന്നും ഇത്പോലെ കാറ്റും ഇടിയും മഴയും ഒക്കെ ഉള്ള ഒരു പകൽ നേരമായിരുന്നു. പുഴക്കരയിലെ വഴിയിലൂടെ നടന്നു പോവുകയായിരുന്ന ഒരു ആൺകുട്ടി, കാറ്റിന്റെ ശക്തിയിൽ അവന്റെ കയ്യിൽ നിന്നും കുട പാറിപോയി. പാറി പറന്ന ആ കുടയെ തിരിച്ചു പിടിക്കാൻ ഉള്ള ശ്രമത്തിലാണ് ആ കുട്ടി കാല് തെറ്റി കുതിച്ചു ഒഴുകുന്ന പുഴയിലേക്ക് വീണത്. ബാലേട്ടന്റെ ചായ കടയിൽ നിന്ന് ചൂടുള്ള ചായയും പഴം പൊരിയും കഴിക്കുന്നതിനിടയിലാണ് ഞാൻ ആ കാഴ്ച കണ്ടത്. ഒന്നും ചിന്തിക്കാൻ സമയമില്ലായിരുന്നു. കുത്തി ഒഴുകുന്ന പുഴയിലേക്ക് ഞാൻ ചാടി. ഒഴുക്കിന്റെ ശക്തിയോടും, സ്വന്തം ജീവനോടും പോരാടി ആ കുട്ടിയെ കരക്ക് എത്തിച്ചു. നാട്ടുകാർ വേഗം ആ കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി.
മഴ പെയ്യുമ്പോൾ ചോർന്നു ഒലിക്കുന്ന വീടായിരുന്നു എന്റെ വീട്. പക്ഷേ അന്ന് രാത്രി പെയ്ത മഴയിൽ ഉറങ്ങുന്ന മുറിയിൽ വെള്ളം ഒലിച്ചിറങ്ങുമ്പോൾ പോലും മനസ്സിൽ ഈർഷ്യ തോന്നിയില്ല. കാരണം ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലായിരുന്നു ഞാൻ.
പിറ്റേന്ന് പകൽ ഒരാൾ എന്നെ തേടി വീട്ടിൽ വന്നു. ദാസനല്ലേ, അയാള് ചോദിച്ചു.
അതേ എന്ന് ഞാൻ ഉത്തരം നൽകി.
ദാസാ എന്റെ പേര് അഷ്‌റഫ്. എന്റെ മോനെയാ ദാസൻ പുഴയിൽ നിന്നും രക്ഷിച്ചത്. എത്ര നന്ദി പറഞ്ഞാലും തീരില്ല ദാസാ നിന്നോടുള്ള കടപ്പാട്.
അതിന് നന്ദി പറയേണ്ട ആവശ്യം ഒന്നുമില്ല അഷ്റഫേ, ഒരു കുട്ടി അപകടത്തിൽ പെട്ടത് കണ്ടപ്പോൾ ഞാൻ രക്ഷിച്ചു അത്ര തന്നെ.
അല്ല ദാസാ. ഇന്നലത്തെ മഴയിൽ പുഴയിൽ നല്ല ഒഴുക്ക് ഉണ്ടായിരുന്നു. ആരും പുഴയിൽ ചാടാൻ ധൈര്യപ്പെടില്ല. ദാസൻ സ്വന്തം ജീവൻ പണയം വെച്ചാ എന്റെ കുഞ്ഞിനെ രക്ഷിച്ചത്.
അയാൾ വീണ്ടും എന്നോട് നന്ദി പറഞ്ഞു കൊണ്ടിരുന്നു.
ശാന്ത കൊണ്ട് വന്ന കട്ടൻ ചായ അഷ്‌റഫ് വാങ്ങി കുടിച്ചു.
വീടിന്റെ ഉള്ളിൽ മഴ വെള്ളം ഒഴുകി ഇറങ്ങിയത് അയാളുടെ ശ്രദ്ധയിൽ പെട്ടു. അല്ല ദാസാ വീടിനകത്ത് മഴ വെള്ളം ചോരുന്നുണ്ടോ?
ഞാൻ തലയാട്ടി.
ഈ മുകളിലെ ഓട് മാറ്റി നമുക്ക് കോൺഗ്രീറ്റ് ചെയ്തൂടെ ദാസാ. അയാള് വീണ്ടും ചോദിച്ചു.
അതിനൊക്കെ കുറേ പൈസ വേണ്ടേ അഷ്‌റഫ്‌ക്കാ. ആശാരി പണി എടുത്ത് ഇതൊക്കെ എപ്പോൾ നടക്കാനാണ്.
എനിക്ക് ഒരു ആഗ്രഹം ഉണ്ട് ദാസാ. അടുത്ത വർഷത്തെ “മഴ എത്തും മുമ്പേ”ദാസന് ഈ വീട് പൊളിച്ചു ഒരു കോൺഗ്രീറ്റ് വീട് എടുത്തു തരണം എന്ന്. ദാസൻ എതിര് അഭിപ്രായം ഒന്നും പറയരുത്. ഇതെന്റെ ഒരു അപേക്ഷയാണ്. അയാള് തന്റെ ആഗ്രഹം പറഞ്ഞു.
ഞാൻ കുറേ വിലക്കിയിട്ടും അയാള് പിന്മാറിയില്ല.
പറഞ്ഞത് പോലെ അയാള് എന്റെ വീട് പൊളിച്ചു കോൺഗ്രീറ്റ് ചെയ്ത, ഒരു നില വീട് പണിയാനുള്ള പണം, ഘട്ടം ഘട്ടമായി ഖത്തറിൽ നിന്നും അയച്ചു തന്നു. ഈ വർഷത്തെ മഴ എത്തും മുമ്പേ ഞാനും ശാന്തയും പുതിയ വീട്ടിൽ താമസം തുടങ്ങി. ഇപ്പോൾ മഴ പെയ്യുമ്പോൾ പേടിയില്ല. അകത്തളത്തിൽ മഴ വെള്ളം ചോർന്നു ഇറങ്ങുന്നില്ല.
അശ്‌റഫിനെ വീട്ടിൽ കൂടലിനു ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് വരാൻ പറ്റിയില്ല. നാട്ടിൽ എത്തിയാൽ വീട് കാണാൻ വരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മഴ ഒന്ന് ചോർന്നിട്ടുണ്ട്. വീടിന്റെ മുമ്പിൽ നിന്ന് കാക്ക, കാ കാ എന്ന് കാറി കൊണ്ടിരുന്നു.
കാക്ക കാറിയാൽ വിരുന്നുകാർ വരുമെന്ന ഒരു വിശ്വാസം ഉണ്ട്. ഇന്ന് അഷ്‌റഫ് വരുമെന്ന് ദാസന്റെ മനസ്സ് പറഞ്ഞു.
പ്രതീക്ഷിച്ച പോലെ അഷ്‌റഫും ഭാര്യയും മകനും ദാസന്റെ വീട്ടിൽ എത്തി. കാറിൽ നിന്നിറങ്ങിയ അവരെ ദാസൻ അകത്തേക്ക് ക്ഷണിച്ചു.
അഷ്‌റഫ് വീടിന്റെ അകമൊക്കെ കയറി കണ്ടു.
വീട്ടിൽ കൂടലിനു വരണമെന്നുണ്ടായിരുന്നു ദാസാ. പക്ഷേ അവിടെ കുറച്ചു തിരക്കിലായി പോയി. അഷ്‌റഫ് പറഞ്ഞു.
എന്റെയും വലിയ ആഗ്രഹമായിരുന്നു അശ്‌റഫ്‌ക്കാ, വീട്ടിൽ കൂടലിനു നിങ്ങളും ഫാമിലിയും ഉണ്ടാകണമെന്ന്. ഇങ്ങനെ ഒരു വീട് പണിയാൻ സഹായിച്ച നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
അതിലും കൂടുതൽ നന്ദി ഞാൻ അങ്ങോട്ടാ പറയേണ്ടത് ദാസാ. ഏറെ കാത്തിരുന്നിട്ടാ എനിക്കും ആയിഷക്കും ഒരു കുഞ്ഞു ജനിക്കുന്നത്. അവന്റെ ജീവനാ ദാസൻ രക്ഷിച്ചത്. സത്യത്തിൽ ദാസന്റെ വിഷമം അറിയാൻ അന്നത്തെ ആ മഴയും കാറ്റും ഒരു കാരണം ആയി എന്നതാണ് സത്യം.
അപ്പോഴേക്കും ശാന്ത ചായയും മിശ്ച്ചറും ഒക്കെ കൊണ്ട് വന്നു.
ഇതൊന്നും വേണ്ടായിരുന്നു. ആയിഷ ശാന്തയോട് പറഞ്ഞു.
ആദ്യമായിട്ട് ഞങ്ങളെ വീട്ടിൽ വന്നിട്ട് ഒന്നും കഴിക്കാതെ പോയാൽ ഞങ്ങൾക്ക് വിഷമം ആകും, എന്ന് ശാന്ത പറഞ്ഞപ്പോൾ ആയിഷ അവരെ നോക്കി ചിരിച്ചു.
അഷ്‌റഫിന്റെ മകൻ അജ്നാസും, ദാസന്റെ മകൻ വിഷ്ണുവും അകത്തു നിന്ന് കളിക്കുകയായിരുന്നു. ചായ കുടിക്കാൻ വിളിച്ചപ്പോൾ അവര് രണ്ട് പേരും വന്നു.
മോനേ നിന്നെ പുഴയിൽ നിന്ന് രക്ഷിച്ചത് ആരാണെന്ന് അറിയാമോ, ഈ ചേട്ടനാ. ആയിഷ അജ്നാസ് മോനോട് ദാസനെ ചൂണ്ടി കാണിച്ചു പറഞ്ഞു.
അജ്നാസ് സ്നേഹത്തോടെ ദാസന്റെ മടിയിൽ പോയിരുന്നു.
വീണ്ടും ആകാശത്തു കാർമേഘങ്ങൾ ഉരുണ്ട് കൂടി. വീണ്ടും മഴ വരാൻ പോകുന്നു.
ദാസാ എന്നാൽ ഞങ്ങള് പോകാ. മഴ വരുന്നുണ്ട്. ഞങ്ങള് പിന്നെ ഒരിക്കൽ വരാം. അഷ്‌റഫ് യാത്ര ചോദിച്ചു. വിഷ്ണുവുമായി പെട്ടെന്ന് ചങ്ങാത്തത്തിൽ ആയ അജ്നാസിന് അവിടുന്ന് ഇറങ്ങാൻ മടിയായിരുന്നു. കുറേ വിളിച്ചപ്പോൾ ആണ് അവൻ ആ വീട്ടിൽ നിന്നിറങ്ങിയത്.
മഴയെത്തും മുമ്പേ അവര് കാറിൽ കയറി. അവര് കയറി ഇരിക്കുമ്പോഴേക്കും വീണ്ടും മഴ പെയ്യാൻ തുടങ്ങി.
കണ്ണെത്തും ദൂരത്തു നിന്ന് കാർ മായുന്നത് വരെ ദാസനും ശാന്തയും വിഷ്ണുവും നോക്കി നിന്നു. തുള്ളിക്ക് ഒരു കുടം കണക്കേ മഴ തകർത്തു പെയ്തുകൊണ്ടിരുന്നു.
#എന്റെരചന
#കൂട്ടക്ഷരങ്ങൾ
#ഒരുമഴദിവസം

